ഈ മനുഷ്യരെ സഹായിക്കാനല്ലെങ്കില്‍ പിന്നന്തിനാണ് രാഷ്ട്രീയം?

Published : Jun 14, 2017, 05:38 AM ISTUpdated : Oct 04, 2018, 05:11 PM IST
ഈ മനുഷ്യരെ സഹായിക്കാനല്ലെങ്കില്‍ പിന്നന്തിനാണ് രാഷ്ട്രീയം?

Synopsis

മമ്മൂക്കയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, ഏഷ്യാനെറ്റ് ന്യൂസിലടക്കം വന്ന വാര്‍ത്തകളിലൂടെയാണ് പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനിയിലെ ചക്കിലിയ സമുദായം നേരിടുന്ന ദുരവസ്ഥയെപ്പറ്റി അറിഞ്ഞത്. വാര്‍ത്ത കണ്ട് വളരെയധികം വേദന തോന്നി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതിയുടെ പേരില്‍ ഒരു സമൂഹം ദുരിതങ്ങളനുഭവിക്കുന്നു. അതും തൊഴിലാളിവര്‍ഗ പാര്‍ട്ടി ഭരിക്കുന്ന, മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതിപക്ഷമായുള്ള കേരളത്തില്‍.

എല്ലാവരെയും പോലെ വാര്‍ത്ത കേട്ട് ഫേസ്ബുക്കില്‍ സ്റ്റാറ്റസിടാന്‍ തോന്നിയില്ല. പാലക്കാടുള്ള ചില ഫാന്‍സുമായി ഫേസ്ബുക്കിലൂടെ ഞാന്‍ ബന്ധപ്പെട്ടു. അവിടെയുള്ളവരോട് സംസാരിച്ചപ്പോള്‍ ഏറെക്കുറെ നിജസ്ഥിതി മനസിലായി. പുറത്ത് നിന്ന് സംസാരിച്ചിട്ടും ഫേസ്ബുക്കിലൂടെ പരിദേവനം നടത്തിയിട്ടും കാര്യമില്ല. 

എല്ലാവരെയും പോലെ വാര്‍ത്ത കേട്ട് ഫേസ്ബുക്കില്‍ സ്റ്റാറ്റസിടാന്‍ തോന്നിയില്ല.

അവിടെ പോവണം. ആ നാട്ടുകാരുടെ പ്രശ്‌നത്തില്‍ എന്നാലാവുന്നത് ചെയ്യണം. ഇതാണ് ആദ്യം തോന്നിയത്. അങ്ങിനെയാണ് തമിഴ്‌നാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് അംബേദ്കര്‍ കോളനിയിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ മനസ്സിലായി, വല്ലാതെ സങ്കടപ്പെടുത്തുന്നതാണ് അവിടെയുള്ളവരുടെ ജീവിതം. വാര്‍ത്തകളില്‍ സത്യമുണ്ട്.

കൂരയില്ലാത്ത ചോര്‍ന്നൊലിക്കുന്ന വീടുകള്‍. പട്ടിണി കാരണം അടുപ്പു പുകയാത്ത വിശപ്പു സഹിച്ചിരിക്കുന്നവര്‍. അവരുടെ അനുഭവമറിഞ്ഞാല്‍, നമുക്കാര്‍ക്കും സഹിക്കാന്‍ പറ്റില്ല. വെറും കയ്യോടെ പോകാന്‍ തോന്നിയില്ല, അത്യാവശ്യം അരിയും സാധനങ്ങളും ഫ്രൂട്‌സുമൊക്കെയായാണ് അങ്ങോട്ട് പോയത്. പാലക്കാടുള്ള ഫാന്‍സും വന്നിരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. മലയാളത്തിലെ മറ്റ് നടന്മാര്‍ക്ക്  കിട്ടുന്നത് പോലെ വലിയ പ്രതിഫലമൊന്നും എനിക്ക് ലഭിക്കുന്നില്ല.  എങ്കിലും രണ്ട് സിനിമക്ക് കിട്ടിയ പ്രതിഫലത്തിന്റെ പകുതി അവിടെയുള്ളവര്‍ക്ക് വേണ്ടി ചിലവാക്കി.

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് കിട്ടുന്നത് പോലെ എന്റെ കയ്യില്‍ ലക്ഷങ്ങളൊന്നുമില്ല.

ചക്കിലിയ സമുദായത്തിലുള്ളവര്‍ ജാതീയമായ വേര്‍തിരിവ് നേരിടുന്നുണ്ട് എന്നത് സത്യമാണ്. അതെനിക്ക് അവിടെ ചെന്നപ്പോള്‍ മനസിലായി. വീട് നിര്‍മ്മിക്കാനുള്ള അനുമതി പോലും നല്‍കാതെ പഞ്ചായത്ത് അധികൃതരും കുടിവെള്ളം പോലും നിഷേധിക്കുന്ന ജനങ്ങളും. രണ്ട് പേരാണ് അവരുടെ ദുരിതത്തിന് കാരണം. ഒന്ന് രാഷ്ട്രീയക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍. ഇവര്‍ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ അവിടെയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയേറെ വാര്‍ത്തകള്‍ വന്നിട്ടും അവിടത്തെ ജാതി വേര്‍തിരിവ് ഇല്ലാതാക്കാനായില്ലെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയം? 

ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ അവിടെയുള്ളവര്‍ക്ക് വീട് കിട്ടും. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പട്ടിണിയും പരിവെട്ടവുമായി കിടക്കുന്നവരുണ്ട്. 2009ല്‍ അപേക്ഷിച്ച ആള്‍ക്ക് പോലും വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടില്ല ചില ഉദ്യോഗസ്ഥര്‍. എന്തുകൊണ്ടാണ് അനുമതി നല്‍കാത്തത് എന്ന് ഒരു ഉദ്യോഗസ്ഥനും കൃത്യമായ ഉത്തരം നല്‍കാന്‍ പറ്റിയിട്ടില്ല. ഞാന്‍ സംസാരിച്ച ഉദ്യോഗസ്ഥനും ഒരുത്തരം തന്നിട്ടില്ല.

പട്ടിണിയും ദാരിദ്ര്യവും ഉണ്ട്. 

ചക്കിലിയ സമുദായത്തിലുള്ളവര്‍ ജാതീയമായ വേര്‍തിരിവ് നേരിടുന്നുണ്ട് എന്നത് സത്യമാണ്.

ഇന്നത്തെകാലത്ത് ഇത്രയൊക്കെ അനുഭവിക്കണമെങ്കില്‍ അതിന് കാരണമുണ്ടാകും. മുമ്പ് ഞാന്‍ അട്ടപ്പാടിയില്‍ പോയിരുന്നു. അന്ന്, അവിടെയുള്ള കുടുംബങ്ങള്‍ക്ക് എന്നാലാവുന്ന സഹായം ചെയ്തു. എന്തുകൊണ്ടാണ് ഇത്രയൊക്കെയായിട്ടും അട്ടപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത്?  ആയിരക്കണക്കിന് കോടികളാണ് അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എന്നാല്‍ ഒരു രൂപ പോലും അവര്‍ക്ക് കിട്ടുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത് രണ്ട് പേര്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ അവിടെയുമുള്ളു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. 

അംബേദ്കര്‍ കോളനിയിലെ ആ സാധുക്കളും ഇതേ ദുരിതമാണ് അനുഭവിക്കുന്നത്. അവര്‍ക്ക് വീട് വേണം. ഇതിന് അപേക്ഷ കൊടുത്ത് എല്ലാ രേഖകളുമായി അവര്‍ കാത്തിരിക്കുകയാണ്. പഞ്ചായത്തിന്റെ കയ്യില്‍ ഫണ്ടുണ്ട്. എന്നാല്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി മാത്രം ഇല്ല. ഇരുനൂറിലേറെ കുടുംബങ്ങളിലായി അറുനൂറിലേറെ പേരാണ് അവിടെയുള്ളത്. എത്ര കഷ്ടപ്പാടാണ് അവര്‍ അനുഭവിക്കുന്നതെന്നോ!

ജാതീയമായി വേര്‍ തിരിവ് കാട്ടുന്നവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കണം. എന്തുകൊണ്ടാണ് ഇതിന് രാഷ്ട്രീയക്കാര്‍ തയ്യാറാവാത്തത്. ആരും അവര്‍ക്ക് ജോലി പോലും കൊടുക്കുന്നില്ല. തമിഴ്‌നാട്ടിലുള്ള ഗൗണ്ടര്‍മാരും ജോലി കൊടുക്കുന്നില്ല. എന്തൊരു ക്രൂരതയാണിത്.

ജാതീയമായി വേര്‍ തിരിവ് കാട്ടുന്നവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കണം.

അവിടെ പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാന്‍ വഴിയില്ലാതെ നില്‍ക്കുന്ന കുട്ടികളുണ്ട്. എല്ലാവരെയും സഹായിക്കണമെന്നാണ് ആഗ്രഹം. പക്ഷേ അതിനുള്ള പണമൊന്നും എന്റെ കയ്യിലില്ല. ഞാനവിടെ പോയി എന്നറിഞ്ഞതോടെ ഗള്‍ഫിലും മറ്റുമുള്ള ഫാന്‍സ് എല്ലാ പിന്തുണയും പറഞ്ഞിട്ടുണ്ട്. പണം അയക്കാമെന്ന് അവരുറപ്പ് പറയുന്നു. തീരെ കഷ്ടപ്പാട് അനുഭവിക്കുന്ന ചിലരുടെ അക്കൗണ്ട് നമ്പര്‍ അയച്ച് കൊടുത്തിട്ടുണ്ട്. അവര്‍ നേരിട്ട് സഹായിക്കട്ടെ. അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട.

മമ്മൂക്കയുടെ ചിത്രം കൂടാതെ മലയാളത്തിലെ ഒരു യുവ നായകന്റെ സിനിമയും ഒരു തമിഴ് സിനിമയും ഇനി വരാനുണ്ട്. അതിന്റെ പ്രതിഫലത്തിന്റെ പകുതി ആ ഗ്രാമത്തിലുള്ളവര്‍ക്കായി ചിലവാക്കും. കുട്ടികള്‍ പഠിക്കുകയെങ്കിലും ചെയ്യട്ടേ. 

എന്റെ അമ്മ ചെറുപ്പത്തില്‍ പറഞ്ഞ് തന്ന ഒരു കാര്യം ഉണ്ട്. അന്ധകാരമുള്ളിടത്ത് 'അയ്യോ ഇരുട്ട്' എന്ന് പേടിച്ച് കരഞ്ഞിട്ട് കാര്യമില്ല. അവിടെ ദുരിതമാണ് എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. പറ്റുമെങ്കില്‍ ഒരു കുഞ്ഞ് മെഴുകുതിരി കത്തിച്ച് വയ്ക്കണം. അത്രയെങ്കിലും വെളിച്ചം അവിടെ ഉണ്ടാവട്ടേ. ഞാനും അത്രമാത്രമേ ചെയ്തിട്ടുള്ളു. ഒരു മെഴുകുതിരി കത്തിച്ചു. ഇനിയും, കഴിയുന്നവരൊക്കെ അവിടെ വെളിച്ചം പ്രകാശിപ്പിക്കട്ടെ.


(തയ്യാറാക്കിയത്: വിഷ്ണു എന്‍. വേണുഗോപാല്‍)

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്
കോടികളുടെ ആസ്തി, തികഞ്ഞ ദേശീയവാദി, വധുവിനെ വേണം, പോസ്റ്റുമായി ചൈനയിൽ നിന്നുള്ള നിക്ഷേപകൻ