കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

By നസീഫ് അബ്ദുല്ലFirst Published Nov 10, 2017, 2:25 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്. 

പച്ചമാങ്ങയും പുളിയും പുളിയച്ചാറും കൈകള്‍ക്കുള്ളിലെ അലങ്കാരമായിരുന്ന ബാല്യ കാലം. മധുരവും കയ്പ്പും നിറഞ്ഞ സ്‌കൂള്‍ ദിനങ്ങള്‍.

ആറില്‍നിന്നും ഏഴിലേക്ക് പോവുന്നു. പെട്ടെന്ന് എന്റെ ചെവിയിലേക്ക് ഞട്ടിക്കുന്ന ആ കാര്യം  എത്തി. ഏഴാം ക്ലാസില്‍ എല്ലാവരുടെയും ഡിവിഷനുകള്‍ മാറാന്‍ പോവുന്നു. 'പടച്ചോനേ, എഴ് ഡി ആവല്ലേ!'-ഉടന്‍ പ്രാര്‍ത്ഥിച്ചുപോയി. 

ആ ഡിവിഷനിലെ ക്ലാസ് അധ്യാപകന്‍ സ്‌കൂളില്‍ സിബിഐ എന്നായിരുന്നു അറിയപ്പെട്ടത്. നന്നായി അടികിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട്.

പ്രാര്‍ത്ഥന ഫലിച്ചില്ല. എനിക്ക് നറുക്കു വീണത് എഴ് ഡിയിലേക്ക്. 

ആദ്യ ദിവസം. ഒരല്‍പ്പം ഭയത്താലെ ക്ലാസിലെത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍, അതാ വരുന്നു ഞാന്‍ ഭയപ്പെട്ട ആ അധ്യാപകന്‍. കൈയില്‍ എന്നും കരുതാറുള്ള വലിയ ചൂരല്‍. ഭയത്തോടെ ഞാനൊന്ന് ദീര്‍ഘശ്വാസം എടുത്തു. വിധി എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. കഷ്ടകാലം തീര്‍ന്നില്ല, ആ അധ്യാപകന്റെ വിഷയം ഗണിതം!  ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വിഷയം.

അടി പേടിച്ച് പഠിക്കാന്‍ തീരുമാനിച്ചു. ചില രാത്രികളില്‍ ഞെട്ടി എഴുന്നേല്‍ക്കാന്‍ തുടങ്ങി. കരുണ ഇല്ലാത്ത അടികള്‍ എന്റെ ഉറക്കം കെടുത്തി. ചില അടികളില്‍ പുളഞ്ഞ് കരഞ്ഞു.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ കാലം തെറ്റി പെയ്ത മഴയില്‍ എനിക്ക് രോഗം വന്നു. ഡോക്ടറുടെ മുറിക്ക് പുറത്തിരിക്കുമ്പോള്‍ കണ്ടു, എന്റെ ക്ലാസ് ടീച്ചര്‍! നടന്നുവരികയാണ് അടുത്തേക്ക്. ഒരല്‍പ്പം ഭയത്തില്‍ കണ്ണുകള്‍ അടച്ചു. രണ്ട് ദിവസമായി ക്ലാസില്‍ പോയിട്ട്. ഇന്ന് ഞാന്‍ മേടിക്കും. 

ഒരു സുഹൃത്ത് പറഞ്ഞു തന്ന കഥ ഓര്‍മ വന്നു. ഒരു കുട്ടി കുറച്ചു ദിവസം ലീവ് എടുത്തു. തിരിച്ചുവന്ന ദിവസം ആളും പരിസരവും മറന്ന് മാഷ് അവനെ പൊതിരെ തല്ലി. തുടയും കാലും പൊട്ടി ചോര ഒലിക്കും വരെ അടി തുടര്‍ന്നത്രെ. ആ കുട്ടി ഹോസ്പിറ്റലിലായെന്നൊക്കെയാണ് കേട്ട കഥ. 

ഈ കഥ ഓര്‍മ്മ വന്നതോടെ ലോകം എനിക്കുചുറ്റുമായി കറങ്ങുന്നത് പോലെ തോന്നി.  ഞാനിതാ മരിക്കാന്‍ പോവുകയാണ്!

മാഷ്  അടുക്കും തോറും ഞാന്‍ എന്റെ നെഞ്ചിടിപ്പ് കൂടി. ഞാന്‍ കണ്ണടച്ചു. 

പെട്ടെന്ന് എന്നെ ആരോ കെട്ടിപ്പിടിച്ചു.  

ഞാന്‍ ഞെട്ടി. കണ്‍തുറന്നു നോക്കി. ദൈവമേ, മാഷാണ്!

അദ്ദേഹം സ്‌നേഹപൂര്‍വം എന്നെ വാരിയെടുത്തു നെറ്റിയില്‍ ചുംബിച്ചു. 'നിന്റെ കുറവ് ക്ലാസില്‍ ഉണ്ട്'-എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അകലേക്ക് മറഞ്ഞു.

ഈ അധ്യാപകനെ ആയിരുന്നല്ലോ ഞാന്‍ ശപിച്ചെതെന്ന് ഓര്‍ത്ത് ഞാന്‍ കണ്ണീര്‍ വാര്‍ത്തു. ലജ്ജ ഇല്ലാതെ കണ്ണുനീര്‍ ഒഴുകി.

പിന്നീട് വര്‍ഷങ്ങള്‍ വേണ്ടി വന്നു അധ്യാപകന്റെ സ്‌നേഹം എന്തെന്ന് മനസ്സിലാക്കാന്‍.ആ സ്‌കൂളിന്റെ പടികടന്ന് എട്ടു വര്‍ഷത്തിനു ശേഷം ഞാനും ഒരധ്യാപകനായി. അന്നുമിന്നും മാഷ് എന്നാല്‍, എനിക്ക് അദ്ദേഹമാണ്. 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!
 

click me!