
എട്ട് മാസങ്ങള്‍ക്ക് മുമ്പാണ്, ചെന്നൈയിലെ പഴവന്തങ്ങള്‍ പൊലീസ് സ്റ്റേഷന്‍റെ പ്രവേശന കവാടത്തില്‍ നിന്ന് ഒരു സ്ത്രീ കരയുന്നത് അവിടെയുള്ള പൊലീസുകാര്‍ കാണുന്നത്. ആരും സഹായത്തിനില്ലാത്ത ഒരു അറുപത്തിയാറുകാരിയായിരുന്നു അത്. പൊലീസിന് തന്നെ എങ്ങനെയെങ്കിലും സഹായിക്കാനാകുമെന്ന് പ്രതീക്ഷിച്ചായിരുന്നു അനുഷ്യാ എന്ന സ്ത്രീ അവിടെ എത്തിയത്.
''ഞങ്ങളവരോട് അകത്തേക്ക് വരാന്‍ പറഞ്ഞു. അവര്‍ എന്തോ പരാതി നല്‍കാന്‍ വന്നതാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അവര്‍ കരച്ചിലൊക്കെ നിര്‍ത്തിയപ്പോള്‍ ഞങ്ങളവരോട് കാര്യങ്ങള്‍ ചോദിച്ചു. അവര്‍ ഞങ്ങളോട് അവരുടെ പേര് അനുഷ്യ എന്നാണെന്ന് പറഞ്ഞു. അവരുടെ ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി. മദ്യപാനിയായ മകന്‍ അവരെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പറഞ്ഞു.''- ഇന്‍സ്പെക്ടര്‍ ജി.വെങ്കടേശന്‍ പറയുന്നു.
അവരാകെ നിസ്സഹായ ആയിരുന്നു. പക്ഷെ, മകനെതിരെ പരാതി നല്‍കാനും അവര്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആ സ്ത്രീയെ സഹായിക്കാന്‍ തീരുമാനിക്കുന്നത്. അവരുടെ മകന്‍ അവര്‍ക്ക് യാതൊരുവിധ സാമ്പത്തിക സഹായവും നല്‍കുന്നില്ലായിരുന്നു. അങ്ങനെ പൊലീസുകാരെല്ലാം ചേര്‍ന്ന് അവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ തന്നെ ജോലി നല്‍കാന്‍ തീരുമാനിച്ചു. രാവിലെയും ഉച്ചക്കും രാത്രിയിലും അവര്‍ക്ക് ഭക്ഷണം നല്‍കാനും തീരുമാനിച്ചു.
രാവിലെ ഏഴ് മണിക്ക് അവര്‍ വരും. പൊലീസ് സ്റ്റേഷന്‍ വൃത്തിയാക്കും. സ്റ്റേഷന് പുറത്തെ ചെടികളെല്ലാം നനയ്ക്കും. ഇതെല്ലാം കഴിഞ്ഞ് അവര്‍ പോകുന്നതിന് മുമ്പ് പൊലീസുകാര്‍ അവര്‍ക്കുള്ള പ്രഭാതഭക്ഷണം വരുത്തി നല്‍കും. അതിനു ശേഷം അവര്‍ ഉച്ചക്കും വൈകുന്നേരവും വരും. അവര്‍ക്കുള്ള ഭക്ഷണം പൊലീസുകാര്‍ നല്‍കും.
നവംബര്‍ 27 നും അനുഷ്യ കൃത്യസമയത്ത് തന്നെ സ്റ്റേഷനിലെത്തി. പക്ഷെ, കയ്യിലൊരു ചെറിയ കവറുമുണ്ടായിരുന്നു. അതില്‍ മിട്ടായികളായിരുന്നു. അന്ന് അവരുടെ പിറന്നാളായിരുന്നു. അവര്‍ മിട്ടായി എടുത്ത് ഒരു സ്കൂള്‍ കുട്ടിയെ പോലെ എല്ലാവര്‍ക്കും നല്‍കി.
അങ്ങനെ ഇന്‍സ്പെക്ടര്‍ കോണ്‍സ്റ്റബിളിനോട് പെട്ടെന്ന് തന്നെ ഒരു പിറന്നാള്‍ കേക്ക് എത്തിക്കാന്‍ പറഞ്ഞു. അനുഷ്യ ആ കുടുംബത്തിലെ അംഗം പോലെ ആയിരുന്നു. അവര്‍ അവരെ സര്‍പ്രൈസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവരെല്ലാം ഒരുമിച്ചു ചേര്‍ന്ന് അനുഷ്യയെ കൊണ്ട് കേക്ക് മുറിപ്പിച്ചു. ചുറ്റും നിന്ന് ഹാപ്പി ബര്‍ത്ത് ഡേ പാടി. അനുഷ്യ കേക്ക് മുറിച്ചു.
അനുഷ്യയുടെ കണ്ണ് നിറഞ്ഞു. അതവരുടെ അറുപത്തിയേഴാമത്തെ പിറന്നാളായിരുന്നു. ഇതുവരെ ഞാനെന്‍റെ ജീവിതത്തില്‍ ഒരു പിറന്നാള്‍ പോലും ആഘോഷിച്ചിട്ടില്ലായിരുന്നു. പൊലീസുകാര്‍ തനിക്കുവേണ്ടി ഇങ്ങനെയൊന്നും ചെയ്യുമെന്ന് കരുതിയില്ലെന്നും കരഞ്ഞുകൊണ്ട് അനുഷ്യ പറഞ്ഞു.