ഈ സമരത്തില്‍, കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കാന്‍ കാരണങ്ങളുണ്ട്

By Web TeamFirst Published Sep 21, 2018, 6:27 PM IST
Highlights

പ്രസവിക്കാതെ അമ്മയായ എത്രയോ ബോർഡിങ് സിസ്റ്റേഴ്സിനെ ഓര്‍മ ഉറച്ച കാലം മുതൽ കണ്ടു വളർന്ന എന്നിക്കു തീർച്ചയായും ഇന്ന് അവരിൽ ചിലരെങ്കിലും തെരുവിലേക്കിറങ്ങുമ്പോൾ, ഈ രണ്ടാം തരക്കാരോടൊപ്പം  ഉറച്ചു നില്‍ക്കാതിരിക്കാൻ  കഴിയില്ല.

കന്യാസ്ത്രീസമരത്തിനെതിരെ മാത്രമല്ല, പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെയും അങ്ങേയറ്റം നീചമായ പ്രസ്താവനകൾ പുറപ്പെടുവിക്കാൻ ചിലർക്കെങ്കിലും മടിയില്ല എന്നത് കേരളജനത കാണുന്നുണ്ടാകും. വീണ്ടും സ്ത്രീവിരുദ്ധതയുടെ അപ്പോസ്തലനായ പിസിയുടെ ഒരു ഇന്‍റര്‍വ്യൂവിലെ  വാക്കുകൾ കടമെടുത്താൽ 'കന്യക അല്ലാത്തതിനാൽ അവർ കന്യാസ്ത്രിയല്ല ' എന്ന് ആണത്ത അഹങ്കാരത്തോടെ  ഇദ്ദേഹം ജല്‍പനം നടത്തുന്നത് കേൾക്കാം. കത്തോലിക്കാ സഭയുടെ പ്രതിനിധിയായാണ് ഇദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത് എന്ന് ആശ്വസിക്കാം എങ്കിലും, ഇങ്ങനെയൊരു ചിന്ത ചിലരുടെ എങ്കിലും മനസ്സിൽ വിതക്കുന്നതിൽ ഇദ്ദേഹം വിജയം കണ്ടിരിക്കണം. ഈ പ്രസ്താവനക്ക് മറുപടി  ജൂലൈ 2018 ഇൽ വത്തിക്കാൻ പുറപ്പെടുവിച്ച കുറിപ്പിൽ ഉണ്ടെന്നത് ആശ്വാസജനകമാണ്. 

കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് സൂചനകൾ ഉയരുമ്പോൾ, അവർ അതിക്രൂരമായി ആക്ഷേപിക്കപെടുമ്പോൾ ഓര്‍മ വരുന്നത് ചെറുപ്പകാലത്തെ എന്‍റെ ബോർഡിങ് ജീവിതം ആണ്. മൂന്നര വയസുകാരി ബോർഡിങ് സ്കൂളിന്‍റെ ചിട്ടകളിൽ എത്തിപ്പെടുമ്പോൾ, മറ്റൊരമ്മയായി ചേർത്ത് പിടിച്ചത് സിസ്റ്റർ മെർസിറ്റാമ്മ ആയിരുന്നു. അക്കാലത്തു നിരന്തരമായി ഉണ്ടാകുന്ന ടോൺസിലൈറ്റിസിന്‍റെ ഉപദ്രവം കാരണം പനിച്ചൂടിൽ തളർന്നുറങ്ങുന്ന എന്നെ അമ്മവാത്സല്യത്തോടെ ചേർത്ത് കിടത്തി ഉറക്കിയിട്ടുണ്ട്. അവർ കൊടുക്കുന്ന ധൈര്യത്തിൽ ആകണം എത്രയോ മാതാപിതാക്കൾ മക്കളെ ബോര്‍ഡിങ്ങിൽ ആക്കി സമാധാനത്തോടെ വിദേശത്തേക്ക് പറന്നിരിക്കുന്നത്. 

അവരിൽ പലരുടെയും ജീവിതം അടിയുറച്ച അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ തന്നെ ആയിരുന്നു. വളരെയധികം ചിട്ടകൾ പാലിച്ച്, സേവനത്തിന്‍റെ പാതയിൽ ജീവിതം നയിക്കുന്ന ഒരു സമൂഹം. വെളുപ്പിനെ അഞ്ചുമണിക്ക് തന്നെ ചാപ്പലിൽ നിന്ന് പ്രഭാത പ്രാർത്ഥനകൾ കേൾക്കാം, ഒരു മുടക്കവും വരാതെ കുർബാന കൂടി, ബോര്‍ഡിങ്ങിൽ ഉള്ള കുട്ടികളെ പരിപാലിച്ച്, അവർ അടങ്ങുന്ന സഭയെ സേവിച്ച് ഒതുങ്ങുന്ന ഒരു ജീവിതം. 

അവരുടെ ജീവിതത്തെ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍റെ ഉള്ളിൽ നിന്ന് വിശകലനം ചെയുക ആണെങ്കിൽ, ജീവിതം ക്രിസ്തുവിനു സമർപ്പിച്ച രണ്ടു ജെൻഡർ, പുരുഷനും, സ്ത്രീയും. പക്ഷെ, ഒരു പുരോഹിതന്‍റെ ഒപ്പം ഉള്ള സ്ഥാനമാനങ്ങൾ അതേ വഴി തിരഞ്ഞെടുത്ത കന്യാസ്ത്രീകൾക്കു ലഭിക്കുക ഇല്ല. എന്‍റെ അറിവിൽ അധികാരശ്രേണിയിൽ (institutional hierarchy) പുരോഹിതന്മാർ കഴിഞ്ഞുള്ള സ്ഥാനം മാത്രമേ കന്യാസ്ത്രീകൾക്കുള്ളൂ. സ്ത്രീ എന്ന ബയോളോജിക്കൽ   സെക്സിൽ  പിറന്നതിന്‍റെ ഒരു നിർഭാഗ്യം. നമ്മുടെ സമൂഹത്തിൽ കാണുന്ന ഏതൊരു ഇന്‍സ്റ്റിറ്റിയൂഷനിലും, അത് വിവാഹം ആകട്ടെ, പ്രസ്ഥാനങ്ങൾ ആകട്ടെ, സ്ത്രീയുടെ സ്ഥാനം മിക്കയിടത്തും രണ്ടാം തരം തന്നെ ആണ്.  

ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആണ് അതീവ നിർഭാഗ്യകരം

പ്രസവിക്കാതെ അമ്മയായ എത്രയോ ബോർഡിങ് സിസ്റ്റേഴ്സിനെ ഓര്‍മ ഉറച്ച കാലം മുതൽ കണ്ടു വളർന്ന എനിക്കു തീർച്ചയായും ഇന്ന് അവരിൽ ചിലരെങ്കിലും തെരുവിലേക്കിറങ്ങുമ്പോൾ, ഈ രണ്ടാം തരക്കാരോടൊപ്പം  ഉറച്ചു നില്‍ക്കാതിരിക്കാൻ  കഴിയില്ല. പ്രത്യേകിച്ചും അധികാരത്തിലിരിക്കുന്ന ചിലരെങ്കിലും കണ്ണടച്ച് ഇരക്കെതിരെ അപകീർത്തിപരമായ പ്രസ്താവന പുറപ്പെടുവിപ്പിക്കുമ്പോൾ ഒരു വിശകലനം അനിവാര്യമായി തീരുന്നു.

പൂർണമായും മുന്‍വിധിയില്ലാത്ത (unbiased) ഒരു വിശകലനം ഈ വിഷയത്തിൽ സാധ്യമാകുമോ എന്നുറപ്പില്ല. കാരണം, നമ്മുടെ ഓരോരുത്തരുടെയും അനുഭവങ്ങൾ നമ്മുടെ ലോകവീക്ഷണത്തെ സ്വാധ്വീനിക്കുമല്ലോ. ഉദാഹരണത്തിന്, പൂഞ്ഞാർ എംഎൽഎ യുടെ ചില പ്രസ്താവനകൾ (പീഡനത്തിനിരയായ കന്യാസ്ത്രീയെ കുറിച്ചും)  തികച്ചും സ്ത്രീവിരുദ്ധം ആണെന്ന് നാം മനസ്സിലാക്കുമ്പോൾ, ഇദ്ദേഹത്തിന്‍റെ ഒരു ഇന്‍റര്‍വ്യൂവിൽ ഇദ്ദേഹം തന്നെ, 'താൻ ഒരു സ്ത്രീ കാരണം അകാരണമായി (അദ്ദേഹത്തിന്റെ ഭാഷയിൽ )  കോടതി വരാന്ത കയറിയിറങ്ങേണ്ട അവസ്ഥ' വിവരിക്കുന്നുണ്ട്. ആ അനുഭവങ്ങൾ ചിലപ്പോൾ ഇങ്ങനെയൊരു നിലപാടിലേക്ക്, തീർത്തും അന്യായം ആണെന്നിരിക്കെ പോലും ഇദ്ദേഹത്തെ എത്തിച്ചിരിക്കാം.

ഒരിക്കലെങ്കിലും തന്‍റെ reflections (അനുഭവങ്ങൾ ) തന്‍റെ വീക്ഷണത്തെ സ്വാധീനിക്കുന്നു എന്ന് ഇങ്ങനെയുള്ള ജനപ്രതിനിധികൾ ഒന്ന് പരിശോധിച്ചാൽ ഇരയെ അധിക്ഷേപിക്കുന്ന , victim bashing പ്രവണതകൾക്ക് അല്‍പമെങ്കിലും വിരാമം ആകും. ഒരു പി.സി ജോർജിനപ്പുറം, ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ആണ് അതീവ നിർഭാഗ്യകരം. പ്രമുഖ പത്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ചു സമരം ദുരുദ്ദേശപരമാണെന്ന് ഇദ്ദേഹം ഉന്നയിക്കുമ്പോൾ, ഭരിക്കുന്ന പാർട്ടി മുന്നോട്ടു വെച്ച 'സ്ത്രീസുരക്ഷ' എന്ന ആശയത്തെ പോലും പിന്നോട്ടടിക്കുന്ന ഒരു പ്രസ്താവനയായിപ്പോയി ഇതെന്ന് പറയാതെ വയ്യ. പ്രത്യേകിച്ചും രാജ്യാന്തര ശ്രദ്ധ ഈ വിഷയത്തിന് കിട്ടിയില്ലായിരുന്നുവെങ്കിൽ എന്നും കുറ്റാരോപിതനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമോ എന്ന് പലരും സംശയിക്കുന്ന സാഹചര്യത്തിൽ ഈ പ്രസ്താവന തികച്ചും നിരുത്തരവാദപരമായി പോയി.

കർത്താവിന്‍റെ മണവാട്ടിയാകാൻ തീരുമാനിച്ചാൽ, അവളുടെ കന്യക എന്ന സ്റ്റാറ്റസ് അതിനൊരു തടസമാകില്ല

കന്യാസ്ത്രീസമരത്തിനെതിരെ മാത്രമല്ല പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെയും അങ്ങേയറ്റം നീചമായ പ്രസ്താവനകൾ പുറപ്പെടുവിക്കാൻ ചിലർക്കെങ്കിലും മടിയില്ല എന്നത് കേരളജനത കാണുന്നുണ്ടാകും. വീണ്ടും സ്ത്രീവിരുദ്ധതയുടെ അപ്പോസ്തലനായ പിസിയുടെ ഒരു ഇന്‍റര്‍വ്യൂവിലെ  വാക്കുകൾ കടമെടുത്താൽ 'കന്യക അല്ലാത്തതിനാൽ അവർ കന്യാസ്ത്രീയല്ല ' എന്ന് ആണത്ത അഹങ്കാരത്തോടെ  ഇദ്ദേഹം ജല്‍പനം നടത്തുന്നത് കേൾക്കാം. കത്തോലിക്കാ സഭയുടെ പ്രതിനിധിയായാണ് ഇദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത് എന്ന് ആശ്വസിക്കാം എങ്കിലും, ഇങ്ങനെയൊരു ചിന്ത ചിലരുടെ എങ്കിലും മനസ്സിൽ വിതക്കുന്നതിൽ ഇദ്ദേഹം വിജയം കണ്ടിരിക്കണം
ഈ പ്രസ്താവനക്ക് മറുപടി  ജൂലൈ 2018 -ൽ വത്തിക്കാൻ പുറപ്പെടുവിച്ച കുറിപ്പിൽ ഉണ്ടെന്നത് ആശ്വാസജനകമാണ്. 

The document outlines female consecration, saying: “The call to give witness to the Church's virginal, spousal and fruitful love for Christ is not reducible to the symbol of physical integrity.
“Thus to have kept her body in perfect continence or to have practised the virtue of chastity in an exemplary way, while of great importance with regard to the discernment, are not essential prerequisites in the absence of which admittance to consecration is not possible'(the sun, 2018 ) 

അതായത് പിസി , ഒരു സ്ത്രീ തന്‍റെ ജീവിതം ക്രിസ്തുവിനു സമർപ്പിക്കാൻ തീരുമാനിച്ചാൽ അഥവാ കർത്താവിന്‍റെ മണവാട്ടിയാകാൻ തീരുമാനിച്ചാൽ, അവളുടെ കന്യക എന്ന സ്റ്റാറ്റസ് അതിനൊരു തടസമാകില്ല എന്ന്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ശാരീരികമായ വിശുദ്ധി അല്ലെങ്കിൽ കന്യക അല്ലാത്ത അവസ്ഥ, കന്യാസ്ത്രീ ആകാൻ തടസമാകില്ല എന്ന്. 

വിശുദ്ധിയുടെ തലങ്ങളിൽ സ്ത്രീയെ നിർവചിക്കുന്നത് കന്യാചര്‍മത്തിലൂടെ ആകുന്നത് അവളെ പാർശ്വവല്‍ക്കരിക്കാനുള്ള ഒരു അവസരമായി വത്തിക്കാനും തിരിച്ചറിഞ്ഞിരിക്കണം. ക്രിസ്ത്യാനികൾ പിന്തുടരുന്നത് ക്രിസ്തുവിന്‍റെ പ്രമാണങ്ങൾ ആണെങ്കിൽ, അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ പോലും എത്രത്തോളം പ്രധാനം സ്ത്രീകൾക്ക് ക്രിസ്തു നല്കിയിട്ടുണ്ടെന്നതും മറക്കരുത്. പി.സി യെ പോലുള്ള ആൾക്കൂട്ടങ്ങളെ കാണുമ്പോൾ ഓര്‍മ വരുന്നത് വിശുദ്ധി ഇല്ല എന്ന പേരിൽ കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപെട്ട ബൈബിളിലെ ഒരു സ്ത്രീയെ ആണ്.

'പെണ്ണിന്‍റെ വിശുദ്ധി' എന്നത്, കാലാകാലങ്ങളായി സമൂഹത്തിന് അവളെ കൂച്ചുവിലങ്ങിടാനുള്ള ഉപാധി മാത്രം ആയിരുന്നു

'നിങ്ങളിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ' എന്ന ചുരുക്കം വാക്കുകളിലൂടെ , 'വിശുദ്ധി' , 'അശുദ്ധി' എന്ന നേർരേഖക്കും അപ്പുറം സഞ്ചരിച്ച വിപ്ലവകാരി അന്ന് തുറന്നിട്ട സാമൂഹിക പരിഷ്‌കാരം, ക്രിസ്തുവിന്‍റെ അനുയായികൾ എന്ന് അവകാശപ്പെട്ടു വന്നവർ തന്നെ തള്ളി കളയുമ്പോൾ, ഓര്‍മ്മപെടുത്തേണ്ടത് ദൈവശാസ്ത്രം പഠിച്ച സഭയെ നയിക്കുന്നവർ തന്നെ അല്ലെ .

'പെണ്ണിന്‍റെ വിശുദ്ധി' എന്നത്, കാലാകാലങ്ങളായി സമൂഹത്തിന് അവളെ കൂച്ചുവിലങ്ങിടാനുള്ള ഉപാധി മാത്രം ആയിരുന്നു എന്നത് ഒന്ന് ചിന്തിച്ചാൽ മനസിലാക്കാം. ഒരു ശാരീരിക അവസ്ഥ മാത്രം ആയിരിക്കെ, അത് വെച്ചാണോ ഒരു സ്ത്രീയുടെ ശുദ്ധിയെ വിലയിരുത്തേണ്ടത്, അല്ല എന്ന് വത്തിക്കാൻ പോലും പറഞ്ഞു കഴിഞ്ഞു. 'പീഡിതര്‍ക്കും, മർദിതർക്കും സ്വർഗ്ഗരാജ്യം വാഗ്ദാനം  ചെയ്ത, ചുങ്കക്കാരെയും മറ്റും ചാട്ടവാർ കൊണ്ട് ദേവാലയത്തിൽ നിന്നടിച്ചു പുറത്താക്കിയ ' കർത്താവിനെ കൂടി ഓര്‍മ്മിച്ചു കൊണ്ട് ഇനിയെങ്കിലും പിസിമാരും തല്‍പരകക്ഷികളും സംസാരിക്കും എന്ന് ആഗ്രഹിക്കുന്നു.

(ലേഖിക സ്വതന്ത്ര മാധ്യമ പ്രവർത്തകയും, ഇംഗ്ലണ്ടിലെ യോർക്ക് സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയുമാണ് )

click me!