ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

By സ്വാതി ശശിധരന്‍First Published Jun 29, 2018, 6:54 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • സ്വാതി ശശിധരന്‍ എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

പണ്ട് ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന സമയത്ത്, പെണ്‍കുട്ടികളുടെ അടിവസ്ത്രം കാണാതെ പോവാറുണ്ടായിരുന്നു.

നല്ല ഉടുപ്പുകള്‍ ആണെങ്കില്‍ ഒരു പക്ഷേ  മറ്റു പെണ്‍കുട്ടികള്‍ എടുത്തിരുന്നേക്കാം  എന്ന് സംശയിക്കാമായിരുന്നു.  പക്ഷേ  പുറത്തു കഴുകിവിരിച്ചിരുന്ന  മിക്കവരുടെയും അടിവസ്ത്രങ്ങള്‍  കാണാതായപ്പോള്‍, ഞങ്ങള്‍ക്ക്  കാര്യങ്ങള്‍ മനസ്സിലായി.   

 ചില വീടുകളില്‍ അപ്പുറത്തെ അയയില്‍ വിരിച്ചിരിക്കുന്ന സ്ത്രീകളുടെ, അടിവസ്ത്രം കാണാതെ പോകുന്നത്  സാധാരണം ആണ് എന്നും പതിയെ മനസ്സിലായി . പ്രത്യേകിച്ചും അടുത്ത് ആണ്‍പിള്ളേര് താമസിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍. ഈ 'അടിവസ്ത്ര ചോരന്മാര്‍ക്കു' പ്രായം ഒരു പ്രശ്‌നമേയല്ല .  ഇവരുടെ പ്രായം ചിലപ്പോള്‍ പതിനഞ്ചു  വയസ്സ് മുതല്‍, അറുപത്തഞ്ചു വയസ്സ് വരെ ആകാം. എടുക്കുന്ന അടിവസ്ത്രം സ്ത്രീയുടേതായിരിക്കണം എന്ന് മാത്രം. അത് അഞ്ചാറു വയസ്സുള്ള കുട്ടികളുടെ മുതല്‍ എണ്‍പത് വയസ്സുള്ള അമ്മൂമ്മയുടെ കീറിത്തുടങ്ങിയ ജമ്പര്‍ ആയിരുന്നാലും മതി.

ഇതിനെ Underwear fetishism എന്നാണ് ഇംഗ്ലീഷില്‍ പറയാറ്. അതായത് അന്യരുടെ ഉപയോഗിച്ചതും (ഉപയോഗിക്കാത്തതും) ആയ അടിവസ്ത്രം, ലൈംഗിക വികാരവും മറ്റും ഉണര്‍ത്തുന്ന വസ്തുവായി ചിലര്‍ക്ക് തോന്നുക. എന്നാല്‍, ഇത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നിടത്തോളം കാലം ഒരു 'ലൈംഗികവൈകൃതം' ആയി കണക്കാക്കപ്പെടുന്നില്ല എന്നാണ് അറിവ് .

എന്നാല്‍ ഇന്നത്തെ കാലത്തു, അടുത്ത വീട്ടിലെ അമ്മമാര്‍ കഴുകി വിരിച്ചിട്ടിരിക്കുന്ന അപ്പുറത്തെ അയയില്‍ നിന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കൂടി വരെ ഇത്തരം, ഞരമ്പ് രോഗികള്‍ 'ഉപയോഗിച്ച അടിവസ്ത്രം ചോദിച്ചു ഇറങ്ങിയിട്ടുണ്ട്. 

അതില്‍ തൊണ്ണൂറു ശതമാനത്തിനും, ആ സ്ത്രീയെ (അത് ഒരു സെലിബ്രിറ്റി ആണെങ്കില്‍ പറയുകയും വേണ്ട ) അപമാനിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ കാണുക ഉള്ളൂ. ഒരു പക്ഷെ ഇവരില്‍ ആരും തന്നെ സ്വന്തം വീട്ടിലെയോ അയല്‍പക്കത്തെ ചേച്ചിയുടെയോ  അടിവസ്ത്രം തിരഞ്ഞു പോകുന്നവര്‍ അല്ലായിരിക്കും എന്നതാണ് ഏറ്റവും വലിയ തമാശ .

'സൈബര്‍ ബുള്ളിയിംഗ്/സ്ലട്ടിംഗ്' എന്ന ഈ ഏര്‍പ്പാടിന്റെ, ഏറ്റവും പുതിയ ഇര ഇപ്പോള്‍ മലയാള ചലച്ചിത്ര നടി മീര നന്ദന്‍ ആണ്. ഇതിനു മുമ്പ് പാര്‍വതി, റിമ മുതലായവര്‍ ആയിരുന്നു. എന്നത്തെയും പോലെ അതും കാലക്രമേണ കെട്ടടങ്ങുകയായിരുന്നു. 

ഇക്കഴിഞ്ഞ ഏപ്രിലില്‍, മീര നന്ദന്‍  ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്് ചെയ്ത ഒരു ചിത്രം കണ്ടപ്പോഴാണ് ആര്‍ക്കോ, അവരുടെ ഉപയോഗിച്ച അടിവസ്ത്രം വേണമെന്ന് തോന്നിയത്. 

ആരും തെറ്റിദ്ധരിക്കേണ്ട. അടിവസ്ത്രം പോയിട്ട്,  ശരീരത്തിന്റെ ഒരു ഭാഗം പോലും കാണാന്‍ കഴിയാത്ത ആ ഫോട്ടോയില്‍, അവരുടെ അടിവസ്ത്രത്തെ പറ്റി മാത്രം ആലോചിച്ച ആ മഹാന്‍ എന്നെ ഓര്‍മ്മിപ്പിച്ചത് 'നോക്കെത്താദൂരത്തു കണ്ണും നട്ട്' , എന്ന സിനിമയില്‍ ഒരു പ്രത്യേക തരം കണ്ണട വെച്ചാല്‍ ആളുകളെ വസ്ത്രമില്ലാതെ കാണാന്‍ കഴിയുമെന്ന് പറഞ്ഞു മോഹന്‍ലാലില്‍നെ പറ്റിക്കുന്ന നദിയ മൊയ്തുവിനെയാണ്.

ഇയാളുടെ കമന്റിന് 'ബാസ്റ്റാര്‍ഡുകളോട്, അഥവാ 'ഇമ്മാതിരി അച്ഛനെ അറിയാത്തവരോട് ഞാന്‍ എന്ത് പറയണം' എന്ന് മറുപടി നല്‍കിയതിന്, മീരയെ മിക്കവരും കൂടി വളഞ്ഞിട്ടു ആക്രമിക്കുകയാണുണ്ടായത്. എന്തിനായിരുന്നു അതെന്ന് ഒന്നാലോചിച്ചു നോക്കൂ. പ്രതികരിച്ചതിന്റെ പേരില്‍!


വാല്‍ക്കഷ്ണം:സിനിമനടികളുടെ അവസ്ഥ ഇങ്ങനെ ആണെങ്കില്‍, സാധാരണ സ്ത്രീകള്‍ എന്തു ചെയ്യും? ഇന്‍ബോക്‌സിലെ നഗ്‌ന ഫോട്ടോകളും, സ്ത്രീത്വത്തെ അപമാനിക്കുന്ന പരമര്‍ശങ്ങളും നാളെ ഒരു പക്ഷേ പിഞ്ചു പെണ്‍കുട്ടികളുടെ ജീവന്‍ തന്നെ കവര്‍ന്നേക്കാക്കാം. ഇവിടെ എന്ത് സൈബര്‍ നിയമങ്ങളാണുള്ളത്? എന്ത് സൈബര്‍ സ്‌ക്വാഡ്? നമ്മുടെ കുടുംബത്തിലെ ഒരു പെണ്‍കുഞ്ഞിനു ഈയവസ്ഥ വന്നാല്‍ രക്തം തിളയ്ക്കുന്നവര്‍ എന്നാണ് എല്ലാവര്‍ക്കുമായി ഒന്ന് കണ്ണ് തുറക്കുക!

click me!