ഉമ്പായി മാറ്റിയെഴുതിയ ഗന്ധര്‍വ്വ ശബ്‍ദങ്ങള്‍

By Prashobh PrasannanFirst Published Aug 1, 2018, 10:19 PM IST
Highlights
  • മലയാളം ഗസലുകളുടെ ചക്രവര്‍ത്തി ഉമ്പായി
  • ഗന്ധര്‍വ്വ ശബ്ദം മാത്രമാണ് മികച്ചതെന്ന പൊതുബോധത്തെ തിരുത്തിയ ഗായകന്‍
  • പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

ഇന്ദ്രവല്ലരി പൂ ചൂടി വരും എന്ന യേശുദാസിന്‍റെ ഹിറ്റ് ഗാനം മറ്റൊരു ശബ്ദത്തില്‍ ആദ്യമായി കേള്‍ക്കുന്നത് കുറേവര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു ആഗസ്റ്റ് മാസത്തിലാണ്. പയ്യന്നൂരിലെ ഡിസംബര്‍ ബുക്സിന്‍റെ പുസ്തകോത്സവ സ്റ്റാളില്‍ ജോലിക്കു നിന്നിരുന്ന നാളുകള്‍. നടുബസാറിലെ ആ പുസ്‍തക സ്റ്റാളിലെ ഓരോ സായന്തനവും തുടങ്ങുന്നത് ഉമ്പായിയുടെ ശബ്ദത്തിനൊപ്പമായിരുന്നു. 

 

യേശുദാസിന്‍റ ശബ്ദത്തില്‍ മാത്രം കേട്ടിരുന്ന പഴയകാല മലയാളം പാട്ടുകള്‍ മറ്റൊരു ശബ്ദത്തില്‍, ശൈലിയില്‍ കേട്ടപ്പോള്‍ അന്തിച്ചുപോയിരുന്നു. ഉള്ളിലുറച്ചു തുടങ്ങിയ, കേട്ടുതഴമ്പിച്ച ഗന്ധര്‍വ്വ ശബ്ദം മാത്രമാണ് മികച്ചതെന്ന പൊതുബോധത്തെ തിരുത്തുകയായിരുന്നു ഉമ്പായി എന്ന മനുഷ്യന്‍. ഇങ്ങനെയും പാടാം എന്ന വിളിച്ചുപറച്ചില്‍. വ്യത്യസ്ത ശബ്ദങ്ങളും ആലാപന ശൈലികളുമൊക്കെ ചേര്‍ന്നതാണ് സംഗീതം എന്ന ഓര്‍മ്മപ്പെടുത്തല്‍. വാകപ്പൂമരം, സുമംഗലീ നീ ഓര്‍മ്മിക്കുമോ, സുറുമയെഴുതിയ, ശ്യാമസുന്ദര പുഷ്പം തുടങ്ങിയ ദാസ് ഗാനങ്ങളൊക്കെ മനസില്‍ മാറ്റിയെഴുതപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. മികച്ച ശബ്ദത്തിന്‍റെ മാനദണ്ഡം എന്ത് എന്ന് സ്വയം ചോദിച്ചു തുടങ്ങിയത് അന്നുമുതലാണ്.

പിന്നെയും കുറച്ചുകാലം കഴിഞ്ഞാണെന്നു തോന്നുന്നു ബാബുരാജിന്‍റെ ചില ഈണങ്ങള്‍ അദ്ദേഹത്തിന്‍റെ തന്നെ ശബ്ദത്തില്‍ കാതിലെത്തുന്നത്. ഹിന്ദുസ്ഥാനിയുടെ ചൂടും ചൂരും മായാത്ത സുറുമയെഴുതിയ മിഴികളൊക്കെ ബാബുരാജ് പാടിനീട്ടുന്നത് കേട്ട് ഞെട്ടി. അപ്പോഴാണ് ഉമ്പായി എന്ന ഗായകന്‍ ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിച്ചു നോക്കുന്നത്. മലയാളി പൊതുബോധത്തിന്‍റെ ഇഷ്ടശബ്ദത്തിനൊപ്പിച്ച് പ്രതിഭയെ വഴക്കേണ്ടി വന്ന ബാബുരാജിന്‍റെ ഗതികേടിനെക്കുറിച്ച് ഓര്‍ത്ത് അന്ന് ഒരുപാട് സങ്കടപ്പെട്ടിരുന്നു. അപ്പോഴേക്കും പാടുക സൈഗാള്‍, ഫിര്‍വഹീ ശ്യാം തുടങ്ങിയ ഉമ്പായി ആല്‍ബങ്ങളൊക്കെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു. ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ പെണ്‍കിടാവേ എന്ന ഒഎന്‍വിയുടെ വരികള്‍ അയാള്‍ നീട്ടിപ്പാടിയപ്പോള്‍ ഒപ്പം പാടാന്‍ ശ്രമിച്ച നാളുകള്‍. ഹംറാസിലെ തും അഗര്‍ സാഥ് ദേനേ കാ എന്ന ബോംബെ രവി ഈണം ഉമ്പായി പാടുന്നത് ആവര്‍ത്തിച്ചു കേട്ടത് എത്രയെത്ര തവണയാണെന്നോ!

ആ ഇടയ്ക്കാണ് അയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ശീലുകളും കാതിലെത്തുന്നത്. സംഗീതമില്ലായിരുന്നെങ്കില്‍ താനൊരു ക്രിമിനലായി തീരുമായിരുന്നു എന്ന് ഏതോ ചാനലിലിരുന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.  വിഷാദാത്മകമായ ഒരു ഗസലു പോലെയായിരുന്നു ആ ജീവിത കഥകള്‍. സ്വന്തമായി ഒരു റേഡിയോ പോലും അന്യമായിരുന്ന ബാല്യം. സ്‌കൂൾ വിട്ടാൽ  പാട്ടു കേൾക്കാൻ  മട്ടാഞ്ചേരിയിലെ സ്‌റ്റാർ തിയറ്ററിനു മുന്നിലേക്കുള്ള ഓട്ടം. സിലാൺ റേഡിയോയിലെ ബിനാക്ക ഗീത് മാല കേള്‍ക്കാന്‍ ചായക്കടകളിലും ബാർബർ ഷാപ്പുകളിലും അലഞ്ഞിരുന്ന കാലം. മെഹബൂബിന്‍റെ തബലിസ്റ്റായ കാലം.

പിന്നെ മദ്യത്തിന്‍റയും മയക്കുമരുന്നിന്‍റയും  കള്ളക്കടത്തിന്‍റയും  ഇരുളടഞ്ഞ വഴികള്‍ നിറഞ്ഞ മുംബൈ ജീവിതം.  ഹോട്ടലുകളിലും ഡാന്‍സ് ബാറുകളിലും പാട്ടുപാടിനടന്ന രാത്രികള്‍. വഴിപിഴയ്ക്കരുതെന്ന ഓര്‍മ്മപ്പെടുത്തലുകളുമായി അപ്പോഴും സംഗീതത്തിന്‍റെ നുറുങ്ങു വെളിച്ചം. ആ വെളിച്ചത്തിനപ്പുറം ഉസ്താദ് മുജാവറലി ഖാന്‍  എന്ന ഗുരു. അദ്ദേഹത്തിന്‍റ കീഴില്‍ തബലയിലും വായ്പ്പാട്ടിലും വര്‍ഷങ്ങളോളം പഠനം. അപ്പോഴും ഗൃഹാതുരതയുമായി മാടിവിളിക്കുന്ന മട്ടാഞ്ചേരിയും കൊച്ചിയും. ഇന്നും ഏതു ഗസൽ പാടാൻ ആസ്വാദകർ ആവശ്യപ്പെട്ടാലും തനിക്കു പാടാന്‍ കഴിയുന്നത് പാട്ടു കേള്‍ക്കാന്‍ മാത്രം ഓടിനടന്ന ബാല്യകാലത്തിന്‍റെ ഓര്‍മ്മകളാണെന്ന് പറഞ്ഞതും അയാള്‍ തന്നെയായിരുന്നു. പിന്നെ സ്വതസിദ്ധമായ ശൈലിയില്‍ അയാള്‍ പുഞ്ചിരിച്ച് തലകുലുക്കിക്കൊണ്ട് പാടുമ്പോഴൊക്കെയും നിറഞ്ഞ ആ കണ്ണുകളായായിരുന്നു നെഞ്ചില്‍. 

മലയാളം ഗസലുകളുടെ ചക്രവര്‍ത്തിയായിരുന്നു അയാള്‍. ഒരുകാലത്ത് മലയാളിക്ക് അന്യമായിരുന്ന, സൗഹൃദ സദസുകളിലും സമ്പന്നരുടെ വീടുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഗസലെന്ന സംഗീത ശാഖയെ വിളിച്ചിറക്കിക്കൊണ്ടുപോയി സാധാരണക്കാരന്‍റെ ഹൃദയങ്ങളിലേക്കും കൂടി പകര്‍ന്നു നല്‍കിയ പാട്ടുകാരന്‍. ഒരു ആഗസ്റ്റ് മാസത്തില്‍ തന്നെ ആ മരണ വാര്‍ത്ത കേള്‍ക്കേണ്ടി വരുമ്പോള്‍ ആ ശബ്ദം ആദ്യമായി ഉള്ളുലച്ച ആ ദിവസത്തെ അത്രത്തോളം അമ്പരപ്പില്ല. കാരണം, ഏകതാനമായ ബ്രാഹ്മണിക് ശബ്ദത്തിനപ്പുറമുള്ള പാട്ടിന്‍റെ സാധ്യതകളെ മലയാളിക്കു മുന്നില്‍ കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാണ് ഉമ്പായി മറഞ്ഞു പോയിരിക്കുന്നത്. ഇനിയും ആ ശബ്‍ദം പാടിക്കൊണ്ടേയിരിക്കും. അയാള്‍ തന്നെ പാടിയിട്ടുണ്ടല്ലോ ആയിരത്തൊന്നു രാവില്‍ നീളുന്ന കഥകളെക്കുറിച്ച്. അതുപോലെ മന്ത്രമധുരമായി പിന്നെയും പിന്നെയും..

click me!