നാണയമില്ലാതാക്കല്‍ ബുദ്ധിശൂന്യത

By പ്രഭാത് പട്‌നായിക്First Published Dec 28, 2016, 7:26 AM IST
Highlights

'കള്ളപ്പണ'ത്തിന്റെ അടിവേരറുക്കാന്‍ ഉതകുന്നതാണ് ഈ വിലക്ഷണമായ നടപടി എന്നത്രെ ഇതിനു ന്യായീകരണമായി പറയുന്നത്. മുന്നോട്ടുവക്കപ്പെടുന്ന മറ്റൊരു വാദഗതി ഇത് 'ഭീകരവാദികള്‍' വ്യാപകമായി ഉപയോഗപ്പെടുത്തുന്ന കള്ളനോട്ടുകളെ ഫലപ്രദമായി തടയാന്‍ പര്യാപ്തമാകുമെന്നാണ്. ഗവണ്‍മെന്റിനെ എല്ലാം മറന്ന് ആവേശപൂര്‍വം പിന്തുണയ്ക്കുന്ന ചിലരാകട്ടെ ഈ നടപടിയെ 'ഭീകരതയ്‌ക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്നു വിശേഷിപ്പിക്കാന്‍ പോലും മടിക്കുന്നില്ല.

കള്ളനോട്ടിന്റെ കാര്യത്തിലേക്ക് പിന്നീടു വരാം. പ്രസിഡന്റ് പ്രണബ് മുഖര്‍ജി പോലും വഴിവിട്ട് അംഗീകാരം നല്‍കിയ 'കള്ളപ്പണ'വുമായി ബന്ധപ്പെട്ട വാദഗതിയെക്കുറിച്ചുതന്നെ ആദ്യം നോക്കാം. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളുടെ മൂല്യമില്ലാതാക്കുന്ന നടപടി 'കള്ളപ്പണ'ത്തിനെതിരെയുള്ള ആക്രമണമാണെന്ന ഈ വാദഗതി 'കള്ളപ്പണ'ത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച തികഞ്ഞ ധാരണയില്ലായ്മയാണ്. ശുദ്ധഗതിയില്‍ നിന്നുണ്ടായ ഒന്നാണതെന്ന് വിശ്വസിക്കാനാവാത്ത ഒരു സങ്കല്‍പനമാണത്.

ഇതില്‍ അന്തര്‍ലീനമായ ധാരണ 'കള്ളപ്പണം' എന്നാല്‍ ട്രങ്കുകളിലോ തലയണയുറക്കകത്തോ ഭൂമിക്കടിയിലോ പൂഴ്ത്തിവെച്ചിട്ടുള്ള പണമാണെന്നാണ്. ഈ ധാരണയോടുകൂടി, 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളുടെ മൂല്യമില്ലാതാക്കിയാല്‍ തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ നിയമസാധുതയുള്ള പുതിയ നോട്ടുകളാക്കി മാറ്റുന്നതിന് ബാങ്കുകളെ സമീപിക്കുന്ന ആളുകളെ ഈ ബാങ്കുകള്‍ സംശയദൃഷ്ടിയോടെ പരിശോധിക്കുകയും എന്നിട്ട് നികുതി പിരിവ് അധികൃതരെ തങ്ങളുടെ സംശയം ബാങ്കുകള്‍ അറിയിക്കുകയും തുടര്‍ന്ന് കുറ്റവാളികളെ നികുതി പിരിവ് അധികൃതര്‍ പിടികൂടുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ 'കള്ളപ്പണം' തുറന്നുകാട്ടപ്പെടുന്നു; ഇത് ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുമത്രെ.

കള്ളപ്പണം' യഥാര്‍ഥത്തില്‍ പൂഴ്ത്തിവെക്കപ്പെട്ട പണമാണെന്ന് കരുതുന്നതുപോലും അര്‍ഥശൂന്യമാണ്.

ആ വാദം അര്‍ത്ഥശൂന്യം
ഇനി ഈ വാദഗതിയുടെ രണ്ടാമത്തെ ഭാഗം നോക്കാം. 'കള്ളപ്പണം' യഥാര്‍ഥത്തില്‍ പൂഴ്ത്തിവെക്കപ്പെട്ട പണമാണെന്ന് കരുതുന്നതുപോലും അര്‍ഥശൂന്യമാണ്. ഉദാഹരണത്തിന് ഒരാളുടെ കൈവശം കണക്കില്‍പെടാത്ത 20 കോടി രൂപയുണ്ടെങ്കില്‍, അതും 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകെട്ടുകളായി തന്നെ സൂക്ഷിച്ചിരിക്കുകയുമാണെങ്കില്‍, അത്തരമൊരാള്‍ നിശ്ചയമായും ഒരു കാരണവശാലും തന്റെ കൈവശമുള്ള മൊത്തം 20 കോടി രൂപയും പുതിയ നിയമാനുസൃത നോട്ടുകളാക്കി മാറ്റുന്നതിന് ഒന്നിച്ച് ബാങ്കിലേക്ക് കൊണ്ടുവരില്ല (ഏതുവിധത്തിലായാലും അതനുവദിക്കപ്പെടുകയുമില്ല); അയാള്‍ക്ക് തന്റെ നിരവധി സില്‍ബന്ധികളെ ബാങ്കിലേക്കയക്കാവുന്നതാണ്; ഓരോരുത്തരും ചെറിയ തുക മാത്രമായിരിക്കും കൊണ്ടുവരിക; അന്തിമ തീയതിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഡിസംബര്‍ 30നകമുള്ള ദിവസങ്ങളില്‍ ഇങ്ങനെയത് മാറ്റിയെടുക്കാവുന്നതുമാണ്.

വാസ്തവത്തില്‍, ഇത്ര സുദീര്‍ഘമായ പരിശ്രമംപോലും ഇതിന് ആവശ്യമില്ല; എല്ലാവിധത്തിലുംപെട്ട ഇടനിലക്കാര്‍ ഉടന്‍ തന്നെ ഓടിയെത്തും; അത്തരക്കാര്‍ ചില്ലറ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ഇടപാടുകാര്‍ക്കായി പഴയ നോട്ടിനുപകരം പുതിയ നോട്ടു മാറി വാങ്ങുന്ന ജോലി നിറവേറ്റും. ഇത്തരത്തിലുള്ള 'കരിഞ്ചന്ത ഇടപാടുകാര്‍' ഉള്ളതുകൊണ്ട് പഴയ നിയമം അനുസരിച്ചുള്ള 'കള്ളപ്പണ'ത്തെ പുതിയ നിയമാനുസൃത പണമാക്കി മാറ്റാമെന്നിരിക്കെ പല ടിവി ചാനല്‍ ചര്‍ച്ചകളിലും പങ്കെടുക്കുന്ന 'വിദഗ്ദ്ധര്‍' വാദിക്കുന്നതുപോലെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളുടെ മൂല്യമില്ലാതാക്കുന്നത് നിയമവിരുദ്ധമായി പൂഴ്ത്തിവെച്ചിട്ടുള്ള പണം പുറത്തുകൊണ്ടുവരും എന്ന ആശയം തന്നെ നിരര്‍ഥകമാണ്.

കള്ളപ്പണം'' എന്ന പദപ്രയോഗം തന്നെ നിശ്ചയമായും തെറ്റായ ഒന്നാണ്; കാരണം ബാങ്കു ഡെപ്പോസിറ്റുകളുടെ രൂപത്തില്‍ പരസ്യപ്പെടുത്തപ്പെട്ടിട്ടില്ലാത്തതെന്ന് കരുതപ്പെടുന്ന പണക്കൂമ്പാരം എന്ന പ്രതിച്ഛായയാണ് ഇത് നമ്മുടെ മനസ്സില്‍ എത്തിക്കുന്നത്;

ആ പദപ്രയോഗമേ തെറ്റ്
എന്നാല്‍ അതിലും ഏറെ പ്രധാനമായത്, 'കള്ളപ്പണ'ത്തെ സംബന്ധിച്ച ഈ സങ്കല്‍പനം തന്നെ ശുദ്ധ അസംബന്ധമാണ്. 'കള്ളപ്പണം'' എന്ന പദപ്രയോഗം തന്നെ നിശ്ചയമായും തെറ്റായ ഒന്നാണ്; കാരണം ബാങ്കു ഡെപ്പോസിറ്റുകളുടെ രൂപത്തില്‍ പരസ്യപ്പെടുത്തപ്പെട്ടിട്ടില്ലാത്തതെന്ന് കരുതപ്പെടുന്ന പണക്കൂമ്പാരം എന്ന പ്രതിച്ഛായയാണ് ഇത് നമ്മുടെ മനസ്സില്‍ എത്തിക്കുന്നത്; അതാകട്ടെ, കറന്‍സി നോട്ടുകളുടെ രൂപത്തില്‍ തലയണ ഉറകളിലോ കണ്ടെയ്‌നറുകളില്‍ ഭൂമിക്കടിയില്‍ കുഴിച്ചുമൂടപ്പെട്ടോ ഒളിച്ചുവെച്ചിട്ടുള്ളവയാണെന്ന പ്രതിച്ഛായയും സൃഷ്ടിക്കുന്നു.

യഥാര്‍ഥത്തില്‍ നാം 'കള്ളപ്പണ'ത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സിലുള്ളത് കള്ളക്കടത്തോ മയക്കുമരുന്ന് ഇടപാടോ ഭീകര സംഘടനകള്‍ക്കായി ആയുധങ്ങള്‍ സംഭരിക്കലോ പോലെയുള്ള തീര്‍ത്തും നിയമവിരുദ്ധമായതോ നിയമപരമായി അനുവദനീയമായതിനെക്കാള്‍ അധികം നടത്തുകയോ നികുതി ചുമത്തത്തക്കവിധം പ്രഖ്യാപിക്കപ്പെടാത്തതോ ആയ ഒരു കൂട്ടം പ്രവൃത്തികളാണ്.

100 ടണ്‍ ഖനിജങ്ങള്‍ (minerals) ഖനനം ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നികുതി കൊടുക്കുന്നത് കുറയ്ക്കാന്‍ വേണ്ടി 80 ടണ്‍ മാത്രമേ ഖനനം ചെയ്തുള്ളൂവെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, അപ്പോള്‍ അവിടെ 'കള്ളപ്പണം' സൃഷ്ടിക്കപ്പെടുന്നു. അതേപോലെ തന്നെ, 100 ഡോളറിന്റെ കയറ്റുമതി ചെയ്യുകയും 80 ഡോളറിന്റേതായി പ്രഖ്യാപിക്കുകയുമാണെങ്കില്‍ അവശേഷിക്കുന്ന 20 ഡോളര്‍ നിയമവിരുദ്ധമായി വിദേശത്ത്, സ്വിസ് ബാങ്കുകളില്‍, നിക്ഷേപിക്കപ്പെടുന്നു; അപ്പോള്‍ അവിടെ ''കള്ളപ്പണം'' സൃഷ്ടിക്കപ്പെട്ടതായി പറയാം. അഥവാ ഹവാലാ മാര്‍ഗത്തിലൂടെ രൂപ വിദേശനാണയമായി മാറ്റപ്പെടുകയും അത് വിദേശത്ത് നിക്ഷേപിക്കുകയും ചെയ്യുമ്പോഴും 'കള്ളപ്പണം' സൃഷ്ടിക്കപ്പെടുന്നു. ചുരുക്കത്തില്‍, അപ്രഖ്യാപിതമായ ഒരു കൂട്ടം പ്രവൃത്തികളെയാണ് 'കള്ളപ്പണം' സൂചിപ്പിക്കുന്നത്.

അങ്ങനെ 'കള്ളപ്പണം' എന്നാല്‍ സംഭരിച്ചുവെച്ചിട്ടുള്ള പണത്തെയല്ല ഒരു പ്രവാഹത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് സിദ്ധിക്കുന്നു. 'കള്ളപ്രവൃത്തികള്‍' (Black activities), 'നല്ല പ്രവൃത്തി'കളെ (White activities) പോലെ തന്നെ അവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നവയാണ്; വെറുതെ പണം പൂഴ്ത്തിവെയ്ക്കുന്നത് ലാഭമൊന്നും ഉണ്ടാക്കില്ല. ബിസിനസ്സ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍ക്‌സ് പറഞ്ഞത് 'കള്ളക്കച്ചവടങ്ങള്‍'ക്കും കൂടി ബാധകമാണ്  അതായത് ലാഭം ഉണ്ടാക്കുന്നത് പണം പൂഴ്ത്തിവെച്ചുകൊണ്ടല്ല. മറിച്ച് അത് സര്‍ക്കുലേറ്റു ചെയ്തുകൊണ്ടാണ്; 'പിശുക്കന്മാര്‍' പണം പൂഴ്ത്തിവയ്ക്കുമ്പോള്‍ മുതലാളിമാര്‍ അത് സര്‍ക്കുലേറ്റ് ചെയ്യുന്നു. 'കള്ളപ്രവൃത്തികളി'ല്‍ ഏര്‍പ്പെടുന്നവര്‍ പിശുക്കന്മാരല്ല, മുതലാളിമാരാണ്.

നിശ്ചയമായും, ഏതു ബിസിനസ്സിലും പണം കുറച്ചു കാലത്തേക്കോ ദീര്‍ഘകാലത്തേക്കോ കൈവശം വെക്കാറുമുണ്ട്; എന്നാല്‍ ഇത് 'കള്ളപ്രവൃത്തികള്‍'ക്കെന്നപോലെ 'നല്ലപ്രവൃത്തികള്‍'ക്കും ബാധകമാണ്. ആ നിലയില്‍, 'കള്ളപ്പണം' കൈവശംവെക്കുന്നതാണെന്നും 'വെള്ളപ്പണം' (White Money) സര്‍ക്കുലേഷനിലുള്ളതാണെന്നുമുള്ള ധാരണ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. എല്ലാ പണവും അത് കൈവശം വെക്കുന്ന ഇടവേളകളില്‍ ഒഴികെ, കള്ളപ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും 'നല്ലപ്രവൃത്തികളി'ല്‍ ഏര്‍പ്പെടുമ്പോഴും സര്‍ക്കുലേഷനിലായിരിക്കും. ആയതിനാല്‍ 'കള്ളപ്പണം' പുറത്തുകൊണ്ടുവരുന്നതിന്റെ അന്തസ്സത്ത കിടക്കുന്നത് 'കള്ളപ്രവൃത്തികളെ' കണ്ടെത്തുന്നതിലാണ്. അതല്ലാതെ സ്വാഭാവികമായി പണം കൈവശംവെക്കുന്നതിനെ ആക്രമിക്കുന്നതിലല്ല. ഇതിനാകട്ടെ, സത്യസന്ധവും കൃത്യതയോടെയുള്ളതും കഠിനാധ്വാനത്തോടുകൂടിയതുമായ അന്വേഷണമാണാവശ്യം.

'കള്ളപ്പണം' പുറത്തുകൊണ്ടുവരുന്നതിന്റെ അന്തസ്സത്ത കിടക്കുന്നത് 'കള്ളപ്രവൃത്തികളെ' കണ്ടെത്തുന്നതിലാണ്.

വിദേശത്തെ കള്ളപ്പണം
കമ്പ്യൂട്ടറുകള്‍ വരുന്നതിനും വളരെ മുന്‍പുതന്നെ, ബ്രിട്ടീഷ് ഇന്റേണല്‍ റവന്യൂ സര്‍വീസ് കഠിനാധ്വാനം ചെയ്തും സൂക്ഷ്മതയോടെയും നടത്തുന്ന ഒരു അന്വേഷണ പ്രക്രിയയിലൂടെ ഏതു നികുതി വെട്ടിപ്പുകാരനെയും പിടികൂടുമെന്ന സല്‍പ്പേര് സമ്പാദിച്ചിരുന്നു. ശരിയാണ്, ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിട്ടന്‍ ഒരു ചെറിയ രാജ്യമാണ്; അതിനര്‍ഥം നികുതി പിരിവിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച്, കൂടുതല്‍ ഉണ്ടായിരിക്കണമെന്നു മാത്രമാണ്; ഇങ്ങനെയാണെങ്കില്‍ കള്ളപ്പണം കണ്ടെത്തുന്നതിന് ചുരുങ്ങിയപക്ഷം ആഭ്യന്തര സമ്പദ്ഘടനയിലെങ്കിലും, ക്ഷമയോടുകൂടിയതും ഫലപ്രദവുമായ നികുതി പിരിവ് സംവിധാനത്തിനു രൂപം നല്‍കിയാല്‍ മാത്രം മതി.

എന്നാല്‍ 'കള്ളപ്രവൃത്തി'കളുടെ ഗണ്യമായൊരു ഭാഗം വിദേശത്തു സ്ഥിതി ചെയ്യുന്ന ബാങ്കുകളിലൂടെയാണ് നടപ്പാക്കപ്പെടുന്നത്; ഇതാണ് കള്ളപ്പണത്തില്‍ വലിയൊരു ഭാഗം വരുന്നത്. നരേന്ദ്രമോദി തന്നെ, അദ്ദേഹം അധികാരത്തില്‍ വരുന്നതിനുമുന്‍പ് പറഞ്ഞിരുന്നത് വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയിട്ടുള്ള 'കള്ളപ്പണം തിരികെ കൊണ്ടു വരു'ന്നതിനെക്കുറിച്ചാണ്; ഇതിലൂടെ സൂചിപ്പിക്കപ്പെട്ടത് കള്ളപ്പണത്തിന്റെ വലിയൊരു ഭാഗവും വിദേശത്താണെന്നാണ്. പക്ഷേ, അപ്പോഴും കള്ളപ്പണം എന്നാല്‍ ഒട്ടേറെ നടപടികളുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നതിലുപരി പൂഴ്ത്തിവെയ്ക്കപ്പെട്ട പണത്തെയാണ് സൂചിപ്പിക്കുന്നത് എന്ന അതിലളിത ധാരണയാണ് മോദി തന്റെ പ്രസ്താവനയില്‍ പ്രകടിപ്പിച്ചത്. 'കള്ളപ്രവൃത്തികള്‍'ക്ക് പണം എത്തിക്കുന്ന പ്രധാന സ്രോതസ്സ് വിദേശ ബാങ്കുകളാണെന്നിരിക്കെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളുടെ മൂല്യം ഇല്ലാതാക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് കുറെയേറെ ബുദ്ധിമുട്ടുണ്ടാക്കാമെന്നല്ലാതെ ഇത്തരം 'കള്ളപ്രവൃത്തികള്‍'തടയാന്‍പര്യാപ്തമല്ല.

സാധാരണക്കാരായ ആളുകള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതു പോയിട്ട് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുപോലും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അല്‍പവും അറിവില്ലാത്തവരാണ് ഇത്തരം ആശയങ്ങള്‍ അവതരിപ്പിക്കുന്നത്.

മൊറാര്‍ജിയും മോദിയും
ഇന്ത്യയില്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ കറന്‍സി നോട്ടുകളുടെ മൂല്യമില്ലാതാക്കല്‍ നടക്കുന്നത്. 1946 ജനുവരിയില്‍ 1000 രൂപയുടെയും 10,000 രൂപയുടെയും നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയിരുന്നു; 1978ല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റ് ജനുവരി 16ന് അര്‍ധരാത്രി മുതല്‍ 1000 രൂപയുടെയും 5000 രൂപയുടെയും 10000 രൂപയുടെയും നോട്ടുകളുടെ മൂല്യം ഇല്ലാതാക്കി. എന്നാല്‍ 1946ല്‍ എന്നല്ല, 1978ല്‍ പോലും ഈ നടപടിമൂലം സാധാരണജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ക്കൊന്നും അത് ഇടയാക്കിയില്ല. കാരണം ഭൂരിപക്ഷം ജനങ്ങളും അത്തരത്തിലൊരു നോട്ട് സ്വന്തമായി ഉള്ളവരായിരുന്നില്ല എന്നു മാത്രമല്ല, അവര്‍ അത്തരത്തിലൊന്ന് കണ്ടിട്ടുപോലും ഉണ്ടായിരുന്നില്ല. (1978ല്‍ പോലും 1000 രൂപ ഒരു വലിയ തുക തന്നെയായിരുന്നു; 1000 രൂപയുടെ നോട്ട് സാധാരണജനങ്ങള്‍ക്ക് കാണാന്‍പോലും കഴിയുമായിരുന്നില്ല). എന്നാല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റിന്റെ ആ നീക്കം, അത് സാധാരണ ജനങ്ങളെ ബാധിച്ചിരുന്നില്ലെങ്കില്‍പ്പോലും, 'കള്ളപ്പണ'ത്തിന്റെ തള്ളിച്ചയെ അവസാനിപ്പിച്ചതുമില്ല. മോദി ഗവണ്‍മെന്റിന്റെ നീക്കമാകട്ടെ, 'കള്ളപ്പണ'ത്തെ നേരിടുന്നതിന് ഫലപ്രദമല്ലഎന്നതുപോലെ തന്നെ സാധാരണ ജനങ്ങള്‍ക്കുമേല്‍ അത് കടുത്ത ദുരിതം അടിച്ചേല്‍പിക്കുന്നതുമാണ്.

500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളുടെ മൂല്യമില്ലാതാക്കല്‍ 'കള്ളപ്പണ'ത്തെ ഫലപ്രദമായി ചെറുത്താലും ഇല്ലെങ്കിലും പണം ഉപയോഗിച്ചുള്ള സമ്പദ്ഘടനയില്‍നിന്ന് അകന്നുപോകാനുള്ള ഒരു ദീര്‍ഘകാല നീക്കത്തെ പ്രതിനിധാനം ചെയ്യുന്നതായി ചിലര്‍ വാദിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെയുള്ള പണമിടപാട് കൂടാതെയുള്ള കണക്കില്‍പെടാത്ത ഇടപാടുകള്‍ തടയാന്‍ കഴിയുന്ന നടപടിയാണിതെന്നാണ് ഇത്തരക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വിദേശബാങ്കുകളിലൂടെ പണമിടപാട് നടത്തുന്ന 'കള്ളപ്രവൃത്തികള്‍' അപ്പോഴും കണ്ടെത്താനാകാതെ പണരഹിത ഇന്ത്യയില്‍നിന്നും രക്ഷപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. പണരഹിത ഇന്ത്യ എന്ന ആശയം തന്നെ പ്രമാണിവര്‍ഗത്തില്‍പെട്ടവരുടെ നടക്കാത്ത സ്വപ്‌നമാണ്. സാധാരണക്കാരായ ആളുകള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതു പോയിട്ട് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുപോലും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അല്‍പവും അറിവില്ലാത്തവരാണ് ഇത്തരം ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. (ജനങ്ങളെയാകെ ബാങ്കിങ് സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള മോദിയുടെ പൊള്ളയായ വാചകക്കസര്‍ത്തുകള്‍ നടക്കുമ്പോഴും സാധാരണ ജനങ്ങളില്‍ ഏറെപ്പേര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലെന്നതാണ് സത്യം). പണരഹിത സമ്പദ്ഘടനയിലേക്കുള്ള നീക്കവും (അത് യാഥാര്‍ഥ്യമാകില്ലെങ്കിലും) സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിയാനുള്ള മറ്റൊരു ഉപാധിയായി മാറുകയേയുള്ളൂ.

ജനങ്ങള്‍ക്കുമേല്‍ അപ്രഖ്യാപിത 'അടിയന്തിരാവസ്ഥ' അടിച്ചേല്‍പിച്ചിരിക്കുകയാണ് ഈ ഗവണ്‍മെന്റ്. ബുദ്ധികെട്ട ഒന്നെന്നതുപോലെ തന്നെ അത് ജനങ്ങള്‍ക്കെതിരുമാണ്. 

ഭീകരതയും കള്ളപ്പണവും
എന്നാല്‍, ഇത്തരത്തില്‍ നാണയത്തിന്റെ മൂല്യമില്ലാതാക്കല്‍ 'അതിര്‍ത്തിക്കപ്പുറത്തുനിന്ന' അച്ചടിച്ചെത്തുന്ന കള്ളനോട്ടുകളുടെ വിതരണം തടഞ്ഞുകൊണ്ട് ഭീകരതക്കെതിരായ നടപടിയായി മാറും എന്ന വാദഗതിയുടെ കാര്യമോ? ഈ വാദഗതിയുടെ അടിസ്ഥാനം പുതിയ നിയമാനുസൃതനാണയം അച്ചടിക്കാന്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യയുടെ വ്യാജപതിപ്പ് ഇറക്കാനുള്ള സാധ്യത ഇല്ലാതാക്കും എന്ന സങ്കല്‍പനമാണ്. ആ സങ്കല്‍പനത്തെ നമുക്ക് അംഗീകരിച്ചുകൊടുക്കാം. അങ്ങനെയാണെങ്കില്‍പോലും വ്യാജനുണ്ടാക്കാന്‍ കഴിയാത്ത ഇത്തരത്തിലുള്ള പുതിയ നിയമാനുസൃത നോട്ടുകള്‍, നിലവിലുള്ള നിയമാനുസൃത നോട്ടുകള്‍ ഇല്ലാതാക്കിക്കൊണ്ട് അവതരിപ്പിക്കുന്നത് ക്രമേണയും ഒപ്പം തന്നെ ജാഗ്രതയോടെയും ചെയ്യേണ്ട കാര്യമാണ്; പഴയ നോട്ടിനുപകരം പുതിയ നോട്ടു അവതരിപ്പിക്കുന്നത് പതിവ് നടപടിപോലെ ആയിരിക്കണം ചെയ്യേണ്ടിയിരുന്നത്.

നവംബര്‍ 8നു രാത്രി കള്ളനോട്ടുകളുടെ ഒരു മഹാപ്രവാഹത്തെ ഗവണ്‍മെന്റ് പ്രതീക്ഷിച്ചിരുന്നോ? നവംബര്‍ 8നു രാത്രി പെട്ടെന്ന് ജനങ്ങളുടെ സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും നേരെ അവിശ്വസനീയവും ഭീകരവുമായ ആക്രമണമഴിച്ചുവിട്ടത് എന്തുകൊണ്ടാണ്?മോദി ഗവണ്‍മെന്റ് ചെയ്തത് ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നടപടിയാണ്. കൊളോണിയല്‍ ഗവണ്‍മെന്റുപോലും, ജനങ്ങള്‍ പൊതുവില്‍ ഉപയോഗിക്കുന്ന നോട്ടുകള്‍ ഒഴിവാക്കി, അതിസമ്പന്നര്‍മാത്രം കൈവശം വെക്കുന്ന നോട്ടുകളുടെ മാത്രം മൂല്യം ഇല്ലാതാക്കികൊണ്ട്, മോദി ഗവണ്‍മെന്റ് ചെയ്തതിനെക്കാള്‍ ജനങ്ങളുടെ സൗകര്യം കൂടുതല്‍ പരിഗണിക്കുകയാണുണ്ടായത്. എന്നാല്‍ ഈ 'അടിയന്തിര നടപടി' മോദി ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പാക്കി വരുന്ന മറ്റൊട്ടേറെ നടപടികള്‍ക്കനുസൃതമായ ഒന്നാണ്. ജനങ്ങള്‍ക്കുമേല്‍ അപ്രഖ്യാപിത 'അടിയന്തിരാവസ്ഥ' അടിച്ചേല്‍പിച്ചിരിക്കുകയാണ് ഈ ഗവണ്‍മെന്റ്. ബുദ്ധികെട്ട ഒന്നെന്നതുപോലെ തന്നെ അത് ജനങ്ങള്‍ക്കെതിരുമാണ്. 

(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച കള്ളപ്പണവേട്ട: കള്ളവും പണവും എന്ന പുസ്തകത്തില്‍ നിന്ന്. എഡിറ്റര്‍: എ.കെ രമേശ്)

click me!