സ്ത്രീകള്‍ക്കായി നിന്നുകൊണ്ട് മൂത്രമൊഴിക്കാവുന്ന ഉപകരണം; വില പത്തുരൂപ

By Web TeamFirst Published Sep 26, 2018, 2:24 PM IST
Highlights

സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്. അതിനനുസരിച്ചാണ് സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. 

ദില്ലി: എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ഏറ്റവുമലട്ടുന്ന പ്രശ്നം എങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാലെന്ത് ചെയ്യും? ചെല്ലുന്നിടത്ത് ടോയ്ലെറ്റ് സൌകര്യമുണ്ടാകുമോ, ഉണ്ടെങ്കില്‍ അത് വൃത്തിയുള്ളതായിരിക്കുമോ എന്നുള്ളതൊക്കെയാണ്. പലയിടങ്ങളിലെയും ശുചിമുറികള്‍ അങ്ങേയറ്റം വൃത്തിഹീനമായിരിക്കും. അതുകൊണ്ടുതന്നെ പലരും മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കും. അണുബാധയെച്ചൊല്ലിയുള്ള ഭയമാണ് ഇതിന് പ്രധാന കാരണം. 

എന്നാല്‍, ഇതിന് പ്രതിവിധിയെന്നോണം സ്ത്രീകള്‍ക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാനാകുന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഡെല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികള്‍. ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നീ വിദ്യാര്‍ഥികളാണ് സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. പത്തു രൂപയാണ് വില. 

''നഗരത്തിലെ ശൌചാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 71 ശതമാനം ശൌചാലയങ്ങളും വൃത്തിഹീനമാണ്. സ്ത്രീകളാണ് ഇതിന്‍റെ പേരിലേറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകും. അതുകൊണ്ട് പലര്‍ക്കും പൊതുശൌചാലയം ഉപയോഗിക്കാന്‍ മടിയാണ്.'' ഹരിയും അര്‍ച്ചിതും പറയുന്നു. 

സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയും ചുരിദാറും ധരിക്കുന്നവരാണ്. അതിനനുസരിച്ചാണ് സാന്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ത്തവകാലത്തും ഇതുപയോഗിക്കാം. ബയോഡീഗ്രേഡബിള്‍ പേപ്പറുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗശേഷം കളയാം. പരിസ്ഥിതി സൌഹാര്‍ദ്ദപരമാണ് നിര്‍മ്മാണം. 

click me!