
ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ പിടിച്ച് ജയിലിടുമോ ? ദേശീയഗാനത്തോട് അനാദരവ് കാട്ടാന്‍ പാടില്ലെന്നും അത് ശിക്ഷാര്‍ഹമാണെന്നുമുള്ള ചര്‍ച്ച കേരളത്തില്‍ ഉയരുന്നത് രണ്ട് വര്‍ഷം മുമ്പാണ്. 2014 ഓഗസ്റ്റ് 18ന് തിരുവനന്തപുരത്ത് കൈരളി തീയ്യറ്ററില്‍ സിനിമയ്ക്ക് മുന്നോടിയായി ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുനേല്‍ക്കാതിരുന്ന സല്‍മാന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നതിനല്ല, മറിച്ച് കൂവുകയും എഴുനേറ്റവരെ ചീത്തവിളിച്ചെന്നുമായിരുന്നു സല്‍മാനെതിരെയുള്ള ആരോപണം. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് സല്‍മാന് ജാമ്യം അനുവദിച്ചത്.
വീണ്ടും ദേശീയ ഗാനം ചര്‍ച്ചയാകുന്നത് തിയ്യറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയ ഗാനം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്.
നവംബര്‍ 30നാണ് രാജ്യത്തെ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
ദേശീയഗാനത്തിന്‍റെ സമയത്ത് തിരശീലയില്‍ ദേശീയ പതാക കാണിക്കണമെന്നും ദേശീയഗാനത്തിന്റെ സമയത്ത് എല്ലാവരും തീയേറ്ററില്‍ എണീറ്റ് നില്‍ക്കണമെന്നുമായിരുന്നു നിര്‍ദേശം. സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. അതൊരിക്കലും ദേശീയഗാനത്തോടുള്ള അവഹേളനമായിരുന്നില്ല, ആദരവോടെ കേള്‍ക്കുന്ന ദേശീയഗാനം സിനിമയ്ക്ക് മുന്നോടിയായി പ്രദര്‍ശിപ്പിക്കണമെന്ന അനുചിതമായ തീരുമാനത്തിനെതിരെയായിരുന്നു.
സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രതോത്സവം ആരംഭിച്ചത്. ചലച്ചിത്ര മേള തുടങ്ങുന്നതിന് മുമ്പ് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ മേളയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലി ചര്‍ച്ചയുണ്ടായി. പതിയെ ഇത് ദേശസ്‌നഹത്തിന്റെ ലേബലായി മാറുകയും ചെയ്തു. ഇതോടെ തൃശ്ശൂരില്‍ നിന്നുള്ള ഒരു ഫിലം സൊസൈറ്റി ഈ തീരുമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ നിര്‍ബന്ധമായും ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്നും 52 സെക്കന്റ് എഴുനേറ്റ് നില്‍ക്കുന്നതില്‍ ആര്‍ക്കും ബുദ്ധിമുണ്ടുണ്ടാകേണ്ടതില്ലെന്നുമാണ് കോടതി പറഞ്ഞത്.
ഇതോടെ ദേശഭക്തി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മേളയില്‍ പ്രതിഷേധമുയര്‍ന്നു. പലരും ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാതെയാണ് പ്രതിഷേധിച്ചത്. ഇതോടെ ബിജെപിയും യുവമോര്‍ച്ചയും പ്രതിഷേധവുമായി രംഗത്ത് വന്നു. അവരുടെ പരാതിയെതുടര്‍ന്ന് പന്ത്രണ്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ എന്ത് കേസെടുക്കണമെന്ന് പോലീസിനും അറിയില്ല.
ദേശീയ ഗാനം സിനിമാ തീയ്യറ്ററുകളില്‍ നിര്‍ബന്ധമാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതിയും എഴുനേല്‍ക്കാത്തവര്‍ക്കെതിരെ എന്ത് ശിക്ഷ വേണമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിലെ നിയമം വച്ച് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. നിര്‍ബന്ധിച്ചല്ല ദേശഭക്തിയുണ്ടാക്കേണ്ടതെന്ന് സുപ്രീംകോടതി ബിജോയ് ഇമ്മാനുവലും സ്‌റ്റേറ്റും തമ്മിലെ കേസില്‍ വിധിച്ചിട്ടുള്ളതാണ്.
1985 ജുലൈ 26ന് കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തില്‍, ദേശീയഗാനം പാടാത്തതിന്റെ പേരില്‍ യഹോവ സാക്ഷികള്‍ എന്ന ക്രസ്ത്യന്‍ വിഭാഗത്തിലെ ചില വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.
ഈ കേസ് സുപ്രീം കോടതിയില്‍ പരിഗണിച്ച പ്രത്യേക ബെഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്‌കോടതികളെയും നിശിതമായി വിമര്‍ശിക്കുകയും, യഹോവയുടെ സാക്ഷികളായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും വിധിച്ചിരുന്നു.
ദേശീയഗാനം സിനിമാ ഹാളുകളില്‍ കേള്‍പ്പിക്കണമെന്ന് നിലവില്‍ ഒരു നിയമവും നിഷ്‌കര്‍ഷിക്കുന്നില്ല. പക്ഷേ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നിന്ന് അതിന്റെ കൂടെപ്പാടി ദേശഭക്തി പ്രകടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് ചെയ്യാതിരിക്കുന്നത് കുറ്റമായി കണക്കാക്കുന്ന ഒരു നിയമവും ഈ രാജ്യത്തില്ല. മറ്റുള്ളവര്‍ ദേശീയഗാനം ആലപിക്കുകയും എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള തടസ്സം ഉണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
ദേശീയഗാനം ചൊല്ലുന്നത് നിര്‍ബന്ധിക്കരുതെന്നും നിര്‍ബന്ധിച്ചല്ല ദേശഭക്തിയുണ്ടാക്കേണ്ടതെന്നായിരുന്നു ബിജോയ് ഇമ്മാനുവലും സ്‌റ്റേറ്റും തമ്മിലെ കേസിലെ വിധി.
ആ വിധിയെപ്പറ്റി ഒരു പരാമര്‍ശ്ശം പോലുമില്ലാതെയാണ് പുതിയ വിവാദ വിധി. ഫലത്തില്‍ ദേശീയഗാനം കേള്‍ക്കുമ്പോഴൊക്കെ എഴുന്നേറ്റുനില്‍ക്കാന്‍ പൗരന്മാര്‍ക്ക് നിയമപരമായ ബാദ്ധ്യതയുണ്ട് എന്ന പരമോന്നത കോടതിവിധിയാണ് ഇന്ത്യയിലെ മറ്റു കോടതികള്‍ക്കും സര്‍ക്കാരിനും ബാധകമായ നിയമം. ഈ പശ്ചാത്തലത്തില്‍ പുതിയ വിധിന്യായം നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
നിലവില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തത് ഒരു നിയമത്തിലും കുറ്റമല്ല. ആ സ്ഥിതിയ്ക്ക് പോലീസിന് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ കേസെടുക്കാനാകില്ല.
തിരുവനന്തപുരത്ത് ചലച്ചിത്രമേളക്കിടെ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത് ഐപിസി 188 -ാം വകുപ്പ് പ്രകാരമാണ്. ആ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. വെറും അനുസരണക്കേട് 188 ആം വകുപ്പുപ്രകാരം കുറ്റമാവില്ല. കോടതിയലക്ഷ്യ നിയമമാണ് പോലീസിന് ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടി.
ബിജോയ് ഇമ്മാനുവലും സ്‌റ്റേറ്റും സ്‌റ്റേറ്റും തമ്മിലുള്ള കേസുപോലെ കരണ്‍ ജോഹര്‍ സിനിമയില്‍ ദേശീയ ഗാനം കേള്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്ന് സുപ്രീംകോടതി ജസ്റ്റിസ് വി.എന്‍.ഖരേ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്, സിനിമാഹാളില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ല എന്ന് വിധിച്ചിരുന്നു. ഈ വിധി നില്‍ക്കുന്നിടത്തോളം ഒരു കോടതിയ്ക്കും കോടതിയലക്ഷ്യമെന്ന ഉമ്മാക്കി കാണിക്കാനാവില്ല. സിനിമാ തീയ്യറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ അച്ചടക്കത്തോടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഇരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു പോലീസിനും പറ്റില്ലെന്ന് സാരം.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.