അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഒപ്റ്റത്തിൽ സീനിയർ ഡയറക്ടറായിരുന്ന ഇന്ത്യൻ വംശജൻ കരൺ ഗുപ്ത, യോഗ്യതയില്ലാത്ത സുഹൃത്തിന് വ്യാജ ജോലി നൽകി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി.

അമേരിക്കയിലെ പ്രമുഖ കമ്പനിയായ 'ഒപ്റ്റത്തിൽ' സീനിയർ ഡയറക്ടറായിരുന്ന ഇന്ത്യൻ വംശജൻ കരൺ ഗുപ്ത, കമ്പനിയെ വഞ്ചിച്ച് 1.2 മില്യൺ ഡോളർ (ഏകദേശം 11 കോടി രൂപ) തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി. യാതൊരു യോഗ്യതയുമില്ലാത്ത തന്റെ സുഹൃത്തിനെ കമ്പനിയിൽ ഉയർന്ന തസ്തികയിൽ നിയമിച്ചാണ് ഇയാൾ ഈ വൻ തട്ടിപ്പ് നടത്തിയത്.

മിനസോട്ട ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഒപ്റ്റത്തിൽ പ്രതിവർഷം 2.3 കോടി രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്നയാളാണ് കരൺ ഗുപ്ത. 2015 -ലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. തന്റെ സുഹൃത്തിനായി ഒരു വ്യാജ റെസ്യൂമെ തയ്യാറാക്കി നൽകിയ ഗുപ്ത, കമ്പനിയിലെ 'മാനേജീരിയൽ ഡാറ്റാ എഞ്ചിനീയറിംഗ്' തസ്തികയിൽ ഇയാളെ നിയമിച്ചു. കരൺ ഗുപ്ത തന്നെയായിരുന്നു ഈ സുഹൃത്തിന്റെ മേലുദ്യോഗസ്ഥൻ.

കഴിഞ്ഞ 4 വർഷമായി ഈ സുഹൃത്ത് കമ്പനിക്ക് വേണ്ടി യാതൊരു ജോലിയും ചെയ്തിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. ഓരോ വർഷവും ബോണസും ശമ്പള വർദ്ധനവും സഹിതം ഒരു ലക്ഷം ഡോളറിന് മുകളിൽ ശമ്പളം ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ ഇയാൾ ആ കാലയളവിൽ കമ്പനിയിലെ മറ്റാരെയും നേരിട്ട് കാണുകയോ, ഓഫീസിൽ വരികയോ ചെയ്തിരുന്നില്ല. ഇമെയിലുകൾ അയക്കുകയോ മാസങ്ങളോളം തന്റെ ഔദ്യോഗിക കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്യുകയോ പോലും ചെയ്തിരുന്നില്ലെന്ന് എഫ്.ബി.ഐ അന്വേഷണത്തിൽ വ്യക്തമായി.

സുഹൃത്തിന് ലഭിച്ചിരുന്ന ശമ്പളത്തിന്റെ പകുതിയിലധികം കരൺ ഗുപ്തയ്ക്ക് 'കിക്ക്ബാക്ക്' ആയി തിരികെ നൽകിയിരുന്നു. ഇത് പിടിക്കപ്പെടാതിരിക്കാൻ പണം നേരിട്ട് പിൻവലിച്ച് ഗുപ്തയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും, സാലറി അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ഗുപ്തയ്ക്ക് നേരിട്ട് കൈമാറുകയും ആണ് ചെയ്തിരുന്നത്.

2019 നവംബറിൽ മറ്റൊരു സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഗുപ്തയെ കമ്പനി പിരിച്ചുവിട്ടിരുന്നു. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് 11 കോടിയുടെ ഈ വൻ തട്ടിപ്പ് പുറത്തുവന്നത്. വയർ ഫ്രോഡ്, മണി ലോണ്ടറിംഗ് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മിനിയാപൊളിസിലെ കോടതി ഗുപ്തയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.