അമേരിക്കന്‍ യുവാവിനെ വധിച്ച ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാര്‍ ജീവിക്കുന്നത് ഇങ്ങനെയാണ്; അപൂര്‍വ്വ വീഡിയോ

By Web TeamFirst Published Nov 23, 2018, 5:06 PM IST
Highlights

ഈ ദ്വീപിലേക്ക് കടക്കുന്നത് കുറ്റകരമായി ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാരണം തങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അടുക്കുന്ന എല്ലാവരെയും ഈ മനുഷ്യർ അമ്പുകളുമായി നേരിടാറുണ്ട്. 

"ഒറ്റപ്പെട്ട മനുഷ്യർ നമ്മളിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. നമ്മൾ അറിയാതെ തന്നെ  അവർ ജീവിച്ചു മരിക്കുന്നു"-സിഡ്‌നി പോസ്സുവെലോ 

 നോർത്ത് സെന്‍റിനൽ  ദ്വീപ്  വീണ്ടും  വാർത്തകളിൽ  നിറയുകയാണ്.  അമേരിക്കൻ  വംശജനും ക്രിസ്ത്യൻ  മിഷനറിയുമായ അലൻ  ചൗ  എന്ന  ഇരുപത്തേഴുകാരൻ മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ദ്വീപിലേക്ക്  അതിക്രമിച്ചു കടക്കുകയും തുടർന്ന് ദ്വീപ്  നിവാസികൾ  അമ്പെയ്ത്  കൊലപ്പെടുത്തുകയും ചെയ്തതാണ് പുതിയ  വാർത്ത. 

'മനുഷ്യത്വരഹിതമായ ക്രൂരത'  എന്നൊക്കെയാണ്  ഇതിനെ  ചിലര്‍  വിശേഷിപ്പിച്ച്  കാണുന്നത്. എന്നാൽ,  ആധുനിക മനുഷ്യ  സമൂഹവുമായി   യാതൊരുതരത്തിലും ബന്ധമില്ലാതെ കിടക്കുന്ന ലോകത്തിലെ ഏറ്റവും  ഒറ്റപ്പെട്ട മനുഷ്യരെന്നു കണക്കാക്കുന്ന ഗോത്രവിഭാഗമാണ്   സെന്‍റിനൽസ്. ആ   ഗോത്ര വംശത്തിന്‍റെ വളർച്ചയിൽ ഒരു ഘട്ടത്തിൽപ്പോലും ഭൂമിയിലെ മറ്റു മനുഷ്യരുമായി ഇടപെഴകാൻ തയ്യാറായിട്ടില്ലാത്ത   അവരെ  സംബന്ധിച്ചിടത്തോളം നമ്മുടെ നീതിയുടെയും  ധർമ്മത്തിന്‍റെയും  മനുഷ്യത്വത്തിന്‍റെയും അളവുകോലുകൾ ഉപയോഗിക്കുന്നതിൽ     വലിയൊരു ശരികേട് തന്നെയില്ലേ? 

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ. അവിടെ മാത്രം ജനിച്ചു മരിച്ചു ജീവിക്കുന്ന ഗോത്രമനുഷ്യരാണ്  സെന്‍റിനൽസ് എന്നറിയപ്പെടുന്നത്. ഏതാണ്ട് അറുപതിനായിരം വർഷങ്ങളായി ഈ ദ്വീപിൽ സെന്‍റിനൽസ് വംശം നിലനിൽക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കൻ വൻകരയിൽ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് കുടിയേറിയ മനുഷ്യരുടെ ഒരു വിഭാഗം ആണ് ഇവരുടെ പൂർവികർ എന്ന് കരുതപ്പെടുന്നു . ആധുനിക ലോകത്തിനു അവരെക്കുറിച്ച് കൂടുതൽ  ഒന്നുമറിയില്ല എങ്കിലും ഒരുകാര്യം കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. ലോകത്താകമാനമുള്ള ഗോത്രവർഗക്കാരിൽ നിന്നും വ്യത്യസ്തമായി   മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടു കഴിയാൻ മാത്രം ആഗ്രഹിക്കുന്ന ഒരുകൂട്ടം മനുഷ്യരാണവർ.

ഈ ദ്വീപിലേക്ക് കടക്കുന്നത് കുറ്റകരമായി ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാരണം തങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അടുക്കുന്ന എല്ലാവരെയും ഈ മനുഷ്യർ അമ്പുകളുമായി നേരിടാറുണ്ട്. ഇന്ത്യൻ  ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള പ്രദേശം ആണെങ്കിലും ഈ പ്രത്യേകത കണക്കിലെടുത്തു സർക്കാർ ഇവിടുത്തെ ഭരണപരമായ നിയന്ത്രണം ദൂരെ  നിന്നുള്ള നിരീക്ഷണം മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. 

ആയിരത്തി എണ്ണൂറുകളിൽ  ചില ബ്രിട്ടീഷ്  ഉദ്യോഗസ്ഥർ ഇവിടെ നിന്നും കുറച്ചു ആളുകളെ പിടിക്കുകയും ആൻഡമാനിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവരിൽ പലരും അസുഖം മൂലം മരിക്കുകയും ബാക്കിയുള്ളവരെ പന്നീട് തിരിച്ചു ദ്വീപിൽ തന്നെ കൊണ്ടുവിടുകയും ചെയ്തിട്ടുണ്ട്.

മറ്റു മനുഷ്യരെപ്പോലെ രോഗപ്രതിരോധ ശേഷി ഈ മനുഷ്യരിൽ രൂപപ്പെട്ടിട്ടില്ല  എന്നാണ് മനസ്സിലാകുന്നത്. ചെറിയൊരു രോഗം പോലും ജീവൻ അപഹരിക്കാവുന്ന അവസ്ഥയാണത്. ഇതുകൊണ്ടൊക്കെ തന്നെ ഇവരുടെ ജനസംഖ്യ അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തിൽ നൂറിനടുത്ത് ആളുകൾ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ നാല്പത്തിനടുത്ത് മാത്രമാണ്  ഇവരുടെ എണ്ണം എന്ന് റിപ്പോർട്ട് ചെയ്യുന്നു. 

1981 -ൽ ഹോങ്കോങ്ങിൽ നിന്നുള്ള ഒരു കപ്പൽ ഈ ദ്വീപിനടുത്ത്  മണലിൽ ഉറച്ചുപോകാൻ ഇടയായി. പിറ്റേന്ന് രാവിലെ അൻപതോളം നഗ്നരായ മനുഷ്യർ അമ്പും വില്ലും മറ്റു ആയുധങ്ങളുമായി കരയിൽ നിൽക്കുന്നത് കപ്പലിൽ ഉള്ളവർ കണ്ടു. അവർ തടികൊണ്ടുള്ള ചങ്ങാടം നിർമിക്കാൻ ഒരുങ്ങുകയായിരുന്നു. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ക്യാപ്റ്റൻ  തുടർന്ന് അപകട സന്ദേശം അയക്കുകയും കപ്പൽ ജീവനക്കാരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തുകയും ചെയ്തു. 

പിന്നീട് സെന്‍റിനൽസ് വാർത്തയിൽ നിറയുന്നത് 2006-ൽ ആണ്. ദിശതെറ്റി ദ്വീപിൽ അകപ്പെട്ട ഇന്ത്യക്കാരായ രണ്ട് മൽസ്യതൊഴിലാളികളെ ദ്വീപ് നിവാസികൾ കൊലപ്പെടുത്തി.

1967 -ൽ സെന്‍റിനൽ ഗോത്രവർഗ്ഗക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ഇന്ത്യൻ ഗവണ്‍മെന്‍റ് ഒരു പദ്ധതി രൂപപ്പെടുത്തിയിരുന്നു. നരവംശ ശാസ്ത്രജ്ഞർ ഉള്‍പ്പടെ ഒരുകൂട്ടം ആളുകൾ ദ്വീപിലേക്ക് പോവുകയുണ്ടായി. തേങ്ങകളും സമ്മാനങ്ങളും നൽകി അവരുടെ സൗഹൃദം നേടുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഇത് പരാജയപ്പെടുകയാണ് ഉണ്ടായത്.  ദ്വീപിനടുത്തേക്ക് ചെന്ന ബോട്ടിനെ അമ്പുകളുമായി ആണ് സെന്‍റിനൽസ് സ്വീകരിച്ചത്.

സെന്റിനൽ ദ്വീപിൽ തെങ്ങ് വളരുകയില്ല എങ്കിലും തേങ്ങകൾ ഇവർക്ക് പ്രിയങ്കരമാണ്.  ഇങ്ങനെ 1991 -ൽ ആണ് ആദ്യമായും അവസാനമായും സെന്‍റിനൽസുമായി ഇടപെഴകാൻ അവസരം ഉണ്ടായത്. ഈ പര്യവേഷണത്തിൽ ബോട്ടിനു ദ്വീപിന്‍റെ വളരെ അടുത്ത് എത്താനായി. മാത്രവുമല്ല ഇട്ടുകൊടുത്ത തേങ്ങകൾ സെന്‍റിനൽസ്  എടുത്തുകൊണ്ടുപോവുകയും ചെയ്തു. തേങ്ങ എന്ന്  അർത്ഥം വരുന്ന 'ഗാഗ ' എന്ന ജറാവ  ഗോത്രഭാഷ ഉച്ചരിക്കുകയും അത് മനസ്സിലാക്കാക്കി സെന്‍റിനൽസ് സൗഹാർദ്ദപരമായി ഇടപെടുകയും ചെയ്തു. ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു.

2004 -ലെ  സുനാമിക്ക് ശേഷം ഇവർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ഹെലികോപ്റ്ററിൽ പര്യവേഷണം നടത്തിയിരുന്നു. എന്നാൽ, ഹെലികോപ്ടറിന് നേരെ അമ്പെയ്യുകയാണു ഉണ്ടായത്. സെന്‍റിനൽസ് ജീവിച്ചിരിക്കുന്നു എന്ന ആശ്വാസത്തിൽ അതും അവസാനിപ്പിക്കുകയുണ്ടായി.

അവർക്ക് നമ്മളിൽ നിന്ന് ഒന്നും ആവശ്യമില്ല. ഒന്നും വെട്ടിപ്പിടിക്കാൻ വരുന്നില്ല. കൊള്ളയും  കൊലയും ഉദ്ദേശമില്ല. നമ്മുടെ പണമോ സ്വത്തോ സുഖസൗകര്യങ്ങളോ ആവശ്യമില്ല. ആകെ വേണ്ടത് ഏകാന്തമായി ജീവിക്കുക എന്നത് മാത്രമാണ്. സെന്‍റിനൽസിനെ അവരുടെ വഴിക്ക് സ്വസ്ഥമായി വിടുക മാത്രമാണ് വേണ്ടത്. 

വീഡിയോ:

 

(Credits -Documentary- Sentinels-the world most isolated tribes by Geobrothers)


 

click me!