'96' ലെ ജാനുവിന്‍റെയും റാമിന്‍റെയും കൂടിച്ചേരലിനെ വെല്ലുന്നൊരു കൂടിച്ചേരലിന്‍റെ കഥ

By Web TeamFirst Published Dec 10, 2018, 1:06 PM IST
Highlights

വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്‍റെ വിവാഹം കഴിഞ്ഞു. ഞാന്‍ ബോംബെയിലേക്ക് പോന്നു. പക്ഷെ, ആ വര്‍ഷങ്ങളിലെല്ലാം ഞാനവളെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. എന്‍റെ ഭര്‍ത്താവും മക്കളും ഇതും പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. 

വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടുന്ന റാമിന്‍റെയും ജാനുവിന്‍റെയും കഥയാണ് 96 എന്ന സിനിമ പറയുന്നത്. എന്നാല്‍, അതിനെയെല്ലാം വെല്ലുന്നൊരു സൌഹൃദത്തിന്‍റെ കഥയാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളുടെ സൌഹൃദത്തിന്‍റെ കഥയാണിത്. പത്താം ക്ലാസില്‍ നഷ്ടപ്പെട്ടുപോയ സുഹൃത്തിനെ 35 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുകയാണ് ഗീത ശ്രീധര്‍ എന്ന സ്ത്രീ. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണതെന്നും കൂട്ടുകാരികള്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: വളര്‍ച്ചകള്‍ക്കിടയിലെ എന്‍റെ ഓര്‍മ്മകളെല്ലാം എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായി ചേര്‍ന്നതാണ്. ഞങ്ങളെപ്പോഴും ഒരുമിച്ചായിരുന്നു. പരസ്പരം കളിയാക്കും, പരസ്പരം ഹോം വര്‍ക്ക് ചെയ്ത് കൊടുക്കും അങ്ങനെ... ഞങ്ങള്‍ രണ്ടുപേരും രണ്ട് ലോകത്ത് നിന്നുള്ളവരായിരുന്നു. എന്‍റെ വീട്ടുകാര്‍ വളരെ ലിബറലായിരുന്നു അവളുടെ വീട്ടുകാര്‍ കര്‍ക്കശക്കാരും. അവളെ പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചിരുന്നില്ല. അവളുടെ ഭക്ഷണപാത്രത്തിലെന്താണോ കൊണ്ടുവന്നത് അതവള്‍ എനിക്ക് തരും, എന്‍റെ പാത്രത്തിലുള്ളത് ഞാനവള്‍ക്കും നല്‍കും. അതൊരു പ്രത്യേകതരം സൌഹൃദമായിരുന്നു. 

പത്താം ക്ലാസോടു കൂടി എല്ലാം മാറി. എല്ലാവരും ജയിച്ചു. പക്ഷെ, അവള്‍ മാത്രം തോറ്റു. ഞാനവളെ അന്വേഷിച്ചു. പക്ഷെ, അവളുടെ വീട്ടുകാര്‍ അവളെ കാണാന്‍ അനുവദിച്ചില്ല. ഞാനാണവളെ സ്വതന്ത്രയാക്കുന്നതെന്ന് പറഞ്ഞ് അവരെന്നെ വഴക്ക് പറഞ്ഞു. ഇനിയൊരിക്കലും അവളെ കാണരുതെന്ന് പറഞ്ഞ് അവര്‍ എന്‍റെ മുഖത്തേക്ക് ആ വാതില്‍ വലിച്ചടച്ചു. പിന്നീട് ഒരിക്കലും പരസ്പരം കാണാന്‍ ഞങ്ങളെ അവര്‍ അനുവദിച്ചില്ല. ഞാനാകെ തകര്‍ന്നുപോയി. 

വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്‍റെ വിവാഹം കഴിഞ്ഞു. ഞാന്‍ ബോംബെയിലേക്ക് പോന്നു. പക്ഷെ, ആ വര്‍ഷങ്ങളിലെല്ലാം ഞാനവളെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. എന്‍റെ ഭര്‍ത്താവും മക്കളും ഇതും പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. 

ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്‍റെ ക്ലാസിലെ ഒരാള്‍ എന്നെ സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി. അതിലെ 70 നമ്പറുകളും ഞാന്‍ സേവ് ചെയ്തു. പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണാനായി മാത്രമായിരുന്നു അത്. പക്ഷെ, അവളെ മാത്രം കണ്ടില്ല. ഒരു ദിവസം അവളുടെ പേര് ആരോ ഗ്രൂപ്പിലിട്ടു. ഇന്നലത്തെ പോലെ ഞാനത് ഓര്‍ക്കുന്നു. വിശന്ന് തളര്‍ന്ന് എന്‍റെ മകള്‍ വീട്ടിലെത്തിയ സമയമായിരുന്നു.  മകള്‍ക്ക് വേണ്ടി റൊട്ടി തയ്യാറാക്കുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്. ഞാന്‍ എല്ലാം നിര്‍ത്തിവെച്ചു. അവളുടെ നമ്പറിലേക്ക് വിളിച്ചു. പരസ്പരം വീണ്ടും കൂട്ടിമുട്ടിയെന്ന് മനസിലായ ആ നിമിഷം ഞങ്ങള്‍ ചിരിക്കുകയും കരയുകയും ചെയ്തു. എന്‍റെ മകള്‍ വീട്ടിലെ എല്ലാവര്‍ക്കും മെസ്സേജ് അയച്ചു, 'അമ്മ അമ്മയുടെ ആ കൂട്ടുകാരിയെ ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ഇന്ന് ഭക്ഷണം പുറത്ത് നിന്ന്' എന്ന്. മകള്‍ സ്വയം റൊട്ടിയുണ്ടാക്കി കഴിച്ചു.

ഞങ്ങള്‍ നാല് മണിക്കൂറോളം സംസാരിച്ചു. സുകന്യ എന്നോട് പറഞ്ഞു, പരീക്ഷയില്‍ തോറ്റതില്‍ അവളുടെ അമ്മയ്ക്ക് വല്ലാത്ത അപമാനം തോന്നി. ഞാനവളെ കണ്ടെത്താന്‍ ശ്രമിച്ചത് ഒരിക്കലും അവര്‍ അവളോട് പറഞ്ഞതുമില്ല. പിന്നീട് അവളെ പഠിക്കാനും സമ്മതിച്ചില്ല. ഞാന്‍ ചെന്നൈയിലെത്തി എത്രയും പെട്ടെന്ന് അവളെ കാണണം എന്ന് തീരുമാനിച്ചു. ഞങ്ങള്‍ പരസ്പരം കണ്ട ഉടനെ കെട്ടിപ്പിടിച്ചു, കരഞ്ഞു. പഴയ ഓര്‍മ്മകളെല്ലാം ഞങ്ങളില്‍ തിരികെയെത്തി. 

ഞങ്ങള്‍ പാര്‍ക്കിലെ ഒരു ബെഞ്ചിലിരുന്നു. 35 വര്‍ഷങ്ങളിലെ കാര്യങ്ങളെല്ലാം പരസ്പരം പറഞ്ഞു. അവള്‍ അവളുടെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു. അമ്മ അവളെ അടച്ച കൂട്ടില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം അവളെ സഹായിച്ചു. 

ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയ ആ ദിവസമാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. ഇപ്പോള്‍ ഞങ്ങള്‍ വാട്ട്സാപ്പില്‍ എപ്പോഴും പരസ്പരം മിണ്ടുന്നു. വര്‍ഷത്തില്‍ ഒരുതവണയെങ്കിലും പരസ്പരം കാണുമെന്ന് ഞങ്ങള്‍ വാക്ക് നല്‍കിയിട്ടുണ്ട്. 

(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ്.)

click me!