2,400 കിലോമീറ്റർ ട്രക്കിംഗ് പൂർത്തിയാക്കിയ ചൈനീസ് യുവതി, അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി അപകടത്തിൽപ്പെട്ടു. ആശുപത്രിയിലെത്തിയപ്പോഴാണ് താൻ ഒമ്പത് മാസം ഗർഭിണിയാണെന്ന് അറിയുന്നതും മണിക്കൂറുകൾക്കുള്ളിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നതും.
ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. പലരുടെ ജീവിതത്തിലും ഇത്തരം ചെറുതും വലുതുമായ അത്ഭുതങ്ങൾ സംഭവിക്കുന്നതും സാധാരണം. ചൈനീസ് യുവതി ഡോങ് തന്‍റെ ജീവിതത്തിൽ സംഭവിച്ച അത്തരമൊരു അത്ഭുതത്തിൽ അമ്പരന്നിരിക്കുകയാണ്. 1,500 മൈൽ (ഏകദേശം 2,400 കിലോമീറ്റർ) നീണ്ട ട്രക്കിംഗ് പൂർത്തിയാക്കിയപ്പോൾ തോന്നിയ അസ്വസ്ഥതയ്ക്ക് ആശുപത്രിയിലേക്ക് പോകും വഴി കാറിടിച്ചു. ആളുപത്രിയിലെത്തി മണിക്കുറുകൾക്കുള്ളിൽ അവർ രണ്ടര കിലോ ഭാരമുള്ള ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഡോങ് മാധ്യമങ്ങളോട് പറഞ്ഞത്.
139 ദിവസം കൊണ്ട് 2,400 കിലോമീറ്റർ ദൂരം
വടക്കൻ ചൈനയിലെ ഹാമിയിൽ നിന്ന് ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിലേക്ക് ഏകദേശം 1,500 മൈൽ നടക്കുക എന്നത് ചെറിയൊരു കാര്യമല്ല. ഉയർന്ന പർവതനിരകൾ, ചുട്ടുപൊള്ളുന്ന മരുഭൂമികൾ, മഞ്ഞുമൂടിയ കാറ്റുകൾ എന്നിവങ്ങനെ പ്രകൃതിയുടെ ഏറ്റവും വന്യമായ പല ഭാവങ്ങളെയും ആ യാത്രയ്ക്കിടെ നിങ്ങൾക്ക് നേരിടേണ്ടിവരും. വെല്ലുവിളി നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ താണ്ടി, കനത്ത മഴയും കത്തുന്ന വെയിലും സഹിച്ച് ഡോങും ഭർത്താവും 139 ദിവസം കൊണ്ടാണ് 1,500 മൈൽ (ഏകദേശം 2,400 കിലോമീറ്റർ) നീണ്ട കഠിനമായ ട്രക്കിംഗ് പൂർത്തിയാക്കിയത്. തിരികെ വീട്ടിലെത്തിയപ്പോൾ ജലദോഷം തോന്നി. ഉടനെ കാറെടുത്ത് ആശുപത്രിയിലേക്ക് പോയി.
കാർ അപകടം, ആശുപത്രി, പിന്നാലെ പ്രസവം
ആശുപത്രിയിലെത്തുന്നതിന് തൊട്ട് മുമ്പ് ഡോങിന്‍റെ കാർ അപകടത്തിൽപ്പെട്ടു. എയർബാഗുകൾ ഉണ്ടായിരുന്നതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പക്ഷേ. ആശുപത്രിയിൽ അവളെ മറ്റൊരു അത്ഭുതം കാത്തിരിപ്പുണ്ടായിരുന്നു. ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത. മാത്രമല്ല. അവൾ പ്രസവിക്കാറായെന്നും. ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ ഡോങ് പ്രസവിച്ചു. ഇത്രയും ദീർഘമായ യാത്രയ്ക്കിടയിൽ പോലും താന്‍ ഗർഭിണിയാണെന്ന് തനിക്കോ ഭർത്താവിനോ അറിയില്ലായിരുന്നെന്നും ഡോങ് പറയുന്നു.
'നിഗൂഢ ഗർഭം'
ഡോങ്ങിന്‍റെ അവസ്ഥയെ വൈദ്യശാസ്ത്രപരമായി 'നിഗൂഢ ഗർഭം' എന്നാണ് വിളിക്കുന്നത്. പ്രസവത്തിന്‍റെ അവസാനമോ പ്രസവസമയത്തോ പോലും ഒരു സ്ത്രീ താൻ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളതിനാലാണ് ഇത് സംഭവിക്കുന്നത്. ഹോർമോൺ അസന്തുലിതാവസ്ഥ, ക്രമരഹിതമായ ആർത്തവം എന്നിവ ഗർഭധാരണം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. മാത്രമല്ല, ഡോങ്ങിന് മോണിംഗ് സിക്ക്നെസ്സ് പോലുള്ള സാധാരണ ഗർഭകാല ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല, ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണക്രമവുമാണ് അവരുടെ ശരീരഭാരം കൂടാൻ കാരണമെന്നും ഡോക്ടർമാർ പറയുന്നു.
ലക്കി ബേബി
ഒരു മാസം മുമ്പേ കുഞ്ഞ് ജനിച്ചെങ്കിലും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഇത്ര പെട്ടെന്ന് താൻ ഒരു അച്ഛനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഡോങ്ങിന്‍റെ ഭർത്താവ് അഭിപ്രയാപ്പെട്ടു. ദീർഘദൂര യാത്രയും കാറപകടവും എല്ലാം തരണം ചെയ്ത് ആരോഗ്യത്തോടെ ജനിച്ച കുഞ്ഞിന് ഇരുവരും ലക്കി ബേബി എന്ന പേരാണ് നൽകിയത്.


