
എന്തൊക്കെയാണ് നമ്മുടെ സ്വപ്നങ്ങളില്‍ സാധാരണ വരാറുള്ളത്. ഭക്ഷണം, പണം, സെക്സ്, പ്രേതങ്ങള്‍... അങ്ങനെ പലതും. ഇവിടെ ഒരു കൂട്ടം ഗവേഷകര്‍ സ്വപ്നങ്ങളിലേറ്റവും കൂടുതല്‍ കടന്നു വരുന്നതും, അതിലിഷ്ടപ്പെടുന്നതും എന്താണെന്ന് വിശകലനം ചെയ്തിരിക്കുകയാണ്. പലരില്‍ നിന്നും വിവരങ്ങളെടുത്തും മറ്റുമാണ് ഈ വിശകലനം നടത്തിയിരിക്കുന്നത്. ലോകത്താകമാനമുള്ളവരില്‍ നിന്ന് ആയിരക്കണക്കിന് സ്വപ്നങ്ങള്‍ കേട്ടറിഞ്ഞ് പഠിച്ചിട്ടാണ് ഈ കണ്ടുപിടിത്തങ്ങള്‍ നടത്തിയിരിക്കുന്നത്. ബിബിസി തയ്യാറാക്കിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഏറിയ ശതമാനവും പങ്കുവെച്ചിരിക്കുന്ന ഒരു സ്വപ്നം ഭക്ഷണത്തെ കുറിച്ചുള്ളതാണ്. ഭക്ഷണത്തില്‍ തന്നെ ചോക്ലേറ്റ്. അതില്‍ത്തന്നെ വെള്ളനിറത്തിലുള്ള ചോക്ക്ലേറ്റ്. സ്വപ്നത്തിലെ എല്ലാവരുടെയും ഇഷ്ടപ്പെട്ട സ്ഥലം വീടോ പാര്‍ക്കോ ഒന്നുമല്ല അത് സാധാരണ തെരുവുകളാണ്. ഇഷ്ടപ്പെട്ട വാഹനമാകട്ടെ കാറും. സ്വപ്നത്തിലേറ്റവുമധികം ഓരോരുത്തരും കാണാനാഗ്രഹിക്കുന്നത് പങ്കാളികളെയോ, സുഹൃത്തുക്കളെയോ ഒന്നുമല്ല സ്വന്തം അമ്മയെ ആണ്.
സ്വപ്നത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട മൃഗം നായ ആണ്. ഏറ്റവുമധികം കടന്നുവരുന്ന വികാരം ഭയം. ഭൂതം, പ്രേതം, പിശാച് ഇവയൊക്കെ സ്വപ്നത്തില്‍ കടന്നുവരാം. പറക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വപ്നത്തില്‍ കാണുന്നത് വീഴ്ചകളാണ്. പ്രകൃതിയിലെ ഏറ്റവും കൂടുതല്‍ കാണുന്നത് വെള്ളമാണ്. കുടിക്കാനേറ്റവും ഇഷ്ടപ്പെടുന്നത് കാപ്പിയും.
സെക്സിന് സ്വപ്നത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പറയുന്നത്. അതിനേക്കാളൊക്കെ പ്രാധാന്യത്തോടെ സ്വപ്നത്തില്‍ കടന്നു വരുന്നത് പണമാണത്രേ.