
ദൈവനിയമങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ജീവിക്കണമെന്ന് ഒരു ആത്മീയ നേതാവ് വിശ്വാസികളുടെ പ്രാർത്ഥനക്കിടയിൽ ഉപദേശിക്കുന്നത് ഒരിക്കലും തെറ്റല്ല. കർദ്ദിനാൾ ആലഞ്ചേരി വിശ്വാസികളോട് ദൈവനിയമം അനുസരിക്കണം എന്നുതന്നെയാണ് പറഞ്ഞുകൊടുക്കേണ്ടതും. ദൈവനിയമങ്ങൾക്കെതിരെ ചില വിശ്വാസികൾ മാത്രമല്ല, ചില പുരോഹിതരും നിൽക്കുന്ന ഇക്കാലത്ത് സ്വർഗ്ഗരാജ്യത്തിന്‍റെ താക്കോൽ ആർക്കുവേണം? സിന്ധു സൂര്യകുമാര്‍ എഴുതുന്നു
ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ കാര്യം. ഭൂമി വിവാദത്തിൽ പെട്ടുപോയതുകൊണ്ട് കർദ്ദിനാൾ എന്തുപറഞ്ഞാലും അതെല്ലാം വിവാദവുമായി കൂട്ടിച്ചേർത്ത് വായിച്ചുപോകും. അതൊരു ഭാഗം, കർദ്ദിനാളിനോടുള്ള ഒരുകൂട്ടം വൈദികരുടെ ചൊരുക്ക് ക്രിസ്ത്യൻ സ്ത്രീകൾക്ക് ഉപകാരപ്പെട്ടേക്കുമെന്നാണ് പുതിയ കഥ.
ആ പാറമേൽ പണിതുണ്ടാക്കിയതാണത്രേ കത്തോലിക്കാ സഭ
പത്രോസേ നീ പാറയാകുന്നു, അവബോധമാകുന്ന ആ പാറമേൽ ഞാനെന്‍റെ സഭ പണിതുയർത്തും എന്ന് സ്വർഗ്ഗാരോഹണത്തിന് മുന്പ് പത്രോസിനോട് പറഞ്ഞ ഈശോമിശിഹാ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ പത്രോസിനെ ഏൽപ്പിച്ചുവെന്ന് വിശ്വാസം. ആ പാറമേൽ പണിതുണ്ടാക്കിയതാണത്രേ കത്തോലിക്കാ സഭ. പക്ഷേ, വചനത്തിൽ സഭ പണിതുയർത്തും എന്നതിനോടൊപ്പം ഒന്നുകൂടി പറയുന്നുണ്ട്. പാതാളഗോപുരങ്ങൾക്ക് ഒരിക്കലും അതിനെ ജയിക്കുകയില്ലെന്ന്. ദൈവനിയമങ്ങൾക്കെതിരെ ചില വിശ്വാസികൾ മാത്രമല്ല, ചില പുരോഹിതരും നിൽക്കുന്ന ഇക്കാലത്ത് സ്വർഗ്ഗരാജ്യത്തിന്‍റെ താക്കോൽ ആർക്കുവേണം?
ആത്മീയ പാപങ്ങൾ ദൈവനിയമങ്ങൾ കൊണ്ട് പരിഹരിക്കാം. കള്ളപ്പണവും ലൗകിക വ്യാമോഹം കൊണ്ടുള്ള തെറ്റുകളുമൊക്കെ രാഷ്ട്രത്തിന്‍റെ നിയമത്തിന് വിട്ടുകൊടുക്കണം. കേന്ദ്രസർക്കാരിന്‍റെ തെറ്റുകളെ വിമർശിച്ചാൽ ബിജെപിയെ തകർക്കാൻ ശ്രമം, സംസ്ഥാനസർക്കാരിനെ വിമർശിച്ചാൽ സിപിഎമ്മിനെ തകർക്കാൻ ശ്രമം, സഭയുടെ ഭൂമിയിടപാടിലെ തെറ്റ് പറഞ്ഞാൽ സഭയെ തകർക്കാൻ ശ്രമം!
ദൈവത്തിനുള്ളത് ദൈവത്തിനും രാഷ്ട്രത്തിനുള്ളത് രാഷ്ട്രത്തിനും കൊടുക്കുക.
സഭ സ്ഥാപിച്ച പത്രോസിന്റെ പിൻഗാമിയാണ് മാർപ്പാപ്പ എന്നല്ലേ സങ്കൽപ്പം. തടവുകാരുടേയും എയിഡ്സ് ബാധിതരുടേയും മുലയൂട്ടുന്ന അമ്മമാരുടേയും കാലുകൾ കഴുകി ശുശ്രൂഷ നടത്തുന്നയാളാണ് മാർപ്പാപ്പ. ഇവിടെ അതൊന്നും അനുകരിക്കുന്നതേയില്ലല്ലോ. വിശുദ്ധവാരത്തിലെ പ്രാർത്ഥനക്കാലമാണ് കടന്നുപോയത്. ദൈവത്തിനുള്ളത് ദൈവത്തിനും രാഷ്ട്രത്തിനുള്ളത് രാഷ്ട്രത്തിനും കൊടുക്കുക. ഭൂമിയിൽ നീ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടതായി പരിഗണിക്കും. ഭൂമിയിൽ നീ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിൽ അഴിക്കപ്പെട്ടതായി പരിഗണിക്കും എന്നാണ് മത്തായിയുടെ സുവിശേഷം.
ദൈവനിയമങ്ങൾ രാഷ്ട്രനിയമങ്ങളല്ല, ഭരണഘടനയുമല്ല. ക്രിസ്ത്യാനിക്കും മുസ്ലീമിനും ഹിന്ദുവിനും ദൈവനിയമങ്ങളിൽ വിശ്വസിക്കാം. പക്ഷേ നാട്ടിൽ നടപ്പാക്കുന്നത് രാഷ്ട്രത്തിന്‍റെ നിയമം മാത്രം. സഭയുടെ ഭൂമിപ്രശ്നം തീർക്കാൻ കെസിബിസി ഒക്കെ മധ്യസ്ഥ ചർച്ച നടത്തുന്നുണ്ട്. അതങ്ങനെ നടന്നോട്ടെ. പക്ഷേ, ഇനിയെങ്കിലും ആത്മീയവഴി വിട്ട് നടക്കുന്ന എല്ലാ മതമേധാവികളും കരുതിയിരിക്കണം. ലൗകികവ്യാപാരങ്ങളിൽ നിങ്ങൾക്ക് സാധാരണക്കാരുടെ നിയമം മാത്രമാണ് ബാധകം. അതുകൊണ്ട് ആത്മീയവ്യവസായം നടത്തുന്ന എല്ലാവർക്കും വേണമെങ്കിൽ ഒരു പ്രാർത്ഥനയാകാം. കർത്താവേ ഈ പാനപാത്രം എന്നിൽനിന്നും തിരിച്ചെടുക്കേണമേ എന്ന്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.