
ലേബർ റൂമിന് വെളിയിൽ കാത്തിരിക്കുന്ന അടുത്ത ബന്ധുക്കളെപ്പോലെ വേവലാതിപ്പെടുന്നുണ്ട് വായനക്കാരനും, കഥാകൃത്തിനും കുടുംബത്തോടുമൊപ്പം, പപ്പിയുടെ ഓരോ പ്രസവത്തിലും. വി ആര്‍ സുധീഷിന്റെ 'ഒരു വളര്‍ത്തു പൂച്ചയുടെ ജീവിതകഥ 'യുടെ വായനാനുഭവം. കല സവിത്രി എഴുതുന്നു.
"വേനൽചൂടിന്റെ രാത്രി താണ്ടിയ ക്ഷീണത്തിൽ പ്രഭാത മയക്കച്ചടവിൽ ഞാനെഴുന്നേറ്റ് ചെന്നപ്പോൾ ചാരുപടിയിലുണ്ട് ആ രോമഹർഷം കൈപ്പത്തിയുടെ വലിപ്പത്തിൽ ഒരു മുയൽക്കുഞ്ഞിനെപ്പോലെ 'മ്യാവു . വി ആർ സുധീഷിന്റെ 'ഒരു വളര്‍ത്തു പൂച്ചയുടെ ജീവിതകഥ ' വായിച്ചുതുടങ്ങുമ്പോൾ തന്നെ എന്നെപ്പോലെ ജീവിതത്തിലൊരിക്കലും ഒരു പൂച്ചയെ വളർത്തിയിട്ടില്ലാത്ത ഒരാൾക്കുപോലും തന്റെ ഉള്ളംകയ്യിലിരുന്ന് ഒരു കൊച്ചുപൂച്ച ,എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു രോമഹർഷം ങ്യാവൂ ..ങ്യാവൂ ..കരയാൻ തുടങ്ങിയിട്ടുണ്ടാവും.മനുഷ്യരല്ലാതെ ഒരു ജീവിയും വീട്ടിൽ വളരാൻ ഇഷ്ട്ടപ്പെടാതിരുന്ന ഒരു അമ്മയുടെ ഒപ്പം വളർന്ന ഞാനും അതേ പാത തന്നെയായിരുന്നു പിന്തുടർന്നിരുന്നത് . ഈ കഥ വായിച്ചവസാനിക്കുമ്പോള്‍ പൂച്ച വെറുമൊരു മൃഗമല്ലെന്നോ ,മറ്റൊരു ജീവജാലവും മനുഷ്യരെക്കാളും മോശമല്ലെന്നോ, ഈ പ്രപഞ്ചത്തിലെ ഓരോ സഹജീവിയും തുല്യപരിഗണന അർഹിക്കുന്നവയാണെന്നോ ഒക്കെയുള്ള സത്യങ്ങൾ നമ്മുടെ ബോധമണ്ഡലത്തിൽ പതിഞ്ഞു കഴിഞ്ഞിരിക്കും. അല്ലങ്കിലും സുധീഷിന്റെ എഴുത്തുകളെല്ലാം വൈയക്തികമായാണ് നമ്മെ ബാധിക്കുക.നാം അതിന്റെ തീവ്ര താഢനങ്ങളാൽ കാലങ്ങളോളം വ്യഥിതരാവുകയോ അസ്വസ്ഥരാവുകയോ ഒക്കെ ചെയ്യും.
കഴിഞ്ഞ നാൽപ്പത് വർഷക്കാലമായി അനുരാഗത്തിന്റെ ഏതെല്ലാം തീവ്ര തലങ്ങൾ നമ്മെ അനുഭവിപ്പിച്ചിട്ടുണ്ട് ഈ എഴുത്തുകാരൻ . "ബാത്റൂമിലെ ഒഴുകിപ്പോകാതെ കിടന്നിരുന്ന അവളുടെ തലമുടി (അവൾക്ക് ധാരാളം മുടി കൊഴിഞ്ഞിരുന്നു ) " എന്നൊരു കഥയിൽ വായിക്കുമ്പോള്‍ നാമറിയാതെ നമ്മുടെ മുടിത്തുമ്പിലൊന്ന് പിടിച്ചു വലിച്ചു നോക്കും. ധാരാളം മുടി കൊഴിഞ്ഞിരുന്നുവെങ്കിൽ , ബാത്‌റൂമിൽ പലപ്പോഴും അത് ഒഴുകിപോകാതെ കിടന്നിരുന്നുവെങ്കിൽ, താനാ വീട്ടിൽ ഇല്ലായിരുന്നുവെങ്കിൽ,തന്റെ പ്രിയതമനിതൊക്കെ ഓർത്തു വച്ചിരുന്നുവെങ്കിൽ വൈയക്തികമായി ഓരോ വായനക്കാരിയെയും ബാധിക്കുകയാണ് ആ കഥ . തീരെ മൈന്യുട്ടായ ചില പോയിന്റ്‌സ്കൾ കൊണ്ടുപോലും വായനക്കാരിൽ തീവ്രമായ അനുരാഗാവസ്ഥ പ്രാപ്‍തമാക്കാൻ സാധിക്കുന്ന തരത്തിലുള്ള എഴുത്ത്. വി ആർ സുധീഷിന്റെ ഓരോ പ്രണയകഥകളും ഓരോ പരീക്ഷണ ശാലകളാണ്. ആ വായനകളിൽ നിന്നെല്ലാം പുതിയ ഓരോ അനുഭവ സംയുക്തം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. നാം നമ്മെ തിരിച്ചറിയുന്നുണ്ട്, ഉടച്ചുവാർക്കുന്നുണ്ട്, അല്ലങ്കിൽ ഒന്ന് ഇളകിയിരിക്കുക എങ്കിലും ചെയ്യുന്നുണ്ട്. പ്രണയത്തെക്കുറിച്ച് ഇത്രയും തീവ്രമായൊക്കെ ,ഇത്രയും പവിത്രമായൊക്കെ സംവദിക്കുമ്പോഴും മാംസ നിബദ്ധമല്ലാത്ത രാഗമൊക്കെ പഴങ്കഥയാണെന്നും എല്ലാ പ്രണയവും മാംസത്തിലേക്കുള്ള വിരൽസ്പർശം തന്നെയാണ് എന്നും കൂസലന്യേ വിളിച്ചുപറയുന്നുമുണ്ട് ഈ എഴുത്തുകാരൻ. മാത്രമല്ല താൻ യാഥാർഥ്യമാണ് എന്നും പ്രണയവും പ്രണയിനിയും സങ്കൽപ്പമാണ് എന്ന് പോലും പറഞ്ഞുകളയുന്നു.
ഇതേപോലെതന്നെയാണ് അദ്ദേഹത്തിനെ ജന്തുകഥകളും വായനക്കാരെ ബാധിക്കുക. ഇവിടെ പൂച്ചയുടെ ജീവിതകഥ വായിക്കുമ്പോള്‍ ഉള്ള ഒരു വ്യത്യസ്തത എന്തെന്നാൽ ഇത് എഴുത്തുകാരന്റെ ജീവിതത്തിന്റെ ഒരു എട് കൂടി തുറന്ന് കാട്ടുന്നുണ്ട് എന്നതാണ്. കഥാകാരന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പരീക്ഷണകാലം അതിജീവിക്കാൻ പപ്പിയെന്ന ഈ പൂച്ചയുടെ ജീവിതത്തിനും ഒരു പങ്കുണ്ടന്ന വസ്തുത ഒട്ടും സങ്കോചം കൂടാതെ തുറന്നുകാട്ടപ്പെടുന്നുണ്ട്. കഥാകാരന്റെ 'പ്രപഞ്ചം' എന്ന വീടുതന്നെയായിരുന്നു പപ്പിക്കു തന്റെ പ്രപഞ്ചം.
പപ്പി എന്ന പേര് നൽകി അമ്മു ആ പൂച്ചക്കുട്ടിയെ നെഞ്ചോട് ചേർക്കുന്ന നിമിഷത്തെ അദ്ദേഹം ഇങ്ങനെ എഴുതിവെക്കുന്നു "പ്രപഞ്ചത്തിൽ പപ്പി കുടുംബാംഗമായി. അമ്മുവിന് അവൾ അനുജത്തി. ഇനി ഒരു കുട്ടി വേണ്ടന്ന തീർപ്പിൽ പപ്പിയെ കിട്ടിയത് ഭാഗ്യമായി."
പൂച്ചയെ ഒഴിവാക്കാനുള്ള അമ്മുവിന്റെ അമ്മയുടെ ശ്രമങ്ങളെയൊക്കെ നിഷ്ഫലമാക്കിക്കൊണ്ട് പപ്പി 'പ്രപഞ്ച'ത്തിൽ ആധിപത്യം സ്ഥാപിക്കുക തന്നെ ചെയ്തു. അമ്മുവിന്റെ വളർച്ച പോലെ തന്നെ പപ്പിയുടെ വളർച്ചയും 'പ്രപഞ്ച'ത്തിന് ആഘോഷമായിരുന്നു. അച്ഛൻ മീശ കത്രിക്കുന്നത് കാണാറുള്ള അമ്മു പപ്പിയുടെ മീശ കത്രിച്ചുകളയുന്നു, അത് ജീവകാലം മുഴുവൻ പപ്പിയിൽ അസ്വാധീനത്തിന് ഇടയാക്കുന്നു. ആ അസ്വാധീനം പലപ്പോഴും എഴുത്തുകാരനെപ്പോലെ വായനക്കാരനെയും വ്യസനിപ്പിക്കുന്നു.
ആദ്യമായി ഗർഭിണിയാകുന്ന പുത്രിയോട് പിതാവിനുണ്ടാകുന്ന കരുതൽ പോലെ, ആകാംഷ പോലെ "ശരീരഭാരം ചുമന്ന് ഒരു കടിഞ്ഞൂൽ പൊട്ടത്തിയുടെ മട്ടുമായി പപ്പി കളിച്ചുനടന്നു. അമ്മയാകാൻ പോകുന്ന കാര്യം അതിനറിയുമോ എന്തോ" എന്ന് വി ആർ സുധീഷ് ആകാംക്ഷപ്പെടുന്നു. ആ ആകാംക്ഷ കൃത്യമായി വായനക്കാരിലേക്കും സംവദിക്കപ്പെടുന്നു. ലേബർ റൂമിന് വെളിയിൽ കാത്തിരിക്കുന്ന അടുത്ത ബന്ധുക്കളെപ്പോലെ വേവലാതിപ്പെടുന്നുണ്ട് വായനക്കാരനും കഥാകൃത്തിനും കുടുംബത്തോടുമൊപ്പം പപ്പിയുടെ ഓരോ പ്രസവത്തിലും. "അവർ പ്രപഞ്ചത്തിൽ ജനിച്ചു.പഞ്ഞിക്കട്ട പോലെ അഞ്ചു ജന്മങ്ങൾ. അവയ്ക്കു മുല കൊടുത്ത് വലിയ കാര്യക്കാരിയെപോലെ പപ്പി അമ്മയുടെ വേഷം പകർന്നു" എന്നൊക്കെ വായിക്കുമ്പോള്‍ 'പ്രപഞ്ച' ത്തിലെ സന്തോഷം നമ്മുടെ ഉള്ളം കുളിർപ്പിക്കുന്നു.
അഴീക്കോടിന്റെയും കൊച്ചു മയൂഖയുടെയും എഴുത്തുകാരന്റെ മറ്റു പല കൂട്ടുകാരുടെയും കുക്കുകുക്കുവിന്റേയും ഒക്കെ വീടുകളിലേക്ക് കൊണ്ടുപോകുന്ന പപ്പിയുടെ കുഞ്ഞുങ്ങളെയെല്ലാം തന്നെ എഴുത്തുകാരനെപ്പോലെ വായനക്കാരനും വാത്സല്യപൂർവ്വം സ്മരിക്കുന്നു. പഞ്ചമിയെന്നും മിഞ്ചിയെന്നും ഒക്കെ പേര് നൽകപ്പെട്ട പപ്പിയുടെ കുഞ്ഞുങ്ങൾ ആ വീടുകളിലെല്ലാം സസുഖം കഴിയുന്നു. കൂട്ടത്തിൽ നമുക്കൊരു സംശയം തോന്നിപ്പോകാം വി ആർ സുധീഷിന് 'ഞ്ച ' എന്ന അക്ഷരത്തോടു ഒരൽപ്പം ഇഷ്ടക്കൂടുതൽ ഇല്ലേ എന്ന്?.
ഇതിനിടയിൽ വിധിപ്പകർച്ചയാൽ 'പ്രപഞ്ച'ത്തിൽ എഴുത്തുകാരനും പപ്പിയും ഒറ്റയ്ക്കാവുന്നു. പപ്പിയും ഇടയ്ക്കിടയ്ക്ക് എത്തുന്ന അമ്മുവും മാത്രമാകുന്നു അദ്ദേഹത്തിന്റെ സന്തോഷം. മനുഷ്യരെപ്പോലെയല്ല ജന്തുക്കൾ അവ സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടിയല്ല സ്നേഹിക്കുന്നത്. അവ വിദ്വേഷവും പകയും ഒളിപ്പിച്ച് ചിരിച്ചുകാട്ടില്ല. നന്മയുടെ, സ്നേഹത്തിന്റെ, സഹനത്തിന്റെ, നന്ദിയുടെ ഒക്കെ ഒരുപാട് പാഠങ്ങൾ ഈ ജന്തുക്കളിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയും.
"ഏകാന്തതയിൽ പപ്പി എനിക്ക് കൂട്ടിരുന്നു. രാത്രിയിൽ എന്റെ കാൽക്കൽ രോമഹർഷവുമായി ഉറങ്ങി. അതിന്റെ നിത്യകാമുകൻ നരിപ്പൂച്ച ഉമ്മറത്തെ ചാരുകസേരയിൽ കാത്തുകിടന്നു " എന്ന് അദ്ദേഹം എഴുതുന്നു .
വീട്ടുകാര്‍ കാണാതെ ദൂരെയെവിടെയെങ്കിലും പോയേ പൂച്ചകൾ മരിക്കൂ എന്ന് ട്രെയിനിൽ വച്ച് പരിചയപ്പെട്ട ആർദ്ര നൽകിയ അറിവ് എഴുത്തുകാരനെപ്പോലെ വായനക്കാരനെയും സങ്കടപ്പെടുത്തുന്നു. "മരണമെത്തുന്ന നേരത്ത് നീ എന്റെ അരികിലുണ്ടാവണേ " എന്ന അദ്ദേഹത്തിന്റെ പ്രാർത്ഥന നാമും ഏറ്റെടുക്കുന്നു .
പപ്പിയുടെ കുട്ടികളെല്ലാം തന്നെ പലയിടത്തായി സുഖമായി കഴിയുന്നുണ്ട്. എങ്കിലും ഒന്നിനെപോലും 'പ്രപഞ്ച'ത്തിൽ നിർത്താനായില്ല. അടുത്ത പ്രസവത്തിൽ തീർച്ചയായും ഒരു കുഞ്ഞിനെ 'പ്രപഞ്ച'ത്തിൽ തന്നെ നിർത്തണം. അമ്മുവും സുധീഷും ആഗ്രഹിക്കുന്നത് പോലെ വായനക്കാരും ആഗ്രഹിച്ചുപോകും.
"അച്ഛാ .. ഇത്തവണ ഒന്നിനെ അവിടെ നിർത്തണം ആർക്കും കൊടുക്കേണ്ട .." അമ്മു വിളിച്ചു പറഞ്ഞു. ഉപരിപഠനാർത്ഥം അമ്മു ചെന്നൈയിലാണ്. പപ്പി വീണ്ടും ഗർഭിണി ആയി. ഇത്തവണ അതിനു കൂടുതൽ ക്ഷീണം തോന്നിച്ചു. പപ്പിക്കു പതിമൂന്നു വയസായിരുന്നു.
അന്ന് കോളേജിൽ അഡ്മിഷന്റെ തിരക്കായിരുന്നതിനാൽ ഫോൺ കോൾസ് ഒന്നും എടുത്തിരുന്നില്ല അദ്ദേഹം. വൈകിട്ട് അടുത്ത വീട്ടിലെ മുരളിയേട്ടന്റെ കോളിനു തിരികെ വിളിച്ചപ്പോഴാണ് പറയുന്നത് അവരുടെ വീട്ടിലേക്ക് ചെല്ലാൻ.
അമ്മു ചോദിച്ചു "പപ്പിയെ നമ്മുടെ വീട്ടിൽ കുഴിച്ചിടാമായിരുന്നില്ലേ ..?"
"അച്ഛൻ അറിഞ്ഞില്ലല്ലോ മോളെ "
വീട്ടുകാരെ അറിയിക്കാതെ കാണിക്കാതെ പപ്പി പോയി. വി ആർ സുധീഷിനൊപ്പം അമ്മുവിനൊപ്പം വായനക്കാരനും നെഞ്ചു തകർന്നു നിൽക്കുന്നു.
"ഒരു പൊടി രോമം കിട്ടാൻ വേണ്ടി വീടാകെ ഞാൻ അരിച്ചുപെറുക്കി. ഒടുവിൽകിട്ടി നനച്ചു തുടച്ച ചാരുപടിയിൽ നിന്ന്, ചെറിയ വിള്ളലിൽ എറിച്ചുനിന്ന ഒരു വെള്ളിരോമം."
പൂച്ചയുടെ ജീവിതകഥ ഇവിടെ തീരുന്നു. ഈ കഥ, കഥാകൃത്തിന്റെ ജീവിതത്തിന്റെ തന്നെ കുറെ വർഷങ്ങളെ വരച്ചുവെയ്ക്കുന്ന ഒരു കഥയായി മാറുന്ന രസതന്ത്രം മികച്ച ഒരു വായനാനുഭവം നൽകുന്നു. ഇത് വായിക്കുന്ന ഓരോ വായനക്കാരനെയും പപ്പിയുടെ വേർപാട് വല്ലാതെ ബാധിക്കുക തന്നെ ചെയ്യും. ഇത്രയേറെ സ്നേഹം പ്രസരണം ചെയ്യുന്ന ഈ കഥ ഏറെ വായിക്കപ്പെടട്ടെ ..ഏറെ ആസ്വദിക്കപ്പെടട്ടെ ..
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.