ഈ വിധി സ്ത്രീകള്‍ക്ക് ആഘോഷം തന്നെയാണ്!

Published : Sep 28, 2018, 12:48 PM IST
ഈ വിധി സ്ത്രീകള്‍ക്ക് ആഘോഷം തന്നെയാണ്!

Synopsis

ആ അവകാശലംഘനത്തെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തതും അവസാനിപ്പിച്ചതും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ ഈ വിധിയെ സ്വീകരിക്കുന്നതും അതുകൊണ്ടാണ്. 

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വന്നിരിക്കുന്നത് ചരിത്രവിധിയാണ്. സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കുന്നതിന് തടസങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നു. 

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തില്‍ ഇത്രനാളും നിലനിന്നിരുന്ന ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണ്.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ നവമാധ്യമങ്ങളില്‍ കത്തിക്കയറുകയാണ്. സ്ത്രീകളുടെ 'വ്യക്തി' എന്ന നിലയിലുള്ള അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ളവര്‍ ഓരോരുത്തരും ഈ വിധിക്കായി കാത്തുനിന്നവരും, അതിനെ സ്വാഗതം ചെയ്യുന്നവരുമാണ്. 

കാലാകാലങ്ങളായി വീട്ടിലെ അടുക്കളയില്‍ നിന്നും, കിണറിന്‍ കരയില്‍ നിന്നുപോലും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന ഒന്നാണ് ആര്‍ത്തവം. അത് ജൈവികമായ അവസ്ഥയാണെന്നും അതിന്‍റെ പേരില്‍ വിവേചനമരുതെന്നും കോടതി വ്യക്തമാക്കുന്നു. വിധി വന്നു കഴിഞ്ഞും 'റെഡി ടു വെയിറ്റ്' എന്ന് പറയുന്ന സ്ത്രീകളുണ്ട്. 'ഞങ്ങളാരും ആര്‍ത്തവം പൂര്‍ണമായും നിലക്കാതെ ശബരിമല കയറില്ലെ'ന്ന് പറയുന്നവരുമുണ്ട്. അത്, അവരുടെ വ്യക്തിപരമായ താല്‍പര്യമാണ്. അവര്‍ക്ക് അങ്ങനെ ചെയ്യാം. പക്ഷെ, ഒരു രാജ്യത്തിനകത്ത്, പ്രത്യേകിച്ച് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന ഒരിടത്ത്, എന്തിന്‍റെയെങ്കിലും പേരില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ അതില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് തെറ്റാണ്. എന്ന് മാത്രമല്ല അവകാശലംഘനവുമാണ്. 

ആ അവകാശലംഘനത്തെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തതും അവസാനിപ്പിച്ചതും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ ഈ വിധിയെ സ്വീകരിക്കുന്നതും അതുകൊണ്ടാണ്. വിശ്വാസത്തിന്‍റെ എന്നതിനപ്പുറം ഒരു വിഭാഗത്തിന്‍റെ അവകാശത്തിനുമേലുള്ള ലംഘനമാണ് എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

പരിപാവനമാണ്, 41 ദിവസം വ്രതമാവശ്യമാണ് എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ പ്രവേശനത്തെ എതിര്‍ക്കുന്നവരില്‍ പോലും എത്രപേര്‍ ഇതെല്ലാം അതുപോലെ പാലിച്ചുകൊണ്ട് മല കയറുന്നുവെന്നതും പ്രസക്തമാണ്. പല അനാചാരങ്ങളും ഇവിടെ ഇതുപോലെ നിയമപരമായി തന്നെയാണ് അവസാനിപ്പിച്ചിട്ടുള്ളത്. 

ഈ നിയമപോരാട്ടത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ നേരത്തെ ക്ഷേത്രത്തില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകളും കയറിയിരുന്നുവെന്ന് പറയുന്നു. അപ്പോള്‍, ആ ആണ്‍നിയമം ഉണ്ടാക്കിയത് ആരാണ്? ശബരിമല ഒരു ആണ്‍ ഇടമായിരുന്നു, അവരുടെ ഭക്തിയുടെ, അവരുടെ ആത്മീയമായും അല്ലാതെയുമുള്ള ആഘോഷത്തിന്‍റെ... ഒരുപക്ഷെ, അതിനിടയിലേക്ക് സ്ത്രീകള്‍ കയറിവരുന്നതിലുള്ള ബുദ്ധിമുട്ടുകളായിരിക്കും ജനങ്ങളുടെ എതിര്‍പ്പുകളിലേറെയും. 

ഏതെങ്കിലും ഒരിടത്തില്‍ നിന്നും ലിംഗപരമായ വിവേചനത്തിലൂടെ ആരെയെങ്കിലും മാറ്റിനിര്‍ത്തുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അത് ആ വ്യക്തിയുടെ മഹത്വം (Dignity) ഇല്ലാതാക്കും. അതുകൊണ്ട് തന്നെയാണ് ആ വിധി പ്രസക്തമാകുന്നതും ഈ സ്ത്രീകളെല്ലാം അതിനെ ആഘോഷമാക്കുന്നതും. 

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ