
മലയാളത്തിലെ ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടുപോയതുമായ വിവാദം കത്തിനില്‍ക്കുകയാണ്. നടിയെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും അത് ഉടന്‍തന്നെ പ്രചരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സംഭവവും പണ്ട് സോളാര്‍ നായിക സരിത എസ് നായരുടെ സ്വകാര്യദൃശ്യങ്ങള്‍ വാട്ട്സ്ആപ്പിലൂടെ പ്രചരിച്ചതും നോക്കിക്കാണുമ്പോള്‍ ഉള്ള പൊരുത്തക്കേടുകള്‍ എന്തൊക്കെയാണ്- ജിമ്മി ജെയിംസ് എഴുതുന്നു...
പള്‍സര്‍ സുനിയെ കിട്ടിയാല്‍ തല്ലിക്കൊല്ലാന്‍ തയ്യാറായി നില്‍ക്കുന്ന ആങ്ങളമാരുടെ ശ്രദ്ധയ്ക്കാണ് ഈ കുറിപ്പ്. രണ്ട് വര്‍ഷം മുന്‍പ്, 2014 നവംബറില്‍, സോളാര്‍ കേസ് കത്തി നിന്നപ്പോള്‍, സരിത എസ് നായരുടെ നഗ്ന വീഡിയോ പ്രചരിച്ചത് ഓര്‍ക്കുന്നോ. വാട്‌സാപ്പ് വഴി ലക്ഷക്കണക്കിന് കൈകള്‍ കൈമാറിയ ആ ക്ലിപ്പുകള്‍ കാണാത്തവര്‍ ആരൊക്കെ എന്ന് ചോദിക്കുന്നതാവും ഉചിതം. ഭരണരംഗത്തുള്ളവര്‍ക്ക് എതിരെ സരിത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയേക്കുമെന്ന വാര്‍ത്ത വായുവില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അത്. സരിതയുടെ വിശ്വാസ്യത പൊതു സമൂഹത്തില്‍ അതോടെ തകര്‍ന്നു. ഉദ്ദേശം അതു തന്നെ ആയിരുന്നെന്ന് വ്യക്തം.
സരിത അറസ്റ്റിലാകുമ്പോള്‍, നിരവധി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഒക്കെ പോലീസ് പിടിച്ചെടുത്തിരുന്നു. കോടതി രേഖകളില്‍ പറയുന്നത് നാല് മൊബൈല്‍ ഫോണ്‍, ഒരു ലാപ്‌ടോപ്പ് എന്നാണ്. മറ്റ് മൂന്ന് ഫോണുകളും ഒരു ലാപ്‌ടോപ്പും കൂടി പോലീസ് പിടിച്ചെടുത്തിരുന്നെന്നും അതിലുണ്ടായിരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും സരിത പറഞ്ഞു. അന്നത്തെ അറസ്റ്റിന് നേതൃത്വം നല്‍കിയ എഡിജിപി പത്മകുമാറാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച സരിത, പരാതി ഡിജിപിക്ക് എഴുതി നല്‍കി. ഒരു സ്ത്രീയെ അപമാനിച്ച്, മാനം കളഞ്ഞ്, കേരളം മുഴുവന്‍ അപഹാസ്യയാക്കി നിര്‍ത്തിയ കാര്യമാണ്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ എപ്പോഴാണ് തുറന്നത് എന്നുപോലും കണ്ടെത്താവുന്ന കാലമാണ്. എന്നിട്ടും ഒന്നും സംഭവിച്ചില്ല.
രാവിലെ മുതല്‍ വിവാദങ്ങള്‍ അടുപ്പത്തിട്ട് അന്തിച്ചര്‍ച്ചയ്ക്കായി പരുവപ്പെടുത്തുന്ന കാലമാണ്. മാധ്യമങ്ങളും അത് വിട്ടുകളഞ്ഞു. ഇന്ന് പോലീസ് മറ്റൊരു വീഡിയോ ക്ലിപ്പിന് പിന്നാലൊണ്. അതിന് ഉത്തരവാദിയായ ക്രിമിനലിനെ പൂട്ടുമെന്ന ശപഥത്തിലാണ്. എന്തുകൊണ്ടാണ് ആരുടേയും നീതി ബോധം അന്ന് സരിതയ്‌ക്കൊപ്പം നില്‍ക്കാതിരുന്നത്. ഒരു ഗൂഢമന്ദഹാത്തോടെ വാട്‌സാപ്പ് ഉണ്ടോ എന്ന് നമ്മള്‍ പരസ്പരം ചോദിച്ചത്?
കുലസ്ത്രീകളും ചന്തപ്പെണ്ണുങ്ങളും രണ്ടാണല്ലോ... അല്ലേ?
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം