
മാഞ്ചസ്റ്റര്‍ അരീനയില്‍ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീതനിശയ്ക്കിടയില്‍ സ്വയം പൊട്ടിത്തെറിച്ചത് ലിബിയന്‍ മാതാപിതാക്കളുടെ നാലുമക്കളില്‍ രണ്ടാമനായ സല്‍മാന്‍ അബേദിയാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെയാണ് സ്ഥിരീകരിച്ചത്. 22 കാരനായ അബേദിയാണ് ചാവേറായി 22 പേരെ കൂട്ടക്കൊല ചെയ്തതും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍പ്പിച്ചത്.
ബ്രിട്ടനിലെ മൂന്നാമത്തെ വലിയ നഗരമായ മാഞ്ചസ്റ്ററിലെ ഫാലോഫീല്‍ഡില്‍ താമസിക്കുന്ന ലിബിയന്‍ കുടുംബത്തിലെ അംഗമാണ് അബേദി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയില്‍ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനില്‍ കുടിയേറിയവരാണ് അബേദിയുടെ കുടുംബം. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ തെക്കന്‍ മാഞ്ചസ്റ്ററിലാണ് താമസം. അബേദി ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണ്. അബേദിക്കു മൂത്തതായി ഒരു സഹോദരനും താഴെ രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയുമുണ്ടെന്നാണ് ടെലിഗ്രാഫ് പത്രത്തിലെ റിപ്പോര്‍ട്ട് പറയുന്നത്. പകുതിയില്‍ തന്‍റെ യൂണിവേഴ്‌സിറ്റി പഠനം നിര്‍ത്തിയ അബാദി പഠിച്ചുകൊണ്ടിരുന്നത് ബിസിനസ് മാനേജ്മെന്‍റായിരുന്നു.
2014 ല്‍ ആണ് മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് സര്‍വകലാശാലയില്‍ സല്‍മാന്‍ അബേദി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായി ചേരുന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം അയാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തുവന്നു. തന്റെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ അയാള്‍ ശ്രമിച്ചില്ലെന്നു ചില കേന്ദ്രങ്ങളെ ഉദ്ധരിച്ചു പ്രസ് അസോസിയേഷന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വലാശാലയില താമസസൗകര്യം അയാള്‍ ഉപയോഗിച്ചിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും പഠനകാലയളവില്‍ അയാളില്‍ നിന്നും ഉണ്ടായിട്ടുമില്ല.
വളരെ ശാന്തനായ ആണ്‍കുട്ടിയായിരുന്നു അവന്‍. എന്നോട്ട് തികഞ്ഞ ബഹുമാനത്തോടെയായിരുന്നു പെരുമാറ്റം. അവന്റെ മൂത്തസഹോദരന്‍ ഇസ്മായിലിനെ പോലെയായിരുന്നില്ല. അടങ്ങിയൊതുങ്ങി നടക്കുന്നൊരു പയ്യന്‍. ഇങ്ങനെയൊരു കാര്യം ചെയ്യുമെന്നു കരുതിയില്ല അബേദിയെ അറിയുന്ന ഒരു വ്യക്തി ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
നഗരപ്രാന്തത്തിലുള്ള ഡിഡ്‌സ്ബറി മുസ്ലിം പള്ളിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചില സമയങ്ങളില്‍ ബാങ്കു വിളി നടത്തുകയും ചെയ്യുന്ന റമദാന്‍ ആണ് അബേദിയുടെ പിതാവ്. റമദാന്റെ കുടുംബത്തിന് ഈ പള്ളിയുമാണ് ഏറെ അടുത്തു ബന്ധമുണ്ട്. ഇതൊരു ക്രിസ്ത്യന്‍ ദേവാലയമായിരുന്നു. പിന്നീട് ഇത് അടച്ചിടുകയും 1967 ല്‍ സിറിയന്‍ അറബ് സമൂഹം നല്‍കിയ പണം ഉപയോഗിച്ച് മുസ്ലിം വിശ്വാസികള്‍ വാങ്ങുകയും അവരുടെ പള്ളിയായി ഉപയോഗിച്ചുപോരുകയാണ്. അബേദിയുടെ സഹോദരന്‍ ഇസ്മയില്‍ പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ അംഗമായ വ്യക്തിയാണ്. അബേദിയും ഈ ആരാധനാലയവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. റമദാന്‍ പൊതുവില്‍ എല്ലാവര്‍ക്കും പരിചിതനായിരുന്നു, അതുവഴി മക്കളും.
അബേദി കുടുംബം താമസിച്ചിരുന്ന ഫാലോഫീല്‍ഡ് പൊതുവെ ശാന്തമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ്. ഇവിടെ വളരെ ശാന്തവും സുരക്ഷിതവുമാണ്. പ്രദേശവാസിയായ പീറ്റര്‍ ജോണ്‍സ് എഎഫ്പിയോട് പറഞ്ഞു. ഈ സംഭവം ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്; സ്‌ഫോടനവാര്‍ത്തയോട് ആ 53 കാരന്‍ പ്രതികരിച്ചു. ബ്രിട്ടനിലും മാഞ്ചസ്റ്ററിലുമായി ഏകദേശം 16,000 ലിബിയക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2011ല്‍ കേണല്‍ ഗദ്ദാഫിയുടെ മരണത്തില്‍ ഇവര്‍ ആഘോഷം പ്രകടിപ്പിച്ച കാര്യവും ബിബിസി ചൂണ്ടിക്കാണിക്കുന്നു).
കഴിഞ്ഞ കുറച്ചു നാളുകളായി അബേദിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നിരുന്നതായി പറയുന്നവരുമുണ്ട്. അയാളൊരു മുസ്ലിം വര്‍ഗ്ഗീയവാദിയെപ്പോലെ പെരുമാറി തുടങ്ങിയിരുന്നുവെന്നാതാണ് മാറ്റംകൊണ്ട് ഉദ്ദേശിച്ചത്. തീവ്രവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് താനൊരിക്കല്‍ പ്രഭാഷണം നടത്തിയപ്പോള്‍ അബേദി തന്നെ തുറിച്ചു നോക്കിയതു മോസ്‌കിലെ ഒരു മുതിര്‍ന്ന അംഗമായ മൊഹമ്മദ് സയീദ് ദി ഗാര്‍ഡിയനോട് പറയുന്നുണ്ട്. എന്റെ പ്രഭാഷണത്തിനുശേഷം വെറുപ്പോടെയാണു സല്‍മാന്‍ എന്നെ നോക്കിയതെന്ന് ഇദ്ദേഹം പറയുന്നു.
ഈയടുത്തകാലത്തായി അയാള്‍ ലിബിയയില്‍ പോയി തിരികെ വന്നകാര്യം ദി ടൈംസ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബേദിയുടെ സ്‌കൂള്‍ സഹൃത്താണ് ഇത് വെളിപ്പെടുത്തിയത്. മൂന്നാഴ്ചകള്‍ക്കു മുമ്പാണ് അബേദി ലിബിയയിലേക്കു പോയത്. മടങ്ങിവന്നത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പും.
മെറ്റലില്‍ പൊതിഞ്ഞ താത്കാലികമായി തയ്യാറാക്കിയെടുത്ത സ്‌ഫോടകസാമഗ്രിയാണ് കൂട്ടക്കൊരുതി നടത്തുന്നതിനും സ്വയം ജീവനൊടുക്കുന്നതിനും അബേദി ഉപയോഗിച്ചതെന്നു പൊലീസ് പറയുന്നു. കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ ഒരു സ്യൂട്ട്‌കെയ്‌സിലാക്കിയാണ് അബേദി സ്‌ഫോടകവസ്തു കൊണ്ടുവന്നതെന്നും അത് തറയില്‍വച്ചാണ് അയാള്‍ സ്‌ഫോടനം നടത്തിയതെന്നും ദി ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത് അബേദി ഒറ്റയ്ക്കാണോ ഇത് ചെയ്തത്, അതോ ഏതെങ്കിലും ഭീകരശൃംഖലയിലെ കണ്ണിയാണോ അയാളെന്നാണ്. ഇന്നലെ സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നും ഒരു 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.