Latest Videos

ലഘുഭക്ഷണ ഫാക്ടറിയിൽ 50 രൂപ കൂലിയുള്ള തൊഴിലാളിയിൽനിന്നും നിന്നും ആർമി ഓഫീസറിലേക്ക്, അഭിമാനത്തോടെ 28 -കാരൻ

By Web TeamFirst Published Dec 14, 2020, 2:51 PM IST
Highlights

തുടർന്ന് ബിരുദമെടുക്കാനായി ഒരു പ്രാദേശിക കോളേജിൽ ചേർന്നു. ഒരു ദിവസം ബീഹാറിലെ തന്റെ വീടിനടുത്തുള്ള ദാനാപൂർ പ്രദേശത്ത് ഒരു സൈനിക റിക്രൂട്ട്മെന്റ് റാലി നടക്കുന്നതായി അമ്മാവൻ അറിയിച്ചു.

ഈ വർഷം ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐ‌എം‌എ) പാസിംഗ്ഔട്ട് പരേഡിൽ പങ്കെടുത്ത 28 -കാരനായ ലഫ്റ്റനന്റ് ബൽബങ്ക തിവാരിയ്ക്ക് പറയാനുള്ളത് തീർത്തും അസാധാരണമായ കഠിനാധ്വാനത്തിന്റെ കഥയാണ്. ഒഡീഷയിലെ ലഘുഭക്ഷണ ഫാക്ടറിയിൽ പ്രതിദിനം 50 രൂപ സമ്പാദിക്കുന്ന ഒരു തൊഴിലാളിയിരുന്നു അദ്ദേഹം. എന്നാൽ, അവിടെ നിന്ന് ഒരു ആർമി ഓഫീസറിലേക്കുള്ള തിവാരിയുടെ യാത്ര ദീർഘവും പ്രയാസകരവുമായിരുന്നു. ബിഹാറിലെ ബർജ ഗ്രാമത്തിൽ നിന്നാണ് തിവാരി വരുന്നത്. 

തന്റെ മകൻ ജീവിതത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ലെഫ്റ്റനന്റ് തിവാരിയുടെ പിതാവ് വിജയ് ശങ്കർ തിവാരി പറഞ്ഞു. വിജയ് ശങ്കർ ഒരു കർഷകനായിരുന്നു. അവരുടെ ജീവിതത്തിൽ  എന്നും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. എന്നിരുന്നാലും തിവാരി പഠിപ്പ് മുടക്കിയില്ല. മറ്റുള്ളവർക്ക് ട്യൂഷൻ എടുത്ത് അദ്ദേഹം അതിനായുള്ള പണം കണ്ടെത്തി. 2008 -ൽ തിവാരി പത്ത് പാസായി. എന്നാൽ, പിന്നീട് കുടുംബത്തെ പോറ്റാൻ അദ്ദേഹത്തിനും അച്ഛനും ഒഡീഷയിൽ ജോലിക്ക് പോകേണ്ടി വന്നു. ഒഡീഷയിൽ ഒരു ഫാക്ടറിയിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. അവിടെ താമസിക്കുമ്പോഴാണ് അദ്ദേഹം 2010 -ൽ പ്ലസ് ടു പൂർത്തിയാക്കിയത്.

“എന്റെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അത്ര മികച്ചതായിരുന്നില്ല. എന്റെ അച്ഛൻ ഒരു കൃഷിക്കാരനാണ്, ഞങ്ങൾ ഒരു കൂട്ടുകുടുംബത്തിലാണ് താമസിച്ചിരുന്നത്. രണ്ട് മക്കളിൽ ഞാൻ മാത്രമായിരുന്നു ഒരാൺകുട്ടി. സ്വാഭാവികമായും, എനിക്ക് കുടുംബത്തെ നോക്കാൻ  ജോലി ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു” തിവാരി പറഞ്ഞു. “പത്ത് പാസായശേഷം ജോലി കണ്ടെത്താനായി ഞാൻ 2008 -ൽ ഒഡീഷയിലേക്ക് പോയി. അവിടെ ഞാൻ ആദ്യം ഒരു ഇരുമ്പ് ഫിറ്റിംഗ് ഫാക്ടറിയിൽ ജോലി ചെയ്തു. തുടർന്ന് 12 -ാം ക്ലാസ് പാസ്സാകുന്നത് വരെ പ്രതിദിനം 50 രൂപ സമ്പാദിക്കുന്ന ലഘുഭക്ഷണ ഫാക്ടറിയിൽ പണിക്ക് പോയി” അദ്ദേഹം കൂട്ടിച്ചേർത്തു. 

തുടർന്ന് ബിരുദമെടുക്കാനായി ഒരു പ്രാദേശിക കോളേജിൽ ചേർന്നു. ഒരു ദിവസം ബീഹാറിലെ തന്റെ വീടിനടുത്തുള്ള ദാനാപൂർ പ്രദേശത്ത് ഒരു സൈനിക റിക്രൂട്ട്മെന്റ് റാലി നടക്കുന്നതായി അമ്മാവൻ അറിയിച്ചു. അദ്ദേഹത്തിന്റെ അമ്മാവൻ സൈന്യത്തിൽ ഒരു ശിപായിയായിരുന്നു. രാജ്യത്തെ സേവിക്കുന്നതിനും മാന്യമായ ഉപജീവനമാർഗ്ഗം നേടുന്നതിനുമായി സൈന്യത്തിൽ ചേരാനും തിവാരി ആഗ്രഹിച്ചു. "ഞാൻ ടെസ്റ്റിൽ പങ്കെടുക്കുകയും രണ്ടാമത്തെ ശ്രമത്തിൽ വിജയിക്കുകയും ഒരു ശിപായിയായി ചേരുകയും ചെയ്തു. എന്റെ പോസ്റ്റിംഗ് 2012 -ൽ ഭോപ്പാലിലെ സൈന്യത്തിന്റെ EME സെന്ററിലായിരുന്നു” തിവാരി പറഞ്ഞു.

ഭോപ്പാലിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ, നാലുവർഷത്തെ പരിശ്രമത്തിന് ശേഷം 2017 -ൽ എ.സി.സി.യിലും ചേർന്നു. അവിടെനിന്ന് ഒരു സൈനിക ഓഫീസർ എന്ന നിലയിൽ അദ്ദേഹം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചു. ഇന്ന് 28 -ാം വയസ്സിൽ അദ്ദേഹം സൈന്യത്തിൽ ലെഫ്റ്റനന്റായി. ജനിച്ച് മൂന്നുമാസത്തിനുശേഷം അന്നാണ് അദ്ദേഹം ആദ്യമായി തന്റെ മകളെ  കാണുന്നത്. ചടങ്ങിന് സാക്ഷിയാകാൻ ബീഹാറിൽ നിന്ന് അമ്മയോടൊപ്പം വന്ന ഭാര്യ രുചി, തന്റെ ഭർത്താവിനെ ഒരു സൈനിക ഉദ്യോഗസ്ഥനായി കണ്ടതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
 

click me!