ഒരു അമ്പയറിന് സഹിക്കാൻ കഴിയാത്തത് കളിക്കാരുടെ അഹങ്കാരമാണ്; ഒരു വനിതാ അമ്പയറിന് പറയാനുള്ളത്

By Web TeamFirst Published Oct 23, 2018, 6:09 PM IST
Highlights

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഈ വർഷം ആദ്യം വിരമിച്ച വനിത അമ്പയർ കാതി ക്രോസ്സിനെ രണ്ടായിരത്തിപതിമൂന്നിൽ ന്യൂസിലാന്റിൽ വെച്ചു നടന്ന വനിത ക്രിക്കറ്റ് ലോകകപ്പിൽ കണ്ടുമുട്ടിയത് തന്നെ സ്വാധീനിച്ചിരുന്നു എന്ന് വൃന്ദ പറയുന്നു. 


മുംബൈ: ക്രിക്കറ്റ് കളിക്കളത്തിലെ ലിംഗഭേദം തകർത്ത് മുംബൈയിൽ നിന്നെത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിത അമ്പയര്‍മാരിലൊരാളാണ് വൃന്ദ രതി. മുംബൈ നിവാസിയായ ഇരുപത്തി ഒമ്പതുകാരി വൃന്ദ രതി ഇപ്പോൾ ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള യോഗ്യതയും നേടിയിരിക്കുകയാണ്.

നവി മുംബൈയിൽ നിന്നുമുള്ള വൃന്ദ നേരത്തേ ഫിറ്റ്നസ് കോച്ച് ആയിരുന്നു. മുബൈ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി കളികൾ നിയന്ത്രിക്കാൻ തുടങ്ങിയതാണ് വൃന്ദയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയത്. അടുത്തിടെ ഇവർ ബി.സി.സി.ഐ യുടെ ലെവൽ ടു അമ്പയറിങ് എക്സാം ജയിക്കുകയും അന്താരാഷ്ട്ര വനിത ക്രിക്കറ്റ് മാച്ചുകളും ജൂനിയർ ബോയ്സ് മാച്ചുകളും നിയന്ത്രിക്കാൻ യോഗ്യത നേടുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഈ വർഷം ആദ്യം വിരമിച്ച വനിത അമ്പയർ കാതി ക്രോസ്സിനെ രണ്ടായിരത്തിപതിമൂന്നിൽ ന്യൂസിലാന്റിൽ വെച്ചു നടന്ന വനിത ക്രിക്കറ്റ് ലോകകപ്പിൽ കണ്ടുമുട്ടിയത് തന്നെ സ്വാധീനിച്ചിരുന്നു എന്ന് വൃന്ദ പറയുന്നു. അന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ടു സ്‌കോർ ബോർഡ് നിയന്ത്രിക്കുന്ന ചുമതലയിൽ ജോലി ചെയ്തിരുന്നു വൃന്ദ. ലോകകപ്പിന് ശേഷം അമ്പയറിങ്ങിൽ പരിശീലനം നേടുകയും സംസ്ഥാന തല അമ്പയറിങ് പരീക്ഷകൾ അഭിമുഖീകരിക്കുകയും ചെയ്തു.

"നിങ്ങളുടെ കഴിവുകൾ കത്തുന്ന സൂര്യന് താഴെ തേച്ചുമിനുക്കേണ്ടതായി ഉണ്ട് അമ്പയറിങ്ങിന്. മാനസികവും ശാരീരികവുമായ ദൃഢത ആവശ്യമുണ്ട്. മികച്ച ആശയവിനിമയും വ്യക്തിത്വവും കൃത്യമായ തീരുമാനം എടുക്കുന്നതിനുമുള്ള കഴിവും ആണ് ശാരീരികഭാഷയേക്കാളും കൂടുതൽ  നല്ലൊരു അമ്പയറിന് ആവശ്യം"
വൃന്ദ പറയുന്നു.

സെക്കന്‍റ് ലെവൽ പരീക്ഷ ജയിച്ച ശേഷം സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള  എല്ലാ സീസണിലും കുറഞ്ഞത് അറുപത് കളി ദിവസങ്ങൾ എങ്കിലും നിയന്ത്രിക്കേണ്ടതുണ്ട്. ഒരു അന്താരാഷ്ട്ര അമ്പയർ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിരിക്കണം എന്നു നിര്‍ബന്ധമൊന്നുമില്ല. പക്ഷെ, അവിടേയും വൃന്ദ രതി വ്യത്യസ്തയാണ്. മുംബൈ യൂണിവേഴ്സിറ്റിക്ക് വേണ്ടി മീഡിയം പേസർ ആയി നാലുവർഷത്തെ ക്രിക്കറ്റ് പരിചയം കൂടിയുണ്ട് വൃന്ദയ്ക്ക്.

തിയറിയും പ്രാക്ടിക്കലും വൈവയും ഇന്‍റർവ്യൂവും ഒക്കെ ചേർന്നു രണ്ടുവര്‍ഷത്തോളം നീണ്ടു നിന്ന പരീക്ഷയായിരുന്നു ബി.സി.സി.ഐയുടേത്. എങ്കിലും എല്ലാ ഇടങ്ങളിലും വനിതകൾ ആദ്യം എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന പലവിധ പേടികൾ ചുറ്റിലും ഉയർന്നിട്ടുണ്ട്. ഒരു സ്ത്രീക്ക് ക്രിക്കറ്റ് കളി നിയന്ത്രിക്കാൻ കഴിയുമോ എന്നൊക്കെയുള്ള സംശയങ്ങൾക്ക് വൃന്ദയ്ക്കുള്ള  മറുപടി കളിക്കളത്തിനു നടുവിൽ നമ്മുടെ ജോലി കൃത്യമായി ചെയ്ത് തുടങ്ങിയാൽ പിന്നെ ലിംഗമൊന്നും പ്രശ്നമല്ല എന്നാണ്. അങ്ങനെ മറ്റു പുരുഷ അമ്പയർമാരുടെ ഇടയിൽ നിന്നു തന്നെ സ്വന്തം കഴിവിൽ ആത്മവിശ്വാസം നേടിയെടുക്കാൻ വൃന്ദയ്ക്ക് കഴിഞ്ഞിരിക്കുന്നു. ചെന്നൈയിൽ നിന്നുള്ള എൻ. ജനനി ഇന്ത്യയിലെ മറ്റൊരു വനിത ക്രിക്കറ്റ് അമ്പയർ ആണ്.

കളിക്കളത്തിൽ കൂടുതൽ ക്ഷമയും ആർക്കും സ്വാധീനിക്കാൻ കഴിയാത്ത തീരുമാനങ്ങളും പുലർത്തേണ്ടതുണ്ട് അതുകൊണ്ട് തന്നെ സ്ത്രീകൾ ആണ് അമ്പയറിങ്ങിന് കൂടുതൽ യോജിച്ചത് എന്നുകൂടി പറയുന്നു വൃന്ദ.

ഒരു അമ്പയറിന് സഹിക്കാൻ കഴിയാത്തത് കളിക്കാരുടെ അഹങ്കാരം ആണ്. ഒരു സ്ത്രീ കളിക്കളത്തിന് നടുവിൽ നിന്നു നിയന്ത്രിക്കുമ്പോൾ ആണ്‍കുട്ടികള്‍ കൂടുതൽ ക്ഷമ കാണിക്കാറുണ്ട് എന്നും വൃന്ദ പറയുന്നുണ്ട്. കുറച്ച് വർഷങ്ങൾ കഴിയുമ്പോള്‍ പുരുഷ ക്രിക്കറ്റിന്‍റെ ഉയരത്തിലേക്ക് എത്തും എന്ന് വനിതാ ക്രിക്കറ്റിനെ കുറിച്ച് ശുഭപ്രതീക്ഷയാണ് വൃന്ദ പങ്കുവയ്ക്കുന്നത്.

മുംബൈയും പോണ്ടിച്ചേരിയും തമ്മിലുള്ള  അണ്ടർ സിക്സ്റ്റീൻ മാച്ച് വൃന്ദരതിയുടെ അമ്പയറിങ് ജീവിതത്തിലെ നാഴികക്കല്ല് ആണ്. ആദ്യമായി ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം നിയന്ത്രിക്കാൻ പോവുകയാണ് ഇതിലൂടെ വൃന്ദ രതി.

click me!