മധുവിന്റെ കൊലയ്ക്ക് ആരാണ് ഉത്തരവാദി?

By സിന്ധു സൂര്യകുമാര്‍First Published Feb 27, 2018, 5:06 PM IST
Highlights
  • സിന്ധു സൂര്യകുമാര്‍ എഴുതുന്നു
  • ഇക്കാണുന്ന കണ്ണീരൊക്കെ ആത്മാർത്ഥതയുള്ളതാണെങ്കിൽ ഇനി അട്ടപ്പാടിയിൽ തേനും പാലും ഒഴുകണം

മധുവെന്ന ആദിവാസി യുവാവിനെ  ഒരു സംഘം മർദ്ദിച്ചുകൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഒരു കൂട്ടർ ഹർത്താൽ ആചരിച്ചു. മറ്റുചിലർ ജു‍ഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നു. എന്തൊരു ദുരന്തങ്ങളാണിവർ. പത്തു പന്ത്രണ്ട് കൊല്ലമായി ഒരു മനുഷ്യൻ മനസ്സുനഷ്ടപ്പെട്ടലയുന്നു, വല്ലപ്പോഴും ഭക്ഷണം കഴിക്കുന്നു. തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തല്ലിക്കൊല ആഘോഷമാക്കുന്നത്. ഇക്കാണുന്ന കണ്ണീരൊക്കെ ആത്മാർത്ഥതയുള്ളതാണെങ്കിൽ ഇനി അട്ടപ്പാടിയിൽ തേനും പാലും ഒഴുകണം. പിണറായിയും ഉമ്മൻചാണ്ടിയും എംബി രാജേഷും ഷംസുദ്ദീനും സോഷ്യൽ മീഡിയ പ്രതികരണവേദിയും ഒന്നിച്ചു നിന്നാൽ ഇനിയൊരു മധു അട്ടപ്പാടിയിലെന്നല്ല, കേരളത്തിലുണ്ടാവില്ല.

ഒരു ആദിവാസി യുവാവിനെ പരിഷ്കൃതരായ കുറച്ചാളുകൾ തല്ലിക്കൊന്നുവെന്ന് കേട്ടപ്പോൾ കെരളം ഞെട്ടിപോലും. എന്തിനാണ് വെറുതെ നുണപറയുന്നത്? ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താൻ സമൂഹമാധ്യമങ്ങളിൽ നെടുങ്കൻ ലേഖനമോ കവിതയോ പോസ്റ്ററോ ഒക്കെയിട്ട് കണ്ണീരൊഴുക്കിയതായി കാണിച്ചിട്ടുണ്ടാകും. എന്നിട്ട് വീട്ടിലിരുന്ന് സുഖമായി ഭക്ഷണം കഴിച്ചുറങ്ങും. ആദിവാസികളും ദളിതരും അധികമെത്താത്ത സ്കൂളുകളിൽ കുട്ടികളെ വിട്ട്, താഴ്ന്ന ജാതിക്കാരും നിറമില്ലാത്തവരും ഭംഗിയില്ലാത്തവരുമായൊന്നും കൂട്ടുകൂടരുതെന്ന് അവരെ ഉപദേശിക്കുന്നുണ്ടാകും. താഴ്ന്ന ജാതിയെന്നാൽ എന്താണെന്ന് വിശദീകരിക്കുന്നുണ്ടാകും. അയലത്തെ വീട്ടിലെ മതംമാറിയുള്ള വിവാഹം അവർക്ക് അപമാനമായെന്ന് പരിതപിക്കുന്നുണ്ടാകും. ഭിക്ഷ ചോദിച്ചെത്തുന്നവരെ ആട്ടിയോടിക്കുന്നുണ്ടാകും. എന്നിട്ട് വീണ്ടും ഫേസ്‍ബുക്കിൽ വന്ന് എഴുതിമറിക്കും- മധൂ നിന്നെയോർത്തിട്ടെനിക്ക് കരച്ചിൽ മുട്ടുന്നു, ഉറങ്ങാനാവുന്നില്ല എന്ന്.

മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ കാട്ടുറോഡുവഴി ചെന്ന് മധുവെന്ന ചെറുപ്പക്കാരനെ പിടികൂടി അടിച്ച്, ഉടുമുണ്ടഴിച്ചെടുത്തവന്റെ കയ്യുംകെട്ടി, വഴി നീളെ തല്ലി നാല് കിലോമീറ്റർ നടത്തിച്ച് മുക്കാലിയിൽ തിരികെ കൊണ്ടുവന്ന് പൊതുദർശനം നടത്തി പൊലീസിനെ ഏൽപ്പിച്ചു. തൊണ്ടിമുതൽ ഒരു കിലോ അരിയും ഒരു കൂട് മഞ്ഞൾപ്പൊടിയും. സന്തോഷത്തോടെ പ്രതിയെ ഏറ്റുവാങ്ങിയ പൊലീസ് ഈ ആൾക്കൂട്ട കൊലപാതകത്തിൽ പങ്കാളികളാണ്. സ്വന്തം പണി നാട്ടുകാർക്ക് വിട്ടുകൊടുത്ത് കൈകെട്ടിയിരുന്ന പൊലീസിന്റെ പരിശീലനത്തിൽ ദുർബലവിഭാഗത്തോട് അനുഭാവ പൂർവമായി പെരുമാറണമെന്ന പാഠം പോലുമില്ല. അവകാശങ്ങളെപ്പറ്റി, അധികാരങ്ങളെപ്പറ്റി ആത്മവിശ്വാസവും സ്വയംബോധവുമില്ലാത്ത പാവം ജനതയെ പറ്റിച്ചുജീവിക്കുന്നവരാണ് ഞാനും നിങ്ങളുമടങ്ങുന്ന ആദിവാസി ഇതരസമൂഹം. ഭരണകൂട ശക്തികളെ അവർക്ക് ഭയമാണ്. മധുവിന്റെ കൊലപോലും അവർ ചിലപ്പോഴങ്ങ് സഹിക്കും. വലിയ കുറ്റമാണെന്നും ശിക്ഷ കൊടുക്കണമെന്നും അവർക്കറിയില്ല.

ഇടതും വലതും മാറി മാറി ഭരിക്കാൻ തുടങ്ങിയിട്ട് 60 കൊല്ലത്തിലേറെയായി. ആദിവാസി ക്ഷേമപദ്ധതികൾക്ക് വല്ല കുറവുമുണ്ടോ? ഫണ്ടിനെന്തെങ്കിലും കുറവുണ്ടോ? ആദിവാസി മേഖലകളിൽ  ഈ അറുപത് കൊല്ലത്തിനിടെ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ കൂടി അന്വേഷിക്കണം. അപ്പോഴറിയാം ആദിവാസി ഫണ്ട് പോയ വഴി. വഴിനീളെ മർദ്ദിച്ച് മധുവിനെ കൊണ്ടുനടക്കാൻ വനംവകുപ്പുകാർ അകമ്പടി സേവിച്ചുവെന്നാണ് മധുവിന്റെ ബന്ധുക്കൾ പറയുന്നത്. ആർജ്ജവമുണ്ടെങ്കിൽ സർക്കാർ ഇവരെക്കൂടി കൊലക്കേസിൽ പ്രതികളാക്കണം.

ഗീതാനന്ദന്റെയും സി.കെ.ജാനുവിന്റെയും നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സമരം നമ്മളെ കുറച്ചെങ്കിലും പഠിപ്പിച്ചു. അടിയേറ്റും ജീവൻ കൊടുത്തും കേസ് നടത്തിയും കഷ്ടപ്പെട്ടെങ്കിലും കുറച്ച് പേർക്ക് ഭൂമി കിട്ടി. സമരം പലതും പിന്നെയും നടത്തി. വീണ്ടും നിൽപ്പുസമരവുമായി ജാനുവെത്തിയത് അതേ സെക്രട്ടറിയേറ്റ് നടയിലാണ്.

ആദിവാസികളെ സർക്കാരുകൾ പറ്റിച്ചിട്ടേയുള്ളു. കുടിയേറ്റവും കയ്യേറ്റവും രണ്ടാണെന്നൊക്കെ വ്യാഖ്യാനിച്ച് വനഭൂമി പതിച്ചുകൊടുക്കാൻ ഉത്സാഹിച്ച ഇടതു-വലതു സർക്കാരുകൾ ആദിവാസികൾക്ക് അവരുടെ ഭൂമി തിരിച്ചുകൊടുത്തില്ല. ഭൂമിയില്ലാതെ, കൃഷിയില്ലാതെ, കിടപ്പാടമില്ലാതെ അലഞ്ഞവരെക്കൊണ്ട് നാട്ടുവാസികൾ അടിമപ്പണി ചെയ്യിച്ചു, സ്ത്രീകളെ ചൂഷണം ചെയ്തു, ബാക്കിയുള്ള ഭൂമിയും കട്ടെടുത്തു. എന്നിട്ട് പട്ടിണി മാറ്റാൻ ഒരു കിലോ അരിയെടുത്തവനെ കാട്ടുകള്ളൻമാരായ പരിഷ്കൃതർ തല്ലിക്കൊന്നു.

അട്ടപ്പാടി എന്നും വാർത്തകളിൽ നിറയുന്നത് പീഡനവും പട്ടിണിമരണവും ബാലമരണവും ഒക്കെക്കൊണ്ടാണ്. ആശുപത്രിയുണ്ട് – ആവശ്യത്തിന് സ്റ്റാഫില്ല, സ്കൂളുണ്ട്- അധ്യാപകരില്ല എന്നൊക്കെ പോകുന്നു വികസനം.

മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മൻചാണ്ടിക്ക് പകരം പിണറായി വിജയനാണിപ്പോൾ. ആദിവാസികൾ നന്നാകണം എന്ന കാര്യത്തിൽ പ്രസംഗത്തിൽ ഇരുവർക്കും തർക്കമില്ല. നിലപാടു വ്യത്യാസവുമില്ല. പക്ഷെ ഒന്നും നടക്കില്ല, അത്രേയുള്ളൂ.

എം.ബി. രാജേഷ് തന്നെയാണ് ഇപ്പോഴും സ്ഥലം എം.പി. മുസ്ലീംലീഗിലെ ഷംസുദ്ദീനാണ് സ്ഥലം എം.എൽ.എ. അഗളിയടക്കം അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും ഇടതുപക്ഷം ഭരിക്കുന്നു. ഇവിടെയൊക്കെ ജനപ്രതിനിധികളുണ്ടെന്ന് ചുരുക്കം. മധു പട്ടിണി കിടന്ന് അലഞ്ഞത് പിണറായി വിജയനും ഉമ്മൻചാണ്ടിയും എം.ബി രാജേഷും ഷംസുദ്ദീനും അറിയണമെന്നില്ല. പക്ഷേ പട്ടിണിയുണ്ടാകാത്ത സാഹചര്യമൊരുക്കുന്നതിൽ ഇവരെല്ലാം തോറ്റു. ഒരു മനുഷ്യൻ പട്ടിണികൊണ്ടും മനോദൗർബല്യം കൊണ്ടും അലയുന്നുണ്ടെന്ന് പഞ്ചായത്ത് അംഗം അറിഞ്ഞില്ല, പഞ്ചായത്തറിഞ്ഞില്ല, ഗ്രാമസഭയറിഞ്ഞില്ല, പ്രാദേശിക രാഷ്ട്രീയക്കാരറിഞ്ഞില്ല.

മനോനില ശരിയല്ലാത്ത ആളായിരുന്നുവത്രെ മധു. കാട്ടിലെ ഗുഹയിൽ താമസിച്ച് വല്ലപ്പോഴും നാടിറങ്ങി അരിയോ മറ്റോ കൊണ്ടുപോകുന്ന മനുഷ്യൻ. ആ മനുഷ്യനെ തല്ലിനടത്തിക്കൊന്നുകളഞ്ഞവരുടെ മനോനില ശരിയാണെന്നാണോ? ആൾക്കൂട്ട കൊലപാതകങ്ങളിലെല്ലാം ഇതേ മനോനിലയാണ്. അഖ്‍ലാഖിനെയും ജുനൈദിനെയും കൊന്നതുപോലെ തന്നെയാണിത്. ഇതിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും? അഖ്‍ലാഖിന്റെയും ജുനൈദിന്റെയും ആൾക്കൂട്ടക്കൊലയ്ക്ക് ബിജെപിയും മോദിയും ഉത്തരവാദികളാണെന്ന് നാം ആരോപിക്കുന്നു. അപ്പോൾ മധുവിന്റെ കൊലയ്ക്ക് ആരാണുത്തരവാദി?

ഏഴോ എട്ടോ പേരെ പിടികൂടിയാൽ ഈ പ്രശ്നം തീരില്ല. ഷഹീദ് ബാവ കൊലക്കേസിൽ 10 പേരെ ശിക്ഷിച്ചു. എന്നിട്ട്  നമ്മുടെ സമൂഹത്തിൽ സദാചാര ഒളിഞ്ഞുനോട്ടം അവസാനിച്ചോ?

മനുഷ്യനെ മനുഷ്യനായി കാണുന്ന, അറിയുന്ന, അംഗീകരിക്കുന്ന ബോധ്യം ഉണ്ടാകണം. തുല്യത എന്നത് വലിയൊരു പാഠവിഷയമാക്കണം. പ്രഖ്യാപിച്ച് വശംകെടുന്ന പദ്ധതികളിൽ പകുതിയെങ്കിലും ആദിവാസികൾക്കായി നടപ്പാക്കണം.

'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിയുടെ മറവിൽ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പും വെട്ടിപ്പും രേഖകൾ സഹിതം വാർത്തകൊടുത്ത്, പകർപ്പെടുത്ത് മന്ത്രി എ.കെ ബാലനും നൽകിയിരുന്നു ഏഷ്യാനെറ്റ് ന്യൂസ്. വിജിലൻസ് അന്വേഷണമെന്നാദ്യം പറഞ്ഞ മന്ത്രി വകുപ്പുതല അന്വേഷണമാക്കി മാറ്റി, അതും കെട്ടിപ്പൂട്ടി. കിണ്ണംകാച്ചിയ തട്ടിപ്പിനോട് ഇതായിരുന്നു പ്രതികരണം.  എ.കെ ബാലന് മുന്‍പുണ്ടായിരുന്ന മന്ത്രി പി.കെ ജയലക്ഷ്മി സ്വയമേ അഴിമതിക്കേസിലാണ്. പ്രശ്നം പാർട്ടികളുടേതല്ല. ആരു ഭരിച്ചാലും കോരന്റെ കഞ്ഞി കുമ്പിളിലാണ്. അവരെന്നും തമ്പ്രാക്കൻമാരേ എന്ന് വിളിച്ചുകൊണ്ടിരിക്കും. കിട്ടുന്ന കാലത്ത് പാളയിൽ തന്നെ കഞ്ഞിയും കുടിക്കും. ഭൂ അധികാര നിയമമോ, മറ്റവകാശങ്ങളോ ഭരണകൂടം അവർക്ക് കൊടുക്കില്ല. അവരെങ്ങാനും നന്നായാൽ കോടിക്കണക്കിന് രൂപയുടെ ആദിവാസി ഫണ്ട് എങ്ങനെ അടിച്ചുമാറ്റും? 

click me!