ചെമ്മനം കവിതകളിലൂടെ ഒരു സ്‌കൂള്‍ കാലം

By Web TeamFirst Published Aug 15, 2018, 7:18 PM IST
Highlights

'ഒടിഞ്ഞവില്ല്' ആദ്യ വായനയിൽ തന്നെ മനസ്സിലുടക്കി. അന്ന് സ്വകാര്യ സ്കൂളിൽ പഠിച്ചിരുന്ന എനിക്ക് പരിചയമില്ലായിരുന്ന 'ഡി ഇ ഒ വിസിറ്റ്' എന്ന കലാപരിപാടിയെപ്പറ്റി അച്ഛൻ വിശദമായിത്തന്നെ പറഞ്ഞു തന്നു. അതൊക്കെ കൊണ്ടാവാം നിമിഷങ്ങൾക്കുള്ളിൽ സാമാന്യം വലിയ ഒരു കവിതയായിരുന്നിട്ടു കൂടി എനിക്കാ വരികൾ ഹൃദ്യസ്ഥമായി. 

കെ ജി ജോർജ് സംവിധാനം നിർവ്വഹിച്ച 'പഞ്ചവടിപ്പാലം' എന്ന സിനിമയെ പറ്റി ഞാനന്നാണ് കേട്ടത്. 'ആക്ഷേപഹാസ്യം' എന്ന പട്ടികയിൽപ്പെടുന്നതാണി വയൊക്കെയും എന്നും, വിമർശനകലയിലെ ഏറ്റവും ഹൃദ്യമായ ശൈലിയാണവയെന്നും ശരിയായ അളവിലും തൂക്കത്തിലും ചേരുംപടി ചേർത്തില്ലെങ്കിൽ കലാകാരന്‍റെ കൈവിട്ട് പോകാവുന്ന ശൈലിയാണിതെന്നും ശരിയായി വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ ഏറ്റവും ശക്തമായ സാമൂഹിക പ്രതിബദ്ധതയുള്ള സാഹിത്യരൂപമാണെന്നും അവയിലെല്ലാം നിതാന്ത നൈപുണ്യം ഉണ്ടായിരുന്ന/ഉള്ള കവിയാണ് ശ്രീ ചെമ്മനം ചാക്കോയെന്നും കാലങ്ങൾക്കിപ്പുറമാണ് ഞാൻ മനസ്സിലാക്കിയെടുത്തതെന്നു മാത്രം.

പാഠഭാഗങ്ങൾക്ക് പുറത്തു നിന്നുള്ള കവിതകളിൽ ജീവിതത്തിൽ ആദ്യമായി ഹൃദ്യസ്ഥമാക്കിയത് 'ഒടിഞ്ഞവില്ല് ' ആണ്. പിന്നീട് 'പാത്രസൃഷ്ഠി' .  'ചെമ്മനം ചാക്കോയുടെ കവിതകൾ 'എന്ന ആ മെലിഞ്ഞ ബുക്കിൽ പെൻസിൽ കൊണ്ട് വരികൾ അടയാളപ്പെടുത്തി പഠിപ്പിച്ചത് അച്ഛനാണ്. ഒരു കഥ പോലെ ആദ്യം കവിതയുടെ ഉള്ളടക്കം പറഞ്ഞുതരും. എന്നിട്ട് വരികളിലെ ഒരോ അർത്ഥവിരാമത്തിനു പിന്നിലും നീട്ടിയും കുറുകിയുമുള്ള വരകൾ വരച്ച് അർത്ഥവത്തായി ചൊല്ലാൻ പഠിപ്പിക്കും. അതായിരുന്നു അച്ഛന്‍റെ രീതി. 

എല്ലാമാസവും രണ്ടാമത്തെ വ്യാഴാഴ്ചയാണ് അച്ഛന്‍റെ ഓഫീസിൽ പപ്പേട്ടൻ പുസ്തകങ്ങളുമായി എത്താറുള്ളത്. തന്‍റെ കുഞ്ഞുലൈബ്രറിയിലേക്ക് ഓരോ മാസവും പുസ്തകങ്ങൾ വാങ്ങി ശേഖരിക്കുക എന്നത് അച്ഛന്‍റെ നിർബന്ധങ്ങളിൽ ഒന്നാണ്. കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ മറിച്ചു നോക്കി നിറവും മണവും ആദ്യം തന്നെ സ്വന്തമാക്കുക എന്നത് എന്‍റെയും നിർബന്ധമാണ്. ചിലത് അച്ഛൻ തന്നെ വായിച്ച് കേൾപ്പിക്കും, ചിലത് വായിക്കാനുള്ള രീതി പറഞ്ഞു തരും. പദ്യപാരായണ മത്സരത്തിന് ഒ.എൻ.വി സർന്‍റെ 'ഉപ്പ് ' കാണാതെ പഠിക്കാൻ ശ്രമിക്കുന്ന ദിവസങ്ങളിലൊന്നിലാണ് താരതമ്യേന ലളിതം എന്നു പറഞ്ഞ് 'ചെമ്മനം ചാക്കോയുടെ കവിതകൾ' അച്ഛൻ എനിക്ക് കൊണ്ടുതന്നത്. തന്‍റെ പേരക്കുട്ടിയോട് ജീവിതത്തിലെ ഉപ്പായി താനെന്നും കൂടെയുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്ന മുത്തശ്ശിയേയും കൊച്ചുമകനെയുംകാൾ ഏറെ വേഗത്തിൽ അന്നെനിക്ക് ചെമ്മനം കവിതകൾ മനസ്സിലായി.

'ഒടിഞ്ഞവില്ല്' ആദ്യ വായനയിൽ തന്നെ മനസ്സിലുടക്കി. അന്ന് സ്വകാര്യ സ്കൂളിൽ പഠിച്ചിരുന്ന എനിക്ക് പരിചയമില്ലായിരുന്ന 'ഡി ഇ ഒ വിസിറ്റ്' എന്ന കലാപരിപാടിയെപ്പറ്റി അച്ഛൻ വിശദമായിത്തന്നെ പറഞ്ഞു തന്നു. അതൊക്കെ കൊണ്ടാവാം നിമിഷങ്ങൾക്കുള്ളിൽ സാമാന്യം വലിയ ഒരു കവിതയായിരുന്നിട്ടു കൂടി എനിക്കാ വരികൾ ഹൃദ്യസ്ഥമായി. ഓരോ വരിയും അച്ഛൻ പറഞ്ഞു തന്ന താളത്തിലും ഈണത്തിലും അഭിനയിച്ചും ഒക്കെക്കൊണ്ടു തന്നെ ഞാൻ ചൊല്ലാൻ തുടങ്ങി. നാലാം ക്ലാസ്സുകാരിയുടെ കവിതാലാപനം വീട്ടുകാരാഘോഷമാക്കി. 

അച്ഛൻ കാലയവനികയിൽ മറഞ്ഞു. ഇന്ന് ഞാനിതെഴുതുന്നത് കണ്ട അമ്മ, " ഓ ... ഒടിഞ്ഞ വില്ല് " എന്ന് ചെറുപുഞ്ചിരിയോടെ പറയുകയും ചെയ്തു. അന്ന് സ്കൂളിലെ ടീച്ചറുടെ നിർദേശപ്രകാരം കൂടുതൽ താത്വികത തുളുമ്പുന്ന 'ഉപ്പ്' തന്നെ മത്സരവേദിയിൽ ചൊല്ലേണ്ടി വന്നു എന്നത് മറ്റൊരു കഥ ( അതിൽ തെല്ലും വിഷമം ഇല്ല കേട്ടോ )

പിന്നെയും കവിതകളുണ്ടായിരുന്നു അതിൽ, ഏറെ ഹൃദ്യമായവ. 'പാത്രസൃഷ്ഠി' കേട്ടിട്ട് അന്നൊത്തിരി ചിരിച്ചതോർക്കുന്നു. പൊതുപരിപാടികളുടെയും ഉദ്ഘാടനങ്ങളുടേയും കല്ലിടീലുകളുടേയും വേദികളിൽ നിന്നും വേദികളിലേക്ക് തന്‍റെ കാറിൽ പറന്നു നടക്കുന്ന ജനപ്രതിനിധി ഒരു യുവ കവിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാനായി വേദിയിൽ പറഞ്ഞതിലും വൈകി എത്തുന്നതും, തദ്ദവസരത്തിൽ നടത്തുന്ന പ്രസംഗവുമാണതിനിതിവൃത്തം. ഭാരവാഹികളിലാരോ ചെവിയിൽ വിഷയം പറഞ്ഞു 'സുധാകരന്റെ പാത്ര സൃഷ്ടി' (കവിയുടെ പേരില്‍ തന്നെയാണോ എന്ന് ഞാനോർക്കുന്നില്ല. ക്ഷമിക്കുക). ജനപ്രതിനിധി പ്രസംഗം തുടങ്ങി ,  'പാത്രങ്ങൾ പലതുണ്ട് പലരും ഉണ്ടാക്കുന്നുണ്ട് , പക്ഷേ സുധാകരന്‍റെ പാത്രസൃഷ്ടിയാണ് സൃഷ്ടി...'

കെ ജി ജോർജ് സംവിധാനം നിർവ്വഹിച്ച 'പഞ്ചവടിപ്പാലം' എന്ന സിനിമയെ പറ്റി ഞാനന്നാണ് കേട്ടത്. 'ആക്ഷേപഹാസ്യം' എന്ന പട്ടികയിൽപ്പെടുന്നതാണി വയൊക്കെയും എന്നും, വിമർശനകലയിലെ ഏറ്റവും ഹൃദ്യമായ ശൈലിയാണവയെന്നും ശരിയായ അളവിലും തൂക്കത്തിലും ചേരുംപടി ചേർത്തില്ലെങ്കിൽ കലാകാരന്‍റെ കൈവിട്ട് പോകാവുന്ന ശൈലിയാണിതെന്നും ശരിയായി വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ ഏറ്റവും ശക്തമായ സാമൂഹിക പ്രതിബദ്ധതയുള്ള സാഹിത്യരൂപമാണെന്നും അവയിലെല്ലാം നിതാന്ത നൈപുണ്യം ഉണ്ടായിരുന്ന/ഉള്ള കവിയാണ് ചെമ്മനം ചാക്കോയെന്നും കാലങ്ങൾക്കിപ്പുറമാണ് ഞാൻ മനസ്സിലാക്കിയെടുത്തതെന്നു മാത്രം. മനസ്സിൽ അത്ര വേഗം പതിഞ്ഞതുകൊണ്ടാവാം പഠനകാലത്ത് കൂട്ടുകാർക്കു മുൻപിലും,   ഇന്ന്, അധ്യാപനത്തിൽ  പലയിടത്തും 'ഒടിഞ്ഞവില്ല് ' എനിക്കായുധമായിട്ടുണ്ട്. അതേതാളത്തിൽ, അതേ ഈണത്തിൽ...

click me!