യുകെജി പഠനത്തിന് നാല് ലക്ഷം രൂപ! സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി യുവ സംരംഭകൻ. മുംബൈയിലെ സ്കൂൾ ഫീസിനെ താൻ ഐഐടി ബോംബെയിൽ പഠിച്ചപ്പോൾ നൽകിയ ഫീസുമായി താരതമ്യം ചെയ്തുകൊണ്ടാണ് അവിരൽ ഭട്നാഗർ എന്ന യുവാവ് രംഗത്തെത്തിയത്.
ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഐഐടി ബോംബെയിൽ നാല് വർഷത്തെ എൻജിനീയറിങ് പഠനത്തിന് ചെലവായതിനേക്കാൾ ഇരട്ടി തുകയാണ് മുംബൈയിലെ ഒരു കുട്ടിക്ക് യുകെജി പഠനത്തിനായി ഇപ്പോൾ വേണ്ടിവരുന്നതെന്ന് യുവ സംരംഭകന്റെ പോസ്റ്റ്. AJVC സ്ഥാപകൻ അവിരൽ ഭട്നാഗർ ആണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കണക്കുകളടക്കമാണ് അവിരലിന്റെ പോസ്റ്റ്.
തന്റെ ബന്ധുവിന്റെ മകൾക്ക് മുംബൈയിൽ യുകെജി പഠനത്തിനായി വർഷം 4 ലക്ഷം രൂപയാണ് ഫീസ് വരുന്നത്. എന്നാൽ, 2010-2014 കാലഘട്ടത്തിൽ ഐഐടി ബോംബെയിൽ ബി.ടെക് പഠിച്ച തനിക്ക് നാല് വർഷത്തേക്ക് ആകെ വന്ന ചെലവ് ഇതിന്റെ പകുതി മാത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആരും സംസാരിക്കാത്ത അദൃശ്യമായ പണപ്പെരുപ്പമാണ് വിദ്യാഭ്യാസ ചെലവുകൾ. ഒരുപക്ഷേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്യൂട്ടർമാരുടെ വരവ് വിദ്യാഭ്യാസച്ചെലവ് വീണ്ടും താങ്ങാനാവുന്നതാക്കി മാറ്റിയേക്കാം' എന്ന് യുവാവ് പോസ്റ്റിൽ കുറിച്ചു.
ഫെബ്രുവരി 18 -ന് പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 65,000-ത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. 'ഇത്രയും തുക വാങ്ങാൻ ഈ കുഞ്ഞുങ്ങളെ അവർ എന്താണ് പഠിപ്പിക്കുന്നത്?' എന്നാണ് ഒരാൾ ചോദിച്ചത്. 'ഈ തുക വാങ്ങുന്നുണ്ടെങ്കിൽ ആ കുട്ടി സ്കൂളിൽ നിന്ന് വരുമ്പോൾ സ്വന്തമായി ഒരു ആപ്പും ബിസിനസ് പ്ലാനുമായി വരണം' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'ഹോം സ്കൂളിംഗിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായി' എന്നും ചിലർ അഭിപ്രായപ്പെട്ടു.
ചർച്ചയായി സ്കൂൾ ബാഗിന്റെ ഭാരവും
വിദ്യാഭ്യാസത്തിന്റെ ചിലവിനൊപ്പം തന്നെ കുട്ടികൾ നേരിടുന്ന മറ്റ് ബുദ്ധിമുട്ടുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. അടുത്തിടെ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പിതാവ് തന്റെ ആറ് വയസ്സുകാരനായ മകന്റെ സ്കൂൾ ബാഗിന്റെ ഭാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന, 21 കിലോ മാത്രം ഭാരമുള്ള കുട്ടി 4.5 കിലോ തൂക്കമുള്ള ബാഗാണ് ചുമക്കുന്നത് എന്നായിരുന്നു പോസ്റ്റ്.
