അമേരിക്കയിലെ നാരദന്‍!

Published : Jul 11, 2016, 06:00 AM ISTUpdated : Oct 05, 2018, 02:31 AM IST
അമേരിക്കയിലെ നാരദന്‍!

Synopsis

 

ഇവിടെ വേനല്‍ എന്നാല്‍ കറക്കമാണ് എല്ലാര്‍ക്കും. അവധിദിവസങ്ങളില്‍ ആരും വീട്ടില്‍ ചടഞ്ഞുകൂടില്ല. കൂടാരങ്ങളും വഞ്ചിയും വടിയുമെല്ലാമെടുത്ത് ഇറങ്ങിക്കോളും രാവിലെത്തന്നെ.

വേനലവധി തുടങ്ങിയപ്പോള്‍ നമ്മളും തുടങ്ങി, കറക്കം.അഗ്‌നിപര്‍വതം ഉള്ളിലൊളിപ്പിച്ച വെള്ളക്കാരന്‍ ഹിമവാന്റെ കഥ ഒരിക്കല്‍ പറഞ്ഞതാണ്. ആളെ കാണാന്‍ പിന്നെയും പോയി, കുടുംബസമേതം. ഇത്തവണ വേറെയും കുറെ സുഹൃദ് സംഘവും ഉണ്ടായിരുന്നു കൂടെ. അതുകൊണ്ടുതന്നെ ശരിക്കുമൊരു വിനോദയാത്രയുടെ എല്ലാ സന്നാഹങ്ങളുമുണ്ടായിരുന്നു.

ഇത്തവണ മുന്‍പ് പോയ വ്യൂപോയിന്റിലേക്കല്ല പോയത്. പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഓരോ നടയില്‍ നിന്ന് നോക്കുമ്പോഴും ഓരോ ഭാഗമാണ് കാണുക എന്നു പറയുന്നതുപോലെയാണ്. കാണുന്നത് ഒരേ പര്‍വതം തന്നെയെങ്കിലും ഓരോയിടത്തിനും പ്രത്യേകതകള്‍ വെവ്വേറെയാണ്.

മലമുകളിലേക്ക് റോപ്പ് വേയിലൂടെ റൈഡ് നടത്തി മുകളിലെത്തി. ഗണ്ടോല റൈഡ് എന്നാണ് അതിന്റെ പേര്. കയറില്‍ തൂങ്ങുന്ന സുതാര്യമായ ഗോളത്തിനുള്ളിലിരുന്ന് താഴേക്ക് നോക്കുമ്പോള്‍ എങ്ങും പ്രകൃതി വരച്ചുവെച്ച ചായക്കൂട്ടുകള്‍ തന്നെ! പച്ചവിരിച്ച പുല്‍മേടുകള്‍ ഉയരത്തില്‍ നിന്നും കാണാന്‍ എന്താ ഭംഗി! ചിലയിടങ്ങളില്‍ ഉരുകാന്‍ മടിച്ചുനില്‍ക്കുന്ന മഞ്ഞു ചിത്രത്തില്‍ ധവളിമ പരത്തി കൂടുതല്‍ സുന്ദരമാക്കുന്നു.

ക്രിസ്റ്റല്‍ മൗണ്ടന്‍ എന്നാണീ സ്ഥലത്തിന്റെ പേര്. മുകളിലെത്തി മുന്നിലേക്ക് നോക്കുമ്പോഴാണ് എന്തുകൊണ്ടാണ് ആ പേരുവന്നതെന്ന് മനസിലാവുന്നത്. തൂവെള്ളനിറത്തില്‍ മുന്നില്‍ വിളങ്ങി നില്‍ക്കുകയല്ലേ നമ്മുടെ റൈനിയെര്‍! 

കഴുത്തില്‍ നേര്‍ത്ത മേഘത്തിന്റെ മേലാട ചാര്‍ത്തി, മിനുത്ത പച്ചക്കുപ്പായമിട്ട് ആളങ്ങനെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ചുറ്റിനുമുള്ള കുന്നുകള്‍ ചില സിനിമകളില്‍ നായകനെ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്ന തരുണീമണികളെ  ഓര്‍മ്മിപ്പിച്ചു. ശരിക്കും വാഷിങ്ടണ്‍ സ്റ്റേറ്റിന്റെ നായകന്‍ ഈ മൗണ്ട് റൈനിയെര്‍ തന്നെ!

കണ്ടുകൊതിതീരാതെ ഗൊണ്ടോലയില്‍ കൂടി പിന്നെയും താഴേക്ക്. താഴെയുള്ള ഇരിപ്പിടങ്ങളില്‍ വെയിലിനെ പോലും വകവെക്കാതെ കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ചു എല്ലാവരും അടുത്ത വ്യൂ പോയിന്റിലേക്ക് തിരിച്ചു.അടുത്തത് പ്രതിബിംബതടാകം (റിഫ്‌ലക്ഷന്‍ ലേക്ക്) ആണ്. ചെറിയൊരു തടാകമാണ് എങ്കിലും റൈനിയറിന്റെ മുനമ്പിന്റെ പ്രതിബിംബം വെള്ളത്തില്‍ കാണാമത്രെ. 

അവിടെ ചെന്നപ്പോള്‍ മേഘത്തിന് കുശുമ്പ് കേറി. വാശിയോടെ തന്റെ വെളുത്ത മേലാടകൊണ്ട് മറച്ചുപിടിച്ചു ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി. കാറ്റുണ്ടോ സമ്മതിക്കുന്നു! തന്നാല്‍ കഴിയും വിധം ശക്തിയായി വീശി മേഘമേലാട നീക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്ന് ഒത്തുവരുമ്പോഴാവും അത്രയും നേരം കണ്ണാടിയൊരുക്കിനിന്ന തടാകത്തില്‍ കാറ്റടിച്ചു ഓളങ്ങള്‍ വരുന്നത്!  

അങ്ങനെ കാത്തുകാത്തു നില്‍ക്കുമ്പോള്‍ താഴെ ഉരുകാതെ അവശേഷിച്ച മഞ്ഞുപാളികള്‍ ഇളക്കിയെടുത്ത് ഞങ്ങള്‍ പരസ്പരം എറിഞ്ഞുകളിച്ചു.
ഹിമവാന്റെ മുഖം തടാകത്തില്‍ തെളിയുന്നതും കാത്ത് കുറേനേരം നിന്നു. മേഘം കനിഞ്ഞു ചെറുതായൊന്ന് മുഖം കണ്ടു, തിരിച്ചുപോരേണ്ടി വന്നു. 

എന്നാലും സന്തോഷമായിരുന്നു. അവിടെ നിന്നും വരുന്നവഴിയില്‍ കുറെ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. ഒന്നിന്റെ പേര് 'നാരദ ഫാള്‍സ്' എന്ന്! (നമ്മുടെ നാരദന്റെ പേരിലാണെന്നും പറയപ്പെടുന്നു കാരണമറിയില്ല എന്തായാലും.) നല്ലൊരു വെള്ളച്ചാട്ടമാണത്. അവിടെ നിന്നും താഴേക്ക് കാല്‍നടയായി വനയാത്ര നടത്താം. എല്ലാവരും വെയില്‍ കൊണ്ടു ക്ഷീണിച്ചതിനാല്‍ അതിന് മുതിര്‍ന്നില്ല. മടക്കയാത്രയാരംഭിച്ചു.

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ