വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

Published : Nov 04, 2017, 05:10 PM ISTUpdated : Oct 05, 2018, 03:12 AM IST
വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

Synopsis

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

എട്ടും പൊട്ടും തിരിയാത്ത വീട്ടിലെ കുട്ടി മെഡിക്കല്‍ എന്‍ട്രന്‍സ് കടമ്പ കടന്നു കൂടിയതില്‍ പിന്നെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ എത്തിപ്പെട്ടത്. അതു വരേക്കും നൈര്‍മല്യമായ ഗ്രാമീണാന്തരീക്ഷത്തില്‍ പുസ്തകങ്ങളും വായനയുമായി കഴിഞ്ഞിരുന്ന എനിക്ക് ആ കാഴ്ചകള്‍ തുടക്കത്തില്‍ ചില്ലറ അന്ധാളിപ്പുകളല്ല സമ്മാനിച്ചത്. റോഡ് മുറിച്ച് കടക്കാന്‍ പോയിട്ട് ബസില്‍ കേറാന്‍ പോലും അറിയാതിരുന്ന ആ ഞാന്‍ തന്നെയാണ് പില്‍ക്കാലത്ത് അഞ്ചു കൊല്ലം ആ ക്യാംപസില്‍ ജീവിച്ച് കരകേറിയത്. കടിഞ്ഞൂല്‍ പുത്രി 'ഭാവി' ഡോക്ടറാവുന്നതിന്റെ സന്തോഷാധിക്യത്താല്‍  വല്യുപ്പ, വല്യുമ്മ തുടങ്ങി വീട്ടിലെ സകലോരും പോരാഞ്ഞ് അപ്പുറത്തെ അമ്മദ്ക്കയും ഇപ്പറത്തെ കോയയും തുടങ്ങി ഒരു പതിനഞ്ചംഗ സംഘം ഒരു വാടക വണ്ടിയില്‍ കോട്ടയത്തോട്ടു വിട്ടു. കൂട്ടായി അതിരാവിലെ ദമ്മിട്ടു മണങ്ങളെല്ലാം അടച്ചു ഭദ്രമാക്കിയ ഒരു ബിരിയാണി ചെമ്പും!

ഒരു വലിയ ഹാളില്‍ രണ്ടു നിരയായി അടുപ്പിച്ചിട്ടിരിക്കുന്ന 23 കട്ടിലുകള്‍. അതിനെ ഞങ്ങള്‍ ഡോര്‍മിറ്ററി എന്നു വിളിച്ചു. ഭാഗ്യം രണ്ടുനിരകള്‍ക്കിടയിലൂടെ ഒരു നടവഴിക്ക് സ്ഥലം ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ മികച്ച കട്ടിലു ചാട്ടക്കാര്‍ കൂടി ആയി പരിണമിച്ചേനേ. ഡോര്‍മിറ്ററി കണ്ട അന്ധാളിപ്പ് തീരും മുമ്പെ പരിചയപ്പെടലിന്റെ  ഭാഗമായി ഞാന്‍ സീനിയര്‍ ചേച്ചിമാരുടെ മുറിയിലേക്ക് വിളിക്കപ്പെട്ടു. എനിക്കു വേണ്ടി സജ്ജീകരിച്ച ഒരു സിംഹാസനം അവിടെ കാത്തു കിടപ്പുണ്ടായിരുന്നു. മേശപ്പുറത്ത് കേറ്റിയിട്ടിരിക്കുന്ന ഒരു കുഞ്ഞു കസേര. അതിന് മുകളില്‍ കേറിയിരുന്ന് ഇത്രയും പറയണം.

'വീട്ടിലെ ചട്ടീം കലവും മാത്രമല്ല നാട്ടുകാരേം തൂത്തു പെറുക്കിയാ  ഇങ്ങ് പോന്നേ. അന്നേരം അന്നാട്ടില്‍ ആരും ബാക്കിയില്ലായിരുന്നു'

ഇത് പത്ത് വട്ടം പറഞ്ഞ് ഏത്തമിടണം. ഇത്രയും കാര്യങ്ങള്‍ അഭിനയിച്ച്  പ്രതിഫലിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര വെല്ലു വിളിയൊന്നും ആയിരുന്നില്ലെങ്കിലും ഡയലോഗ് പറച്ചിലിനിടെ ഇടക്കിടെ ചിരി വന്ന് പാളി നോക്കിയത് കാരണം പിന്നീട് പല തവണ പല മുറികളില്‍ വെച്ച് ഇതാവര്‍ത്തിക്കേണ്ടി വന്നു. ചവച്ചാല്‍ അരയാത്ത ചോറും ഉള്ള് വേവാത്ത  ദോശയും തിന്നു ശീലമാകാന്‍ തുടങ്ങിയ എന്നിലേക്ക് ഡയലോഗ് പറച്ചിലിന്റെ ചെമ്പ് ഭാഗം എത്തുമ്പോള്‍ ഉമ്മാന്റെ ബിരിയാണീന്റെ രുചിയും മണവും പതഞ്ഞു കയറാന്‍ തുടങ്ങി. അത് തന്നെയാണ് എന്നിലെ  ഗ്യഹാതുരതക്ക് തുടക്കം കുറിച്ചത്. ഗൃഹാതുരതയുടെ നോവുകള്‍ കണ്ണീര്‍ ചാലുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ആരും കാണാതിരിക്കാന്‍ തലയിണക്കുള്ളില്‍ മുഖം പൂഴ്ത്തി ഉറക്കം നടിച്ച രാത്രികളായിരുന്നു കുറച്ചു ദിവസങ്ങള്‍ എനിക്ക് പിന്നിടാനുള്ളത്.

ആ ചേച്ചിമാര് തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്രകളില്‍ സ്‌നേഹം ജ്വലിക്കുന്ന വഴിവിളക്കുകളായത്.

വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ആ ചേച്ചിമാര് തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്രകളില്‍ സ്‌നേഹം ജ്വലിക്കുന്ന വഴിവിളക്കുകളായത്.

തീര്‍ത്തും ഒരു മലബാര്‍ ഗ്രാമീണ സാഹചര്യത്തില്‍ വളര്‍ന്ന എനിക്ക് ആദ്യ വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം ഒരു പാട് അനുരൂപീകരണ പ്രശ്‌നങ്ങള്‍ സമ്മാനിച്ചുവെങ്കിലും പില്‍ക്കാലത്ത് ജീവിത പ്രതിസന്ധികള്‍ മറികടക്കാന്‍ തുണയായത് ആ അനുഭവങ്ങള്‍ തന്നെയായിരുന്നു. ആഴവും പരപ്പുമേറിയ വൈദ്യശാസ്ത്ര പഠനം സമയവും ക്ഷമയും ഏകാഗ്രതയും സഹനവും ഏറെ ആവശ്യപ്പെടുന്നതായിരുന്നു. മണിക്കൂറുകള്‍ നീണ്ട വായനയും പിന്നെ ഇടക്കിടെ മാര്‍ക്കുകളായി വീണിറങ്ങുന്ന പരീക്ഷകള്‍ക്കുമിടയില്‍ വീണു കിട്ടുന്ന നിമിഷങ്ങളെ ഞങ്ങളും താലോലിച്ചിരുന്നു. ഇടനാഴികകളില്‍, വരാന്തയുടെ പടവുകളില്‍, ടെറസില്‍ എന്നിങ്ങനെയെന്നല്ല....

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും നിങ്ങള്‍ക്കവിടെ 'പുസ്തവും തലയും' ഒറ്റക്കായും കൂട്ടായും കാണാമായിരുന്നു. പറഞ്ഞ് പറഞ്ഞ് മതിവരാതെ അവസാനിപ്പിക്കുന്ന  രാത്രി ഭക്ഷണ വേളകള്‍. കൂട്ടായി കൂട്ടം കൂടിയിരുന്നു പറഞ്ഞു രസിച്ച തമാശകള്‍. കാംപസ് കഥകളെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചു കൊണ്ടിരുന്ന കുശുകുശുപ്പുകള്‍, ഇടക്കൊരു ശുദ്ധവായു ശ്വസിക്കാനെന്നും പറഞ്ഞ് കപ്പ തോട്ടത്തിലേക്ക് നടത്തിയിരുന്ന നടത്ത സവാരികള്‍. ഓരോ മഹത്തായ പരീക്ഷകള്‍ക്കും ശേഷം പോയി കണ്ടിരുന്ന സിനിമകള്‍. ആന്‍സ് ബേക്കറിയിലെ കേക്കിലൂടെ നീളുന്ന പിറന്നാള്‍ ആഘോഷങ്ങള്‍. ഓര്‍മകളങ്ങനെ മുങ്ങിയും പൊങ്ങിയും ഓളത്തിനൊപ്പം കരക്കടിയുന്നു. 

ഗൃഹാതുരതയുടെ തീവ്രത ഹോസ്റ്റല്‍ ജീവിതം മുന്നേറിയപ്പോള്‍ കുറഞ്ഞു വന്നു.

പെണ്‍കുട്ടികളുടെ മാത്രം വാസസ്ഥലം നല്‍കുന്ന  സ്വാതന്ത്ര്യം പൂര്‍ണ്ണമായി മുതലെടുത്ത് കൊണ്ടായിരുന്നു ഹോസ്റ്റല്‍ നടുമുറ്റത്ത് ഒത്തു കൂടിയിരുന്ന ആഘോഷ വേളകള്‍ ഞങ്ങള് ആസ്വദിച്ചത്. പഠന ഭാരത്താല്‍ ഇടക്കൊക്കെ വന്നെത്തി നോക്കുന്ന ആത്മവിശ്വാസക്കുറവിനെയും നിരാശയെയും മറികടന്നത് പിടിവിടാതെ മുറുക്കിപ്പിടിച്ച സൗഹൃദങ്ങള്‍ തന്നെയായിരുന്നു. ഗൃഹാതുരതയുടെ തീവ്രത ഹോസ്റ്റല്‍ ജീവിതം മുന്നേറിയപ്പോള്‍ കുറഞ്ഞു വന്നു. എങ്കിലും അവസാന വര്‍ഷ എം.ബി.ബി.എസ് പഠന കാലത്ത് വീണ്ടും പിടിമുറുക്കി. മൂന്നാം നിലയിലെ വരാന്തയില്‍ എന്റെ പേര് എഴുതി ഒട്ടിച്ച (അങ്ങനെയാണ് സര്‍ക്കാര്‍ സൗജന്യങ്ങള്‍ താല്‍ക്കാലികമായി നമ്മളുടേതാവുന്നത്) കസേരയില്‍  ഇരുന്ന് മേശക്ക് മുകളിലേക്ക് കാലെടുത്ത് വച്ച് അര്‍ദ്ധരാത്രി വരെ പഠനം നീളുമ്പോള്‍ നാടും വീടും പിന്നെയും ഓടി വന്ന് കണ്ണ് നനയിപ്പിച്ച അവസരങ്ങളിലെപ്പോഴോ മോലോട്ട് നോക്കിയ ഞാന്‍ പൂര്‍ണ്ണ ചന്ദ്രനെ കണ്ട് മൂപ്പിലാന്‍ എന്നെ പല്ലിളിച്ച് കാട്ടുകയാണെന്ന് സങ്കല്‍പ്പിക്കുകയുണ്ടായി! അപ്പൊ പിന്നെങ്ങനെയാ.. തിരിച്ചും ഇളിക്കുക തന്നെ! ഞാനും അമ്പിളി മാമനും തമ്മിലുള്ള ഈ 'പല്ലിളിപ്പ്' പരിപാടി കുറച്ചു നാള് തുടര്‍ന്ന് നിന്നിരുന്നത് കാരണം ആണെന്ന് തോന്നുന്നു ഫൈനല്‍ ഇയര്‍ പരീക്ഷകളില്‍ നന്നായി ശോഭിക്കാന്‍ പറ്റിയത്! 

ഇന്നും തിരിഞ്ഞു നോക്കുമ്പോള്‍, ആരെടാ എന്നുകേള്‍ക്കുമ്പോ എന്തെടാന്നു പ്രതിവചിക്കാന്‍ എനിക്ക് പറ്റുന്നുണ്ടെങ്കില്‍, ബിരുദാനനന്തര പഠനത്തിന് പോയ ഭര്‍ത്താവിനെ പഠനത്തിന്റെ വഴിക്ക് വിട്ട് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റക്ക് ജോലി ചെയ്ത് ജീവിക്കാനായിട്ടുണ്ടെങ്കില്‍, അത് ഹോസ്റ്റല്‍ ജീവിതം പകര്‍ന്നു തന്ന പാഠങ്ങള്‍ ഒന്നു കൊണ്ട് മാത്രമാണ്.

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!