
അനുവാദം കൂടാതെയുള്ള സ്പര്‍ശനം പോലും തെറ്റാണ്. അത് ഒരാളുടെ ശരീരത്തില്‍ മറ്റൊരാള്‍ നടത്തുന്ന കയ്യേറ്റമാണ്. അതവരെ ഏതു തരത്തില്‍ ബാധിക്കുമെന്നത് പറയാനാകില്ല. അപ്പോഴും സമൂഹത്തിന് ഈ അതിക്രമങ്ങളെ കുറിച്ച് പലതരം ചോദ്യങ്ങളാണ്. അവളെന്തിന് അവിടെ പോയി, അവളെന്തിന് മദ്യപിച്ചു, അങ്ങനെയുള്ള വസ്ത്രം ധരിച്ചു എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട് അക്കാര്യത്തില്‍.
മിക്ക ലൈംഗികാതിക്രമങ്ങളും നടക്കുന്നത് അപരിചിതരില്‍ നിന്നാണ്
മിക്ക സിനിമകളിലും കാണുന്നത് വിജനമായ ഒരു സ്ഥലത്തു കൂടി നടക്കുന്ന സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നതാണ്. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. മിക്കവരും പീഡിപ്പിക്കപ്പെടുന്നത് പരിചിതമായ ചുറ്റുപാടില്‍ നിന്നോ, പരിചിതമായ ആളുകളില്‍ നിന്നാണ്. അത് വീട്ടില്‍ നിന്നാവാം, ബന്ധുക്കളില്‍ നിന്നാവാം, അയല്‍ക്കാരില്‍ നിന്നാവാം, സുഹൃത്തുക്കളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ആവാം. എന്തിന്, സ്വന്തം അച്ഛനില്‍ നിന്നും അതിക്രമങ്ങളേറ്റു വാങ്ങേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ വരെ നമുക്കിടയിലുണ്ട്.
ലൈഗികാതിക്രമത്തിന് ഇരയാവുന്നവര്‍ അപ്പോള്‍ തന്നെ അത് ആരെയെങ്കിലും അറിയിക്കും
എന്തുകൊണ്ട് അതിക്രമം ഉണ്ടായി അപ്പോള്‍ തന്നെ ആരെയെങ്കിലും അറിയിക്കുകയോ, കേസ് കൊടുക്കുകയോ ചെയ്തില്ല എന്നതാണ് അടുത്ത ചോദ്യം. ബാല്യകാലത്ത് നടന്ന ലൈംഗികാതിക്രമം പലരും വ്യക്തമാക്കുന്നത് മുതിര്‍ന്നു കഴിഞ്ഞാണ്. എന്തുകൊണ്ട് അത്രയും കാലമെടുത്തു എന്നതിന് ഉത്തരവും നമ്മുടെ കയ്യില്‍ തന്നെയുണ്ട്. പീഡനത്തിനിരയായ ഒരാളോട് ഈ സമൂഹത്തിന്‍റെ കാഴ്ചപ്പാട് അത്തരത്തിലാണ്. അങ്ങനെയൊരാളെ അംഗീകരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പീഡനം നടത്തിയ ആളെയാണ് സമൂഹം അംഗീകരിക്കുക.
സ്ത്രീകളാണ് പീഡിപ്പിക്കപ്പെടുന്നതെങ്കില്‍, എന്തിനവിടെ പോയി എന്നതില്‍ തുടങ്ങി എന്തുകൊണ്ട് ഒച്ചവെച്ചില്ല എന്നതടക്കം ഒരായിരം ചോദ്യം വേറെയും. പീഡനത്തിലുണ്ടായി വേദന പോലെ തന്നെ സമൂഹത്തിന്‍റെ കണ്ണുകള്‍ അവരെ ഭയപ്പെടുത്തും.
ഇനി അതിക്രമം നടത്തുന്നത് പ്രബലനോ, ശക്തനോ ആയ ആളാണെങ്കില്‍ തീര്‍ച്ചയായും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ഭയമുണ്ടാകും. അവര്‍ ജീവിതം തകര്‍ത്തേക്കാം എന്ന ഭയം പോലും. ഫ്രാങ്കോ മുളയ്ക്കലിന്‍റെ കാര്യം തന്നെ നോക്കൂ. എത്ര പേരാണ് പിന്തുണയുമായെത്തിയത്.
ട്വിറ്ററില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന #WhyIDidn'tReport ഹാഷ് ടാഗുകളില്‍ തന്നെ ഇതിനുള്ള മറുപടികളുണ്ട്. ഒന്നുകില്‍ അവരെ പ്രണയിച്ചിരുന്നവരായിരിക്കാം പീഡിപ്പിച്ചത്, അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെയുള്ള ആരെങ്കിലും അതിനോടൊക്കെ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ ഭയന്നുപോയിട്ടുണ്ടാകാം. ശാരീരികാതിക്രമങ്ങളേല്‍പ്പിക്കുന്ന വേദനയും ഭയവും വളരെ വലുതാണ്. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരുപാട് സമയം ആവശ്യമാണ്.
ഒരു ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ബാക്കിയെല്ലാം എളുപ്പമാണ്
ഒരു ലൈംഗികാതിക്രമം നടന്നു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ കേസെടുക്കാനാകുമെന്നാണ് ധാരണ. ഫോറന്‍സിക് പരിശോധനയടക്കമുള്ള കാര്യങ്ങള്‍ നടന്നു കഴിഞ്ഞ ശേഷമായിരിക്കും വിധി വരുന്നത്. പലതിലും സംഭവിക്കുന്നത്, കേസ് കൊടുത്തുകഴിഞ്ഞുണ്ടാകുന്ന മാനസികപ്രയാസങ്ങള്‍ താങ്ങാനാകാതെ കേസ് പിന്‍വലിക്കുകയാണ്.
ഇഷ്ടമായില്ലെങ്കില്‍ പ്രതികരിക്കണമായിരുന്നു
ഫ്രാങ്കോ മുളയ്ക്കലിന്‍റെ കേസിലടക്കം കേട്ടതാണ് ഇഷ്ടമല്ലെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു എന്നത്.
പലരും അതിക്രമങ്ങളുണ്ടാകുമ്പോള്‍ പലതരത്തിലാകും പ്രതികരിക്കുക. ചിലര്‍ അപ്രതീക്ഷിതമായ നീക്കത്തില്‍ തകര്‍ന്നു പോകും, ചിലര്‍ കരയും, ചിലര്‍ കഴിയും പോലെ എതിര്‍ക്കും, ചിലര്‍ മരവിച്ചുപോകും. ഇത് പലതരത്തിലുള്ള പ്രതികരണങ്ങളാണ്. അതെല്ലാം ഫലവത്താകണമെന്നില്ല. പലതരത്തിലും അവര്‍ തങ്ങളുടെ പ്രതികരണം അറിയിച്ചു കാണും. പക്ഷെ, അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടിരിക്കാം.
എന്തിനാണ് അല്ലെങ്കിലും അത്രയധികം പ്രതികരിക്കേണ്ടി വരുന്നത്. 'നോ' എന്ന ഒറ്റവാക്കില്‍ അവസാനിക്കേണ്ടതായിരുന്നില്ലേ ആ അതിക്രമം. എന്‍റെ ശരീരത്തില്‍ തൊടരുതെന്ന് ഒരാള്‍ പറഞ്ഞു കഴിഞ്ഞാല്‍ തൊടാന്‍ ആര്‍ക്കാണ് അധികാരമുള്ളത്.