മന്ത്രിമാരേ, ഗര്‍ഭിണികളെ വെറുതെ വിടൂ...

By ദീപാ പ്രവീണ്‍First Published Jun 13, 2017, 7:22 PM IST
Highlights

 

കേന്ദ്ര മന്ത്രാലയത്തിന്റ അന്താരാഷ്ട്രാ യോഗദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ലഘു ലേഖയില്‍ ഗര്‍ഭിണികള്‍ക്കായുളള നിര്‍ദ്ദേശങ്ങള്‍ കണ്ടപ്പോള്‍ കുറിക്കാന്‍ തോന്നിയ ചിലതാണ് ഇനി പറയാന്‍ പോകുന്നത്. ഇത് എഴുതാനുള്ള അവകാശം ആ അവസ്ഥയിലൂടെ കടന്നു പോയ ഒരു സ്ത്രീ എന്നത് തന്നെ. എങ്കിലും ഈ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണ്.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട എട് തന്നെയാണ് അവള്‍ ഗര്‍ഭിണിയാകുന്ന സമയം. അപ്പോഴും സമൂഹവും ബന്ധുക്കളും അവള്‍ക്കു നല്‍കേണ്ടത് 'അരുതായകകളുടെ' പട്ടികയല്ല (don t do list ).

മറിച്ചു അവള്‍ക്ക് ആവശ്യമുള്ള ശാരീരികവും മാനസികവുമായ പരിരക്ഷയാണ്. മന്ത്രിമാര്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്, ഈ നാട്ടില്‍ ഉള്ള ഓരോ ഗര്‍ഭിണിയ്ക്കും മതിയായ വൈദ്യ പരിരക്ഷയും പോഷക ആഹാരവും ലഭ്യമാക്കുക എന്നതാണ്. നമ്മുടെ നാട്ടിലെ ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്തു മതിയായ തൂക്കമില്ലാത്തതിനെ കുറിച്ചും ഗര്‍ഭിണിയാകാന്‍ ഉതകുന്ന ശാരീരിക അവസ്ഥ ഇല്ലാത്തതിനെ കുറിച്ചും ഒരുപാട് പഠനങ്ങളുണ്ട്. ഇക്കാര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ കഷ്ടമാണ് നമ്മുടെ അവസ്ഥയെന്നും പഠനങ്ങള്‍ പറയുന്നു. 

ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ കഷ്ടമാണ് നമ്മുടെ അവസ്ഥയെന്നും പഠനങ്ങള്‍ പറയുന്നു. 

അമ്മയുടെ മനസ്സാണ് മുഖ്യം
അമ്മയുടെ വയറ്റില്‍ കിടന്നു യുദ്ധ തന്ത്രങ്ങള്‍ കേട്ടു മനപാഠമാക്കിയ അഭിമന്യൂവിനെ കുറിച്ച് നാമെല്ലാം കഥകളില്‍ കേട്ടിട്ടുണ്ട്. ഗര്‍ഭകാലത്തും നാം ആവര്‍ത്തിച്ച് കേട്ടിരുന്ന പാട്ടുകള്‍, അടുപ്പിച്ചു കണ്ടിരുന്ന ആളുകള്‍, ഇഷ്ടഭക്ഷണങ്ങള്‍ അതിനോടൊക്കെ നമ്മുടെ കുഞ്ഞു ജനിച്ചു കഴിയുമ്പോള്‍ കാട്ടുന്ന പരിചയഭാവം നമ്മില്‍ ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അതിനു കാരണമുണ്ട്. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ വിവിധ തലങ്ങളില്‍ അമ്മയുടെ മാനസിക വ്യാപാരങ്ങള്‍ തുടങ്ങി എന്തിനു ബാഹ്യമായ ശബ്ദങ്ങളോട് വരെ പ്രതികരിക്കാന്‍ ഗര്‍ഭസ്ഥ ശിശുവിന് കഴിയും. അത് കൊണ്ടാണ് ആധുനിക വൈദ്യ ശാസ്ത്രം അച്ഛനോടും അമ്മയോടും ഗര്‍ഭാവസ്ഥയില്‍ തന്നെ ഗര്‍ഭസ്ഥശിശുവിനോട് സംസാരിക്കാന്‍, പാട്ടുകള്‍ പാടാന്‍, കഥകള്‍ പറയാന്‍ ആവശ്യപ്പെടുന്നത് ഗര്‍ഭസ്ഥ ശിശുവുമായി ബോണ്ടിങ് -അതാണ് അവിടെ നടക്കുന്നത്. 

ഈ  ബോണ്ടിങ് കുഞ്ഞിന്റെ വളര്‍ച്ചയില്‍ മുഖ്യമായ ഒന്നാണ്. അതിനാല്‍ ആ സമയത്തു അമ്മ ഏറ്റവും ഉചിതമായ ശാന്തമായ മാനസികാവസ്ഥയില്‍ ആയിരിക്കണം. അച്ഛനും. അത് ഒരുക്കി കൊടുക്കുകയാണ് സമൂഹമെന്ന നിലയില്‍, നാം ചെയ്യേണ്ടത്. അമ്മയുടെ സ്‌ട്രെസ് കുഞ്ഞു ജീവനെ എത്ര മാത്രം ബാധിക്കാമെന്ന് എത്ര അധികം തെളിവുകള്‍ നമ്മളോട് സംസാരിക്കുന്നു.

എന്നിട്ടും ഒരു ഗര്‍ഭാവസ്ഥയില്‍ സ്വയമേ ഒരു പാട് ഹോര്‍മോണല്‍ ചേഞ്ചുകളിലൂടെ കടന്നു പോകുന്ന സ്ത്രീയെ നമ്മള്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ കൂടുതല്‍ പേടിപ്പിക്കുന്നു.

തന്റെ ഉള്ളില്‍ ഒരു ജീവന്‍ വളരുന്നു,  എങ്ങനെയാകും അത് പുറത്തു വരുക, അതിനു ശേഷം എന്ത് ചെയ്യും, എങ്ങനെയാണ് പ്രസവം അടുത്തോ എന്ന് അറിയുക,  എന്താണ് പ്രസവ വേദന, ആവശ്യത്തിന് മുലപ്പാലുണ്ടാകുമേക, കുഞ്ഞിന് എങ്ങനെ മുലകൊടുക്കും, എന്റെ ജോലി എന്താകും, എനിക്ക് ലീവ് കിട്ടുമോ, കുഞ്ഞിനെ ആര് നോക്കും, അവര്‍ എന്റെ കുഞ്ഞിനെ നന്നായി നോക്കുമോ, എനിയ്ക്കു നല്ല അമ്മയാകാന്‍ കഴിയുമോ എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍. 

ഇത് പോലെ ശാരീരികവും മാനസികവും വ്യക്തിപരവുമായ അനേകം അനേകം ചോദ്യങ്ങള്‍ ഓടുന്ന ഒരു മനസാണ് ഒരു ഗര്‍ഭിണിയുടേത്. അതിനുള്ള ഉചിതമായ ഉത്തരം നല്‍കാനുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം നമുക്കുണ്ടോ? വേണ്ടത് അതല്ലേ? ഗര്‍ഭിണിയായ ഒരു വ്യക്തിയ്ക്കും കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന അച്ഛനും വേണ്ട ഒരു കൈത്താങ്ങു.

പലപ്പോഴും ഭാവി അച്ഛന്മാരുടെ കാര്യം നാം വിസ്മരിക്കാറുണ്ട്. തന്റെ പങ്കാളിയുടെ ജീവിതത്തിലെ വലിയ മാറ്റം അവരെയും ബാധിക്കും. ജീവിതത്തെ മാറ്റി മറിക്കാന്‍, ഒരു പുതിയ അതിഥി വരുകയാണ്. അതിന്റെ ആശങ്കകള്‍ അവര്‍ക്കും ഉണ്ടാകും അതും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങള്‍ ആകേണ്ട, പരസ്പരം കൈത്താങ്ങാകേണ്ട ജീവിതത്തിലെ ഒരു വലിയ ഏട്. 

ഗര്‍ഭാവസ്ഥയില്‍ ഉള്ളവര്‍ അവരവര്‍ക്കു പ്രാപ്യമായതും മനസ്സില്‍ പിടിച്ചതുമായ ഭക്ഷണം കഴിക്കട്ടെ.

പേടിപ്പിക്കുന്ന ആചാരങ്ങള്‍
രാത്രിയായാല്‍ പുറത്തിറങ്ങരുത്, ഇറങ്ങിയാല്‍ ഒരു ഇരുമ്പു കക്ഷണം കൈയില്‍ വെയ്ക്കണം. പപ്പായ കഴിക്കരുത്, ഈന്തപഴം കഴിക്കരുത്, കൈതച്ചക്ക കഴിക്കരുത്...അരുത് അരുത്... ഞാന്‍ കേട്ട ഒരു പാട് അരുതുകള്‍.

ഇവിടെ നമ്മള്‍ കൂടുതലും കാണുക മിഡ് വൈഫിനെയാണ്. എന്റെ സംശയങ്ങളുടെ നീണ്ട ലിസ്റ്റ് (ഞാന്‍ ആയതു കൊണ്ട് സംശയങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ ആയിരുന്നു) ഞാന്‍ പുറത്തെടുത്തപ്പോള്‍ അവരാദ്യം പറഞ്ഞത് നിനക്ക് കഴിക്കണം എന്ന് തോന്നുന്ന സാധനം അത് എന്തായാലും ഒരു ചെറിയ അളവില്‍ കഴിച്ചോ.

രാവിലെ ഒരു ചെറിയ ഗ്ലാസ് കാപ്പി കുടിച്ച കൊണ്ടോ, വല്ലപ്പോഴും പ്രിയപ്പെട്ട കൈതച്ചക്ക ഒരു കഷണം കഴിച്ചത് കൊണ്ട് ഒരു അപകടവും വരില്ല. ഒന്നും അധികമാക്കാതെ ഇരിക്കുക നിന്റെ ശരീരം നിന്നോട് പറയും എന്ത് വേണം, എന്ത് വേണ്ട എന്ന്. Listen to your body and baby. 

മത്സ്യവും മാംസവും പ്രിയമില്ലാത്ത ഒരാളെ നീ അനീമിക്കാണ്, അത് കൊണ്ട് ഇതൊക്കെ കഴിക്കൂ എന്ന് പറഞ്ഞു നിര്‍ബന്ധിച്ചു കഴിപ്പിക്കുന്നതിലോ, അത് കഴിക്കാന്‍ താല്‍പര്യമുള്ള ഒരാളെ ആചാരങ്ങളുടെ പേരില്‍ അത് ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഗര്‍ഭാവസ്ഥയില്‍ ഉള്ളവര്‍ അവരവര്‍ക്കു പ്രാപ്യമായതും മനസ്സില്‍ പിടിച്ചതുമായ ഭക്ഷണം കഴിക്കട്ടെ.

ആചാരങ്ങളിലേയക്ക്  വന്നാല്‍, ഈ അവസ്ഥയില്‍ ഗര്‍ഭിണിയുടെ മനസ്സിന് സന്തോഷമാണ് മുഖ്യമായും അവള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവള്‍ക്ക് സീമന്തമോ, ബേബി ഷവറോ, ഇഷ്ടപ്പെട്ട ആരാധനാലയത്തില്‍ പോവുന്നതോ, അങ്ങനെ എന്തുമായിക്കൊള്ളട്ടെ. ഇനി അതല്ല അവര്‍ക്കു അതിനൊന്നും താല്‍പര്യമില്ല എങ്കില്‍ അവരെ അവരുടെ തീരുമാനങ്ങള്‍ക്ക് വിടുന്നതല്ലേ ഉചിതം. എന്തിനാണ് ആചാരങ്ങളുടെ പേരില്‍ അധിക മാനസിക വ്യഥ?

എന്തിനാണ് ആചാരങ്ങളുടെ പേരില്‍ അധിക മാനസിക വ്യഥ?

എന്റെ ഒരു അനുഭവം കൂടി പറഞ്ഞു കൊള്ളട്ടെ, ഗര്‍ഭാവസ്ഥയുടെ ഏതാണ്ട് അവസാന കാലത്തു ഇവിടെയുള്ള (വെയില്‍സ് ) അമ്പലത്തില്‍ പോകാന്‍ കലശലായ മോഹം. ഒരു കുന്നിന്‍ ചെരുവില്‍ സുബ്രഹ്മണ്യനും, ദുര്‍ഗ്ഗയും, അനന്തശായിയായ മഹാവിഷ്ണുവും, ജലത്തിന് നടുവില്‍ താമരപൂവിനു നടുവില്‍ കുടികൊള്ളുന്ന സരസ്വതിയും മാനും മുയലും പൂക്കള്‍ വിരിയുന്ന കുന്നിന്‍ ചെരിവും ഭസ്മ മണവുമൊക്കെയുള്ള പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ആ അമ്പലം. നല്ല ഭക്ഷണവും അത് പ്രത്യേകം പറയേണ്ടല്ലോ.

എന്നാല്‍, അമ്മ ഒരു തരത്തിലും സമ്മതിക്കുന്നില്ല. എത്രയോ മാസം കഴിഞ്ഞാല്‍ അമ്പലത്തില്‍ പോകാന്‍ പാടില്ലത്രേ. അമ്പലത്തില്‍ നിന്നും കിട്ടുന്ന പായസവും ചോറും കറികളും എന്റെ ഉറക്കം കെടുത്തുന്നു. അവസാനം ഞാന്‍ പറഞ്ഞു നമുക്കു പോയി ചോദിക്കാം. അവര്‍ കയറാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ തിരിച്ചു പോരാല്ലോ. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അപ്പോള്‍ അവിടെ ഒരു മണിക്കൂള്ള പൂജ തുടങ്ങാറായി. മുഖ്യ കാര്‍മികനോട് കാര്യം പറഞ്ഞു, അദ്ദേഹം ശ്രീലങ്കക്കാരനാണ്. രണ്ടു കൈ കൊണ്ട് നിറുകയില്‍ കൈ വെച്ച് അദ്ദേഹം പറഞ്ഞു, അതിനെന്താ നീ കടന്നു വരൂ. നിലത്തു ഇരിക്കണ്ട. അവിടെ പുറകില്‍ കസേര ഉണ്ട്. അവിടെ ഇരുന്നു പൂജയില്‍ പങ്കെടുത്തോളു. ഇത് കേട്ട് നിന്ന മറ്റൊരു പൂജാരി എന്റെ കസേരയിലെ ഇരുപ്പ് സുഖകരമാക്കാന്‍ രണ്ടു കുഷ്യന്‍ കൂടി കൊണ്ട് വന്നു തന്നു. അവിടെ ഇരുന്നു ആ പൂജ മുഴുവന്‍ പങ്കു കൊണ്ട് ഒടുവില്‍ ആരതി ഉഴിയുന്ന സമയമായപ്പോള്‍ ആ കാര്‍മ്മികന്‍ എന്റെ അടുത്ത് വന്നു എനിക്ക് പ്രത്യേകമായി ദീപം ഉഴിഞ്ഞു. ഒപ്പം എന്റെ കുഞ്ഞു വയറിലും ദീപം ഉഴിഞ്ഞു തലയില്‍ കൈ വെച്ചു പ്രാര്‍ഥിച്ചു.

ഇത് ഒരു വലിയ കാര്യമല്ല. എന്നാല്‍ എന്റെ ഗര്‍ഭാവസ്ഥയെകുറിച്ച് ഞാന്‍ ഓര്‍ക്കുന്ന കരുണയുടെ, പരിഗണനയുടെ, ഒരു നല്ല മുഹൂര്‍ത്തമാണ് അത്. അവിടെ ഞാന്‍ ദൈവത്തെ കണ്ടത് ആ ബിംബങ്ങള്‍ക്കും അപ്പുറം എന്റെ ഒരു സന്തോഷം നടത്തി തന്ന ആ വയോവൃദ്ധനായ പൂജാരിയിലാണ്.

നമ്മള്‍ ശ്രമിക്കുന്നത്, ഒരു നല്ല തലമുറയുടെ ഉടലെടുക്കലിനായി അവരുടെ അമ്മമാരെ പ്രാപ്തരാക്കാനാണെങ്കില്‍, ആദ്യം കേള്‍ക്കേണ്ടത് ആ അമ്മമാര്‍ക്ക് എന്ത് വേണം എന്നല്ലേ?

click me!