ഈ നഴ്സ് സൂപ്പറാണ്; 14 വര്‍ഷമായി ഇവര്‍ രോഗികള്‍ക്കായി പാടുന്നു

By Web TeamFirst Published Nov 17, 2018, 7:37 PM IST
Highlights

വീഡിയോയില്‍ റോബര്‍ട്ടിന്‍റെ മുഖത്തെ സന്തോഷവും പാടാനുള്ള പരിശ്രമവും കാണാം. പതിനാല് വര്‍ഷമായി ബ്രെന്‍ഡ ഇങ്ങനെ രോഗികള്‍ക്കായി പാടാന്‍ തുടങ്ങിയിട്ട്. 

മിഷിഗണ്‍: റോബര്‍ട്ട് ഓള്‍സനെ അമേരിക്കയിലെ മിഷിഗണിലെ ബ്രോണ്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശ്വാസതടസമനുഭവപ്പെട്ടതിനായിരുന്നു. മകള്‍  ലിറ്റിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെയും അസുഖമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അസുഖം ഗുരുതരമായിരുന്നു. പ്രായത്തിന്‍റെ പ്രശ്നങ്ങള്‍ കാരണം പേസ്മേക്കറും ഘടിപ്പിക്കാനാവുമായിരുന്നില്ല.

കുറച്ചു നഴ്സുമാര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കാനുണ്ടായിരുന്നു. അതിലൊരാളായിരുന്നു ബ്രെന്‍ഡ ബൂസ്ട്ര. ഇരുവരും വൈകുന്നേരം സംസാരിച്ചൊക്കെയിരിക്കും. അങ്ങനെ ഒരുദിവസം ടിവി കണ്ടുകൊണ്ടിരിക്കെയാണ് അവരുടെ പ്രിയപ്പെട്ട ഷോ വരുന്നത്. അതിലെ നായകനെ തനിക്കിഷ്ടമല്ലെന്നും പക്ഷെ, അയാളുടെ മകള്‍ പാടുന്ന പാട്ട് ഇഷ്ടമാണ് എന്നും റോബര്‍ട്ട് പറഞ്ഞത് അപ്പോഴാണ്. ഡെബ്ബി ബൂണെന്ന പ്രശസ്തമായ പാട്ടിനെ കുറിച്ചാണ് റോബര്‍ട്ട് പറയുന്നതെന്ന് മനസിലായ ബ്രെന്‍ഡ ആ പാട്ട് പാടിത്തുടങ്ങി. 'യൂ ലൈറ്റ് അപ്പ് മൈ ലൈഫ് ' എന്ന പാട്ടായിരുന്നു അത്. ബ്രെന്‍ഡ പാടിത്തുടങ്ങിയപ്പോള്‍ ആശുപത്രി മുറി നിശബ്ദമായി. അവള്‍ക്ക് എല്ലാ വരികളും  ഓര്‍ത്തെടുക്കാനായില്ല. അതോടെ റോബര്‍ട്ടും പാട്ടിനൊപ്പം കൂടി. ശ്വസിക്കാന്‍ ധരിച്ച മാസ്കിനകത്തുകൂടി അദ്ദേഹത്തിന്‍റെ മുഖത്തെ ചിരി കാണാമായിരുന്നു. 

വീഡിയോയില്‍ റോബര്‍ട്ടിന്‍റെ മുഖത്തെ സന്തോഷവും പാടാനുള്ള പരിശ്രമവും കാണാം. പതിനാല് വര്‍ഷമായി ബ്രെന്‍ഡ ഇങ്ങനെ രോഗികള്‍ക്കായി പാടാന്‍ തുടങ്ങിയിട്ട്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രിയപ്പെട്ട പാട്ടാണ് പാടിക്കൊടുക്കുക. വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ അധികൃതര്‍ ഈ പാട്ടു പാടിയുള്ള  ശുശ്രൂഷ ശ്രദ്ധിച്ച് തുടങ്ങിയിട്ട്. രോഗികളുടെ ശരീരത്തിന് മാത്രം ചികിത്സ പോരാ, മനസിനും വേണം അതിനായാണ് ഇങ്ങനെ പാടുന്നത് എന്നാണ് ബ്രെന്‍ഡ ഇതിനെ കുറിച്ച് പറയുന്നത്. 

ഏതായാലും റോബര്‍ട്ടിന്‍റെ മകളാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ബ്രെന്‍ഡയ്ക്കൊപ്പം പാട്ടുപാടി ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോബര്‍ട്ട് അസുഖം കുറഞ്ഞ് വീട്ടിലേക്ക് പോയി. 'തന്‍റെ അച്ഛനു വേണ്ടി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബ്രെന്‍ഡ ചെയ്തത്. ആശുപത്രി അധികര്‍ക്കും അറിയുമായിരിക്കും അവര്‍ രോഗികള്‍ക്കായി പാട്ടിലൂടെ ചെയ്യുന്ന നന്മ' എന്ന് റോബര്‍ട്ടിന്‍റെ മകള്‍ ലിറ്റില്‍ പറയുന്നു.  ബ്രെന്‍ഡ പാട്ട് ഇപ്പോഴും തുടരുന്നു.  


 

click me!