Latest Videos

വീട്ടിലെ വയലാര്‍!

By Rathnakaran mangadFirst Published Oct 26, 2019, 4:16 PM IST
Highlights

വയലാര്‍ രാമവര്‍മ്മയുടെ അപൂര്‍വ്വചിത്രങ്ങള്‍ പിറന്ന കഥ.  പുനലൂര്‍ രാജന്റെ ഫോട്ടോ കോളം. ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്: മാങ്ങാട് രത്നാകരന്‍

മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മ യാത്രയായിട്ട് നാളെ 44 വര്‍ഷം തികയുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ ഫോട്ടോ കോളത്തില്‍ ഈയാഴ്ച വയലാറാണ്. വയലാറുമൊത്തുള്ള അപൂര്‍വ്വ നിമിഷങ്ങളുടെ ചിത്രങ്ങള്‍. 

 

ആ ദിവസം പുനലൂര്‍ രാജന്‍ വ്യക്തമായി ഓര്‍ക്കുന്നു. 1972 സെപ്തംബര്‍ 24. തിരുവോണത്തിന്റെ പിറ്റേനാള്‍. തിരുവോണ നാളിന്റെ ഓര്‍മ്മയല്ല. തലേന്നാള്‍ തിരുവോണ രാത്രിയിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്വല നേതാവ് അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊലക്കത്തിക്ക് ഇരയായത്. തുടര്‍ന്ന് കേരളമാകെ ബന്ദും അക്രമവും. തകഴിയുടെ ഏണിപ്പടികള്‍ തോപ്പില്‍ ഭാസി സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്നേ കമ്യൂണിസ്റ്റ് സഹയാത്രികനായ പുനലൂര്‍ രാജന്‍ ആലപ്പുഴയില്‍ എത്തിയത്.

ഉദയാ സ്റ്റുഡിയോയുടെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. കോഴിക്കോട്ടേക്ക് അന്ന് പോകാതിരിക്കുകയാണ് നല്ലത് എന്നു വിചാരിച്ച് ഗസ്റ്റ് ഹൗസില്‍ത്തന്നെ തങ്ങി. അപ്പോഴാണ് ഉച്ചയോട് അടുക്കുന്ന നേരത്ത് ഒരാള്‍ ഓടിക്കിതച്ചുവരുന്നത്. വയലാര്‍ രാമവര്‍മ്മ. ''എവിടെടാ പുനലൂര്‍ രാജന്‍'' എന്ന് ചോദിച്ച്. 

 

വയലാര്‍ രാമവര്‍മ്മ

 

അവര്‍ മുമ്പേ പരിചിതര്‍. പുനലൂര്‍ രാജനെ വയലാര്‍ വീട്ടിലേക്ക് കൂട്ടി. വയലാറിന്റെ അമ്മ അംബാലിക തമ്പുരാട്ടി ഒരു കസവുമുണ്ട് ഓണസമ്മാനമായി നല്‍കി. ഭാര്യ ഭാരതി തമ്പുരാട്ടി ഓണസ്സദ്യ ഒരുക്കി. 

 

വയലാറും  അമ്മ അംബാലിക തമ്പുരാട്ടിയും, ഭാര്യ ഭാരതി തമ്പുരാട്ടിയും

 

അന്ന് പുനലൂര്‍ രാജന്‍ കുറേയേറെ ഫോട്ടോകള്‍ എടുത്തു. വയലാര്‍, അമ്മ, ഭാര്യ, പെണ്‍മക്കളായ ഇന്ദുലേഖ, യമുന, സിന്ധു, മകന്‍ ശരത് ചന്ദ്രന്‍-ഒരുമിച്ചും അല്ലാതെയും. വയലാര്‍ തനിച്ച്, വയലാറും അമ്മയും ഭാര്യയും. അങ്ങനെ. അതില്‍ ഒരു ഫോട്ടോയാണ് കൂടെ. 

 

വയലാര്‍, പെണ്‍മക്കളായ ഇന്ദുലേഖ, യമുന, സിന്ധു

 

വയലാറും  അമ്മ അംബാലിക തമ്പുരാട്ടിയും, ഭാര്യ ഭാരതി തമ്പുരാട്ടിയും

 

വയലാറിന്റെ അമ്മ അംബാലിക തമ്പുരാട്ടിയും വയലാറിന്റെ മകനും ഇന്നത്തെ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയും

 

വയലാറിന്റെ മകനും ഇന്നത്തെ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ

 

വയലാറിന്റെ ഫോട്ടോകള്‍ അത്ര വിരളമല്ലെങ്കിലും അധികമില്ല. ഏറെയും പിന്നണി ഗാനരംഗങ്ങളുമായി ബന്ധപ്പെട്ടവ. പക്ഷേ, പുനലൂര്‍ രാജന്റെ വയലാര്‍ ഫോട്ടോഗ്രാഫുകള്‍, ഒരു ഫോട്ടോഗ്രാഫര്‍ കവിയെ കാണുന്നതുപോലെ, കവിതയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുന്നതുപോലെ. 

 

..................................................................

അപ്പോള്‍ വയലാര്‍ പിന്നില്‍ നിന്ന് വന്നു രാജനെ കെട്ടിപ്പിടിച്ചു.

 

ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ രാജന് വയലാറിന്റെ അമ്മയോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ മോഹം. കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ പി.രാമസ്വാമിയെ ക്യാമറ ഏല്‍പിച്ചു. അപ്പോള്‍ വയലാര്‍ പിന്നില്‍ നിന്ന് വന്നു രാജനെ കെട്ടിപ്പിടിച്ചു.

വയലാറും തോപ്പില്‍ ഭാസിയും
 

 

പുനലൂര്‍ രാജന്റെ മറ്റ് ഫോട്ടോകള്‍

കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'

ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല!

മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!

click me!