തല്ലിക്കൊല്ലാന്‍ നമ്മളും 'മിടുക്കരാണ്' കേരളമേ!

By തസ്‌നി സലിംFirst Published Jul 16, 2018, 4:33 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • തസ്‌നി സലിം എഴുതുന്നു
  • ആള്‍ക്കൂട്ടക്കുരുതികളെ നോര്‍ത്തിന്ത്യന്‍ മോഡല്‍ എന്നു വിളിക്കാന്‍ മലയാളിക്ക് എന്തവകാശം? 

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

നോര്‍ത്തിന്ത്യന്‍ മോഡല്‍ കൊലപാതകങ്ങള്‍ എന്നിനി നിങ്ങള്‍ പറയരുത്.  കാരണം കേരളത്തിലും അത്രമാത്രം സാധാരണമായിരിക്കുന്നു ആള്‍ക്കൂട്ട അക്രമണങ്ങളും ദുരഭിമാനക്കൊലകളും. അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയോടും മലയാളി പ്രതികരിക്കാന്‍ ഒരു സാദ്ധ്യത 'ഉത്തരേന്ത്യ മോഡല്‍ കൊലപാതകം' എന്ന രീതിയിലാവാനാണ് സാദ്ധ്യത. സ്വന്തം മുഖം മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞ് തടി രക്ഷിക്കാനുള്ള മാര്‍ഗം അതാണല്ലോ. രണ്ടാമത്തേത് സാദ്ധ്യത അതിനോട് പ്രതികരിക്കാതേ ഇരുന്നാണ്. ആ വാര്‍ത്ത അറിയാതാവാന്‍. കാരണം കൊല്ലപ്പെട്ടത് മലയാളിയോ പ്രമുഖനോ അല്ലല്ലോ. 

മലയാളി സൈബര്‍ തൊഴിലാളിക്ക് ഇത്തരം ഒരു വാര്‍ത്ത കൊണ്ട് എന്ത് ഗുണം കിട്ടാനാണ്?  അനുശോചന പ്രവാഹങ്ങള്‍ ആ വ്യക്തിയുടെ നാട്ടിലേക്കുണ്ടാവില്ല,  കുടുംബത്തിനു വേണ്ടി പിരിവുകള്‍ നടക്കില്ല. അരപ്പട്ടിണിക്കാരന്റെ കുടില്‍ തേടി ഒരു മാധ്യമവും പുറപ്പെട്ടു പോവാനും സാധ്യതയില്ല. 

കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചാണ് ബംഗാള്‍ സ്വദേശിയായ മണിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ബംഗാളിലേയും ബീഹാറിലെയും അസാമിലെയും രാജസ്ഥാനിലേയും ഗുജറാത്തിലേയും കീറിയൊലിക്കുന്ന കൂരയില്‍ നിന്ന് പട്ടിണിക്ക് അറുതി തേടി കേരള എക്‌സ്പ്രസിന്റെ കമ്പാര്‍ട്ടുമെന്റില്‍ കുത്തിയിരുന്നും ചാഞ്ഞുറങ്ങിയും കേരളക്കരയിലെത്തുമ്പോള്‍ കൃത്യമായി ആഹാരവും അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു മുറിയും മാത്രം ആയിരിക്കും അവര്‍ ആശിക്കുന്നുണ്ടാവുക, ആശ കൊടുത്തിട്ടുണ്ടാവുക.  പകലന്തിയോളം പണിയെടുത്ത് അവര്‍ നെയ്‌തെടുക്കുന്ന ചെറു സ്വപ്നങ്ങള്‍ക്ക് മേലാണ് മലയാളിയുടെ ഈ 'ഇതര സംസ്ഥാന തൊഴിലാളി ഫോബിയ' മരണത്തിന്റെ നിഴലുമായി കാത്തിരിക്കുന്നത്. 

പെരുമ്പാവൂര്‍ ജിഷ വധക്കേസ് കാലത്താണ് മലയാളികളുടെ ഈ ഫോബിയ ശക്തമാവുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളി എന്നാല്‍ അക്രമികളും കള്ളന്മാരും കൊലപാതകികളും മാത്രമാണ് എന്ന രീതിയിലാണ് പല മലയാളി മനോഭാവങ്ങളും. സംഭവങ്ങള്‍ക്ക് സംശയാസ്പദമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു നല്‍കുകയും അവിടെ പ്രതികരിക്കാന്‍ പോലുമാവാത്ത ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പ്രതിഷ്ഠച്ചും ഭൂരിപക്ഷ ശക്തി തെളിയിക്കുന്നു. കള്ളനെന്ന് ആരോപിച്ചാണ് പലയിടത്തും ഈ തരം ആക്രമണങ്ങള്‍ നടത്തുക തന്നെ. മലയാളിയായിരുന്നിട്ടും ആദിവാസിയായ ബലഹീനനായ മധുവിന് മേല്‍ ആരോപിച്ചതും അതേ കുറ്റം തന്നെയായിരുന്നല്ലോ.  മോഷണം!

സ്‌നേഹിച്ചയാളുമായുള്ള വിവാഹം സ്വപ്നം കണ്ടിരുന്ന ആതിരയും ഒരു നാള്‍ പോലും പ്രേമിച്ച പെണ്ണിനൊപ്പം ജീവിക്കാന്‍ അനുവദിക്കാതെ കൊല്ലപ്പെട്ട കെവിനും പട്ടിണിയുടെ പേരില്‍ അടിച്ചു കൊന്ന മധുവുമെല്ലാം മലയാളിയുടെ പുതിയ സാംസ്‌കാരിക പരിണാമത്തിന്റെ  പ്രതീകങ്ങള്‍ തന്നെയാണ്.  അവിടെയും പലപ്പോഴും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമണം പറയപ്പെടാതെയോ ചിലപ്പോള്‍ ഒരു കോളം വാര്‍ത്ത മാത്രമായോ ചുരുക്കപ്പെടുന്നു.
 
പാലായനം എന്നത് പല കാരണങ്ങള്‍ കൊണ്ടുമാവാം,  തൊഴില്‍ തേടിയുള്ള പാലായനത്തെ കേരളക്കരയോളം മനസിലാക്കിയവര്‍ കുറവ്.  തൊഴില്‍ തേടി മെച്ചപ്പെട്ട ജീവിതം തേടി മലയാളി ചെന്നെത്താത്ത നാടുകളില്ല. പ്രതികൂലമായ കാലാവസ്ഥയോട്,  ചൂഷണങ്ങളോട്,  ഭാഷയോട് , സ്വന്തം ജീവിതത്തോട് പൊരുതി മലയാളി വരിച്ച വിജയ കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.  ഇതേ മലയാളിയാണ് ഒരു തൊഴില്‍ തേടി,  ജിവിതം നേടി കേരളക്കര തേടി ഇവിടെ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് ഇത്തരത്തില്‍ പെരുമാറുന്നത് എന്നത് ഏറ്റവും ലജ്ജാകരം. 

മലയാളി ജീവിതത്തില്‍ അഭിനയിക്കുകയാണ് എന്ന പറച്ചില്‍ മാത്രമല്ല യാഥാര്‍ത്ഥ്യമാണ്. പ്രബുദ്ധരെന്ന് സ്വയം പറയുമ്പോഴും ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ കാണുന്നവനെന്ന് സ്വയം നടിക്കുമ്പോഴും ഒളിച്ചിരുന്ന് ജാതിയും മതവും പറയുന്നവരായും  ബ്ലാക്ക് ഹ്യൂമറെന്ന് പറഞ്ഞ് മുന്നില്‍ കിട്ടുന്ന സ്ത്രീ വിരുദ്ധതക്ക് ഇരു കൈയ്യും കൊട്ടിച്ചിരിക്കുന്നവരായും മാറുന്നത് ഈ സ്വകാര്യതയുടെ മറ പറ്റിയാണ്. അതു കൊണ്ടു തന്നെയാണ് ഹിമ ദാസിന്റെ ജാതി നോക്കിയതില്‍ മലയാളികള്‍ മുന്നിലായത്.  സാക്ഷരതയുടെ പേരു പറഞ്ഞും ഇനി നിങ്ങള്‍ വരരുത്.  കാരണം വിദ്യാഭ്യാസമോ അക്ഷര ജ്ഞാനമോ വിവേകത്തിന്റെ അളവു കോലല്ല. 

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?​

ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന്  കാരണങ്ങള്‍ വേറെയാണ്!​

റസീന അബ്ദു റഹ്മാന്‍ : സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!
 

click me!