നഗ്നചിത്രങ്ങള്‍ വെച്ച് ഭീഷണിപ്പെടുത്തിയാല്‍; 'റിവഞ്ച് പോണ്‍ ഹെല്‍പ് ലൈന്‍' ടീമംഗം പറയുന്നു

By Web TeamFirst Published Aug 9, 2018, 6:43 PM IST
Highlights

ഞങ്ങളവരോട് ആവശ്യപ്പെട്ടത് നേരിട്ട് പൊലീസിനെ സമീപിക്കാനാണ്. മോഷ്ടാക്കള്‍ പണമടക്കം എന്താവശ്യപ്പെട്ടാലും നല്‍കരുതെന്നും അവരെ ഓര്‍മ്മിപ്പിച്ചു. 

യു.കെയിലെ റിവഞ്ച് പോണ്‍ ഹെല്‍പ് ലൈന്‍, ഓണ്‍ലൈനിലൂടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമസഹായം തേടാനും മറ്റും സഹായിക്കുന്ന  ഓര്‍ഗനൈസേഷനാണ്. 2015ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. പതിനായിരക്കണക്കിന് പേരാണ് വര്‍ഷവും സഹായമാവശ്യപ്പെട്ട് ഇവരെ വിളിക്കുന്നത്. ഇതിലെ ടീമംഗങ്ങളിലൊരാള്‍ സംസാരിക്കുന്നു. (ബിബിസി പ്രസിദ്ധീകരിച്ചത്)

'ആ ചിത്രങ്ങള്‍ ഓണ്‍ലൈനിലിട്ടാല്‍ എന്‍റെ ജീവിതം തന്നെ നശിച്ചുപോകും.' ഇത് ഞങ്ങള്‍ക്ക് വന്നൊരു ഫോണ്‍കോളില്‍ ഒരു യുവതി പറഞ്ഞതാണ്. വിളിച്ച യുവതി ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു. അവളുടെ ബോയ്ഫ്രണ്ട് അവളെ ഭീഷണിപ്പെടുത്തിയിരുന്നു. അവളുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനിലിടുമെന്നായിരുന്നു ആ ഭീഷണി. അത് വീട്ടുകാരും സഹപ്രവര്‍ത്തകരും കണ്ടാലെന്ത് ചെയ്യും. ആ ഭീഷണി അവളെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരുന്നു. 

റിവഞ്ച് പോണ്‍ സെല്ലില്‍ വരുന്ന പരാതികളൊന്നും പുതിയതല്ല. ഒരു പരാതി പഴയ പങ്കാളി ബ്ലോഗ്, സോഷ്യല്‍ മീഡിയ, വെബ്സൈറ്റുകളില്‍ അവളുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ചുവെന്നായിരുന്നു. അവള്‍ കുറേക്കാലം അത് സഹിച്ചു. പൊലീസില്‍ പരാതിപ്പെട്ടു. പക്ഷെ, അവിടെ നിന്നും വേണ്ട നടപടിയൊന്നുമുണ്ടായിരുന്നില്ല. 

അതുപോലെയുള്ള നിരവധി കേസുകളാണ് ദിവസവും വരുന്നത്. പലതും മുന്‍പങ്കാളികളില്‍ നിന്നോ കാമുകന്‍മാരില്‍ നിന്നോ ആണ് ഭീഷണി നേരിടുന്നത്. രണ്ട് തരം കേസുകളാണ് വരാറുള്ളത്. ഒന്ന്, പിരിഞ്ഞു കഴിഞ്ഞ ശേഷം വേദനകൊണ്ടും പങ്കാളിയെ അപമാനിക്കാനുള്ള വാശികൊണ്ടും ചിത്രങ്ങള്‍ അവളുടെ വീട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ അയക്കുന്നവരാണ്. അടുത്തത്, അല്‍പം അപകടകരമാണ്, ഫോട്ടോ പോണ്‍സൈറ്റുകളിലിടുകയാണ് ഇവര്‍ ചെയ്യുന്നത്. 

ഇത്തരം കേസുകള്‍ അടുത്തെത്തിയാല്‍ ആദ്യം ചെയ്യുന്നത് എത്രയും പെട്ടെന്ന് സൈറ്റില്‍ നിന്ന് അത് പിന്‍വലിപ്പിക്കാന്‍ നോക്കുകയാണ്. അതെത്രത്തോളം നടക്കുമെന്നത് പറയാന്‍ സാധിക്കില്ല. ചില വെബ്സൈറ്റുകള്‍ നമ്മളെ ഗൗനിക്കാറു പോലുമില്ല. 

ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷം ലഭിച്ചത് 3,000 കോളുകളാണ്. മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അത് 12,000 കോളുകളും ഈമെയിലുകളുമായി. അതിന് കാരണം ഫോട്ടോ കാണിച്ചുള്ള പ്രതികാരങ്ങള്‍ കൂടുന്നതാണെന്ന് കരുതുന്നില്ല. മറിച്ച്, അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ അവര്‍ക്കെതിരെയുള്ള പരാതികളുമായി മുന്നോട്ടു വരാന്‍ സ്ത്രീകള്‍ കൂടുതല്‍ ധൈര്യം കാണിച്ചു തുടങ്ങി എന്നതാണ്. 

സെല്‍ഫീ ജനറേഷനെ മാത്രമാണ് ഇത്തരം പ്രതികാരങ്ങള്‍ ബാധിക്കുകയെന്ന് പൊതുവേ ധാരണയുണ്ട്. ഒരു പെണ്‍കുട്ടി ഒരാളുമായി പ്രണയത്തിലാകുന്നു. അവര്‍ തമ്മില്‍ നഗ്നഫോട്ടോ കൈമാറുന്നു. പ്രണയം തകരുമ്പോള്‍ അയാളതെടുത്ത് ഓണ്‍ലൈനുകളില്‍ പ്രസിദ്ധീകരിക്കുന്നു. അതാണ് മിക്കപ്പോഴും, മിക്ക കേസുകളിലും സംഭവിക്കുന്നത്. 

ഞങ്ങള്‍ സഹായിച്ചവരിലേറെയും യുവതികളാണ്. നാല്‍പതുകളിലും അമ്പതുകളിലുമെത്തിയ ചിലരും നമ്മുടെ സഹായം തേടിയെത്തിയിരുന്നു. എഴുപത് വയസുള്ള ഒരാളും നമ്മുടെ സഹായം തേടിയെത്തിയവരില്‍ പെടുന്നു. സെക്സോര്‍ഷന്‍ (sexortion) ഇരയായിരുന്ന അവര്‍. പങ്കാളിയുമായുള്ള ലൈംഗികബന്ധം പകര്‍ത്തുകയും പിന്നീടത് പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സെക്സോര്‍ഷന്‍. ബ്ലാക്ക് മെയിലിങിലൂടെ പണമുണ്ടാക്കുന്നതിനാണ് മിക്കവരും ഇത് ചെയ്യുന്നത് തന്നെ. 

വിളിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കാല്‍ഭാഗം പുരുഷന്മാരുമുണ്ട്. ഒരു പുരുഷന്‍റെ പരാതി ഇതായിരുന്നു. ഡേറ്റിങ് ആപ്പിലെ വ്യാജ അക്കൗണ്ടിലൂടെ ആരോ ഇയാളെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും പിന്നീട് സ്വയംഭോഗ രംഗങ്ങള്‍ വെബ്കാമിലൂടെ റെക്കോര്‍ഡ് ചെയ്തത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. 

ഒളിക്യാമറകള്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് മറ്റൊരു കൂട്ടര്‍. ചിലരാകട്ടെ അക്കൗണ്ട് ഹാക്ക് ചെയ്ത് അതുവഴി നഗ്നചിത്രങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നവരാണ്. ഒരു പെണ്‍കുട്ടി സമീപിച്ചത്, അവളൊരാള്‍ക്ക് സാമൂഹ്യമാധ്യമത്തിലൂടെ അയച്ചു നല്‍കിയ ചിത്രം അയാള്‍ പരസ്യപ്പെടുത്തുകയും പല സൈറ്റുകളിലും അവ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നതിനാണ്. അവള്‍ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. പക്ഷെ, ആ ചിത്രങ്ങള്‍ പിന്‍വലിക്കുക എളുപ്പമായിരുന്നില്ല. അത്രയേറെ അത് എല്ലായിടത്തും പ്രചരിച്ചിരുന്നു. 

ഫോണില്‍ സ്വകാര്യദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും ചിലപ്പോള്‍ അപകടമാവാറുണ്ട്. ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് ഫോണ്‍ മോഷ്ടിക്കപ്പെടുകയും അയാള്‍ നിരന്തരം പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഞങ്ങളവരോട് ആവശ്യപ്പെട്ടത് നേരിട്ട് പൊലീസിനെ സമീപിക്കാനാണ്. മോഷ്ടാക്കള്‍ പണമടക്കം എന്താവശ്യപ്പെട്ടാലും നല്‍കരുതെന്നും അവരെ ഓര്‍മ്മിപ്പിച്ചു. 

ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരും ചിലപ്പോള്‍ നമ്മെ തേടിയെത്താറുണ്ട്. ഒരിക്കല്‍ ഒരാള്‍ വന്നത്, അയാള്‍ അയാളുടെ പഴയ കാമുകിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്‍റേ പേരില്‍ ഭീകര കുറ്റബോധവുമായാണ് അയാള്‍ കാണാന്‍ വന്നത്. പക്ഷെ, ആ ഫോട്ടോ ഒരു പോണ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ട് നാളുകളായിരുന്നു അതിനാല്‍ത്തന്നെ അത് പൂര്‍ണമായും പിന്‍വലിക്കാന്‍ ബുദ്ധിമുട്ടുമായിരുന്നു. 

ഒരു സ്ത്രീയെ മുന്‍ പങ്കാളി അപമാനിച്ചത് അവളുടെ ഓഫീസിലേക്കും സഹപ്രവര്‍ത്തകര്‍ക്കും അവളുടെ നഗ്നചിത്രങ്ങള്‍ ഈമെയില്‍ ചെയ്തുകൊണ്ടാണ്. പക്ഷെ, അവളങ്ങനെ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. അവള്‍ നമ്മളെ സമീപിച്ചു. ഞങ്ങള്‍ പൊസീലിനേയും. എങ്ങനെയൊക്കെയാണ് പൊലീസിന് തെളിവ് നല്‍കേണ്ടത് എന്നെല്ലാം അവള്‍ക്ക് പറഞ്ഞുകൊടുത്തു. അവസാനം അവളുടെ കമ്പനിയിലെ എച്ച.ആര്‍ ആ മെയില്‍ ഡിലീറ്റ് ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. 

ഞങ്ങളുടെ ടീം നമ്മള്‍ ചെയ്യുന്ന ജോലിയോട് തികച്ചും ആത്മാര്‍ത്ഥത കാണിക്കുന്നവരാണ്. പലരേയും സഹായിക്കാനാകുന്നതില്‍ സന്തോഷമുണ്ട്. പലതും കേള്‍ക്കുമ്പോള്‍ വേദന തോന്നും പക്ഷെ, വേദനിച്ചിരിക്കാനാകില്ല ചതിക്കപ്പെട്ട പലരേയും സഹായിക്കേണ്ടതുണ്ട്. പലപ്പോഴും തേടിയെത്തുന്നവരോട് പ്രൊഫഷണലായി കാണിക്കേണ്ട അകലം പാലിക്കാറുണ്ട്. പക്ഷെ, എന്നാലും ചിലപ്പോള്‍ ഇമോഷണലായിപ്പോകും. ഞാനെന്‍റെ ജോലിയില്‍ ശ്രദ്ധിക്കുകയാണ്. ടീമിലുള്ളവര്‍ക്കാര്‍ക്കെങ്കിലും വല്ലാതെ തളര്‍ന്നുവെന്ന് തോന്നിയാല്‍ ഞാന്‍ പറയും, 'മതി ഇനി നിങ്ങള്‍ ഒരു ബ്രേക്ക് എടുത്തോളൂ. ഇതില്‍ നിന്നെല്ലാം വിട്ട് വേറെ വല്ലതും ചെയ്തോളൂ കുറച്ചു ദിവസ'മെന്ന്. 

ചില മനുഷ്യര്‍ കരുതുന്നത്, അവര്‍ക്ക് മറ്റുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാനും ഉപയോഗിക്കാനും അവകാശമുണ്ടെന്നാണ്. ഇതോര്‍ക്കുമ്പോഴാണ് എനിക്ക് ഏറ്റവുമധികം അമര്‍ഷം വരുന്നത്. 


 

click me!