അന്നു മുതലാണ് എന്റെ രാത്രികള്‍ക്ക്  ഭയത്തിന്റെ കൊമ്പുകള്‍ ഉണ്ടായത്

By എസ്. ശാരദക്കുട്ടിFirst Published Jul 25, 2016, 1:02 PM IST
Highlights

പത്തിരുപതുകൊല്ലം  മുമ്പാണ് രാത്രി വെറും ഇരുട്ട് മാത്രമല്ല എന്ന് ഞാന്‍ നേരിട്ട് കണ്ടത്.  ഇരുണ്ടു പുളഞ്ഞ ഒരു തുരങ്കത്തിലൂടെ ഞെരുങ്ങി ഞെരുങ്ങി ഓടുന്ന ഒരു പേടിയായി ആ  രാത്രിയിലാണല്ലോ മുരുകേശ്വരി എനിക്ക് മുന്നില്‍ വന്നത്.. ആ പെണ്ണിന്  ഇരുപതു വയസ്സ് തോന്നിക്കും. പാറിപ്പറന്ന മുടിയും എടുത്താല്‍ പൊങ്ങാത്ത ഒരു  പെട്ടിയുമായി പാതിരാവില്‍ തിരുനക്കരയിലുള്ള ഞങ്ങളുടെ വീട്ടിലേക്കു  ഓടിക്കയറി വന്നവള്‍. 

നിലാവുള്ള രാത്രിയില്‍ നഗരമധ്യത്തിലെ  തെരുവുവിളക്കിന്റെ മിഴിച്ച കണ്ണിനു മുന്നില്‍ ഒറ്റപ്പെട്ടു പോയ  മുരുകേശ്വരി.   അവളുടെ  പിന്നാലെ പുരുഷത്വത്തിന്റെ കൊമ്പ് കുലുക്കി ആരോ ഉണ്ടായിരുന്നിരിക്കണം.  അല്ലെങ്കില്‍ പിന്നെ അവള്‍ ഇങ്ങനെ വിറക്കുന്നതെന്തിന്? 

അന്ന് വീട്ടില്‍  അനിയത്തിയുടെ കല്യാണനിശ്ചയം നടക്കുന്നതിനാല്‍ വീട്ടില്‍ മുറ്റത്ത് നിറയെ  വെളിച്ചവും ആള്‍ബഹളവും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാം  ഉണര്‍ന്നിരിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നിരിക്കുന്ന  പെണ്ണുങ്ങളുടെ ചിരിയും ബഹളവും നര്‍മ്മവും കൊണ്ട് വീട് ആകെ തിമിര്‍ത്തു  നിന്നിരുന്നു. മുറിക്കകത്തെ സുരക്ഷിതവെളിച്ചത്തില്‍ രാത്രിക്ക് എന്തൊരു  അഴക്!! എന്തൊരു ഉന്മാദം!! എന്തിനെന്നറിയാതെ കയ്യില്‍ കിട്ടിയ  സ്വാതന്ത്ര്യത്തെ ഞങ്ങള്‍ പെണ്ണുങ്ങള്‍ ആഘോഷിക്കുകയായിരുന്നു.  കാര്യമൊന്നുമില്ലാതെ ഉറക്കെയുറക്കെ ചിരിച്ചു കൊണ്ടിരുന്നു ഞങ്ങള്‍.  നിമിഷാര്‍ദ്ധത്തെ സ്വാതന്ത്ര്യം തന്നെ ധാരാളം എന്നൊരു അര്‍മാദം. പുറത്തു  ആണുങ്ങള്‍ പാചകപ്പുരയിലും പന്തലിലും ഉറക്കെ മിണ്ടിയും ചിരിച്ചും  തിരക്കിടുന്നു. 

ആണുങ്ങളുടെ സംസാരവും ശബ്ദവും പെട്ടെന്നാണ് ഒരു പ്രത്യേക തരം  അടക്കം പറച്ചിലിലേക്ക് അമങ്ങിയത്. പന്തികേട് മണത്ത പെണ്ണുങ്ങളും പതിയെ  പുറത്തേക്കിറങ്ങി. അപ്പോഴാണ് ഓടിക്കിതച്ചുവന്നത് പോലെ  ഈ പെണ്ണ് അവിടെ നില്‍ക്കുന്നത് കണ്ടത്.. കിതപ്പ് എന്ന് പറയുന്ന  വാക്കിനു ഇത്രത്തോളം ഊക്കുണ്ടോ? കഥകള്‍ക്കോ കവിതകള്‍ക്കോ ലോകത്തെ  മറ്റേതൊരു സാഹിത്യരൂപത്തിനോ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത  വിധത്തില്‍ ആ രാത്രിയില്‍ ഒരു പെണ്ണിന്റെ ചങ്കിടിപ്പിന്റെ ശബ്ദം ഞങ്ങള്‍  കേട്ടു...  കാര്യം  എന്താണെന്ന് അന്വേഷിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെയൊക്കെ കണ്ണുകള്‍  അവളെ മുഴുവനായി ഉഴിഞ്ഞെടുത്തു.

നിലാവുള്ള രാത്രിയില്‍ നഗരമധ്യത്തിലെ  തെരുവുവിളക്കിന്റെ മിഴിച്ച കണ്ണിനു മുന്നില്‍ ഒറ്റപ്പെട്ടു പോയ  മുരുകേശ്വരി.   അവളുടെ  പിന്നാലെ പുരുഷത്വത്തിന്റെ കൊമ്പ് കുലുക്കി ആരോ ഉണ്ടായിരുന്നിരിക്കണം.  അല്ലെങ്കില്‍ പിന്നെ അവള്‍ ഇങ്ങനെ വിറക്കുന്നതെന്തിന്? 

ആ തണുത്ത രാത്രിയിലും മുരുകേശ്വരി  വിയര്‍ക്കുന്നുണ്ട് . അവളുടെ പച്ച ബ്ലൗസ് വിയര്‍പ്പില്‍  നനഞ്ഞു കുതിര്‍ന്നിരുന്നു. തമിഴ് നാട്ടുകാരിയാണെന്നു ഒറ്റ നോട്ടത്തില്‍  അറിയാം. മൂക്കുത്തിയും മിഞ്ചിയുമുണ്ട്.പാവാട വളരെ കയറ്റിയാണ്  ഉടുത്തിരുന്നത്. നല്ല കൊഴുത്തുരുണ്ട ഒരു പെണ്‍കുട്ടി. പല ചലച്ചിത്രങ്ങളിലും  കണ്ടിട്ടുണ്ട് രാത്രിയെ ഭയന്ന് ഓടിക്കിതക്കുന്ന പെണ്ണിനെ..കൃത്രിമമായ  കിതപ്പും വിയര്‍പ്പും കാമറക്ക് വേണ്ടി മുഖത്ത് കൊണ്ടുവരുന്ന ഭയവും  പരിഭ്രമവും ധാരാളം കണ്ടിട്ടുണ്ട്.. പക്ഷെ, ഇതാ രാത്രിയുടെ ഇരുട്ടിനെ  ഭേദിച്ച് ഒരു പെണ്ണ് ആദ്യമായി നേര്‍ക്കുനേര്‍. 

'എന്താ  എന്താ' എന്ന് ഞങ്ങള്‍ പെണ്ണുങ്ങള്‍, ആണുങ്ങളുടെ മുഖത്തെ അങ്കലാപ്പിലേക്ക്  ചാടിവീണു. രാത്രി തങ്ങളുടെ അഹങ്കാരമെന്നു നിഗളിക്കുന്ന ആ പതിവുപുരുഷഭാവം  അവരുടെയാരുടെയും മുഖത്തുണ്ടായിരുന്നില്ല. അവളിലാകട്ടെ ഇപ്പോള്‍ ഏതെല്ലാമോ  അങ്കലാപ്പുകള്‍ കത്തിയമര്‍ന്നു പോയതിന്റെ  ഒരു ആശ്വാസം പ്രകടമാണ്.  കിതപ്പടങ്ങിയിട്ടുണ്ട്. അവള്‍ പറഞ്ഞു തുടങ്ങി.  'മധുരയിലാണ്  വീട്. കോട്ടയത്ത് താഴത്തങ്ങാടിയില്‍ ഒരു അമ്മച്ചിയെ നോക്കാന്‍ നാല് വര്‍ഷം  മുന്‍പ് വന്നതാണ്. അവിടെ അമ്മച്ചിയും അപ്പച്ചനും മാത്രമേയുള്ളൂ. പൊങ്കലിന്  അവധി വാങ്ങി നാട്ടില്‍ പോയതാണ്. തിരിയെ വരുന്നത് വഴി ബസ് കേടായി കുറെ  നേരംവൈകി. വൈകിട്ട് ആറുമണിക്ക് കോട്ടയത്ത് എത്തേണ്ട വണ്ടി എത്തിയതു  പന്ത്രണ്ട് മണിക്ക്'. കോട്ടയത്തെ ബസ്സ്റ്റാന്‍ഡും പരിസരവും സന്ധ്യ  കഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധതയുടെ കൂത്തരങ്ങാണെന്ന് അന്നും കേട്ടിട്ടുണ്ട്.  അസമയത്ത് അവിടെ പെട്ട് പോയാലത്തെ അവസ്ഥയോര്‍ത്ത് എന്റെ ഉള്ള് കിടുങ്ങി.  അവള്‍ ഊര് കയ്യിലെടുത്തുപിടിച്ച് തല ഹാഫ്‌സാരിയുടെ തുമ്പു കൊണ്ട് മൂടി  വേഗത്തില്‍ നടന്നു. ആരോ പിന്നാലെ ഉണ്ട്..അവള്‍ക്കു ദേഹം വിറക്കാന്‍  തുടങ്ങി.. വേഗത കൂട്ടി..പിന്നിലെ കാലൊച്ച വളരെ അടുത്തായി. വേച്ച്  വീഴുമെന്നു തോന്നി.. അവള്‍ പിന്നിലേക്ക് നോക്കി. പോലീസാണ്..യൂണിഫോമിട്ട  പോലീസാണ്. അവള്‍ക്കു ഭയമിരട്ടിയായി. പിന്നിലെ ഷൂവിട്ട കാലടിശബ്ദം അവളുടെ  ചങ്കത്തേക്ക് ഇരച്ചു കയറുന്നത് പോലെ.. രാത്രിയില്‍ കള്ളനും പോലീസിനും ഒരേ  മുഖമാണ് പെണ്ണിനെ സംബന്ധിച്ചിടത്തോളം. അവള്‍ ആയമെടുത്തോടി. ഇടവഴികളും  പെരുവഴികളും പൊതുവഴികളും പെണ്ണിന്റെ രാത്രിക്ക് ഒരുപോലെ. മുറ്റത്തെ  വെളിച്ചം കണ്ട് അവള്‍ ഓടിക്കയറി വന്നതാണ്. അവിടെയും അന്ന്  ഇരുട്ടായിരുന്നെങ്കിലോ? ഇവളുടെ ശരീരം.....ഈശ്വരാ..ഞാനും ഭയക്കുവാന്‍  തുടങ്ങി  

തെരുവില്‍ പിച്ചിക്കീറി കിടക്കേണ്ടിവരുമായിരുന്ന ആ  പെണ്‍ശരീരം ഞങ്ങളെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. എന്റെ രാത്രികള്‍ക്ക് ഭയത്തിന്റെ കൊമ്പുകള്‍ ഉണ്ടായത് അന്ന് മുതലാണ്.

'ചേച്ചി  കുറച്ചു വെള്ളം തരുമോ?' 

അവള്‍ തളര്‍ച്ചയോടെ എന്നെ നോക്കി. ഒരു വയസുള്ള  എന്റെ മോളെ തോളില്‍ കിടത്തി ഞാന്‍ അടുക്കളയിലേക്കു തിടുക്കത്തില്‍ നടന്നു.  അത് വരേയ്ക്കും തോന്നാത്ത ഒരു ഭീതിയില്‍ ഞാന്‍ വിയര്‍ത്തു കുളിച്ചു.  എന്റെ പെണ്‍കുഞ്ഞിനെ വല്ലാത്തൊരു തിരിച്ചറിവോടെ ഞാന്‍ അമര്‍ത്തി പിടിച്ചു. 

അന്ന് രാത്രി മുരുകേശ്വരി ഞങ്ങളുടെ വീട്ടില്‍ കഴിഞ്ഞു. രാത്രി തന്നെ അവള്‍  തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. അവള്‍ പറഞ്ഞത് സത്യമാണോ എന്ന് ഉറപ്പു  വരുത്തി. പിറ്റേന്ന് കാലത്ത് ആ നല്ല അമ്മച്ചിയും അപ്പച്ചനും വന്നു. അവളെ  കൂട്ടിക്കൊണ്ടു പോയി. തെരുവില്‍ പിച്ചിക്കീറി കിടക്കേണ്ടിവരുമായിരുന്ന ആ  പെണ്‍ശരീരം ഞങ്ങളെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. എന്റെ രാത്രികള്‍ക്ക് ഭയത്തിന്റെ കൊമ്പുകള്‍ ഉണ്ടായത് അന്ന് മുതലാണ്. എനിക്ക്  രാത്രി ഒറ്റപ്പെട്ട ഒരു ദ്വീപ് ആയത് അന്ന് മുതലാണ്. വെളിച്ചം എറിഞ്ഞുടച്ച  ഒരു കണ്ണായി അന്നുമുതല്‍ രാത്രി എനിക്ക്. ഇരുട്ടും നിഗൂഢതയും നിറഞ്ഞ്  ഒരിക്കലും അവസാനിക്കുകയില്ലെന്ന് ഗര്‍വ്വോടെ, വെളിച്ചത്തിന്റെ കണിക പോലും  ബാക്കി വെക്കാതെ ഭീതിയുടെ തിരകള്‍ ഇളക്കി രാത്രി ഇന്നും എന്റെ സ്വപ്നങ്ങളില്‍ വന്നു നിറയാറുണ്ട്. അപ്പോള്‍ ഞാന്‍ ആകാശം മുട്ടെയുള്ള  മതിലുകളില്‍ ഭയപ്പാടോടെ അള്ളിപ്പിടിച്ചു കയറുകയും തീരം കാണാത്ത  വെള്ളപ്പാച്ചിലുകളില്‍ നീന്തി തളരുകയും ചെയ്യാറുണ്ട്. 

നിദ്ര കൊണ്ടുവരേണ്ട നിശ, മനുഷ്യന് ഒരിക്കലും  അടങ്ങാത്ത രതിപ്രലോഭനം കൊണ്ടുവരുന്നതെന്താണ്? ഒരു പക്ഷെ  പ്രണയിക്കുന്ന പുരുഷനെ ഉടുപ്പിക്കാനാകാം

 'ഹേ, പാവങ്ങളുടെ രാത്രീ  എന്റെ ഇന്ധനമാകുക. എന്റെ ഹൃദയത്തിലിരുന്നെരിയുക എന്നിലെ ഇരുമ്പുരുക്കിയുരുക്കി  ശുദ്ധമാക്കുക'  ഇവിടെ  കവി രാത്രിയെ കണ്ടത് പീഡിതാത്മാക്കള്‍ മുക്തരാക്കപ്പെടുകയും ശരീരങ്ങള്‍  കീടവിമുക്തമാക്കപ്പെടുകയും ചെയ്യുന്ന ഉരുക്കുസമയമായാണ്. പകലിന്റെ എല്ലാ  വിധ അധികാരഗര്‍വ്വുകളില്‍ നിന്നും അടിമപ്പണികളില്‍ നിന്നും അസ്വതന്ത്രര്‍  വിമുക്തരാക്കപ്പെടുന്ന ശുദ്ധികാലമായാണ്. അതിനാല്‍ തന്നെ ഏറ്റവും അശ്ലീലം  കുറഞ്ഞ സമയവും രാത്രിയാണത്രേ.

Starry Night Over the Rhone: VIncent Van ghog

പകലിന്റെ  കപടവെളിച്ചങ്ങളില്‍ നിന്ന് രാത്രിയുടെ സത്യസന്ധമായ കരുത്തിലേക്ക് എന്നാണു  ഞങ്ങള്‍ക്ക് ഒരു പ്രയാണം സാധ്യമാവുക? എന്നാണു ഞങ്ങളുടെ  സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ രാത്രിയിലേക്ക് തുറന്നു കിട്ടുക?  വെളുക്കുവോളം രാത്രിയുടെ തണുത്ത കാറ്റ് ഞങ്ങളുടെ മൃദുലമായ വാരിയെല്ലും  കടന്നു നെഞ്ചിനുള്ളിലേക്ക് എന്നാണു കടന്നുകയറുക? രാത്രി എന്നത് പ്രകൃതിക്ക്  ഉറങ്ങാനും വിശ്രമിക്കാനും എല്ലാം മറക്കാനുമുള്ള ഒരു സംവിധാനം  ആണെന്നിരിക്കെ എന്തിനാണ് ദൈവം അതിനെ പകലിനേക്കാള്‍ മനോഹരമാക്കിയത്? .  പ്രഭാതത്തെക്കാളും പ്രദോഷത്തെക്കാളും മധുരതരമാക്കിയത്? പ്രലോഭനത്തിന്റെ ഈ  സൗമ്യനായ നക്ഷത്രം സൂര്യനേക്കാള്‍ കാവ്യാത്മകം ആകുന്നതെന്തു കൊണ്ട് എന്ന്  മോപ്പസാങ് ചോദിച്ചിട്ടുണ്ട്.. നിദ്ര കൊണ്ടുവരേണ്ട നിശ, മനുഷ്യന് ഒരിക്കലും  അടങ്ങാത്ത രതിപ്രലോഭനം കൊണ്ടുവരുന്നതെന്താണ്? ഒരു പക്ഷെ  പ്രണയിക്കുന്ന പുരുഷനെ ഉടുപ്പിക്കാനാകാം ദൈവം ഇത്തരം രാത്രികള്‍  സൃഷ്ടിച്ചത്. ഉദ്യാനങ്ങളും വെളിച്ചങ്ങളും മടുത്തുകഴിഞ്ഞവര്‍ ഇടിമിന്നലുകളെ  ഉടലില്‍ ചേര്‍ക്കുന്ന മുഹൂര്‍ത്തമായിരിക്കാം രാത്രിയുടെത്. 

പ്രണയിക്കുന്ന  പുരുഷനെ ഉത്തേജിതനാക്കുന്ന ഇതേ രാത്രി പെണ്ണിന് എന്താണ്?  സ്വര്‍ണമണികള്‍ കോര്‍ത്ത  നൂലിഴകള്‍ പോലെ മിനുങ്ങുന്ന വെളിച്ചപ്പൊട്ടുകള്‍..  വായില്‍ രാത്രിയിലയുടെ  രുചി ഞാനറിയുന്നു. പകലിന്റെ ബന്ധനങ്ങളില്‍ നിന്ന് എന്നെ സ്വന്ത്രയാക്കൂ.. എന്റെ കൂട്ടുകാരെ ഒന്നറിയൂ: ഞാന്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ തന്നെ.

click me!