ചാവേര്‍ ആയാല്‍ സ്വര്‍ഗം കിട്ടുമെങ്കില്‍ സ്വയം പൊട്ടിത്തെറിച്ചു ചത്തോളൂ!

Published : Jun 06, 2017, 03:08 PM ISTUpdated : Oct 05, 2018, 01:53 AM IST
ചാവേര്‍ ആയാല്‍ സ്വര്‍ഗം കിട്ടുമെങ്കില്‍  സ്വയം പൊട്ടിത്തെറിച്ചു ചത്തോളൂ!

Synopsis

2005 മുതല്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു പറയാന്‍ എനിക്ക് അല്‍പ്പം യോഗ്യതയൊക്കെയുണ്ട്.

2005 ജൂലൈ 7 നു ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ടില്‍ കാലത്തു 9 മണിയോടെ പലയിടത്തായി ബോംബ് പൊട്ടി 52 പേര്‍ മരണത്തിനു കീഴടങ്ങിയ വാര്‍ത്ത എനിക്ക് വല്ലാത്ത ഒരു ഞെട്ടല്‍ ആയിരുന്നു. ഈ സംഭവത്തിന് തലേ ദിവസം, അതായതു, ജൂലൈ 6 നു 9 മണിക്ക് ഞാനും ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ടില്‍ ഒരു യാത്രക്കാരി ആയിരുന്നു. എന്റെ യാത്ര ഒരു ദിവസം മാറിപ്പോയിരുന്നു എങ്കില്‍ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.

അതുകഴിഞ്ഞു ഒരു ഇടവേളയ്ക്കു ശേഷം ഈയടുത്തായി ഇംഗ്ലണ്ടില്‍ മൂന്നു തീവ്രവാദി ആക്രമണങ്ങള്‍. എല്ലാം ഇസ്ലാമിന്റെ പേരില്‍!

ഇതില്‍ മാഞ്ചെസ്റ്ററില്‍ ഉണ്ടായ ആക്രമണത്തില്‍ നിന്നും ഞാന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത് എന്ന് പറയാം. ഞാന്‍ സ്ഥിരം യാത്ര ചെയ്യുന്ന റെയില്‍വേ റൂട്ടിലുള്ള ഒരു സ്‌റ്റേഷന് ചേര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ആക്രമണം ഉണ്ടായി കുട്ടികള്‍ അടക്കമുള്ളവര്‍ മരിച്ചത്. പലപ്പോഴും യാത്രക്കിടെ ഇറങ്ങി ഷോപ്പിംഗ് ചെയ്യാറുള്ള സ്ഥലം. ആ ആക്രമണം ഉണ്ടായതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് ഞാന്‍ അതുവഴി യാത്ര ചെയ്തിട്ടുണ്ട്.

മാഞ്ചെസ്റ്ററില്‍ ഉണ്ടായ ആക്രമണത്തില്‍ നിന്നും ഞാന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത് എന്ന് പറയാം.

തീവ്രവാദികള്‍ തൊട്ടു പുറകെ തന്നെയുണ്ട് എന്ന ഓര്‍മ്മിപ്പിക്കലായിരുന്നു ആ ആക്രമണം.

അത് കഴിഞ്ഞു ഇപ്പോള്‍ ലണ്ടനില്‍ വീണ്ടും ആക്രമണം.

മരിച്ചതെല്ലാം നിരപരാധികള്‍. കൊന്നത് അല്ലാഹുവിനു വേണ്ടി എന്ന് കൊന്നവര്‍ പറയുന്നു!

തീവ്രവാദികള്‍ ഇത്രയൊക്കെ വെറുപ്പും വിദ്വേഷവും വമിപ്പിച്ചിട്ടും ഇവിടത്തെ ജനത വളരെയാധികം സംയമനം പാലിക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. മറ്റു പല രാജ്യങ്ങളിലും ഇതൊക്കെ തന്നെ ധാരാളമാണ് ഒരു വംശീയ കലാപം പൊട്ടിപുറപ്പെടാന്‍. എന്നാല്‍, ഇവിടെ ആരും ആയുധമെടുത്തു തെരുവില്‍ ഇറങ്ങിയില്ല. വഴിയില്‍ കാണുന്ന അന്യദേശക്കാരോട് തട്ടിക്കയറിയില്ല. അവരെ ഭീഷണിപ്പെടുത്തിയില്ല.

മരിച്ചതെല്ലാം നിരപരാധികള്‍. കൊന്നത് അല്ലാഹുവിനു വേണ്ടി എന്ന് കൊന്നവര്‍ പറയുന്നു!

ജനങ്ങള്‍ തീവ്രവാദികള്‍ക്കെതിരെ ആയുധമെടുത്തു നിരത്തില്‍ ഇറങ്ങിയാല്‍ അതിന്റെ അനന്തരഫലം ഭീകരമായിരിക്കുമെന്നും, നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സന്തോഷവും സുരക്ഷിതത്വവും ഭാവിയും ആയിരിക്കുമെന്നും മനസ്സിലാക്കാനുള്ള വിവേകം ഇവിടത്തെ ജനങ്ങള്‍ക്കുണ്ട്. മാത്രമല്ല, ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങള്‍ക്കും അന്ധമായ ദൈവ വിശ്വാസം ഇല്ലാത്തതിനാല്‍, തുറന്ന മനസ്സോടെ ചിന്തിക്കാനും മറ്റുള്ളവരെ സ്വീകരിക്കാനും അവര്‍ക്കു സാധിക്കുന്നു എന്നും എനിക്കു തോന്നിയിട്ടുണ്ട്.

തീവ്രവാദം തുടങ്ങുന്നത് സംശയം, അന്ധമായ വിശ്വാസങ്ങള്‍, അരക്ഷിതാവസ്ഥ, പരാജയ ഭീതി, അസൂയ, വെറുപ്പ് എന്നിവയെല്ലാം വിവേകമില്ലാത്ത ഒരാളില്‍ സമ്മേളിക്കുമ്പോഴാണ്. എല്ലാവരും നമുക്കെതിരാണ്; മറ്റുള്ളവരെല്ലാം നമ്മളെ കൊല്ലാനാണ് ജീവിക്കുന്നത് എന്ന വികലമായ ഒരു തോന്നല്‍ ആദ്യം മനസ്സില്‍ വളരുന്നു. പിന്നീടതിനെ പതിന്മടങ്ങു വര്‍ധിപ്പിച്ചു മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഏതു പ്രശ്‌നത്തിലും നമ്മള്‍ ഇരകളാണ് എന്നൊരു തോന്നല്‍ സ്ഥായിയായി നിലനിര്‍ത്തുക എന്നതാണ് ഇവരുടെ ഉദ്ദേശം.

പേടിപ്പിച്ചു കൂടെ നിര്‍ത്തുക എന്ന ഈ അടവ് തന്നെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ആശയങ്ങളുള്ള പല മുസ്ലിം സംഘടനകളും പയറ്റുന്നത്. അക്രമവാസനയുള്ള ഇത്തരം മുസ്ലിം സംഘടനകളെ, മുഖ്യധാരയിലുള്ള മുസ്ലിം സംഘടനകള്‍ വേണ്ട രീതിയില്‍ ശക്തമായും വ്യക്തമായും എതിര്‍ക്കുന്നുണ്ടോ എന്നത് എനിക്ക് സംശയമാണ്.

ഇത്തരം വര്‍ഗീയ സംഘടനകളെ എതിര്‍ത്ത് ഒറ്റപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ വരുത്തി വെക്കുന്ന നാശനഷ്ടങ്ങള്‍ തലമുറകളോളം അനുഭവിക്കേണ്ടി വരും എന്നതില്‍ ഒരു സംശയവും വേണ്ട.

പേടിപ്പിച്ചു കൂടെ നിര്‍ത്തുക എന്ന ഈ അടവ് തന്നെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ആശയങ്ങളുള്ള പല മുസ്ലിം സംഘടനകളും പയറ്റുന്നത്

കാര്യങ്ങള്‍ ഇങ്ങിനെ ഇരിക്കുമ്പോള്‍ പെട്ടെന്നാണ് ഖത്തറിനു എതിരെ വിലക്കും നിരോധനവും വന്നത്. സൗദിയും, യു എ ഇ യും, ബഹ്‌റൈനും ഈജിപ്തും അടക്കം കുറെ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നായതന്ത്രബന്ധങ്ങളും ഒറ്റയടിക്കങ്ങു അവസാനിപ്പിച്ചു. അതിനവര്‍ പറഞ്ഞ കാരണം, ഖത്തര്‍ ഇസ്ലാമിക തീവ്രവാദത്തെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് ! അതെ! Finally! We must call a spade a spade !

ഇതിന്റെ ശരിയായ വിശദാംശങ്ങള്‍ എനിക്കറിയില്ല. മിക്കവാറും ഇതൊരു പൊളിറ്റിക്കല്‍ സ്റ്റണ്ട് ആയിരിക്കും. എന്നിരുന്നാലും..

ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം ഉണ്ടെന്നും അതിനെ ചില ഇസ്ലാമിക രാജ്യങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മറ്റു ഇസ്ലാമിക രാജ്യങ്ങള്‍ തന്നെ പറയുമ്പോള്‍ എവിടെയോ ഒരു പ്രതീക്ഷ.

ഒരു പ്രശ്‌നം പരിഹരിക്കണമെങ്കില്‍ അങ്ങിനെയൊരു പ്രശ്‌നം ഉള്ളതായിട്ടു ആദ്യം എല്ലാവരും അംഗീകരിക്കണമല്ലോ. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരായി അമേരിക്കയെയും ജൂതന്മാരെയും കുറ്റപ്പെടുത്തുന്നതിനു മുമ്പ് ഒരു സ്വയം വിലയിരുത്തല്‍ അത്യാവശ്യമാണ്.

പല രാജ്യങ്ങളിലും പല പല വിഷയങ്ങളുടെ പേരില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നതിന് കാരണമെന്താണ്, അതിന് ശാശ്വതമായ ഒരു പരിഹാരം എന്താണ് എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാല്‍, ചിന്തിച്ചു പരിഹാരം കാണുന്നതിന് പകരം, തെരുവില്‍ ഇറങ്ങുന്നതും നിയമം കയ്യിലെടുക്കുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതും ഒന്നും ഏതൊരു രാജ്യത്തായാലും എന്തിന്റെ പേരിലായാലും അംഗീകരിച്ചു തരാന്‍ സാധ്യമല്ല.

ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍, ഇതൊക്ക ഓരോരുത്തരും ചിന്തിക്കേണ്ടതും വിവേക പൂര്‍വം തീരുമാനമെടുക്കേണ്ടതും അത്യാവശ്യമായി വരുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ടു മുസ്‌ലിം ജനതയുടെ രക്ഷകരായി അവതരിച്ചിട്ടുള്ള തീവ്രവാദികള്‍, മുസ്ലിങ്ങള്‍ക്കും അല്ലാത്തവര്‍ക്കും എത്ര മാത്രം ദ്രോഹം ചെയ്തു എന്നുള്ളതിനുള്ള തെളിവ് നമ്മുടെ മുന്‍പില്‍ തന്നെയുണ്ട്.

ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട്, മുസ്ലിങ്ങളുടെ രക്ഷകരായി വിലസുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ട കടമ നാം ഓരോരുത്തര്‍ക്കും ഉണ്ട്. ഇന്നത് ചെയ്തില്ലെങ്കില്‍ നാളെ അതിന്റെ പ്രത്യാഘാതം ഊഹിക്കാവുന്നതിലും ഭയാനകമായിരിക്കും.

ഓരോ ബോംബ് പൊട്ടുമ്പോഴും തോല്‍ക്കുന്നത് നമ്മളാണ്.

അവര്‍ അങ്ങിനെ ചെയ്തില്ലേ, ഇവര്‍ ഇങ്ങിനെ ചെയ്യുന്നില്ലേ എന്നൊക്കെ ചോദിച്ചു പകരം വീട്ടാന്‍ ഇറങ്ങുന്നവര്‍ ഒന്നോര്‍ക്കണം. നിരപരാധികളുടെ നെഞ്ചത്തോട്ടല്ല നിങ്ങളുടെ വികലമായ ചിന്തകളും പ്രവര്‍ത്തികളും അഴിച്ചു വിടേണ്ടത്. ചാവേര്‍ ആയാല്‍ സ്വര്‍ഗം കിട്ടുമെങ്കില്‍ സ്വയം പൊട്ടിത്തെറിച്ചു ചത്തോളൂ. മറ്റുള്ളവരെ വെറുതെ വിടൂ.

മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ചാവാനും കൊല്ലാനും ഇറങ്ങുന്നവര്‍ നടത്തുന്ന ഓരോ ആക്രമണവും മാനവരാശിക്ക് എതിരെയുള്ളതാണ്. ഓരോ ബോംബ് പൊട്ടുമ്പോഴും തോല്‍ക്കുന്നത് നമ്മളാണ്. നമ്മളില്‍ ഓരോരുത്തരും ആണ്.

നമുക്കുണ്ടായിരുന്ന സുസ്ഥിരമായ കുട്ടിക്കാലവും സമാധാനമുള്ള ജീവിതവും നമ്മുടെ കുട്ടികള്‍ക്കും ഉറപ്പാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.

ഏതു നിമിഷവും ഒരു ബോംബ് പൊട്ടി ജീവിതം അവസാനിക്കാം എന്നറിഞ്ഞു കൊണ്ട് ജീവിക്കുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. മരിക്കാന്‍ പേടിയുണ്ടായിട്ടല്ല. പക്ഷേ മരിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും ബോംബ് പൊട്ടി ആകരുത് എന്ന ആഗ്രഹമുള്ളത് കൊണ്ടാണ്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ; വണ്ടിയും ഡ്രൈവറും അറസ്റ്റിൽ