കർഷകസമരത്തിന്‍റെ മുൻനിരയിൽ ഒരു പതിനൊന്നുകാരിയും, എല്ലാവരുടെയും ഹൃദയം കവർന്ന് ഗുർസിമ്രത് കൗർ

By Web TeamFirst Published Dec 14, 2020, 2:25 PM IST
Highlights

അമ്മ സുഖ്‌ബീറിനൊപ്പം വയലുകളിൽ പണിയെടുക്കാൻ അവളും പോകുമായിരുന്നു. അതുകൊണ്ട് തന്നെ താനും ഒരു കൃഷിക്കാരിയാണ് എന്നവൾ പറയുന്നു.

കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകൾ ദില്ലി അതിർത്തിയിൽ പോരാടുകയാണ്. അതേസമയം അവർക്ക് പിന്തുണയായി മുൻനിരയിൽ നിൽക്കുകയാണ് ഒരു പതിനൊന്നുകാരി. ഗുർസിമ്രത് കൗർ എന്നാണ് ആ മിടുക്കിയുടെ പേര്. ഉത്തരേന്ത്യൻ സംസ്ഥാനമായ പഞ്ചാബിൽ നിന്നുള്ള ഒരു കർഷകന്റെ മകളാണ് അവൾ. ആറാം ക്ലാസ്സിൽ പഠിക്കുന്ന അവൾക്ക് ഇപ്പോൾ പരീക്ഷയാണ്. ദില്ലി അതിർത്തിയിലെ നൂറുകണക്കിന് കർഷകർക്കൊപ്പം അവൾ പകൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കും. രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് പഠിക്കും. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള അവൾ തനിക്ക് പ്രസ്ഥാനത്തോടുള്ള അഭിനിവേശത്തെക്കുറിച്ചും അവളുടെ ഭാവിയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നു. തന്റെ അവകാശങ്ങൾ നേടിയെടുക്കാനായിട്ടാണ് താൻ ഇവിടെയെത്തിയതെന്ന് കൗർ പ്രസ്താവിച്ചു. കേന്ദ്ര നേതൃത്വം ഈ ബില്ലുകൾ റദ്ദാക്കിയാലല്ലാതെ താൻ വീട്ടിലേക്ക് മടങ്ങില്ലെന്ന് അവൾ ഉറപ്പിച്ചു പറയുന്നു.  

അമ്മ സുഖ്‌ബീറിനൊപ്പം വയലുകളിൽ പണിയെടുക്കാൻ അവളും പോകുമായിരുന്നു. അതുകൊണ്ട് തന്നെ താനും ഒരു കൃഷിക്കാരിയാണ് എന്നവൾ പറയുന്നു. പ്രതിഷേധത്തിന് വരുന്നതിന് മുൻപ് ഫാം ബില്ലിനെ കുറിച്ച് ആധികാരികമായി പഠിച്ചിട്ടാണ് അവൾ വന്നിരിക്കുന്നത്. നിയന്ത്രിത കാർഷിക വിപണികൾ കർഷകരുടെ പ്രതീക്ഷകളെ ദോഷകരമായി ബാധിക്കുമെന്ന് അവൾ വിലയിരുത്തുന്നു. “ഞങ്ങൾ എല്ലാവരും കർഷകരാണ്, ഞങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെത്തന്നെയിരിക്കുന്നത്” കൗർ പറഞ്ഞു. അതേസമയം ഇതിന്റെ പേരിൽ പഠിപ്പ് ഉഴപ്പാനൊന്നും അവൾ തയ്യാറല്ല. അവൾ വാട്ട്‌സ്ആപ്പിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നു. പരീക്ഷകൾ ഇപ്പോൾ ഓൺ‌ലൈനിലായത് കൊണ്ട്  ഇവിടെ ഇരുന്നും അവൾക്ക് പരീക്ഷകൾ എഴുതാം.  ഈശ്വരനുഗ്രഹിച്ച് പ്രശ്‍നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു. 

കൗറിനെ പോലെ അമ്മയോടും അച്ഛനോടും ഒപ്പം ദില്ലിയുടെ അതിർത്തികളിലേക്ക് വന്നിട്ടുള്ള നിരവധി കുട്ടികൾ വേറെയുമുണ്ട്. അവർ ഹൈവേകളിലും കൂടാരങ്ങളിലും ട്രാക്കർ ട്രോളികളിലും രാത്രി ചെലവഴിക്കുന്നു. അതോടൊപ്പം ക്ലാസുകളിൽ പങ്കെടുക്കാനും പഠിക്കാനും വാട്ട്‌സ്ആപ്പിലെ അക്കാദമിക് വിദഗ്ധരുമായി ചേർന്ന് അസൈൻമെന്റുകൾ ചെയ്യാനും സമയം കണ്ടെത്തുന്നു. ഹർമാൻ സിങ് എന്ന പതിനാലുകാരൻ സിംഘു അതിർത്തിയിലാണ് ഇപ്പോഴുള്ളത്. കർഷകരുമായി ചേർന്ന് മുദ്രാവാക്യം മുഴക്കിയാണ് അവന്റെ ഒരു ദിവസം ആരംഭിക്കുന്നത്. അതിനിടയിൽ ദിവസം മുഴുവനും ഓൺലൈൻ പഠനവും അസൈൻമെന്റുകളും ചെയ്യുന്നു. “ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നു. അതോടൊപ്പം പഠനവും മുന്നോട് കൊണ്ടുപോകുന്നു. ഞാൻ അതിരാവിലെ എഴുന്നേൽക്കും. പകൽ മുഴുവൻ പ്രതിഷേധത്തിന്റെ ഭാഗമാകുകയും രാത്രിയിൽ കുറച്ച് മണിക്കൂറുകൾ പഠനത്തിനായി മാറ്റി വയ്ക്കുകയും ചെയ്യുന്നു”പഞ്ചാബിലെ മൻസ ജില്ലയിലെ സംഘ ഗ്രാമത്തിൽ നിന്നുള്ള 14 വയസുകാരൻ പറഞ്ഞു. 


 

click me!