
മരണം മുന്നിൽ അപ്രതീക്ഷിതമായി വന്നു നിൽക്കുമ്പോൾ ശരീരം മുഴുവൻ കുത്തിയൊഴുക്കുന്ന പ്രളയത്തിലും അസാമാന്യമായി എവിടെ നിന്നോ വന്ന ധൈര്യത്തോടെ കാലുകൾ നാലു ജീവനെ നേടിയെടുത്തു. നഷ്ടമായതോർത്ത് പൊട്ടിക്കരയാൻ ശ്രമിക്കാത്തത്ര, കൺമുന്നിൽ പ്രാണന് നിലവിളിക്കുന്നവരെ കണ്ട് തളരാൻ തോന്നാത്തത്ര, കണ്ണിൽ കണ്ട ജീവനൊക്കെയും ഒരു കൈത്താങ്ങാകാൻ പറ്റുന്നത്ര, ആത്മവിശ്വാസം നേടിയെടുത്തു. മനക്കരുത്ത് നേടിയെടുത്തു.
എന്തൊക്കെ നഷ്ടമായി എന്നു ചോദിച്ചാൽ?
എത്ര കണ്ടിട്ടും മതി വരാത്ത എന്‍റെ ഗ്രാമത്തിന്‍റെ ഭംഗിയും, ബാല്യവും നഷ്ടമായി! പ്രാണനായി നെഞ്ചിൽ ചേർന്നു കിടന്ന മിണ്ടാപ്രാണി പനി പിടിച്ച് വിറച്ച് മരിച്ചു. ഓർമ്മ വെച്ച നാൾ മുതൽ ആത്മാവിന്‍റെ ഭാഗമായ ചെറിയൊരു വീടും, അതിലെ പ്രിയപ്പെട്ട എന്‍റെ സകല ലോകങ്ങളും പിന്നിൽ പാതി ചത്തു. കൺമുന്നിൽ നാട്ടിലെ പല വീടുകളും പൂർണമായും നശിക്കുന്നത് കണ്ടു.
എണ്ണിയാൽ തീരാത്ത എന്‍റെ പുസ്തകങ്ങളും, എഴുതാൻ പഠിച്ച നാൾ മുതലുള്ള ഓർമ്മക്കുറിപ്പുകൾ പേറിയ ഡയറികളും, മരിക്കും വരെ സൂക്ഷിക്കാം എന്ന് വാക്കു പറഞ്ഞ സമ്മാനപ്പൊതികളും, ഇത്രയേറെ വർഷങ്ങളുടെ സമ്പാദ്യമായ ട്രോഫികളും, പാരിതോഷികങ്ങളും നഷ്ടമായി. അളന്നും, കുറിച്ചും, കണക്കെടുത്തും, അഹങ്കരിച്ചും, ആനന്ദിച്ചും, എന്തൊക്കെ സൂക്ഷിച്ചു വെച്ചിരുന്നോ അതെല്ലാം നഷ്ടമായി!
എന്തൊക്കെ നേടി എന്നു ചോദിച്ചാൽ?
മരണം മുന്നിൽ അപ്രതീക്ഷിതമായി വന്നു നിൽക്കുമ്പോൾ ശരീരം മുഴുവൻ കുത്തിയൊഴുക്കുന്ന പ്രളയത്തിലും അസാമാന്യമായി എവിടെ നിന്നോ വന്ന ധൈര്യത്തോടെ കാലുകൾ നാലു ജീവനെ നേടിയെടുത്തു. നഷ്ടമായതോർത്ത് പൊട്ടിക്കരയാൻ ശ്രമിക്കാത്തത്ര, കൺമുന്നിൽ പ്രാണന് നിലവിളിക്കുന്നവരെ കണ്ട് തളരാൻ തോന്നാത്തത്ര, കണ്ണിൽ കണ്ട ജീവനൊക്കെയും ഒരു കൈത്താങ്ങാകാൻ പറ്റുന്നത്ര, ആത്മവിശ്വാസം നേടിയെടുത്തു. മനക്കരുത്ത് നേടിയെടുത്തു.
എന്ത് ചെയ്തു എന്നു ചോദിച്ചാൽ?
ഉള്ളം കയ്യിൽ ഒന്നുമില്ലാതെ ഒരായുസ്സിൽ നന്മ കൊണ്ട് എന്തെല്ലാം ചെയ്യാമോ, കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് പറ്റാവുന്നത് പോലെ ഹൃദയം കൊണ്ട് എന്തൊക്കെയോ ചെയ്തു.
എന്തെല്ലാം ഉറക്കെ വിളിച്ചു പറയാനുണ്ട് എന്ന് ചോദിച്ചാൽ?
നമ്മൾ നമ്മളാണ് എന്നാണ്. നമുക്ക് മുമ്പിലും നമുക്ക് ശേഷവും പ്രളയം തന്നെയാണ് എന്നാണ്. നമ്മുടെ പരസ്പരമുള്ള പ്രണയത്തിൽ, പതറാത്ത പ്രളയമിന്നില്ലയെന്നാണ്. ഇത് കേരളമാണെന്നാണ്. നമ്മൾ കേരളീയരാണെന്നാണ്. നെഞ്ചിൽ കാരുണ്യമാണെന്നാണ്. കൈകൾക്ക് കാരിരുമ്പിന്‍റെ കരുത്തുണ്ടെന്നാണ്. കരളിൽ കടലോളം സ്നേഹമുണ്ടെന്നാണ്. ഇത് കേരളമാണെന്ന് തന്നെയാണ്.
ആരോടൊക്കെ നന്ദി പറയണമെന്ന് ചോദിച്ചാൽ?
അണപ്പൊട്ടിയൊഴുകിയ ഈ മനുഷ്യരുടെ നന്മ പ്രവാഹത്തിന് മുന്നിൽ ഭ്രമിച്ച് മരിച്ചു പോയ പ്രളയത്തോട് തന്നെ. പാഴാണെന്ന് പറഞ്ഞ് ഇന്നലെവരെ പഴിച്ച പുതു തലമുറയോട്. പതിരാണെന്ന് പറഞ്ഞ് മാറ്റി നിർത്തിയ പുതുയുഗത്തോട് അതിന്‍റെ അപരിമിതമായ സാധ്യതകളോട്. പറന്നെത്തി ജീവനെ പൊതിഞ്ഞു കൊണ്ടുപോയ നമ്മുടെ ധീര സൈനികരോട്, പല നിറത്തിലുള്ള പല അധികാര ചിഹ്നങ്ങളുള്ള പച്ച മനുഷ്യരായി മാറിയ സകല യൂണിഫോമുകളോട്.
മിന്നൽ പിളരു പോലെ സന്ദേശങ്ങൾ പാഞ്ഞു തൊടുത്തു വിട്ട മാധ്യമങ്ങളോട്, സോഷ്യൽ മീഡിയകളോട്, ജീവൻ കയ്യിൽ പിടിച്ച് പൊരുതി പടവെട്ടിയ കടലിന്‍റെ കാതലുകളോട്, എന്തെന്നില്ലാത്ത വീറു തന്ന വീര്യം തന്ന അവരുടെ അടിപതറാത്ത കൈത്തഴമ്പുകളോട്, കരളുറപ്പിനോട്, ഹൃദയം കൊണ്ട് ഹൃദയത്തിന് കാവലിരുന്ന നമ്മുടെ കൊച്ചു കേരളത്തിലെ വലിയ മനുഷ്യരോട്... പുഴ പോലെ ഇങ്ങോട്ട് പാഞ്ഞൊഴുകിയ പ്രവാസ പൊതികളോട്. ആശങ്കയോടെ, കരുതലോടെ, പത്തരമാറ്റ് സ്നേഹത്തോടെ വിളി കൊണ്ടും, വാക്കു കൊണ്ടും, പ്രവൃത്തി കൊണ്ടും കൂടെയുണ്ടായ എന്‍റെ സ്വന്തം മനുഷ്യർക്ക്.
കെടാനിനി ഒരിക്കലും സാധിക്കാത്തൊരു കനലിനെ ആളിക്കത്തിച്ച പ്രിയ നേതാവിന്... രാഷ്ട്രീയം പറയാത്ത മതം കാട്ടാത്ത ജാതി കലർത്താത്ത മനുഷ്യത്വം ഉള്ളൊരു നാടിനെ ജലത്തിലുരുക്കി തന്ന അദൃശ്യമായ എന്തിനൊക്കെയോ. ഇത്രയൊക്കെ പ്രതിരോധിക്കാമെങ്കിൽ നമ്മളിനിയും തീർച്ചയായും അതിജീവിക്കും. ഒന്നിൽ നിന്നും തുടങ്ങാം ഒന്നിച്ച് ഒറ്റക്കെട്ടായി തുടരാം.