സെന്റ് പീറ്റേഴ്‌സ്ബർഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു ഇന്ത്യക്കാരനുണ്ട്. 26 -കാരനായ സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയര്‍ മുകേഷ് മണ്ഡല്‍.
റഷ്യയിലെ അതിശൈത്യത്തിനിടയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു കൗതുകകരമായ മുഖമുണ്ട്, 26 വയസ്സുകാരനായ മുകേഷ് മണ്ഡൽ. ഒരു സാധാരണ തൊഴിലാളിയല്ല മുകേഷ്, ഇന്ത്യയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്തിരുന്ന, നിർമ്മിത ബുദ്ധിയിലും (AI) കോഡിംഗിലും പ്രാവീണ്യമുള്ള ഒരു ഐടി പ്രൊഫഷണലാണ് അദ്ദേഹം.
മൈക്രോസോഫ്റ്റ് പോലുള്ള വമ്പൻ കമ്പനികൾക്കായി ഇന്ത്യയിൽ ജോലി ചെയ്തിരുന്ന മുകേഷ്, മികച്ച വരുമാനവും പുതിയൊരു രാജ്യത്തെ അനുഭവങ്ങളും തേടിയാണ് റഷ്യയിലെത്തിയത്. നിലവിൽ റഷ്യയിലെ 'കൊളോമിയാഷ്കോയ്' എന്ന റോഡ് പരിപാലന കമ്പനിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന മുകേഷിന് മാസം ലഭിക്കുന്നത് ഏകദേശം 1.1 ലക്ഷം ഇന്ത്യൻ രൂപയാണ് (1,00,000 റൂബിൾ). താമസവും ഭക്ഷണവും യാത്രാസൗകര്യവും കമ്പനി നൽകുന്നുണ്ട്.
തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയല്ല ഇതെന്ന പരിഹാസങ്ങൾക്ക് മുകേഷിന് കൃത്യമായ മറുപടിയുണ്ട്. "നമ്മൾ ചെയ്യുന്ന ജോലി ഏതാണെന്നതിൽ കാര്യമില്ല, അത് കക്കൂസ് വൃത്തിയാക്കലായാലും തെരുവ് വൃത്തിയാക്കലായാലും പൂർണ ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. ജോലി ദൈവമാണ്," മുകേഷ് പറയുന്നു. റഷ്യൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുന്ന മുകേഷ്, ഇന്ത്യക്കാരെ സംബന്ധിച്ച് കഠിനാധ്വാനം ചെയ്യാൻ മടിയില്ലെന്നും കൂട്ടിച്ചേർത്തു.
ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിൽ അനുഭവപ്പെടുന്ന കടുത്ത തൊഴിലാളി ക്ഷാമമാണ് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അവിടെ അവസരമൊരുക്കുന്നത്. മുകേഷിനൊപ്പം 17 പേരടങ്ങുന്ന ഒരു ഇന്ത്യൻ സംഘമാണ് ഇപ്പോൾ അവിടെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ കർഷകരും ആർക്കിടെക്റ്റുകളും വെഡിങ് പ്ലാനർമാരും വരെ ഉൾപ്പെടുന്നു. ഒരു വർഷത്തോളം റഷ്യയിൽ ജോലി ചെയ്ത് പണം സമ്പാദിച്ച ശേഷം തിരികെ ഇന്ത്യയിലേക്ക് മടങ്ങാനാണ് മുകേഷിന്റെ പദ്ധതി.
