വൃക്ഷത്തൈ നട്ട് പരിപാലിച്ചാല്‍ മതി, ഇവിടെ പരീക്ഷയില്‍ പത്ത് മാര്‍ക്ക് അധികം കിട്ടും

By Web TeamFirst Published Oct 23, 2018, 6:49 PM IST
Highlights

സംഗതി ഇങ്ങനെയാണ് നടപ്പിലാക്കുക. ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഫോറസ്റ്റ്, എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഇക്കോളജി എട്ടാം ക്ലാസിലെ ഓരോ വിദ്യാര്‍ഥിക്കും പത്ത് വൃക്ഷത്തൈകള്‍ നല്‍കും. 

ബംഗളൂരു: വിദ്യാര്‍ത്ഥികളെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ പലവഴിയും നോക്കാറുണ്ട് സ്കൂളുകള്‍. എന്നാല്‍, ഇവിടെ കുട്ടികളെ ബോര്‍ഡ് പരീക്ഷക്ക് സന്നദ്ധരാക്കാന്‍ വനം വകുപ്പുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ് കര്‍ണാടക സെക്കന്‍ഡറി എജുക്കേഷന്‍ എക്സാമിനേഷന്‍ ബോര്‍ഡ്. പരീക്ഷയില്‍ ഇതിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് പത്ത് മാര്‍ക്കാണ് കിട്ടുക. 

സംഭവം സിമ്പിളാണ് മരങ്ങളെ നന്നായി പരിപാലിച്ചാല്‍ മതി. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി എജുക്കേഷനുമായി കൈകോര്‍ത്താണ് സ്കൂളുകളിലെ ഈ പരീക്ഷണം. മലിനീകരണം കുറക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമായാണ് പദ്ധതി. 

സംഗതി ഇങ്ങനെയാണ് നടപ്പിലാക്കുക. ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഫോറസ്റ്റ്, എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഇക്കോളജി എട്ടാം ക്ലാസിലെ ഓരോ വിദ്യാര്‍ഥിക്കും പത്ത് വൃക്ഷത്തൈകള്‍ നല്‍കും. രണ്ട് വര്‍ഷം ഇവയെ നന്നായി പരിപാലിക്കണം. സ്കൂള്‍ പരിസരത്തോ, വീടിനടുത്തോ, റോഡരികത്തോ ഇവ നടാം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്‍റെ വളര്‍ച്ചയും മറ്റും പരിശോധിക്കും. ഓരോ വൃക്ഷത്തിനും ഓരോ മാര്‍ക്കാണ്. മാവ്, പേരക്ക, വേപ്പ്, പ്ലാവ് തൈകളാണ് നല്‍കുന്നത്. പത്ത് മരവും നന്നായി നോക്കിയാല്‍ പത്ത് മാര്‍ക്കും നേടാം.

മാര്‍ക്ക് മാത്രമല്ല, സര്‍ട്ടിഫിക്കറ്റും, വൃക്ഷത്തൈകളുടെ ചിത്രങ്ങളും കുട്ടികള്‍ക്ക് നല്‍കും. കുട്ടികള്‍ക്ക് പ്രകൃതിയുമായുള്ള ബന്ധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

click me!