ഏഴ് മാസത്തെ എയര്‍പോര്‍ട്ട് ജീവിതത്തിന് വിട; സിറിയന്‍ അഭയാര്‍ത്ഥി ഹസ്സന്‍ കാനഡയിലെത്തി

By Web TeamFirst Published Nov 30, 2018, 12:07 PM IST
Highlights

കയ്യിലുള്ള പണം തീര്‍ന്നിരുന്നു. എയര്‍ ഏഷ്യ മൂന്നുനേരം ഭക്ഷണം നല്‍കി. കുളിയും ഉറക്കവും എല്ലാം എയര്‍പോര്‍ട്ടില്‍ തന്നെ. സോഷ്യല്‍ മീഡിയ വഴി ഹസ്സന്‍ നിരന്തരം പുറത്തെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. 

'സ്വപ്നങ്ങളേക്കാള്‍ വലുത് എന്ന് തോന്നുന്ന ചില കാര്യങ്ങള്‍, ചിലപ്പോള്‍ ജീവിതത്തില്‍ സംഭവിക്കും' പറയുന്നത് ഹസ്സന്‍ അല്‍ ഖന്തര്‍. ഏഴ് മാസത്തെ എയര്‍പോര്‍ട്ട് ജീവിതത്തിനൊടുവില്‍ ഹസ്സന്‍ പുറത്തിറങ്ങുകയാണ്. കാനഡയാണ് അഭയാര്‍ത്ഥിയായി ഹസ്സനെ സ്വീകരിക്കുന്നത്. 

ഒമ്പത് മാസത്തോളമായി ഹസ്സന്‍ കോലാലംപൂര്‍ എയര്‍പോര്‍ട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സിറിയന്‍ യുദ്ധ സമയത്ത് യുഎഇയില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍. യുദ്ധത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടെടുത്തതോടെ സിറിയന്‍ ഗവണ്‍മെന്‍റ് പിടികൂടാനിരുന്നു. അതോടെ യുഎഇയിലെ അധികൃതര്‍ ഹസ്സനെ സിറിയയിലേക്ക് തിരിച്ചയക്കാനുള്ള നടപടിയും തുടങ്ങി. അതിനെയെല്ലാം പ്രതിരോധിച്ച ഹസ്സന്‍ ഒടുവില്‍ മലേഷ്യയിലെത്തി. അഭയാര്‍ത്ഥി എന്ന നിലയില്‍ അയാള്‍ക്കവിടെ കഴിയാനുള്ള അനുമതി വെറും മൂന്നുമാസത്തേക്കായിരുന്നു. 

അഭയാര്‍ത്ഥികള്‍ക്ക് വിസ വേണ്ടാത്ത കമ്പോഡിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള ശ്രമം തുടങ്ങിയെങ്കിലും ഓരോ രാജ്യവും ഹസ്സനെ തിരിച്ചയച്ചു. സിറിയന്‍ അഭയാര്‍ത്ഥി എന്ന നിലയില്‍ എല്ലാ രാജ്യങ്ങളും തിരിച്ചയച്ചു തുടങ്ങിയതോടെയാണ് അയാള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ടര്‍ക്കിഷ് എയര്‍ലൈനും ഹസ്സനെ കയറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഹസ്സന്‍ അവിടെത്തന്നെ തുടരുകയായിരുന്നു. 

കയ്യിലുള്ള പണം തീര്‍ന്നിരുന്നു. എയര്‍ ഏഷ്യ മൂന്നുനേരം ഭക്ഷണം നല്‍കി. കുളിയും ഉറക്കവും എല്ലാം എയര്‍പോര്‍ട്ടില്‍ തന്നെ. സോഷ്യല്‍ മീഡിയ വഴി ഹസ്സന്‍ നിരന്തരം പുറത്തെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആക്ടിവിസ്റ്റുകളും ഹസ്സന് വേണ്ടി കാമ്പയിന്‍ തുടങ്ങിയിരുന്നു. താനൊരു ശുഭാപ്തി വിശ്വാസി ആയതുകൊണ്ട് മാത്രമാണ് താനിങ്ങനെ ജീവിക്കുന്നത്. അല്ലെങ്കില്‍ വിഷാദം തന്നെ കീഴടക്കിയേനെ എന്നാണ് ഹസ്സന്‍ പറഞ്ഞത്. 

പുറത്തിറങ്ങി പുറത്തെ വായുവും മണവുമെല്ലാം ആസ്വദിക്കാനാവുന്നത് എത്രയോ സന്തോഷം നല്‍കുന്നുവെന്ന് ഹസ്സന്‍ പറയുന്നു. കനേഡിയന്‍ ഗവണ്‍മെന്‍റ് തന്നെ സ്വീകരിക്കാന്‍ തയ്യാറായി. മറ്റ് രാജ്യങ്ങളും ഞങ്ങള്‍ മോശം ആള്‍ക്കാരല്ല എന്ന് തിരിച്ചറിയണം. അര്‍ഹമായ പരിഗണന നല്‍കണം എന്നാണ് ഹസ്സന് പറയാനുള്ളത്. 

click me!