മിന്നാമിനുങ്ങുകളുടെ ഇണചേരലിന് തടസം സൃഷ്ടിക്കുന്നു, തെരുവുവിളക്കുകളണച്ച ന​ഗരം!

Published : Mar 22, 2022, 04:21 PM IST
മിന്നാമിനുങ്ങുകളുടെ ഇണചേരലിന് തടസം സൃഷ്ടിക്കുന്നു, തെരുവുവിളക്കുകളണച്ച ന​ഗരം!

Synopsis

കീടനാശിനികൾ, ആവാസവ്യവസ്ഥയുടെ നഷ്ടം, പ്രകാശ മലിനീകരണം എന്നിവ കാരണം മിന്നിമിനുങ്ങുകളുടെ എണ്ണം കുറയുന്നതായി പല വിദഗ്ധരും വിശ്വസിക്കുന്നു. 

പണ്ടൊക്കെ രാത്രിയിൽ പറമ്പിലും വീടിന്റെ പരിസരത്തും ഒക്കെ നിറയെ കാണാറുള്ള മിന്നാമിനുങ്ങുകളെ(glow worms) ഇന്ന് മഷിയിട്ട് നോക്കിയാൽ പോലും പലയിടത്തും കാണാനില്ല. പലവിധത്തിലുള്ള കാരണങ്ങളും ഈ അപ്രത്യക്ഷമാകലിന്റെ പിന്നിലുണ്ടാവാം. നാം തെളിക്കുന്ന കൃത്രിമവെളിച്ചങ്ങളും അതിന് കാരണമാകാറുണ്ട്. പെൺമിന്നാമിനുങ്ങുകൾ അവയുടെ വെളിച്ചം ഉപയോഗിച്ചാണ് ആൺ ഇണകളെ ആകർഷിക്കുന്നത്. എന്നാൽ, കൃത്രിമ വിളക്കുകളുടെ കീഴിൽ ആൺ ഇണകൾക്ക് പെൺ ഇണകളുടെ വെളിച്ചത്തെ തിരിച്ചറിയാനും, ഇണ ചേരാനുമുള്ള സാഹചര്യം ഇല്ലാതാകുന്നു. ഇതോടെ അവയുടെ എണ്ണത്തിൽ കുറവ് വരാറുണ്ട്. എന്നാൽ, വെയ്‌സിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സംഭവം നടന്നു. ഇങ്ങനെ മിന്നാമിനുങ്ങുകളുടെ ലൈംഗിക ജീവിത(sex lives)ത്തിന് തടസമായി നിന്ന മുഴുവൻ തെരുവ് വിളക്കുകളും അണച്ച് കൊണ്ട് ഒരു നഗരം അവയുടെ ഇണചേരലിന് ഇടമൊരുക്കി.  

വെയിൽസിന്റെ വടക്കൻ തീരത്തുള്ള ലാൻഡുഡ്‌നോ പട്ടണത്തിലാണ് സംഭവം നടന്നത്. തെരുവ് വിളക്കുകൾ പ്രാണികളുടെ ഇണചേരലിനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ കൗൺസിൽ മേധാവികൾ വിളക്കുകൾ മുഴുവനും അണച്ചു. തുടർന്ന് നഗരത്തിന് വെളിച്ചം പകർന്നിരുന്ന സോഡിയം വിളക്കുകൾ മാറ്റി എൽഇഡി വിളക്കുകൾ സ്ഥാപിച്ചു. കാരണം പഴയ സോഡിയം വിളക്കുകൾ ആൺപ്രാണികളെ തെറ്റിദ്ധരിപ്പിക്കുന്നതായി അവർ കണ്ടെത്തി. തങ്ങളുടെ ഇണകളാണ് വിളക്കുകൾ എന്ന് തെറ്റിദ്ധരിച്ച് ആൺ മിന്നാമിനുങ്ങികൾ തെരുവ് വിളക്കിന് ചുറ്റും കൂടി. പെൺമിന്നാമിനുങ്ങുകളെ കണ്ടെത്താനാകാതെ അവ കുഴഞ്ഞു. ഇതോടെ ഇണചേരാനുള്ള സാഹചര്യം ഇല്ലാതായി.  

ഇതിനെ തുടർന്നാണ് വിളക്കുകൾ എൽഇഡിയാക്കി മാറ്റിയത്. ഇതോടെ ആൺ മിന്നാമിന്നികൾ കൃത്രിമ വിളക്കുകളിലേക്ക് ആകർഷിക്കപ്പെടുന്നത് നിന്നു. അവയുടെ എണ്ണത്തിലും വർധനവുണ്ടായി. അതേസമയം സോഡിയം വിളക്കുകൾ ഇണചേരൽ രീതികളെ തടസ്സപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയത് അമേച്വർ പ്രകൃതിശാസ്ത്രജ്ഞയായ ജെന്നി കോക്സാണ്. “2011-ൽ മറൈൻ ഡ്രൈവിലൂടെ നടക്കുമ്പോഴാണ് ഞാൻ ആദ്യമായി അവയെ കാണുന്നത്. ഞാൻ എന്റെ കണ്ടെത്തലുകൾ ദേശീയ ഗ്ലോ വേം സർവേയിൽ റിപ്പോർട്ട് ചെയ്തു.  അന്ന് അവിടെ ഏകദേശം 300 പെൺ മിന്നാമിനുങ്ങുകൾ ഉണ്ടായിരുന്നു. എന്നാൽ, പുരുഷന്മാർ എണ്ണത്തിൽ വളരെ കുറവായിരുന്നു. നോക്കിയപ്പോൾ തെരുവ് വിളക്കുകൾക്ക് കീഴിൽ 50 ഓളം ആൺമിന്നാമിനുങ്ങുകൾ ഒത്തുകൂടുന്നത് ഞാൻ ശ്രദ്ധിച്ചു. തെരുവ് വെളിച്ചം മൂലം അവയ്ക്ക് അവയുടെ ഇണകളെ കണ്ടെത്താൻ പ്രയാസമായി. അതിനാൽ ഞാൻ അത് കൗൺസിലിന്റെ ജൈവവൈവിധ്യ ഓഫീസറായ ആൻ ബട്ട്‌ലറെ അറിയിച്ചു" അവൾ പറഞ്ഞു.

കീടനാശിനികൾ, ആവാസവ്യവസ്ഥയുടെ നഷ്ടം, പ്രകാശ മലിനീകരണം എന്നിവ കാരണം മിന്നിമിനുങ്ങുകളുടെ എണ്ണം കുറയുന്നതായി പല വിദഗ്ധരും വിശ്വസിക്കുന്നു. എന്നാൽ ഇണചേരൽ കാലത്തുടനീളം എല്ലാ രാത്രിയിലും ജെന്നി ആണിന്റെയും, പെണ്ണിന്റെയും എണ്ണം കണക്കാക്കുമായിരുന്നു. ഈ പഠനം, അവരുടെ എണ്ണത്തെയും ശീലങ്ങളെയും കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം നൽകി. ഒരു രാത്രിയിൽ 700 പെൺ മിന്നാമിന്നികളെ വരെ അവൾക്ക് കാണാൻ സാധിച്ചു. പുരുഷന്മാരടക്കം 800 എണ്ണമുണ്ടായിരുന്നു അവിടെ. കൃത്രിമ സോഡിയം തെരുവ് വിളക്കുകളാണ് അവയ്ക്ക് ഭീഷണിയായി മാറുന്നതെന്ന് അവൾ കണ്ടെത്തി.  

മിന്നാമിന്നി ലാർവകൾക്ക് സാധാരണയായി രണ്ട് വർഷമാണ് ആയുസ്സ്. അവ പ്രാണികൾ, ഒച്ചുകൾ എന്നിവയെ ഭക്ഷണമാക്കുന്നു. സ്ത്രീകൾ പുറപ്പെടുവിക്കുന്ന പ്രകാശം (ബയോലുമിനെസെൻസ്) അതിന്റെ വാലിനുള്ളിലെ ഒരു രാസപ്രവർത്തനം മൂലമാണ് ഉണ്ടാകുന്നത്. പെൺമിന്നാമിന്നികൾ 25 മുതൽ 100 മുട്ടകൾ വരെ ഇടുകയും, പിന്നാലെ ചത്ത് വീഴുകയും ചെയ്യുന്നു.  

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു