യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ കാലിഫോർണിയയിലെ അൻസ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സാകേത് മറ്റുള്ളവരിൽ നിന്നും അകന്ന് ജീവിച്ചു, മാനസിക പ്രയാസം നേരിടുകയും ചെയ്തെന്ന് സഹമുറിയൻറെ വെളിപ്പെടുത്തൽ.
യുഎസിൽ വച്ച് ഫെബ്രുവരി 9 മുതൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ. കാലിഫോർണിയയിലെ അൻസ തടാകത്തിൽ നിന്നാണ് ഇന്ത്യൻ വിദ്യാർത്ഥിയായ സാകേത് ശ്രീനിവാസയ്യയുടെ ( 22 ) മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 14 നാണ് സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതാകുന്നതിന് മുമ്പ് സാകേത് മറ്റുള്ളവരിൽ നിന്നും ഏറെ അകന്ന് ജീവിക്കാൻ ശ്രമിച്ചതായും ഭക്ഷണം കഴിക്കുന്നത് പോലും ഒഴിവാക്കിയിരുന്നെന്നും സാകേതിന്‍റെ സഹമുറിയൻറെ സമൂഹ മാധ്യമ കുറിപ്പ്.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥി
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു സാകേത് ശ്രീനിവാസയ്യ. സാകേത് ആത്മഹത്യ ചെയ്തതായി അദ്ദേഹത്തിന്‍റെ സഹമുറിയനായ ബനീത് സിംഗ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ എഴുതി. ശ്രീനിവാസയ്യ അപ്രത്യക്ഷനാകുന്നതിന് മുമ്പുള്ള ആഴ്ചകളോളം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും കൂടുതൽ കൂടുതൽ ഉദാസീനനായി പെരുമാറുകയും ചെയ്തിരുന്നുവെന്നും സിംഗ് പറയുന്നു. അതേസമയം സാകേതിന്‍റെ മരണത്തിൽ നിരവധി പേർ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയോടെ ബനീത് സിംഗ് തന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സ്വകാര്യമാക്കി.
സഹമുറിയൻറെ വെളിപ്പെടുത്തൽ
'എന്‍റെ ബെർക്ക്‌ലി റൂംമേറ്റ് സാകേത് ശ്രീനിവാസയ്യയെ ബെർക്ക്‌ലി കുന്നുകൾക്ക് സമീപമുള്ള അൻസ തടാകത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു... മുഴുവൻ സമൂഹവും ഞെട്ടലിലാണ്,' ബനീത് സിംഗ് തന്‍റെ ലിങ്ക്ഡ് ഇൻ പോസ്റ്റിലെഴുതിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം സാകേതിന്‍റെ കുടുംബത്തെ മൃതദേഹം കൊണ്ട് പോകുന്നതിനായി ഇന്ത്യയിൽ നിന്നും യുഎസിലെത്തിക്കുന്നതിനായി അടിയന്തര വിസയ്ക്ക് വേണ്ടി ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ബനീത് എഴുതി.
മാനസീക പ്രശ്നം
ഫെബ്രുവരി 9 ന് കാണാതാകുന്നതിന് രണ്ടാഴ്ച മുമ്പുള്ള കാലയളവിൽ സാകേത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും കൂടുതൽ കൂടുതൽ ഒതുങ്ങിക്കഴിയാൻ ശ്രമിച്ചിരുന്നെന്നും ബനീത് എഴുതി. കാലിഫോർണിയ സർവകലാശാലയിലെ ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി എന്ന നിലയിൽ ജീവിതം കഠിനമാകുന്നതിൽ സാകേത് അസ്വസ്ഥമായിരുന്നു. " കഴിഞ്ഞ രണ്ടാഴ്ച വരെ ഒന്നിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല, അവൻ കുറച്ച് ഭക്ഷണം കഴിക്കാനും കുറച്ച് ഇടപഴകാനും തുടങ്ങി, ചിപ്സും കുക്കികളും മാത്രം കഴിച്ച് ജീവിച്ചു," ബനീത് എഴുതി. ഒപ്പം ജനുവരി 21 ന് സാകേത് തന്നെയും അൻസ തടാകത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മടി തോന്നിയതിനാൽ താനത് നിരസിച്ചു. അവൻ ജീവനൊടുക്കാൻ തെരഞ്ഞെടുത്ത സ്ഥലമായിരുന്നു അതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ബനീത് എഴുതി. ചുവന്ന റോബ് ധരിച്ച് ക്ലാസിലെത്തിയ ദിവസം അതെന്തിന് ധരിച്ചെന്ന് ചോദിച്ചപ്പോൾ , മറ്റുള്ളവർ തന്നെ കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നത് തനിക്ക് പ്രശ്നമുള്ള കാര്യമല്ലെന്നും ഒന്നിനെക്കുറിച്ചും താൽപ്പര്യമില്ലെന്നും സാകേത് പറഞ്ഞതും ബനീത് കൂട്ടിച്ചേർത്തു. അപ്പോൾ താനത് കാര്യമാക്കിയില്ലെന്നും എന്നാൽ. സാകേത് അത്രയേറെ മാനസിക പ്രയാസത്തിലായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ബനീത് എഴുതുന്നു.


