'സ്പൈഡര്‍മാനി'പ്പോള്‍ മീന്‍ വില്‍ക്കുകയാണ്, 'ഹള്‍ക്ക്' പൊറോട്ടയടിക്കുകയും

By Web TeamFirst Published Jul 31, 2018, 2:46 PM IST
Highlights

' സൂപ്പർ ഹീറോസിൽ സ്പൈഡർമാനെയാണ്‌ ഇഷ്ട്ടം. പുള്ളി ഈ ലോകം രക്ഷിക്കലൊക്കെ നിർത്തി ഒരു സാധാരണ മലയാളിയായി ജീവിച്ചാൽ എന്ത്‌ പണിയെടുക്കും എന്ന ചിന്തയാണ് ആദ്യമുണ്ടായത്.'

സൂപ്പര്‍ഹീറോ ആയ അയണ്‍മാന്‍ വെല്‍ഡിങ് പണിക്ക് പോയാലെങ്ങനെയിരിക്കും? നമ്മുടെ ഹള്‍ക്ക് പൊറോട്ടയടിക്കാന്‍ പോയാലോ? ആര്‍ട്ടിസ്റ്റായ റഷീദ് പറമ്പിലിന്‍റെ ചിന്ത ഇത്തിരി വേറിട്ടാണ് സഞ്ചരിച്ചത്. എക്കാലത്തേയും ഹീറോസിനെ കൂലിപ്പണിക്കാരാക്കി മാറ്റിക്കളഞ്ഞു റഷീദ്. സ്പൈഡര്‍മാന്‍റെ ആരാധകനായ റഷീദ് പറമ്പില്‍ പറയുന്നത് താന്‍ അവര്‍ക്കിട്ടൊരു പണി കൊടുത്തതാണ് എന്നാണ്. രണ്ട് സീരിസായിട്ടാണ് റഷീദ് തന്‍റെ സൂപ്പര്‍ ഹീറോസിന്‍റെ ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. 

നീലത്തൊപ്പിയും ട്രൗസറുമൊക്കെയായി വെല്‍ഡിങ്ങ് പണിക്കിറങ്ങിയിരിക്കുകയാണ് അയണ്‍മാന്‍. 

അമേരിക്കന്‍ കോമിക്സിലെ 'ക്യാപ്റ്റന്‍ അമേരിക്ക'യാകട്ടെ ചട്ടിയില്‍ കടല വറുക്കുന്നു. നല്ല കൈലിമുണ്ടൊക്കെയുടുത്താണ് കടല വില്‍പന. അതും ഉന്തുവണ്ടിയില്‍. കടല വറുത്തുകോരുന്ന കാപ്റ്റന്‍ അമേരിക്കയെ കണ്ടാല്‍ ആരും ചിരിച്ചുപോകും. 

പാവം സൂപ്പര്‍മാനാകട്ടെ മാര്‍ക്കറ്റില്‍ ചുമടെടുക്കുകയാണ്. വണ്ടിയില്‍ ചാക്കും കായക്കുലയുമൊക്കെയായാണ് സൂപ്പര്‍മാന്‍റെ വരവ്.

ഹള്‍ക്കിനാണെങ്കില്‍ പൊറോട്ടയടിയാണ് പണി. നീല കള്ളിമുണ്ടും ചുമലിലൊരു ചുവപ്പ് തോര്‍ത്തുമൊക്കെയായിട്ടാണ് ഹള്‍ക്കിന്‍റെ പൊറോട്ടയടി.

ഡെഡ്പൂള്‍ പൂരപ്പറമ്പില്‍ സൂപ്പര്‍ ഹീറോസിന്‍റെ മുഖം മൂടി വില്‍ക്കുകയാണ്. ചിമ്മിനി വിളക്കൊക്കെ കത്തിച്ച് തടിപ്പെട്ടിക്ക് മുകളിലാണിരിപ്പ്. നമ്മുടെ ഉത്സവക്കാഴ്കളിലെ സ്ഥിരം വില്‍പ്പനക്കാരുടെ മട്ടാണ് ഡെഡ്പൂളിന്.

സിമന്‍റ് പണിയാണ് ശക്തിമാന്. വലിയൊരു ചട്ടിനിറയെ സിമന്‍റുമായി കെട്ടിടങ്ങള്‍ക്കിടയിലൂടെ പറന്നുപൊങ്ങുകയാണ്. തലയില്‍ പണിക്കാരുപയോഗിക്കുന്ന മഞ്ഞ തൊപ്പിയൊക്കെ വച്ചിട്ടുണ്ട് പ്രിയപ്പെട്ട ശക്തിമാന്‍. 

പാറമടയില്‍ കല്ല് പൊട്ടിക്കലാണ് തോറിന്‍റെ പണി. ആള്‍ക്കും കള്ളിക്കൈലിയൊക്കെ ഉണ്ട്. കൂടാതെ തലയിലൊരു വട്ടക്കെട്ടും.

 

അമേരിക്കന്‍ സൂപ്പര്‍ഹീറോ ലോഗന്‍റെ കാര്യം വേറൊരു വഴിക്ക്. ഇറച്ചിക്കട നടത്തുകയാണ് ലോഗന്‍. 

ബാറ്റ്മാന് പേരിനോട് ബന്ധപ്പെട്ടുള്ള പണിയാണ്. വാച്ച്മാനായി ജോലി ചെയ്യുകയാണ്. കയ്യിലൊരു വടിയും തലയിലൊരു നീലക്കെട്ടുമുണ്ട്.

 സ്പൈഡര്‍മാന്‍ വലയെറിഞ്ഞ് പിടിച്ച മീന്‍വില്‍ക്കുന്നുണ്ട്. മുന്നിലും അടുത്തുള്ള പെട്ടിയിലും നല്ല പെടപെടയ്ക്കണ മീനുണ്ട്. 

പട്ടാമ്പി ഓങ്ങല്ലൂർക്കാരനാണ് റഷീദ്. ഡിസൈനിംഗ്‌ ആർട്ടിസ്റ്റ്‌. ഷോർട്ട്‌ ഫിലിം സംവിധാനവും ഇഷ്ടമാണ്‌. സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്‍റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് റഷീദിന്‍റെ സംവിധാനത്തിലിറങ്ങിയ ഷോര്‍ട്ട് ഫിലിമാണ്.

''കോമിക്സുകളും ആനിമേഷൻ ചിത്രങ്ങളും ഇഷ്ട്ടമാണ്‌. സൂപ്പർ ഹീറോസിൽ സ്പൈഡർമാനെയാണ്‌ ഇഷ്ട്ടം. പുള്ളി ഈ ലോകം രക്ഷിക്കലൊക്കെ നിർത്തി ഒരു സാധാരണ മലയാളിയായി ജീവിച്ചാൽ എന്ത്‌ പണിയെടുക്കും എന്ന ചിന്തയാണ് ആദ്യമുണ്ടായത്. അതില്‍ നിന്നും മറ്റു സൂപ്പർ ഹീറോസും നമ്മുടെ കേരളത്തിലെത്തിയാൽ എന്ത്‌ ചെയ്യും എന്ന ആലോചന വന്നു. അങ്ങനെ ആകെ 10 സൂപ്പർ ഹീറോസിന്‌ പണി കൊടുത്തു.'' റഷീദ് പറമ്പില്‍ പറയുന്നു.

ഓരോ ചിത്രത്തിലും നമുക്ക് പരിചിതമായ ചുറ്റുപാടുകളാണ്. ഓരോ സൂപ്പര്‍ഹീറോസിനെയും ആ ചുറ്റുപാടികളിലെ സാധാരണക്കാരനായി പകര്‍ത്തുകയായിരുന്നു റഷീദ്. എന്തായാലും ' ഈ സൂപ്പര്‍ ഹീറോസിനൊക്കെ പണി ചെയ്ത് ജീവിച്ചൂടേ' എന്ന ട്രോള്‍ ചോദ്യത്തിന് മറുപടിയാണ് റഷീദിന്‍റെ ഈ സീരീസ്. 

click me!