പരിചയപ്പെടാം, ആനകളുടെ പിയാനിസ്റ്റിനെ...

Published : Dec 14, 2018, 05:01 PM ISTUpdated : Dec 14, 2018, 05:55 PM IST
പരിചയപ്പെടാം, ആനകളുടെ പിയാനിസ്റ്റിനെ...

Synopsis

 ആനസങ്കേതത്തിലെ സ്ഥിരം സന്ദർശകരായി പിന്നീട്  പോളും പോളിന്റെ പിയാനോയും. അദ്ദേഹം ആ ആനകൾക്ക് നടുവിലിരുന്ന് പിയാനോയിൽ ബാക്കിന്റെയും ബീഥോവന്റെയും മറ്റും ക്‌ളാസ്സിക് കൺസേർട്ടുകൾ വായിക്കും. ആനകളില്‍ നിന്നുമുണ്ടാവുന്ന പ്രതികരണങ്ങൾ കൗതുകപൂർവ്വം ശ്രദ്ധിക്കും.

പോൾ ബർട്ടൻ, യോർക്ക് ഷെയറിൽ നിന്നുമുള്ള ഒരു കൺസേർട്ട് പിയാനിസ്റ്റാണ്. അദ്ദേഹം ഏറെക്കാലം യൂറോപ്പിലെ കൺസേർട്ട് ഹാളുകളിൽ നിറഞ്ഞ സദസ്സുകളിൽ പിയാനോ വായിച്ചുകൊണ്ടിരുന്ന ആളുമാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ അദ്ദേഹം തന്റെ പിയാനോ കച്ചേരികൾ അവസാനിപ്പിച്ചു. ഇപ്പോൾ, പോൾ  തന്റെ ക്‌ളാസിക്കൽ പിയാനോ പീസുകൾ വായിക്കുന്നത് നമുക്കത്ര പരിചയമുള്ളൊരു സദസ്സിനുമുന്നിലല്ല. കഴിഞ്ഞ ഇരുപത്തിരണ്ടുവർഷങ്ങളായി തായ്‌ലൻഡിലെ കാഞ്ചൻബുരി പ്രവിശ്യയിലുള്ള   എലിഫന്റ് വേൾഡ് ആനസങ്കേതത്തിലെ  പ്രായം ചെന്ന, പരിക്കുപറ്റിയ, അംഗവൈകല്യമുള്ള, ക്ഷീണിതനായ ആനകൾക്കുമുന്നിലാണ് ആ പിയാനോ വായന. 

അദ്ദേഹത്തിന്റെ ഈ വ്യത്യസ്തമായ സംഗീത സപര്യ തുടങ്ങുന്നത് ഒരു സ്‌കൂളിൽ കുറച്ചുകാലത്തേക്ക് പിയാനോ പഠിപ്പിക്കാനുള്ള ക്ഷണം സ്വീകരിച്ച് അദ്ദേഹം തായ്‌ലണ്ടിലേക്ക് വരുമ്പോഴാണ്. അപ്പോഴാണ് എലിഫന്റ് വേൾഡിലെ ഖ്വാൻ എന്ന വൈൽഡ് ലൈഫ് ആർട്ടിസ്റ്റിനെ അദ്ദേഹം കണ്ടുമുട്ടുന്നത്. ഖ്വാനുമായി പിന്നീടദ്ദേഹം പ്രണയത്തിലാവുകയും അവർ തമ്മിൽ വിവാഹിതരാവുകയുമുണ്ടായി.എന്തായാലും പിന്നീടദ്ദേഹം തായ്‌ലൻഡ് വിട്ട് തിരികെപ്പോയില്ല. 

അന്നത്തെ അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുക്കുന്നു, " ഇടയ്ക്കിടെ ആനസങ്കേതത്തിൽ പോവുമായിരുന്നു ഞാൻ. വെറുതെ ചെന്ന് ആനകളെ ദൂരെ നിന്നു കണ്ടു തിരിച്ചുപോവാൻ എനിക്ക് മനസ്സുവരുന്നില്ലായിരുന്നു. അത് ആനകളുടെ ഒരു ശരണാലയമായിരുന്നു. കാടുകളിൽ നിന്നും രക്ഷിച്ചുകൊണ്ടുവരുന്ന, പലവിധ അവശതകളാൽ ബുദ്ധിമുട്ടിയിരുന്നു ആനകളെയാണ് അവിടെ പാർപ്പിച്ചിരുന്നത്. അവർക്ക് ചിലപ്പോൾ പിയാനോ സംഗീതം കേൾക്കാൻ താല്പര്യമുണ്ടാവും എന്നെന്റെ മനസ്സുപറഞ്ഞു. സന്ദർശനത്തിന് വരുമ്പോൾ എന്റെ പിയാനോ കൂടി കൊണ്ടുവരാൻ ഞാൻ അധികൃതരോട് അനുമതി ചോദിച്ചു. അവർ സമ്മതം മൂളി. "

അന്നുമുതൽ ആനസങ്കേതത്തിലെ സ്ഥിരം സന്ദർശകരായി പോളും പോളിന്റെ പിയാനോയും. അദ്ദേഹം ആ ആനകൾക്ക് നടുവിലിരുന്ന് പിയാനോയിൽ ബാക്കിന്റെയും ബീഥോവന്റെയും മറ്റും ക്‌ളാസ്സിക് കൺസേർട്ടുകൾ വായിക്കും. ആനകളില്‍ നിന്നുമുണ്ടാവുന്ന പ്രതികരണങ്ങൾ കൗതുകപൂർവ്വം ശ്രദ്ധിക്കും.

കോക്കനട്ട്സ് വേൾഡിനു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. " ഞാൻ ആദ്യമായി എന്റെ പിയാനോയും കൊണ്ട് എലിഫന്റ് വേൾഡിൽ വായിക്കാനിരുന്നപ്പോൾ, എന്റെ അടുത്ത്, പ്ലാരാ എന്ന കണ്ണുകാണാത്ത ആന പട്ടയും ചവച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. എന്റെ പിയാനോയിൽ നിന്നും സംഗീതം പുറപ്പെടാൻ തുടങ്ങിയതും, പ്ലാര പെട്ടെന്ന് ചവയ്ക്കുന്നത് നിർത്തി. എന്റെ പിയാനോ വാദനം തീരും വരെ സ്തബ്ധയായി, ചവയ്ക്കാതെ, വായിലെ പട്ട അതേപോലെ നിർത്തി അനങ്ങാതെ ഒരേ നിൽപ്പായിരുന്നു. പ്ലാരയ്ക്ക് ക്‌ളാസിക്കൽ സംഗീതം വളരെ ഇഷ്ടമായിരുന്നു. ഞാൻ പിയാനോയിലോ പുല്ലാങ്കുഴലിലോ എന്തെങ്കിലും വായിച്ചുതുടങ്ങിയാൽ തീരും വരെ അവൻ തുമ്പിക്കൈ ചുരുട്ടി അതിന്റെയറ്റം വായിൽ തിരുകി അങ്ങനെ നിൽക്കും..."  

കാട്ടാനകളുടെ അത്ര അടുത്ത് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിൽക്കുന്നതിലുള്ള അപകടത്തെക്കുറിച്ചെല്ലാം പോൾ ബോധവാനാണ്.  പ്രത്യേകിച്ചും കൊമ്പനാനകളുടെ കാര്യം വരുമ്പോൾ സങ്കേതത്തിലെ പാപ്പാന്മാർ, അവർ അദ്ദേഹത്തെ ഉപദ്രവിക്കുമോ എന്ന് ഭയക്കുന്നവരാണ്. പക്ഷേ, പാപ്പാന്മാർ ഉപദ്രവകാരികൾ എന്ന് മുദ്രകുത്തി ആളുകളിൽ നിന്നും അകറ്റിനിർത്തുന്ന കുറുമ്പനാനകളാണ് സംഗീതം ഏറ്റവും ആസ്വദിച്ച് തലയാട്ടി നിൽക്കുന്ന സാധുക്കളെന്ന് തന്റെ ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം പറഞ്ഞു. 


 

PREV
click me!

Recommended Stories

ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്
ഭർത്താവിന് 520 സ്തീകളുമായി ബന്ധം, സ്വന്തം കഥ 'കോമിക്കാ'ക്കി ഭാര്യ; യുവതിയുടെ പ്രതികാരം വൈറൽ