ഓള് മഹാ പോക്ക് കേസാ, ഓനും!

Published : Nov 16, 2017, 12:49 PM ISTUpdated : Oct 04, 2018, 07:12 PM IST
ഓള് മഹാ പോക്ക് കേസാ, ഓനും!

Synopsis

ഇതേ മനോവൈകൃതം ഉള്ളവര്‍ക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത ഇടമാണ് ഫേസ്ബുക്ക്. അത്യാവശ്യം തന്‍േറടത്തോടെ എഴുതുന്ന പെണ്ണുങ്ങളൊക്കെയും പലരുടെയും കണ്ണില്‍ മഹാമോശം ആണ്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നാല്‍, ഏതെങ്കിലും കമന്റില്‍ എതിരഭിപ്രായം പറഞ്ഞാല്‍, മെസേജ് മൈന്‍ഡ് ചെയ്യാതിരുന്നാല്‍ ഇതൊക്കെ മതി ചിലര്‍ക്ക് ഫേസ്ബുക്കില്‍ ഒരു പെണ്ണിനെ കുറിച്ച് കഥകള്‍ മെനയാന്‍. നജീബ് മൂടാടി എഴുതുന്നു

'ഓള് മഹാ പോക്ക് കേസാണ് കേട്ടോ, മ്മള് കാണുന്ന പോലെ ഒന്നും അല്ല...ഓള്‍ടെ എടപാടൊക്കെ അറിഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കൂല... '

മാന്യമായി ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് ഇങ്ങനെ അപവാദം പറഞ്ഞു രസിക്കുന്ന ചില നികൃഷ്ട ജന്മങ്ങള്‍ എല്ലാ നാട്ടിലും ഉണ്ടാകും. ആരോടാണ് ചിരിക്കുന്നത്, ആരോടാണ് വര്‍ത്തമാനം പറയുന്നത്, ആരാണ് വീട്ടില്‍ വരുന്നത്, എങ്ങോട്ടാണ് പോകുന്നത് ഇതൊക്കെ ഊഹിച്ചുണ്ടാക്കി പറഞ്ഞു രസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഇക്കൂട്ടരില്‍ ആണും പെണ്ണുമുണ്ട്. പലരുടെയും അസൂയയോ കൊതിക്കെറുവോ മുഖമടച്ചു ആട്ട് കിട്ടിയതിന്റെ ജാള്യതയോ ഒക്കെ തീര്‍ക്കുന്നതാണ് ഇങ്ങനെ എന്നത് അവര്‍ക്ക് മാത്രം അറിയുന്ന രഹസ്യം. ദുഷിക്കപ്പെടുന്ന കക്ഷിയാണെങ്കില്‍ പാവം ഇതൊന്നും അറിയുകയും ഇല്ല.

ഇതേ മനോവൈകൃതം ഉള്ളവര്‍ക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത ഇടമാണ് ഫേസ്ബുക്ക്. അത്യാവശ്യം തന്‍േറടത്തോടെ എഴുതുന്ന പെണ്ണുങ്ങളൊക്കെയും പലരുടെയും കണ്ണില്‍ മഹാമോശം ആണ്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നാല്‍, ഏതെങ്കിലും കമന്റില്‍ എതിരഭിപ്രായം പറഞ്ഞാല്‍, മെസേജ് മൈന്‍ഡ് ചെയ്യാതിരുന്നാല്‍ ഇതൊക്കെ മതി ചിലര്‍ക്ക് ഫേസ്ബുക്കില്‍ ഒരു പെണ്ണിനെ കുറിച്ച് കഥകള്‍ മെനയാന്‍. ഇനി ആരുടെയെങ്കിലും വാളില്‍ സ്ഥിരമായി കമന്റ് ചെയ്താലോ ആരോടെങ്കിലും ഒരാളെ കുറിച്ച് നല്ലത് പറഞ്ഞാലോ അയാള്‍ കാമുകനോ 'ഒളിസേവ'ക്കാരനോ ഒക്കെയായി ഇവരുടെ കണ്ണില്‍. 'മര്യാദാ പുരുഷോത്തമന്മാരും' 'ശീലാവതിയുടെ നേര്‍പെങ്ങന്മാരും' ആയ ഈ സദാചാര കാവല്‍ക്കാരുടെ ദുഷിപ്പ് കാരണം ഫേസ്ബുക്ക് തന്നെ ഉപേക്ഷിച്ചു പോയവരും വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിച്ചവരും തീരെ ഇല്ലാതെയല്ല.

സ്ത്രീകളെ കുറിച്ച് ഇത്തരം കഥകള്‍ പറഞ്ഞു പരത്തുന്നതില്‍ സ്ത്രീകളും ഒട്ടും മോശമല്ല എന്നതാണ് കൗതുകം. തങ്ങള്‍ക്ക് പരിചയമുള്ള ഏതെങ്കിലും പുരുഷന്മാരെ അവര്‍ക്ക് 'പിടിക്കാത്ത' സ്ത്രീകളുടെ വാളില്‍ കണ്ടാല്‍ ഉടനെ 'പെങ്ങള്‍' ഇന്‍ബോക്‌സില്‍ വരികയായി. അവരെ പരിചയമുണ്ടോ ചാറ്റുണ്ടോ എന്നൊക്കെ അന്വേഷിച്ചു കഴിഞ്ഞാല്‍ പിന്നെ ഒഴുക്കന്‍ മട്ടില്‍ ഉപദേശമാണ്. 'വല്ലാതെ ലോഗ്യത്തിന് നിക്കണ്ട കേട്ടോ...ഓളത്ര ശരിയല്ല. കെട്ട്യോന്‍ ഒഴിവാക്കി എന്നോ ഒഴിവാക്കാന്‍ വെച്ചു എന്നൊക്കെ കേട്ടു. ചാറ്റാനൊന്നും പോകണ്ട. പിന്നെ പലര്‍ക്കും കാശ് കൊടുക്കാനുണ്ടത്രേ..ഓളുടെ വാളില്‍ വല്ലാതെ കളിക്കുന്ന ആണുങ്ങളില്‍ പലരുമായും ഓള്‍ക്ക് എന്തൊക്കെയോ ഇടപാടുണ്ട്. എഴുത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല ഈ ലൈക്കും കമന്റും ഒന്നും.. പിന്നെ ഞാനിങ്ങനെ പറഞ്ഞു എന്നൊന്നും ഓളോട് പറയാന്‍ നിക്കണ്ട കേട്ടോ. നിങ്ങള് കുടുംബവും കുട്ടികളും ഒക്കെയായി കഴിയുന്ന ഒരാളാന്ന് അറിയുന്നോണ്ട് പറഞ്ഞൂന്നെ ഉള്ളൂ'

സ്ത്രീകളെ കുറിച്ച് ഇത്തരം കഥകള്‍ പറഞ്ഞു പരത്തുന്നതില്‍ സ്ത്രീകളും ഒട്ടും മോശമല്ല

'പെങ്ങളുടെ' ഈ ആത്മാര്‍ഥ ഉപദേശം കേള്‍ക്കുന്നതോടെ പല ആങ്ങളമാരും വഴിയില്‍ കണ്ടാല്‍ പോലും ലോഗ്യം പറയാത്ത നല്ല കുട്ടിയാവും. വെറുതെ ഉള്ള 'ദുഷ്‌പേര് ചീത്തയാക്കണ്ട'ല്ലോ!

സ്ത്രീകളെ കുറിച്ചു മാത്രമല്ല, ഫേസ്ബുക്കില്‍ അത്യാവശ്യം നന്നായി എഴുതുകയോ വരക്കുകയോ പാടുകയോ സാമൂഹ്യ/ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഒക്കെ ചെയ്യുന്ന ആണുങ്ങളെ കുറിച്ചും ഇതേ പോലെ കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്ന ആണും പെണ്ണും അടങ്ങിയ ഒരു കോക്കസ് തന്നെ ഇവിടെയുണ്ട്. ഫ്രണ്ട് ലിസ്റ്റില്‍ ധാരാളം വനിതകള്‍ ഉള്ള, പോസ്റ്റിന് കീഴെ സ്ത്രീകളുടെ കമന്റുകള്‍ എമ്പാടും വരുന്ന പ്രൊഫൈലുകള്‍ ഒക്കെ ഇവരുടെ ഉള്ളില്‍ ഉണ്ടാക്കുന്ന എടങ്ങേറ് ചില്ലറയല്ല.

ഫ്രണ്ട് ലിസ്റ്റിലെ ഏതെങ്കിലും ഒരു പെണ്ണ് ആരുടെയെങ്കിലും വാളില്‍ സ്ഥിരമായി കമന്റ് ചെയ്തു കാണുമ്പോഴേക്ക് ഇവര്‍ക്ക് അസ്വസ്ഥത തുടങ്ങുന്നു. ഉടനെ 'പെങ്ങളോടുള്ള' കരുതലുമായി ആങ്ങള അവളുടെ ഇന്‍ബോക്‌സിലേക്ക് ചെല്ലുകയായി.

'നിന്നെ കുറെ ദിവസായി അങ്ങേരുടെ വാളില്‍ കാണുന്നല്ലോ..അയാളെ അറിയുമോ...ചാറ്റുണ്ടോ'

'ഇടക്ക് വല്ലപ്പോഴും... എന്തേ ബ്രോ'

'സൂക്ഷിക്കണം. അയാള് ആള് ശരിയല്ല... അങ്ങേരില്‍ നിന്ന് പല സ്ത്രീകള്‍ക്കും മോശമായ അനുഭവം ഉണ്ട്'

'ഏയ്... എന്നോട് ഏറ്റവും മാന്യമായണല്ലോ ഇതുവരെ പെരുമാറിയിട്ടുള്ളൂ ...അങ്ങനെ മോശമായൊന്നും..'

'അതൊക്കെ അയാളുടെ തന്ത്രമാ... നീ ഒരു ശുദ്ധഗതിക്കാരി ആയതോണ്ട് അറിയില്ല.. സൂക്ഷിച്ചോ...'

'അല്ല ബ്രോ... നിങ്ങളോട് ആരാണ് അയാളെ കുറിച്ച് ഇങ്ങനെ പറഞ്ഞത'

'അതൊന്നും ചോദിക്കണ്ട.. ഒരാളല്ല.. ഒന്നിലധികം സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്.. ഇപ്പൊ തന്നെ നിന്നെ അയാളുടെ വാളില്‍ കണ്ടപ്പോ എന്റെ ഫ്രണ്ടായ ഒരു സ്ത്രീയാ നിന്നോട് ഇതൊന്ന് സൂചിപ്പിക്കാന്‍ പറഞ്ഞത്.. ..ഞാന്‍ പറയാനുള്ളത് പറഞ്ഞു. പിന്നെ ഒരു കാര്യം അയാളുടെ വാളില്‍ കമന്റ് ചെയ്യുന്ന പെണ്ണുങ്ങളെ പറ്റി പൊതുവെ നല്ല അഭിപ്രായം അല്ല.. എന്തിനാ വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്നത്'

ആകെ ആശയക്കുഴപ്പത്തില്‍ ആവുന്ന പല സ്ത്രീകളും ആ വഴിക്ക് പോകുന്നത് തന്നെ അതോടെ അത് നിര്‍ത്തുന്നു എന്ന് മാത്രമല്ല. കെട്ട്യോനോ സ്വന്തക്കാരോ കണ്ടിട്ട് ഇനിയൊരു പൊല്ലാപ്പ് വേണ്ടല്ലോ.

ഇങ്ങനെ കള്ളക്കഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അടിസ്ഥാന പ്രശ്‌നം അസൂയയാണ്. ഞാനൊക്കെ ഇവിടെ നിത്യം പ്രൊഫൈല്‍ ഫോട്ടോ മാറ്റിയിട്ടും ചാഞ്ഞും ചരിഞ്ഞും മല കയറിയും ഒക്കെ ഫോട്ടോ എമ്പാടും ഇട്ടിട്ടും ഒരൊറ്റ എണ്ണം തിരിഞ്ഞു നോക്കാതെ ലവന്റെ/ലവളുടെ എഴുത്തോ വരയോ പാട്ടോ കാണുമ്പോ ചാടി വീഴുക ആണല്ലോ എന്ന കുശുമ്പ്. ഇവര്‍ക്ക് കൂട്ടായി ഒരേ തൂവല്‍ പക്ഷികളായ കുറേയെണ്ണവും ഉണ്ടാവും. സ്വയം സല്‍ഗുണ സമ്പന്നര്‍ ആണെന്ന് ഭാവിച്ചും മറ്റുള്ളവരെ പുച്ഛിച്ചും ദുഷിച്ചും എന്നാല്‍ ഇന്‍ബോക്‌സിലൂടെയും അതിനപ്പുറവും സകല വൃത്തികേടും കാണിച്ചും മുഖം മൂടിയിട്ടു നടക്കുന്ന, ആണും പെണ്ണും തമ്മില്‍ ആകെ ഒരു ഇടപാട് മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്ന ആ ഒരു ഏര്‍പ്പാടിന് പഴുത് നോക്കി എഫ് ബിയില്‍ നിരങ്ങുന്ന ഇവര്‍ അങ്ങനെ ചിന്തിക്കുന്നതില്‍ അത്ഭുതമില്ല

ഇവരില്‍ അധികപേരും കേവലം ഒരു എഫ് ബി ഐഡിക്ക് അപ്പുറം സ്വന്തമായി യാതൊരു വിലയും നിലയും ഉള്ളവരല്ല. പക്ഷെ ഇവര്‍ ദുഷിക്കുന്നവര്‍ക്ക് ഈ എഫ് ബി മാത്രമല്ല ലോകം എന്നും, അവര്‍ക്കും ഒരു കുടുംബവും സാമൂഹ്യ ബന്ധങ്ങളും ഉണ്ടെന്നും ഇവര്‍ ചിന്തിക്കുന്നില്ല. ജീവിതപങ്കാളിയും സഹോദരങ്ങളും മക്കളും ഒക്കെ ഉള്ളവരെ കുറിച്ച് ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിച്ചു രസിക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് ഇവര്‍ ഓര്‍ക്കുന്നേയില്ല.

ഇവിടെ സജീവമായി തിളങ്ങി നില്‍ക്കുന്ന ആണും പെണ്ണും എല്ലാവരും മഹാന്മാരാണെന്നോ എഴുത്തില്‍ കാണുന്ന വ്യക്തിത്വം തന്നെയാണ് ജീവിതത്തില്‍ എന്നോ അഭിപ്രായമില്ല. അങ്ങനെ അല്ലാത്തവര്‍ ഉണ്ടാകാം. പക്ഷെ വ്യക്തമായ തെളിവില്ലാതെ ഊഹാപോഹവും കെട്ടുകഥയും വിശ്വസിച്ച് ഒരാളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിന് എന്ത് ന്യായമാണുള്ളത്. ഉപദേശിയോട് ചുരുങ്ങിയത് സ്‌ക്രീന്‍ഷോട്ടോ വോയ്‌സ് ക്ലിപ്പോ എങ്കിലും തെളിവായി ചോദിച്ചു നോക്കൂ അപ്പൊ കാണാം ഉരുണ്ടുകളിക്കുന്നത്.

പെണ്ണിന്റെ ഇന്‍ബോക്‌സില്‍ ചെന്ന് മോശമായി സംസാരിച്ചവരുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇട്ടുള്ള വിപ്ലവങ്ങള്‍ എല്ലാം പൂര്‍ണ്ണ സത്യങ്ങള്‍ അല്ല എന്നപോലെ, തങ്ങളുടെ ഉദ്ദേശത്തിന് കിട്ടാത്ത, മറ്റേതെങ്കിലും പെണ്ണിനോട് സൗഹൃദമായി ഇടപെടുന്ന ആണിനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ കള്ളക്കഥകള്‍ മെനയുന്ന സ്ത്രീകളും, ഒരേ സമയം പലരുടെ ഇഷ്ടക്കാരായി മികച്ച അഭിനയം കാഴ്ചവെക്കുന്ന സ്ത്രീകളും ഇവിടെയുണ്ട്. പറഞ്ഞത് പെണ്ണായത് കൊണ്ട് എല്ലാം കണ്ണുമടച്ചു വിശ്വസിച്ചു അവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സകല പെങ്ങന്മാര്‍ക്കും മുന്നറിയിപ്പ് കൊടുക്കാന്‍ ഇറങ്ങുന്നവര്‍ ഒരു പുനരാലോചന എപ്പോഴും നടത്തിയാല്‍ സ്വന്തം മാനം പോകാതെ കാക്കാം എന്നു ചുരുക്കം.

ജീവിതത്തില്‍ ഒരു പരിചയവും ഇല്ലാത്തവരെ കുറിച്ച് ഊഹാപോഹം വെച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും പിന്നീട് അറിഞ്ഞതൊക്കെ തെറ്റായിരുന്നു എന്നു തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ഇത്തിരി മനഃസാക്ഷി ഉള്ളവര്‍ വല്ലാതെ ഖേദിക്കേണ്ടി വരും.

എഴുത്തുകൊണ്ടോ വര കൊണ്ടോ പാട്ടുകൊണ്ടോ മറ്റ് ഏതെങ്കിലും കാരണത്താലോ ഫേസ്ബുക്കില്‍ കൊണ്ടാടപ്പെടുന്നവരെ കുശുമ്പും വിദ്വേഷവും കൊണ്ട് ഇല്ലാതാക്കിക്കളയാം എന്ന് ചിന്തിക്കുന്ന കൂപമണ്ഡൂകങ്ങള്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ഫേസ്ബുക്കില്‍ വന്നത് കൊണ്ടല്ല ഒരാളും എഴുത്തുകാരനോ കലാകാരനോ ആയത്. പ്രതിഭയും കാലങ്ങളായുള്ള പരിശീലനവും സാധനയും കൊണ്ടൊക്കെ സ്വായത്തമായ കഴിവ് കൊണ്ടാണ് അവര്‍ ആദരിക്കപ്പെടുന്നത്.

കള്ളക്കഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അടിസ്ഥാന പ്രശ്‌നം അസൂയയാണ്.

ഇവിടം അത് പ്രകാശിപ്പിക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്താനും കാരണമാകുന്നു എന്നേയുള്ളൂ. ഇതിലേറെ ആദരവും അംഗീകാരവും ലഭിക്കാനുള്ള ഇടം അവര്‍ക്ക് പുറത്തുണ്ട്. മാത്രമല്ല അങ്ങനെ ഉള്ളവര്‍ക്ക് പ്രണയത്തിനോ അതുനുമപ്പുറത്തോ ഉള്ളതിനൊന്നും ഇങ്ങനെ ഇന്‍ബോക്‌സില്‍ ഇടിച്ചു കേറിച്ചെന്നു ഒലിപ്പിക്കേണ്ട അവശ്യമൊന്നും ഇല്ല. ആ ഏര്‍പ്പാടില്‍ കമ്പം ഇല്ലാത്തത് കൊണ്ടും, അതിലേറെ കുടുംബത്തെ സ്‌നേഹിക്കുന്നത് കൊണ്ടും അന്തസും സംസ്‌കാരവും മാന്യതയും ഉള്ളത് കൊണ്ടും ആണ് പലരും അതിനൊന്നും നിക്കാത്തത്.

ഇന്‍ബോക്‌സ് ഏര്‍പ്പാടല്ലാതെ വേറൊന്നിനും കൊള്ളാത്ത ഈ സദാചാര വീരന്മാര്‍ക്ക് അത് വല്ലതും സങ്കല്‍പ്പിക്കാന്‍ കഴിയുമോ.

അത്യാവശ്യം എഴുതുന്നവരുടെ വാളില്‍ പോയി കമന്റ് ചെയ്യുന്ന പെണ്ണുങ്ങള്‍ക്കൊക്കെ റിക്വസ്റ്റയച്ചും ഇന്‍ബോക്‌സില്‍ ഇടിച്ചു കയറിയും നാലുവരി പൈങ്കിളി പ്രണയവും എഴുതി വാളിലിട്ടും 24 മണിക്കൂറും ഈ ഇട്ടാവട്ടത്തില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക് വേറെ ഒന്നും ചിന്തിക്കാന്‍ ഇല്ലാത്തത് കൊണ്ട് 'പാഷാണം ഷാജി'യുടെ പരിപാടിയുമായി ഇങ്ങനെ തുടരാം. ഒരു 'മനോസുഖം' അത്ര തന്നെ.

ജീവിതത്തില്‍ ഒരു പരിചയവും ഇല്ലാത്തവരെ കുറിച്ചു പോലും അപവാദം പറഞ്ഞു രസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അവനവന്റെ നിലവാരം വെച്ചു മറ്റുള്ളവരെ അളക്കുന്ന സദാചാരത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരോട് വിനയപൂര്‍വ്വം ചോദിച്ചോട്ടെ:

'എന്തിനാ ചക്കരേ വ്യക്തിപരമായും സമൂഹ്യപരമായും ഒരുപാട് നന്മകള്‍ക്ക് പറ്റിയ ഇടമായ ഈ ഫേസ്ബുക്കിനെയും സ്വന്തം മനസ്സിന്റെ സെപ്റ്റിക് ടാങ്ക് നിലവാരത്തിലേക്ക് താഴ്ത്തുന്നത്?'

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!