Latest Videos

മകളുടെ നിക്കാഹിന് നാട്ടിലെത്തി മാല മോഷണക്കേസില്‍ ജയിലിലായി; 'ആക്ഷൻ ഹീറോ ബിജു' എസ്ഐക്കെതിരായ താജുദ്ദീന്‍റെ പോരാട്ടവും വിജയവും

By Sahal C MuhammadFirst Published Nov 21, 2018, 6:27 PM IST
Highlights

ജൂലൈ അഞ്ചാം തിയതി ഉച്ചയ്ക്ക് 12.15ന് വെളുത്ത സ്കൂട്ടറിലെത്തിയ ആൾ രാഗി എന്ന വീട്ടമ്മയുടെ അഞ്ചരപ്പവൻ വരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുന്നു. സ്ഥലം പെരളശേരിയിലെ ചോരക്കളം. പ്രതി കണ്ടാലറിയാവുന്ന, കഷണ്ടിയുള്ള, കണ്ണട വെച്ച താടിക്കാരൻ. പൊലീസ് സി.സി.ടി.വികൾ പരിശോധിക്കുന്നു

കണ്ണൂര്‍; ഏറെ കാത്തിരുന്ന മകളുടെ നിക്കാഹിനായി 15 ദിവസത്തേക്ക് നാട്ടിൽ വരിക. നിക്കാഹ് കഴിഞ്ഞു മൂന്നാം ദിവസം പോലീസ് അറസ്റ്റ് ചെയ്യുക. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ 54 ദിവസം ജയിലിൽ കിടക്കേണ്ടി വരിക. ആളുമാറിയാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നു തെളിയിക്കാൻ, ആക്ഷൻ ഹീറോ ബിജു എന്നു നാട്ടുകാരും സോഷ്യൽ മീഡിയയും വാഴ്ത്തിയ എസ്.ഐക്ക് എതിരെ നിയമ പോരാട്ടവും ഒടുവിൽ ശരത് വത്സരാജെന്ന യഥാർത്ഥ പ്രതിയുടെ അറസ്റ്റും.  ജയിലിലായി ഗൾഫിലെ ബിസിനസ് തകർന്നു, മൂന്നര മാസം  കള്ളനായി ജീവിക്കേണ്ടി വന്ന താജുദ്ദീൻ എന്ന പ്രവാസിയുടെ പോരാട്ടത്തിന്റെ സമാനതകളില്ലാത്ത കഥയാണിത്.

താജുദ്ദീൻ കള്ളനായതെങ്ങനെ?

ജൂലൈ അഞ്ചാം തിയതി ഉച്ചയ്ക്ക് 12.15ന് വെളുത്ത സ്കൂട്ടറിലെത്തിയ ആൾ രാഗി എന്ന വീട്ടമ്മയുടെ അഞ്ചരപ്പവൻ വരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുന്നു. സ്ഥലം പെരളശേരിയിലെ ചോരക്കളം. പ്രതി കണ്ടാലറിയാവുന്ന, കഷണ്ടിയുള്ള, കണ്ണട വെച്ച താടിക്കാരൻ. പൊലീസ് സി.സി.ടി.വികൾ പരിശോധിക്കുന്നു.

പിന്നീട് സംഭവിക്കുന്നത്, മകളുടെ നിക്കാഹിന്റെ ഭാഗമായുള്ള വിരുന്ന് സൽക്കാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം കതിരൂരിലെ വീട്ടിലേക്ക് മടങ്ങിയ പ്രവാസിയായ താജുദ്ദീനെ രാത്രി ഒന്നരയ്ക്ക് ഫോട്ടോയിലെ സാമ്യം നോക്കി ചക്കരക്കൽ എസ്.ഐ ബിജുവും സംഘവും ബലമായി അറസ്റ്റ് ചെയ്യുന്നു. താജുദ്ദീൻ നാട്ടിലെത്തി, മകളുടെ നിക്കാഹ് കഴിഞ്ഞിട്ട് അന്നേക്ക് 3 ദിവസം. പിന്നീട് 54 ദിവസം റിമാൻഡിൽ.

നിയമപോരാട്ടം

എൽ.പി സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ “കള്ളന്റെ മകനായി’’ സ്കൂളിൽ പോകാനാകാതെയായി. കള്ളന്റെ മകളെ നിക്കാഹ് ചെയ്ത വീട്ടുകാർക്കുണ്ടായ അപമാനം.  ബാപ്പ ജയിലിലായതോടെ മുടങ്ങിയ മൂത്ത മകന്റെ ഉപരിപഠനം.  ഇതിനിടയിൽ നിന്നാണ് തകർന്നുപോകാതെ കുടുംബം നിയമപോരാട്ടം തുടങ്ങുന്നത്. പൊലീസ് തിരക്കഥ അവഗണിച്ച് ഏഷ്യാനെറ് ന്യൂസും ഫോളോഅപ്പുകളുമായി കേസ് പിന്തുടരാൻ ആരംഭിച്ചതും ഈ ഘട്ടത്തിലാണ്.  ( മുൻപ് താജുദ്ദീൻ അറസ്റ്റിലായ വാർത്തയും നൽകാതെ മാറ്റി വെച്ചിരുന്നു).

നിയമ സഹായം നൽകാതെ എല്ലാവരും കൈയൊഴിഞ്ഞപ്പോൾ ഷാഹുൽ ഹമീദ് എന്ന പി.എ വഴി ടി.വി ഇബ്രാഹിം എംഎൽഎയെ കണ്ടു. മുഖ്യമന്ത്രിയുടെ മുന്നിലും ഡിജിപിക്ക് മുന്നിലും പരാതിയെത്തി. അന്വേണമാരംഭിച്ചു.  ഈ സമയമെല്ലാം മകളെ നിക്കാഹ് ചെയ്ത യുവാവും, ജയിലിൽ താജുദ്ദീനും തകരാതെ നിന്നു. 

എന്താണ് സംഭവിച്ചത്?

അഞ്ചാം തിയതി മാല പൊട്ടിക്കൽ നടക്കുന്ന ദിവസം താജുദ്ദീൻ നിക്കാഹിന് മുന്നോടിയായി ബ്യൂട്ടിപാർലറിൽ മകൾക്കൊപ്പമായിരുന്നു. നിക്കാഹിനായി വീട്ടിൽ പന്തലിടാനും മറ്റുമുള്ള തിരക്കുകളിൽ ഓടി നടക്കുകയായിരുന്നു. 12.15ന് കതിരൂരിലെ വീട്ടിലുള്ള താജുദ്ദീന് 11 കിലോമീറ്റർ അകലെ മാല പൊട്ടിക്കൽ നടന്ന ചോരക്കളം ഭാഗത്തേക്ക് എത്താനാവില്ലെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. എന്നാൽ ഈ സാക്ഷി മൊഴികളും തെളിവുകളുമൊന്നും ആക്ഷൻ ഹീറോ ബിജു മുഖവിലക്കെടുത്തില്ല. അതിന് കാരണമായി പറഞ്ഞതാകട്ടെ, സിസിടിവിയിലുള്ള യഥാർത്ഥ പ്രതി വത്സരാജുമായി താജുദ്ദീനുള്ള കടുത്ത രൂപ സാദൃശ്യവും. പരാതിക്കാരി തിരിച്ചറിഞ്ഞെന്ന പിടിവള്ളിയും മാത്രം.

 

മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടറോ തൊണ്ടിമുതലായ മാലയോ കണ്ടെടുത്തില്ല. തന്റെ ഫോൺ ലൊക്കേഷൻ പരിശോധിക്കാൻ താജുദ്ദീൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ലാതെ മകന്റെ ഉപരിപഠനത്തിനായി ബാങ്കിൽ പണയം വെച്ചെടുത്ത 56,000 രൂപ പൊലീസ് തൊണ്ടിമുതലാക്കി മാറ്റുകയും ചെയ്തു. ഇതിനിടെ എടച്ചേരിയിലെ മറ്റൊരു മാല മോഷണക്കേസും താജുദ്ദീന്റെ തലയിലാക്കി ജനമൈത്രി പൊലീസ്!. താജുദ്ദീനെതിരെ സോഷ്യൽ മീഡിയ പ്രചാരണവും തകൃതിയായി.

സത്യം തെളിയുന്നു

കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിമിന്റെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ ഡിജിപി പ്രഖ്യാപിച്ച അന്വേഷണം ഇതിനോടകം തുടങ്ങിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് താജുദ്ദീന് ജാമ്യവും ലഭിച്ചു. പക്ഷെ, പാസ്പോർട്ടും രേഖകളും കണ്ടുകെട്ടിയതോടെ യാത്ര മുടങ്ങി. ഇതിനോടകം യഥാർത്ഥ പ്രതിയായ വടകര അഴിയൂർ സ്വദേശി ശരത് വത്സരാജിന്റെ ഫോട്ടോ ഷാഹുൽ ഹമീദിന്റെ ശ്രമത്തിലൂടെ കുടുംബത്തിന് ലഭിച്ചു.

ഫേസ്‌ബുക്കിൽ നിന്നു കൂടുതൽ ഫോട്ടോകൾ കിട്ടിയതോടെ വഴി എളുപ്പമായി.  വടകര, മുക്കം സ്റ്റേഷനുകളിൽ സമാനമായ കേസുകളുള്ള ശരത് വത്സരാജ് ഒരു കേസിൽ പിടിക്കപ്പെട്ട് ജയിലിലുമായിരുന്നു. ശരത് വത്സരാജിന്റെ ഫോട്ടോയും മാല പൊട്ടിച്ച സിസിടിവി ദൃശ്യങ്ങളിലുള്ള രൂപവും ഒന്നുതന്നെയെന്ന് ഒറ്റനോട്ടത്തിൽ ആർക്കും വ്യക്തമാവുന്ന സ്ഥിതിയായതോടെ പൊലീസ് പരുങ്ങി. വത്സരാജിന്റെ കൈയിലെ സ്റ്റീൽ വളയും, നെറ്റിയിലെ മുറിപ്പാടും ക്രിമിനൽ പശ്ചാത്തലവും തെളിവുകൾക്ക് ബലം നൽകി. 

സോറി, താജുദ്ദീനല്ല കള്ളൻ

താജുദ്ദീൻ നിരപരാധിയെന്ന് ബോധിപ്പിച്ച് അന്വേഷണത്തിനൊടുവിൽ കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ കോടതിയിൽ നൽകിയ റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നത്.  ഒരു പാവം പ്രവാസി തന്റെ മാനം കാക്കാൻ സ്വന്തം നിലക്ക് നടത്തിയ അന്വേഷണം അപ്പടി അംഗീകരിക്കേണ്ടി വന്നു പൊലീസിന്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ.

മകളുടെ നിക്കാഹിനായി 15 ദിവസത്തേക്ക് നാട്ടിൽ വന്ന താജുദ്ദീൻ ഇത്തരമൊരു കൃത്യം ചെയ്യാനിടയില്ല

മാല പൊട്ടിക്കൽ നടക്കുമ്പോൾ താജുദ്ദീൻ കതിരൂരിലെ വീട്ടിൽ മകളുടെ നിക്കാഹിന്റെ ഒരുക്കങ്ങളിലാണ് എന്ന് വ്യക്തം. താജുദ്ദീന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ തെളിവ്

മുസ്ലിം മതവിശ്വാസിയായ താജുദ്ദീൻ, സിസിടിവി ദൃശ്യങ്ങളിൽ കാണപ്പെടുന്ന സ്റ്റീൽവള ഉപയോഗിക്കാനിടയില്ല

ശരത് വത്സരാജിന്റെ നെറ്റിയിലെ മുറിപ്പാടും, ശരീര പ്രകൃതവും സിസിടിവി ദൃശ്യങ്ങളുമായി യോജിക്കുന്നു. ഇത് താജുദ്ദീനല്ലെന്ന് വ്യക്തം

മാല പൊട്ടിക്കൽ നടന്ന സ്ഥലത്തും, താജുദ്ദീന് മേൽ ചുമത്തിയ എടച്ചേരിയിലെ മാല പൊട്ടിക്കൽ നടന്ന സ്ഥലത്തും ഉള്ള ടവർ ലൊക്കേഷനുകളിൽ ഉള്ളത് ശരത് വത്സരാജിന്റെ ഫോൺ നമ്പർ!

തെളിവുകൾ എല്ലാം ബോധ്യപ്പെട്ട് ഒടുവിൽ,  ഇക്കഴിഞ്ഞ ദിവസം ശരത് വത്സരാജിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റും രേഖപ്പെടുത്തി. വഴിയേ പ്രതിയുടെ കുറ്റസമ്മതം

താജുദ്ദീനെ കുടുക്കിയ ആക്ഷൻ ഹീറോ ബിജു ഇപ്പോൾ എസ്.ഐ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട് ട്രാഫിക് എൻഫോഴ്സ്മെന്റിലാണ്. യഥാർത്ഥ പ്രതി ശരത് വത്സരാജ് ജയിലിലാണ്. മാലയും സ്കൂട്ടറും ഇയാളിൽ നിന്ന് കണ്ടെടുത്തു കഴിഞ്ഞു. താജുദ്ദീനാകട്ടെ പാസ്പോർട്ടും പിടിച്ചെടുത്ത പണവും രേഖകളും തിരികെക്കിട്ടി വീണ്ടും പ്രവാസിയാകാനൊരുങ്ങുകയാണ്. ഇളയ മകൻ സ്കൂളിൽ പോയിത്തുടങ്ങി. മൂത്ത മകന്റെ ഉപരിപഠനം മുടങ്ങി. നഷ്ടപരിഹാരവും എസ്.ഐക്കെതിരെ നടപടിയും തേടി നിയമപോരാട്ടം തുടരുകയാണ്. ആരും തകർന്ന് പോകാമായിരുന്ന ദിവസങ്ങളിൽ താജുദ്ദീന് ബലമായതെന്ത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ നൽകുന്നുള്ളൂ. താൻ തെറ്റുകാരനല്ലെന്ന ഉറച്ച വിശ്വാസവും നീതി അന്തിമ വിജയം നേടുമെന്ന അചഞ്ചലമായ ഉറപ്പും.

പിന്നാമ്പുറക്കഥകൾ

താജുദ്ദീൻ തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് വരുത്താൻ ചക്കരക്കൽ പൊലീസ് ഉണ്ടാക്കിയ കഥകളാണ് വിചിത്രം. താജുദ്ദീൻ ധൂർത്തനും, വലിയ സാമ്പത്തിക ബാധ്യതയുള്ള ആളുമാണ്. മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യയും മക്കളും ചേർന്ന് കത്തിച്ചു കളഞ്ഞു. കൈയിലെ സ്റ്റീൽ വള തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ധരിച്ച് പിന്നീട് ഉപേക്ഷിച്ചതാണ്. തല പൂർണമായും ഷേവ് ചെയ്യുന്നതാണ് താജുദ്ദീന്റെ രീതിയെന്നിരിക്കെ സിസിടിവിയിലെ ഫോട്ടോയിലുള്ളയാൾക്ക് പിറകിൽ മുടിയുള്ളത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ കഥ ഒന്നു കൂടി മാറ്റി. സംഭവ ശേഷം മുടി വടിച്ച് കളഞ്ഞതാണെന്നായിരുന്നു പുതിയ കഥ!

താജുദ്ദീനെ അറസ്റ്റ് ചെയ്യുമ്പോൾ, ഭാര്യയോട് 'മറ്റേപ്പണിക്ക്' പോവുന്നതാണ് നല്ലതെന്ന് ഉപദേശിക്കാനും ജനമൈത്രി പൊലീസ് മറന്നിരുന്നില്ല. നീതി തേടി സമീപിച്ചപ്പോൾ സ്വന്തം നാട്ടിലെ ജനപ്രതിനിധികൾ സൗകര്യപൂർവ്വം കൈയഴിഞ്ഞത് താജുദ്ദീനും മറക്കുന്നില്ല.  രൂപ സാദൃശ്യത്തിന്റെ പേരിൽ പിടിച്ച പുലിവാൽ പൊലീസും താജുദ്ദീനെ ‘തിരിച്ചറിഞ്ഞ’പരാതിക്കാരിയും സാക്ഷികളും മറക്കാൻ ശ്രമിച്ചാലും മറുപടി പറയാതെ പോകാനുമാകില്ല.

പൊലീസ് സ്റ്റേഷനിൽ പൂന്തോട്ടവും ലൈബ്രറിയും കൃഷിയും ഒക്കെ നടത്തി 'ജനകീയത' നേടി വാർത്തകളിൽ ഇടം പിടിച്ചവരാണ് ചക്കരക്കൽ പൊലീസും എസ്.ഐ ബിജുവും.  ഇതുമാത്രമല്ല ജനമൈത്രി എന്നും അത് കൃത്യമായ അളവിൽ കൃത്യ സമയത്തു നീതി നടപ്പാക്കൽ കൂടിയാണ് എന്നും പൊലീസിന് ഓർക്കാൻ താജുദ്ദീൻ ഒരു ഉദാഹരണമാകട്ടെ.

click me!