മലയാളികളേ ഇങ്ങനെ ക്രൂരതയരുത്, മനുഷ്യനല്ലേ?

Web Desk |  
Published : Apr 03, 2018, 12:58 AM ISTUpdated : Jun 08, 2018, 05:52 PM IST
മലയാളികളേ ഇങ്ങനെ ക്രൂരതയരുത്, മനുഷ്യനല്ലേ?

Synopsis

സ്വന്തം ജീവിതത്തിൽ നന്‍മയെന്തെന്നറിയാത്തവരായി നമ്മളൊക്കെ മാറുന്നുണ്ടോ? ഈ ചോദ്യങ്ങൾ എവിടെയെങ്കിലും എത്തുന്നുണ്ടോ?

നമുക്ക് രാഷ്ട്രീയം പറയാനെളുപ്പമാണ്, നമുക്ക് മറ്റുള്ളവരെ വിമർശിക്കാൻ എളുപ്പമാണ്, മറ്റുള്ളവർ എന്തുകൊണ്ട് അത് ചെയ്തില്ല, എന്തുകൊണ്ട് ഇത് ചെയ്തു എന്ന് ചോദിക്കാൻ എളുപ്പം. പക്ഷേ ഈ ചോദ്യങ്ങൾ എവിടെയെങ്കിലും എത്തുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ നന്‍മയുടെ പ്രകാശം പരത്തി, സ്വന്തം ജീവിതത്തിൽ നന്‍മയെന്തെന്നറിയാത്തവരായി നമ്മളൊക്കെ മാറുന്നുണ്ടോ? ചിന്തിക്കണം, കുറച്ചുദിവസങ്ങളായി കാണുന്നതും കേൾക്കുന്നതുമൊക്കെ ഞെട്ടിക്കുന്ന കാര്യങ്ങൾ മാത്രം. അന്ന് ആ സ്ത്രീ വണ്ടിയിടിച്ച് വഴയിൽ കിടക്കുകയായിരുന്നു. മരിച്ചോ ജീവനുണ്ടോ എന്നുപോലും ആരും നോക്കിയില്ല. ഇതുപോലൊക്കെ നമുക്കും പറ്റാമെന്നോർത്താൽ തീരാവുന്ന തിരക്കും അഹങ്കാരവുമൊക്കെയേ എല്ലാവർക്കുമുള്ളൂ- സിന്ധു സൂര്യകുമാര്‍ എഴുതുന്നു 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സംഭവം
നഴ്സിംഗ് അസിസ്റ്റന്‍റോ, നഴ്സോ, അറ്റൻഡറോ ഇനി ഡോക്ടർ തന്നെയാകട്ടെ. മനുഷ്യനല്ലേ? ഇങ്ങനെയൊക്കെ എങ്ങനെ ചെയ്യാൻ പറ്റുന്നു? വൃദ്ധനാണ്, അവശനാണ്, കാലൊടിഞ്ഞ് കിടപ്പാണ്, വേദനിച്ച് കരയുന്നുണ്ട്. ഇതൊക്കെ പോട്ടെ, ചുറ്റുപാടുമുള്ള ആളുകൾ കാണുന്നില്ലേ? മൊബൈലിൽ പടം പിടിച്ച് പ്രചരിപ്പിച്ചയാളടക്കം ആരും ഈ ക്രൂരത ചോദ്യം ചെയ്തില്ല. ആശുപത്രി ജീവനക്കാരന്‍റെ യൂണിഫോമിനെ, അധികാരത്തെ പേടിക്കുന്ന പാവം രോഗികളും കൂട്ടിരിപ്പുകാരും. 

ഈ ഭയമാണ് ഇത്തരം ക്രൂരൻമാരുടെ ആയുധം

ഇതൊക്കെ ചോദിക്കാൻ ചെന്നാൽ , കിട്ടുന്ന പരിചരണം ഇല്ലാതാകുമോ എന്ന് ഭയപ്പെടുന്നവ‍ർ. ഈ ഭയമാണ് ഇത്തരം ക്രൂരൻമാരുടെ ആയുധം. ക്രൂരത കാണിക്കാനും പാവങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാനും ഇവർക്കാകുന്നത് അധികാരമെന്ന ബലത്തിലാണ്. ജോലിഭാര്യം, ദേഷ്യം, മടുപ്പ് പലതുമുണ്ടാകും കാരണങ്ങളായി എണ്ണിപ്പറയാൻ. സ്വയം ഈ അവസ്ഥയിൽ കിടക്കുന്പോൾ മറ്റൊരാൾ ഇതേ ന്യായം പറഞ്ഞ് ഇങ്ങനെ ചെയ്തിരുന്നുവെങ്കിലോ? ഇദ്ദേഹത്തിന്‍റെ മക്കളോടാണ് ഇത് ചെയ്തിരുന്നതെങ്കിലോ?

കാട്ടാക്കടയിൽ സ്ത്രീ വണ്ടിയിടിച്ച് വഴിയിൽ കിടന്നു
ആ സ്ത്രീ വണ്ടിയിടിച്ച് വഴയിൽ കിടക്കുകയായിരുന്നു. മരിച്ചോ ജീവനുണ്ടോ എന്നുപോലും ആരും നോക്കിയില്ല. വണ്ടികൾ തിരക്കിട്ടോടുകയാണ്. ആ വണ്ടിയൊക്കെ ഒന്നിടിച്ചാൽ ഇതുപോലെയോ ഇതിലും വലുതായോ പരിക്ക് പറ്റാവുന്നതേയുള്ളൂ. ഇതുപോലൊക്കെ നമുക്കും പറ്റാമെന്നോർത്താൽ തീരാവുന്ന തിരക്കും അഹങ്കാരവുമൊക്കെയേ എല്ലാവർക്കുമുള്ളൂ. പക്ഷേ അങ്ങനെയൊന്നും ഓർക്കാൻപോലും പറ്റാത്തത്ര തിരക്കല്ലേ, സ്വാർത്ഥതയല്ലേ...

രാപകലന്തിയോളം പണിയെടുത്താലും മൂന്നുനേരം തികച്ച് ഭക്ഷണം കഴിക്കാനാകാത്ത സ്ഥിതി

ഫിലോമിന കുടുംബത്തിന്‍റെ താങ്ങാണ്. രാപകലന്തിയോളം പണിയെടുത്താലും മൂന്നുനേരം തികച്ച് ഭക്ഷണം കഴിക്കാനാകാത്ത സ്ഥിതി. ഈ പാവം സ്ത്രീയോടാണല്ലോ സമൂഹമേ നിങ്ങളീ ക്രൂരതയും അവഗണനയും കാണിച്ചത്. ഇതൊന്നും ഒന്നുമല്ലെന്ന് ഏത് മലയാളിയും ആത്മരോക്ഷത്തോടെ പറയും, അടുത്തത് കാണുന്പോൾ.

തൃശൂരിൽ മെഡിക്കൽ കോളേജില്‍ രോഗി ആംബുലന്‍സില്‍ നേരിട്ടത്
ആംബുലൻസിൽ മലമൂത്രവിസർജ്ജനം നടത്തിയതിനും ഒച്ചയുണ്ടാക്കിയതിനുമാണ് ആംബുലൻസ് ഡ്രൈവർ രോഗിയെ തലകീഴായി കിടത്തിയത്. ആംബുലൻസ് അലറിപ്പാഞ്ഞ് നിലവിളിശബ്ദമിട്ട് വന്നാസും തൃശൂർ മെഡിക്കൽ കോളേജിൽ നോക്കാനാരുമില്ല. ആത്യാസന്ന നിലയിലുള്ള രോഗിയെ ഇട്ടിട്ട് ഡ്രൈവർ തന്നെ പോയി സ്ട്രച്ചറുമെടുത്ത് വരണം. അത്യാസന്ന നിലയിലുള്ളവരുടെ ജീവൻ രക്ഷിക്കണമെങ്കിൽ ഓരോ നിമിഷവും പ്രധാനമാണ്. ആ രോഗി മരിച്ചുപോയി. കുറ്റസമ്മതം വന്നു. കാരണങ്ങളും ഉണ്ടാകാം. എന്നാലും വലിച്ച് താഴേക്കിടണമായിരുന്നോ? ആ കിടന്നതും ഒരു മനുഷ്യനല്ലേ? കുറ്റസമ്മതം നടത്തിയാൽ ആ ജീവൻ തിരിച്ചുകിട്ടുമോ?

എന്തുചെയ്താലും ന്യായീകരിക്കാൻ ആളുണ്ടെന്ന തോന്നലുമായി കുട്ടികൾ ചെറുപ്പക്കാരാകും

എന്നാലും എങ്ങനെ ഇത് തോന്നിയെന്ന് നമുക്ക് എത്ര തവണ വേണമെങ്കിലും ചോദിക്കാം. പക്ഷേ നമുക്കും ഉത്തരമുണ്ടാവില്ല, എന്നാലും... എന്ന ആ അർദ്ധവിരാമമുണ്ടല്ലോ, പാതിയിൽ നിർത്തൽ-, അതാണ് നമ്മുടെ പൊതുസ്വഭാവം. ഇതിന് പ്രായപരിധിയൊന്നുമില്ല. കണ്ടുവളരുന്നത് കുട്ടികളാണ്. എന്തുചെയ്താലും ന്യായീകരിക്കാൻ ആളുണ്ടെന്ന തോന്നലുമായി കുട്ടികൾ ചെറുപ്പക്കാരാകും, അവരിൽ പലരും ക്രൂരതയുടെ പര്യായവുമാകും.

പാലക്കാട് കെഎസ്ആര്‍ടിസി  ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം
ഈ ക്രൂരത കാണിച്ചത് ഒരു ചെറുപ്പക്കാരനാണ്. വാനിൽ ബസ് ഒന്ന് ഉരസി എന്ന തോന്നലോ ഉരസിയതോ ആണ് കാരണം. ബസ് തടഞ്ഞുനിർത്തി മധ്യവയസ് പിന്നിട്ട ഡ്രൈവറെ പൊതിരെ തല്ലി. ആ മനുഷ്യന് ഗുരുതരമായി എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? ആ ചെറുപ്പക്കാരന് ഇത്ര ദേഷ്യം വരാനെന്താണ് കാരണം? ബസ് നിറയെ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും മിണ്ടാതിരുന്നല്ലോ. നാലുപേരൊന്നിച്ച് ഒച്ചവച്ചിരുന്നെങ്കിൽ ആ ക്രൂരത തടയാമായിരുന്നില്ലേ?

ഈ ക്രൂരതകൾ കാട്ടിയവർക്കെല്ലാം ശിക്ഷ കിട്ടണം

ഇതൊന്നും സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്‍റെ കുറ്റമല്ല. കേന്ദ്രം ഭരിക്കുന്നവരുടേയും കുറ്റമല്ല. നമ്മുടെ മാത്രം കുറ്റമാണ്, സമൂഹത്തിന്‍റെ കുറ്റം. തെറ്റ് തെറ്റാണെന്ന് പറയാതെ ന്യായീകരിക്കാൻ നിൽക്കുന്നവരുടെ കുറ്റം. ഈ ക്രൂരതകൾ കാട്ടിയവർക്കെല്ലാം ശിക്ഷ കിട്ടണം. ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാനുതകുന്ന കടുത്ത ശിക്ഷ. സ്വന്തം വീട്ടിലുള്ളവർ ഇമ്മാതിരിയൊക്കെ കാണിക്കാത്തവർ ആകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുകയും തീരുമാനിക്കുകയും വേണം. മറ്റുള്ളവർ ചെയ്താൽ കുറ്റവും നമ്മൾ ചെയ്താൽ നല്ലതും ആകുന്നതാണല്ലോ മലയാളിയുടെ ന്യായീകരണം.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ