വൈശാഖ് പാടുന്നു; സോഷ്യല്‍ മീഡിയയില്‍ താരമായതറിയാതെ

By Sumam ThomasFirst Published Aug 31, 2018, 9:56 PM IST
Highlights

കാസർകോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലാണ് ഇവന്റെ വീട്. പേര് വൈശാഖ്. വീട്ടമ്മയായ ബിന്ദുവിന്റെയും ഹോട്ടൽ തൊഴിലാളിയായ രാഘവന്റെയും മകനാണ് ഈ ഒന്നാം ക്ലാസുകാരൻ. 

നവമാധ്യമങ്ങളായ ഫേസ് ബുക്കും വാട്ട്സ് ആപ്പും എങ്ങനെയാണ് ജീവിതങ്ങളിൽ ഇടപെടുന്നതെന്ന് കേരളം കണ്ടു കഴിഞ്ഞതാണ്. ചിലപ്പോഴെങ്കിലും ശബ്ദമില്ലാത്തവരുടെ ആരവങ്ങളായും വേദിയില്ലാത്തവരുടെ അരങ്ങായും സമൂഹമാധ്യമങ്ങൾ മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഒരു ആറുവയസ്സുകാരനാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഒരു പാവപ്പെട്ട വീടിന്റെ മുറ്റത്ത് നിന്ന് ഉറക്കെ പാട്ടു പാടുന്നൊരു കൊച്ചുമിടുക്കന്റെ വീഡിയോ സോഷ്യൽ മീഡിയയുടെ കണ്ണിൽ പെട്ടത്. 'വാതില്‍ തുറക്കൂ നീ കാലമേ..' എന്ന അവന്റെ പാട്ട് 'സംഗതിയൊന്നുമില്ലെങ്കിലെന്താ, എന്തൊരു രസമാണ് കേള്‍ക്കാന്‍' എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ഷെയര്‍ ചെയ്തു.

പതിവുപോലെ അവരതങ്ങ് ഏറ്റെടുത്തു. ആരാണീ കൊച്ചു മിടുക്കൻ എന്നായി പിന്നീടുള്ള അന്വേഷണം. അവസാനം കണ്ടെത്തുക തന്നെ ചെയ്തു.  കാസർകോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലാണ് ഇവന്റെ വീട്. പേര് വൈശാഖ്. വീട്ടമ്മയായ ബിന്ദുവിന്റെയും ഹോട്ടൽ തൊഴിലാളിയായ രാഘവന്റെയും മകനാണ് ഈ ഒന്നാം ക്ലാസുകാരൻ. കാസർകോഡ് ചേമ്പഞ്ചേരി എ എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി. 

കണ്ണു നിറയുന്ന ഒരു കാര്യം കൂടിയുണ്ട് വൈശാഖിന്‍റെ പാട്ടിന് പിന്നില്‍. പാട്ട് കൊടുത്ത ദൈവം അവന് കാഴ്ച കൊടുത്തിട്ടില്ല. അവന്റെ രണ്ടു കണ്ണിനും കാഴ്ചയില്ല. "ജനിച്ച് ആറു മാസം ആയപ്പോഴാണ് കാഴ്ചയില്ലെന്ന് ഞങ്ങളറിഞ്ഞത്. പാട്ട് അവന് ഭയങ്കര ഇഷ്ടമാണ്. ഒറ്റയ്ക്കിരുന്ന് കേട്ട് പഠിച്ചോളും. ശ്രദ്ധിച്ച് കേട്ട് കൃത്യമായിട്ട് തന്നെ പാടും. എങ്കിലും നാടൻ പാട്ടുകളാണ് കൂടുതലിഷ്ടം. പാടാന്‍ പറഞ്ഞാലൊന്നും അനുസരിക്കില്ല. അവന് തോന്നണം പാടാന്‍" വൈശാഖിന്‍റെ അച്ഛന്‍ രാഘവൻ ഏഷ്യാനെറ്റ് ന്യൂസ്‌ ഓൺലൈനിനോട് പറഞ്ഞു. രണ്ടാമതൊരു പാട്ടു കൂടി വൈശാഖിന്‍റേതായി ഫേസ്ബുക്കിലെത്തിയിരുന്നു. അതില്‍ വൈശാഖിന്‍റെ ഒപ്പം പാടുന്നത് ചേച്ചി നന്ദനയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് വൈശാഖിനെ ചികിത്സിക്കുന്നത്. വലതുകണ്ണിന് ചെറിയ രീതിയിൽ കാഴ്ച ലഭിച്ചിട്ടുണ്ടെന്ന് രാഘവൻ പറയുന്നു. രാഘവൻ തന്നെയാണ് വൈശാഖ് പാടുന്ന വീഡിയോ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അവിടെ നിന്ന് ആ പാട്ട് ഫേസ്ബുക്കിലെത്തി.

രാകേഷിനെയും ഹനാനെയും ഡേവിഡേട്ടനെയും വൈറലാക്കിയ അതേ സോഷ്യൽ മീഡിയ വൈശാഖിനെയും ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്. പാട്ടുകേട്ടരെല്ലാം ഒരേ സ്വരത്തിൽ വൈശാഖിന് അഭിനന്ദനം പറയുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ വൈശാഖ് ഇപ്പോഴും പാടുന്നുണ്ട്. അവന് മാത്രം സാധ്യമാകുന്ന നിഷ്കളങ്കതയോടെ.

 

click me!