
കാരക്കാസ്: മാന്ദ്യത്തിന്‍റെ പിടിയിലമര്‍ന്ന വെനസ്വേല വിടേണ്ടി വന്നത് ലക്ഷക്കണക്കിനാളുകള്‍ക്കാണ്. എത്ര ജോലി ചെയ്താലും, ഭക്ഷണത്തിനോ, മരുന്നിനോ പണമില്ലാത്ത അവസ്ഥ. പലര്‍ക്കും അവരുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടി വന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2014നും 2018 ജൂണിനുമിടയില്‍ 2.3 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് വെനിസുല വിട്ട് പോകേണ്ടി വന്നത്. ആയിരങ്ങളിപ്പോഴും രാജ്യം വിട്ടുകൊണ്ടിരിക്കുന്നു.
പല കുടുംബങ്ങളേയും ഇത് ബാധിച്ചു. 'കാരിത്താസ് ഇന്‍റര്‍നാഷണലി'ന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 'ഡെവലപ്മെന്‍റ് ചാരിറ്റി കഫോഡ്' അതില്‍ ചിലരോട് സംസാരിച്ചു. അവര്‍ക്ക് പലര്‍ക്കും പറയാനുണ്ടായിരുന്നത് വേര്‍പിരിയലിന്‍റെ വേദനകളെ കുറിച്ചാണ്.
മരിയ തെരേസ ജിമന്‍സ് (85)
തയ്യല്‍ക്കാരിയായിരുന്നു മരിയ തെരേസ. ഒമ്പത് മക്കളായിരുന്നു. അഞ്ച് മക്കള്‍ക്കും, ഒമ്പത് പേരക്കുട്ടികള്‍ക്കും വെനസ്വേല വിട്ടുപോകേണ്ടി വന്നു.
''ഞാന്‍ തയ്യല്‍ക്കാരിയായി 38 വര്‍ഷം ജോലി ചെയ്തു. ഞങ്ങള്‍ നന്നായി ജീവിക്കുകയായിരുന്നു. എന്‍റെ മക്കള്‍ ഒന്നിനായും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍, ഞങ്ങള്‍ക്ക് മരുന്നു വാങ്ങാന്‍ പോലും കാശില്ല.'' കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വെനസ്വേലയെ ബാധിച്ചിരിക്കുന്ന ക്ഷാമത്തെ കുറിച്ച് മരിയ തെരേസ പറയുന്നു.
''എന്‍റെ മക്കളിപ്പോള്‍ എന്‍റെ കൂടെയില്ല. പക്ഷെ, ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാനാകുന്ന ഒരിടത്താണല്ലോ അവരുള്ളത്. ഞാനൊരു ഇരുപത് വര്‍ഷം മുമ്പുള്ള ചെറുപ്പക്കാരിയായിരുന്നെങ്കില്‍ ഞാനും അവരുടെ കൂടെ പോയേനെ.''
മാഗ്ലി ഹെന്‍ റിക്സ് (58)
മാഗ്ലി അഞ്ചുപേരുടെ അമ്മയാണ്. ഇളയ മക്കളായ സ്പെഷല്‍ സ്കൂള്‍ അധ്യാപിക മരിയ യുജേനിയ, ബിസിനസുകാരനായ ജൂനിയര്‍ എന്നിവര്‍ക്കാണ് വെനസ്വേലയില്‍ നിന്ന് പോകേണ്ടി വന്നത്. അത് തന്നെ എപ്പോഴും വേദനിപ്പിക്കുന്നുവെന്ന് മാഗ്ലി പറയുന്നു.
''എന്‍റെ മകന് ഒരുപാട് സ്വപ്നമുണ്ടായിരുന്നു. അവന്‍ പെയിന്‍റ് വില്‍പനയുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു. വില കൂടിയതോടെ അത് നിര്‍ത്തേണ്ടി വന്നു. മകള്‍ രണ്ട് ജോലി നോക്കി. എന്നിട്ടും ജീവിക്കാനുള്ളതുപോലും കിട്ടിയില്ല. വെനസ്വേലിലെ പല അധ്യാപികമാര്‍ക്കും നാട് വിട്ട് പോകേണ്ടി വന്നു. മകന്‍ ഇപ്പോള്‍ പെറുവില്‍ കായിക പരിശീലകനായും. മരിയ വീട്ടുജോലിക്കാരിയായും ജോലി ചെയ്യുന്നു. നേരത്തെ നമ്മളിങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലായിരുന്നു. പണത്തിന്‍റെ ബുദ്ധിമുട്ടുകളില്ലായിരുന്നു. ആവശ്യമുള്ളത് വാങ്ങാമായിരുന്നു. ഇന്ന് പക്ഷെ...'' മാഗ്ലി പറയുന്നു.
മാരിബല്‍ പെരസ് (62)
പെരസാണ് പേരമക്കളായ നൈല്‍ (12), നയ്ബെറില്‍ (7), നൈരെ (13) എന്നിവരെ നോക്കുന്നത്. അവരുടെ അമ്മ കൊളമ്പിയയില്‍ ജോലിക്കായി പോയതാണ്.
''ഇവിടെത്തന്നെ ഒരുപാട് ജോലിക്കായി ശ്രമിച്ചിരുന്നു കിട്ടിയില്ല. ഇവിടെ നിന്നാല്‍ ഇവരെ നോക്കാനുള്ളതുപോലും കിട്ടില്ല. ഈ പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവരുടെ അമ്മ അടുത്തില്ലാത്തതിന്‍റെ വേദനയുണ്ട്. അവരുടെ പിറന്നാളുകള്‍ വരും മറ്റ് ആഘോഷങ്ങള്‍ വരും. അതിലൊന്നും അവളുണ്ടാകില്ല. ഇവിടെ നിന്നാല്‍ ആകെ കിട്ടുന്ന സാലറി കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനേ ഉണ്ടാകൂ. ''
ഇതുപോലെ ആയിരങ്ങളാണ് മക്കളെ, അമ്മയെ, അച്ഛനെ ഒക്കെ പിരിഞ്ഞു ജീവിക്കുന്നത്.