
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഏക വനിതയുമായിരുന്നു 29 കാരിയായ ബ്രിട്ടീഷ് വനിത സൂസി ഗുഡാള്‍. തനിച്ച്, കടലിലൂടെ ലോകം ചുറ്റി തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ലോകവുമായി ആശയവിനിമയം നടത്തരുതെന്ന് നിയമമുണ്ട്.
മലയാളിയായ നാവികന്‍ അഭിലാഷ് ടോമിയും നേരത്തെ അപകടത്തില്‍ പെട്ടിരുന്നു. അഭിലാഷ് ടോമിക്ക് പിന്നാലെ സൂസിയും സമുദ്രത്തില്‍ കുടുങ്ങുകയായിരുന്നു. കടല്‍ക്ഷോഭത്തില്‍ പെട്ട് സൂസിയുടെ ബോധം മറയുകയായിരുന്നു. ഡി.എച്ച്.എല്‍ സ്റ്റാര്‍ലൈറ്റ് എന്ന പായ് വഞ്ചിയിലായിരുന്നു സൂസിയുടെ യാത്ര. ബോധം വന്ന ശേഷം മത്സരത്തിന്‍റെ സംഘാടകരുമായി സൂസി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
ചിലെയ്ക്ക് സമീപം കേപ് ഹോണ്‍ മുനമ്പില്‍ നിന്ന് 2000 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്റ്റാര്‍ലൈറ്റ് എന്ന സൂസിയുടെ പായ് വഞ്ചി അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു ഇവിടെ കടല്‍ക്ഷോഭമുണ്ടായത്. കാറ്റിലാകട്ടെ പായ് വഞ്ചിയുടെ പായ്മരങ്ങള്‍ ഒടിഞ്ഞുപോയി. ഉപകരണങ്ങള്‍ പലതും തകര്‍ന്നു. ആടിയുലഞ്ഞ വഞ്ചിയില്‍ നിന്ന് സൂസി തെറിച്ചു വീഴുകയായിരുന്നു. അതോടെ ബോധവും പോയി. ബോധം തിരികെ കിട്ടിയ ശേഷമാണ് വഞ്ചിയിലെ ഡീസല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. അപകടങ്ങളിലും മറ്റും മാത്രമാണ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുള്ളത്. പക്ഷെ, അത് നിലച്ചുപോയി. അപകടമുണ്ടാകുമെന്ന് മനസിലായ ഉടനെ സൂസി മത്സരത്തിന്‍റെ സംഘാടകര്‍ക്ക് സന്ദേശം അയച്ചിരുന്നു. കഴിയും പോലെ സൂസി പായ് വഞ്ചി നങ്കൂരമിട്ടിരുന്നു. ചിലെ മാരിടൈം റെസ്ക്യൂ സര്‍വീസസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിയാന്‍ ഫു എന്ന കപ്പലാണ് ഒടുവില്‍ അവളെ രക്ഷിച്ചത്.
കടലിനോട് വളരെ അടുപ്പമുള്ള ആളായിരുന്നു സൂസി. മൂന്നാമത്തെ വയസിലായിരുന്നു അവളുടെ ആദ്യ കടല്‍ യാത്ര. അവധികളെല്ലാം സൂസിയുടെ കുടുംബം ആഘോഷിച്ചത് കടലിലായിരുന്നു. പതിനൊന്നാമത്തെ വയസില്‍ അവള്‍ക്ക് സ്വന്തമായി ഒരു ചെറുവഞ്ചി കിട്ടി. പല ജോലികളും ചെയ്തിട്ടുണ്ട് സൂസി. ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ സെയ്ലിങ് ഇന്‍സ്ട്രക്ടറായിരുന്നു ആദ്യം. ആ സമയത്ത് തന്നെ ചില കോഴ്സുകള്‍ക്കും ചേര്‍ന്നിരുന്നു. അതിന് പണം ആവശ്യം വന്നപ്പോള്‍ അവള്‍ തന്‍റെ പ്രിയപ്പെട്ട ബോട്ട് വിറ്റു. പിന്നീട്, യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് പഠിപ്പിക്കാന്‍ പോയി. ഇരുപതാമത്തെ വയസിലായിരുന്നു യാട്ട് ട്രെയിനിങിന് പോയത്. ഇരുപത്തിയൊന്നാമത്തെ വയസില്‍ ജോലി കിട്ടിയ ശേഷം സെയ്ലിങ് ട്രെയിനിങ്ങിലേക്ക് തന്നെ തിരിയുകയായിരുന്നു സൂസി. തനിച്ച് കടല്‍ യാത്ര നടത്താനുള്ള മോഹമാണ് അവളെ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിലെത്തിച്ചത്.