
പാക്കിസ്താനില്‍ നാളെ തെരഞ്ഞെടുപ്പാണ്. പട്ടാളവും പാര്‍ട്ടികളും മാറിമാറി ഭരിച്ച രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാട്ടുകാര്‍ മാത്രമല്ല പ്രവാസികളായ പാക്കിസ്താനികളും തെരഞ്ഞെടുപ്പിന്റെ ചൂരിലാണ്. പ്രവാസികളായ പാക്കിസ്താനികളുമായി സംസാരിച്ച് ഷാര്‍ജയില്‍ മാധ്യമപ്രവര്‍ത്തകനായ നസീല്‍ വോയ്‌സി എഴുതുന്നു
നാളെ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പാണ്. കയറുന്ന ഒട്ടുമിക്ക ടാക്‌സികളിലെ ഡ്രൈവര്‍മാരുടെ ഫോണിലും ഇലക്ഷന്‍ പ്രസംഗങ്ങള്‍, വാട്‌സാപ്പ് ഓഡിയോ. അവരോട് മിണ്ടിത്തുടങ്ങിയാലും തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍. അതൊന്നുമില്ലാത്തവരോട് അതിനെക്കുറിച്ച് ചോദിച്ചാല്‍ കാണാം പുറത്തെവിടെയോ നോക്കിക്കൊണ്ടുള്ള ഡയലോഗ് - 'എല്ലാം കണക്കാ, കള്ളന്മാരാണ്'.
പക്ഷേ സാധാരണത്തേതിലും പ്രതീക്ഷയോടെയാണ് പാകിസ്ഥാനികള്‍ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഒരു മാറ്റമുണ്ടാവുമെന്നു തന്നെ അവര്‍ വിശ്വസിക്കുന്നു. ഇമ്രാന്‍ ഖാന്റെ 'പാകിസ്ഥാന്‍ തെഹ്‌രീഫ് ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)' ആണ് ഒട്ടുമിക്ക പ്രവാസി പാകിസ്ഥാനികളുടെയും ഫേവറിറ്റ്. പിടിഐ അധികാരത്തിലുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നതും ഇമ്രാന്‍ ഖാന്റെ സാമൂഹ്യ സേവനങ്ങളുമാണ് ഈ ഇഷ്ടത്തിനു പിന്നില്‍. കാന്‍സര്‍ രോഗികള്‍ക്കായി ഇമ്രാന്‍ ഖാന്‍ കെട്ടിയ ആശുപത്രിയിലെ സൗജന്യ ചികിത്സയും, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ആ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുമെല്ലാം പാകിസ്ഥാന്റെ നല്ല നാളെയിലേക്കുള്ള ചുവടുവയ്പ്പാണ് എന്നവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. പട്ടാളത്തിന്റെ പിന്തുണ ഇമ്രാന്‍ ഖാന് കൂടുതല്‍ കരുത്തു പകരുന്നുണ്ട്.
ഇമ്രാന്‍ ഖാന് തീവ്രവാദികളോടു മൃദുസമീപനമാണ് എന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. അതിനേക്കാളേറെ പാകിസ്ഥാനികള്‍ക്കിടയില്‍ പ്രചാരം കിട്ടുന്ന, ആയുധമാക്കുന്ന മറ്റൊന്നുണ്ട് -ഇമ്രാന്‍ ഖാന്‍ ആള് ശരിയല്ല!
'എന്താണയാളുടെ സ്വഭാവം. മൂന്നു കല്യാണം കഴിച്ചിട്ടില്ലേ? നാളെ വേറെ നല്ലൊരു പെണ്ണിനെ കണ്ടാല്‍, അവളെയും കെട്ടും. അങ്ങനെയുള്ളവര്‍ക്ക് എന്തിനു വോട്ട് ചെയ്യണം?'- കണ്ടുമുട്ടിയ അപൂര്‍വം ഇമ്രാന്‍ ഖാന്‍ വിരുദ്ധരില്‍ ഒരാള്‍ പറയുന്നു. നിസാരമെന്നു തോന്നാമെങ്കിലും തെരഞ്ഞെടുപ്പില്‍ ഏറെ അപകടം ചെയ്യുന്ന ആയുധമാണിത് എന്ന് ഇമ്രാന്‍ ഖാനും നന്നായറിയാം, അതുകൊണ്ടാണല്ലോ രണ്ടാമത്തെ വിവാഹം തെറ്റായിപ്പോയെന്ന് അയാള്‍ക്ക് പ്രഖ്യാപിക്കേണ്ടി വന്നത്. രണ്ടാം ഭാര്യയുടെ വിവാദ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നതോടൊപ്പം 'മുഖം കാണാതെ, സ്വഭാവ മഹിമകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ ഭാര്യയായ ബുഷ്‌റ മനേകയെ കല്യാണം കഴിച്ചെതെന്നും' കൂട്ടിച്ചേര്‍ക്കുന്നത്.
അപ്പുറത്ത് നവാസ് ഷരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് പരുങ്ങലിലാണ്. അഴിമതിയെ തുടര്‍ന്ന് നവാസ് ഷരീഫും മകളും ജയിലിലായതോടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു.
ഭരണപ്പാര്‍ട്ടിയായിട്ടു പോലും ഒന്നും ചെയ്തില്ലെന്നാണ് അവര്‍ക്കെതിരെയുള്ള ആരോപണം. ജനങ്ങള്‍ക്കിടയിലെ സ്വാധീനത്തിനു വലിയ കുറവൊന്നുമില്ലെങ്കിലും വോട്ടായി മാറുമോ എന്നത് സംശയമാണ്. കിട്ടുന്നതെല്ലാം നേതാവും മകളുമെല്ലാം കട്ടുമുടിച്ചു, ബാക്കി നേതാക്കന്മാര്‍ നാടിനെ കൊള്ളയടിച്ചു എന്നാണ് പൊതുവിലെ സംസാരം.
പട്ടാളത്തിന്റെ സ്വാധീനവും അഴിമതിയും കളംനിറഞ്ഞ പാകിസ്ഥാനിലെ നാഷനല്‍ അസംബ്ലിയില്‍ ആകെ 272 സീറ്റുകളാണുള്ളത്
ബിലാവല്‍ ബൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് പ്രബലരായ മറ്റൊരു കക്ഷി. 2007ല്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനു ശേഷം പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞിരുന്നു. പക്ഷേ ബിലാവല്‍ ഭൂട്ടോ യുവനേതാവായി ഉയര്‍ന്നു വന്നതോടെ പാര്‍ട്ടിയുടെ പൂര്‍വകാല മേധാവിത്വം തിരിച്ചുപിടിക്കാനായി എന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതുകൊണ്ടു തന്നെയാണ്, അഴിമതിയില്‍ മുങ്ങിയ നവാസ് ഷരീഫിനെയും പാര്‍ട്ടിയെയും മാറ്റി നിര്‍ത്തി ഇമ്രാന്‍ ഖാനും ബിലാവല്‍ ഭൂട്ടോയും തമ്മിലുള്ള മത്സരമാണ് ഈ തെരഞ്ഞെടുപ്പെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.
പട്ടാളത്തിന്റെ സ്വാധീനവും അഴിമതിയും കളംനിറഞ്ഞ പാകിസ്ഥാനിലെ നാഷനല്‍ അസംബ്ലിയില്‍ ആകെ 272 സീറ്റുകളാണുള്ളത്. ഇതില്‍ 60 എണ്ണം സ്ത്രീകള്‍ക്കും 10 എണ്ണം ന്യൂനപക്ഷങ്ങള്‍ക്കുമുള്ളതാണ്. ജനസംഖ്യയുടെ മൂന്നിലൊന്നു വിഭാഗത്തിനും അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമല്ലാത്ത പാകിസ്ഥാനില്‍ തീവ്രവാദികളുടെ ഇടപെടലുകളും നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുന്നു. പ്രധാനപ്പെട്ട മൂന്നു പാര്‍ട്ടികള്‍ക്കും വേണ്ടത്ര 'ഇസ്ലാമിക ബോധ'മില്ലെന്നു പറഞ്ഞ് തീവ്രവാദികള്‍ പാര്‍ട്ടികളും രൂപീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇത്തരം പാര്‍ട്ടികളെയും നേതാക്കളെയും നിരോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
തകര്‍ന്ന സമ്പദ് വ്യവസ്ഥ, സാമൂഹിക അസന്തുലിതാവസ്ഥ, തീവ്രവാദികളുടെ കടന്നുകയറ്റം...ഇങ്ങനെ നിരവധി ചോദ്യചിഹ്നങ്ങളിലേക്കാണ് ഏതു പാര്‍ട്ടിയായാലും കയറിച്ചെല്ലേണ്ടത്. പെട്ടെന്നൊരു പരിഹാരം കാണാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് പാകിസ്ഥാനി ജനതയ്ക്കുമറിയാം. പതിയെ ആണെങ്കിലും, ഒരു തലമുറയ്ക്ക് അപ്പുറത്തേക്കെങ്കിലും മാറ്റമുണ്ടാവുമെന്നാണ് അവരുടെ പ്രതീക്ഷ.
മുന്‍പ് വസീറിസ്ഥാനില്‍ നിന്നുള്ള ടാക്‌സി ഡ്രൈവര്‍ പറഞ്ഞിരുന്നു - 'ഞങ്ങളുടെ നാട്ടില്‍ ലാന്‍ഡ് ഫോണ്‍ വന്നതു ഈയടുത്താണ്. കവലയിലെ കടയിലേ അതു തന്നെയുള്ളൂ. വീട്ടുകാരോട് മിണ്ടണമെങ്കില്‍ അവിടേക്കു വിളിക്കണം. രണ്ടു കൊല്ലം കഴിയുമ്പോഴേക്ക് മൊബൈലിനു റേഞ്ച് വരുമെന്നു പറയുന്നു. പിന്നെ അവര്‍ക്ക് കടയില്‍ ഊഴം കാത്തിരിക്കേണ്ടിവരില്ല. ഇവിടെ നിന്ന് നേരിട്ട് എന്റെ മക്കളെ കാണാം' -അങ്ങനെയൊക്കെയോരോ സ്വപ്നങ്ങളാണ് അവരുടെ ഈ തെരഞ്ഞെടുപ്പ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം